ഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?

ഇറാനെതിരേയുള്ള ഇസ്രായേലിന്റെ ആക്രമണം തിരിച്ചടിച്ചുവെന്നും അല്‍ ഖുദ്സിന്റെ വിമോചനത്തിലേക്ക് നയിച്ചേക്കാവുന്ന വിശാലമായ ഒരു പ്രാദേശിക യുദ്ധത്തിന് തുടക്കമിട്ടെന്നും റോബര്‍ട്ട് ഇന്‍ലകേഷ് വാദിക്കുന്നു

Update: 2025-06-24 11:57 GMT

റോബര്‍ട്ട് ഇന്‍ലകേഷ്

ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാനെതിരായ പ്രകോപനമില്ലാത്ത ആക്രമണ യുദ്ധം, 'അന്തിമ വിമോചന യുദ്ധം' എന്ന് വളരെക്കാലമായി വിളിക്കപ്പെടുന്നതിലേക്ക് നയിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് തുടക്കമിട്ടിരിക്കാം. ഇത് അതിശയോക്തിപരമായി തോന്നാമെങ്കിലും, യുദ്ധം ഉടന്‍ അവസാനിച്ചില്ലെങ്കില്‍, ഇറാനിലെ ഭരണമാറ്റമോ അധിനിവേശ ഫലസ്തീനിലെ ഭരണമാറ്റമോ മാത്രമാണ് ഏക അവസാനം.

സയണിസ്റ്റ് സംഘടന സ്വന്തം പ്രചാരണത്തില്‍ വീണുപോയതായി തോന്നുന്നു. ഇറാനെ ആക്രമിച്ചുകൊണ്ട് വളരെയധികം മുന്നോട്ട് പോയി. വേഗത്തില്‍ ശക്തമായ പ്രതികരണം നടത്താനുള്ള ഇറാന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ഒരു പരിധിവരെ പരിമിതമായ കൈമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ലക്ഷ്യം നേടാന്‍ കഴിയുമെന്നു വിശ്വസിച്ചാണ് അവരത് ചെയ്തത്. ഇത് ഒരു വിനാശകരമായ കണക്കുകൂട്ടലായിരുന്നുവെന്ന് വ്യക്തമാണ്.

ഗസയിലെ ജനങ്ങള്‍ക്കെതിരേ നടന്ന 20 മാസത്തെ വംശഹത്യയിലുടനീളം, സയണിസ്റ്റ് ഭരണകൂടം വിജയത്തിന്റെ ചിത്രം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഫലസ്തീന്‍ പ്രതിരോധത്തിനെതിരേയും ഇറാന്റെ ഐആര്‍ജിസി(ഇറാന്‍ റെവല്യൂഷണി ഗാര്‍ഡ്‌സ് കോര്‍പ്‌സ്)ക്കെതിരേയും പ്രത്യേകിച്ച് ഹിസ്ബുല്ലയ്ക്കെതിരേയും ഭീകര തന്ത്രങ്ങള്‍ ഉപയോഗിക്കുന്ന കൊലപാതകങ്ങളിലൂടെയും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളിലൂടെയും ഇടയ്ക്കിടെ അടവുപരമായ പരാജയങ്ങള്‍ ഏല്‍പ്പിച്ചെങ്കിലും, സയണിസ്റ്റുകള്‍ക്ക് അവരുടെ ഒരു എതിരാളിയെയും തന്ത്രപരമായി പരാജയപ്പെടുത്താനായിട്ടില്ല.

പകരം, ഹമാസും ഗസയിലെ മറ്റെല്ലാ ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹിസ്ബുല്ല അതിജീവിച്ചു. ലെബ്‌നാന്‍ പാര്‍ട്ടിക്ക് നിലനില്‍പ്പിന്റെ ഭീഷണി ഉണ്ടായിരുന്നിട്ടും, ഏറ്റവും മോശം സാഹചര്യങ്ങളില്‍ പോലും തെക്കന്‍ ലബ്‌നാനിലെ ഇസ്രായേലിന്റെ കരയിലൂടെയുള്ള അധിനിവേശത്തെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മറുവശത്ത്, യെമന്‍ അമേരിക്കന്‍ സൈന്യത്തെ പിന്തിരിപ്പിക്കുകയും ഗസയെ പിന്തുണച്ച് സയണിസ്റ്റ് ഭരണകൂടത്തിനെതിരേ ദിവസേന വെടിവയ്പ് തുടരുകയും ചെയ്യുന്നു.

ഒരു മുന്നണിയിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും- പ്രത്യേകിച്ച് ഗസയിലും ലെബ്‌നാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലും -നിരപരാധികളെ നിന്ദ്യമായി കൂട്ടക്കൊല ചെയ്തത്, ആഗോള ജനതയില്‍ ഭൂരിഭാഗത്തെയും ഇസ്രായേല്‍ ഭരണകൂടത്തിനെതിരേ തിരിച്ചുവിട്ടു. പതിനായിരക്കണക്കിന് ബിസിനസുകള്‍ അടച്ചുപൂട്ടുന്നതിനും നിക്ഷേപങ്ങള്‍ നഷ്ടപ്പെടുന്നതിനും ഏകദേശം ഒരു ദശലക്ഷം പൗരന്മാരുടെ രക്ഷപ്പെടലിനും കുത്തനെയുള്ള സാമ്പത്തിക തകര്‍ച്ചയ്ക്കും സയണിസ്റ്റ് പദ്ധതി കാരണമായി.

ഇതെല്ലാം ചേര്‍ന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ ഭരണത്തിന്നെതിരേ ഉയരുന്ന എല്ലാ വിമര്‍ശന ശബ്ദങ്ങളെയും ഇല്ലാതാക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി, തന്റെ ആജ്ഞാനുവര്‍ത്തികളെയും തന്നോട് വ്യക്തിപരമായി സ്‌നേഹം പുലര്‍ത്തുന്നവരെയും പകരം വയ്ക്കാനും തുടങ്ങി. അതേസമയം, ഇസ്രായേല്‍ സമൂഹത്തിനുള്ളില്‍ വിള്ളലുകള്‍ വളരാനും തുടങ്ങി. ഇടയ്ക്കിടെ പൊട്ടിത്തെറികളും അസ്വസ്ഥതകളും തലപൊക്കുകയും ചെയ്തു.

ഇസ്രായേലി സൈന്യം ഗസയിലെ ഹമാസിനെയും പലസ്തീന്‍ പ്രതിരോധത്തെയും കരയാക്രമണത്തിലൂടെ നേരിട്ടില്ല. ഇന്നുവരെ, ഇസ്രായേലികള്‍ അടുത്തടുത്ത ആക്രമണ ദൗത്യങ്ങള്‍ നടത്തുന്നതും ഫലസ്തീന്‍ പോരാളികളുമായി നേരിട്ട് ഏറ്റുമുട്ടുന്നതും കാണിക്കുന്ന ഒരു ദൃശ്യവും ഫലത്തില്‍ ഇല്ല. പകരം, അവര്‍ തങ്ങളുടെ കവചിത സൈനിക വാഹനങ്ങളില്‍ ഭീരുക്കളെപ്പോലെ ഒളിച്ചു. സുരക്ഷിത സ്ഥാനങ്ങള്‍ സ്ഥാപിക്കാന്‍ പ്രദേശങ്ങളിലേക്ക് പാഞ്ഞു. അവരുടെ വ്യോമസേനയെ കവചമായി ഉപയോഗിച്ചു. വല്ലപ്പോഴുമൊക്കെ പ്രത്യേക സൈനിക ഓപറേഷനുകള്‍ നടത്തി.

അതേസമയം, ഫലസ്തീന്‍ സായുധ സംഘങ്ങള്‍ അധിനിവേശ സേനയ്ക്കെതിരെ ധീരമായ പതിയിരുന്നാക്രമണങ്ങള്‍ നടത്തി. കാരണം ഇസ്രായേലികള്‍ എല്ലായ്‌പ്പോഴും അവരുടെ 'പ്രവര്‍ത്തനം' അവസാനിപ്പിച്ചത് അവര്‍ ഏറ്റെടുത്ത് സൈനിക താവളമായി ഉപയോഗിച്ചിരുന്ന ഒരു പ്രധാന ആശുപത്രി ആക്രമിച്ചുകൊണ്ടാണ്.

ഒരു യഥാര്‍ഥ സൈന്യത്തെപ്പോലെ നേരിട്ട് പോരാടുന്നതിനുപകരം, 19 വയസ്സുള്ളവര്‍ക്ക് സര്‍ജന്റ് പദവി നല്‍കുന്ന ഇസ്രായേലി സേന വംശഹത്യയാണ് നടത്തിയത്. അവരുടെ ലക്ഷ്യം ഗസ പ്രശ്‌നം പരിഹരിക്കുക എന്നതായിരുന്നു. ഗസയെ വാസയോഗ്യമല്ലാതാക്കുകയും സാധാരണക്കാരെ പുറത്താക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്താല്‍, അതൊടുവില്‍ ചെറുത്തുനില്‍പ്പിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അവര്‍ ബുദ്ധിശൂന്യമായി വിശ്വസിച്ചു. അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, ചെറുത്തുനില്‍പ്പ് പ്രസ്ഥാനം കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുക മാത്രമല്ല, പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചാണെങ്കിലും ചെറുത്തുനില്‍ക്കുകയും ചെയ്തു.

സയണിസ്റ്റുകള്‍ അവരുടെ വംശഹത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ അവര്‍ സമ്മതിച്ച വെടിനിര്‍ത്തല്‍ ലംഘിച്ചതിന് തൊട്ടുപിന്നാലെ, അവര്‍ ദൈനംദിനം നടത്തിപ്പോന്ന സിവിലിയന്‍ കൂട്ടക്കൊലകളുടെ എണ്ണം വര്‍ധിച്ചു. 'ഓപറേഷന്‍ ഗിഡിയന്‍സ് രഥങ്ങള്‍' ഗസയ്ക്കെതിരായ യുദ്ധത്തിന്റെ 'രണ്ടാം ഘട്ടം' എന്ന നിലയില്‍ ഇസ്രായേലിലെ ജനങ്ങള്‍ക്ക് ഹരമേകി. പക്ഷേ, അത് മുമ്പുള്ളതിന് സമാനമായിരുന്നുവെന്ന് വളരെ പെട്ടെന്ന് തന്നെ വ്യക്തമായി. വിലയിടിഞ്ഞ ഇസ്രായേലി സൈന്യം ഇപ്പോള്‍ 'ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍' എന്നറിയപ്പെടുന്ന സംരംഭത്തെ ഉപയോഗിച്ച് ഫലസ്തീനികളെ പുതുതായി കുടിയിറക്കാനും പട്ടിണിക്കിടാനും വേണ്ടിയുള്ള അജണ്ട നടപ്പാക്കാനാണ് ശ്രമിച്ചത്. അതേസമയം ഐസിസുമായി ബന്ധമുള്ള ഗുണ്ടാസംഘങ്ങളെ അവര്‍ക്ക് വേണ്ടി അവരുടെ വൃത്തികെട്ട ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചു എന്നതാണ് വ്യത്യാസം.

സിറിയയില്‍, സയണിസ്റ്റ് സംഘടന തെക്കന്‍ പ്രദേശങ്ങളില്‍ പുതിയ പ്രദേശങ്ങള്‍ ആക്രമിക്കുന്നത് തുടരുകയും രാജ്യത്തുടനീളം പതിവായി ബോംബാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. പുതിയ സിറിയന്‍ നേതാവ് അഹമ്മദ് അല്‍ ഷറാ, സുരക്ഷാ ഏകോപനത്തിനായി ഇസ്രായേലികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ബന്ധം സാധാരണ നിലയിലാക്കാനുള്ള തന്റെ ഉദ്ദേശ്യം സൂചിപ്പിക്കുകയും ചെയ്തിട്ടും ഇത് സംഭവിച്ചു.

ലെബ്‌നാനില്‍, സയണിസ്റ്റ് ഭരണകൂടം തെക്കന്‍പ്രദേശം വിടാന്‍ വിസമ്മതിക്കുകയും 2024 നവംബര്‍ 27 മുതല്‍ മൂവായിരത്തിലധികം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തുകയും ചെയ്തു. ലെബ്‌നാന്‍ സിവിലിയന്മാരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകങ്ങള്‍ നടത്തല്‍, തെക്കന്‍ പ്രദേശം, ബെക്കാ താഴ്വര എന്നിവിടങ്ങളില്‍ ബോംബാക്രമണം, ഇടയ്ക്കിടെ ബെയ്റൂത്തിലെ സിവിലിയന്‍ കെട്ടിടങ്ങള്‍ ആക്രമിക്കല്‍ എന്നിവ അവര്‍ തുടര്‍ന്നു. ഇസ്രായേലി ഡ്രോണുകളും യുദ്ധവിമാനങ്ങളും എല്ലാ ദിവസവും ലെബ്‌നാന്റെ ആകാശത്ത് ചുറ്റിത്തിരിയുന്നുണ്ടായിരുന്നു, ലെബ്‌നാന്‍ സൈന്യം ഒരു വെടിയുണ്ട ഉതിര്‍ത്തുപോലും അവരെ ചെറുത്തില്ല.

കുടിയേറ്റ-കൊളോണിയല്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തി വികസന പ്രവര്‍ത്തനം അതിന്റെ വിപുലീകരണ ശ്രമങ്ങളെ വ്യക്തമായി കാണിച്ചു. അതിന്റെ നേതാവ് നെതന്യാഹു, 'ഏഴ് യുദ്ധ മുന്നണികളില്‍' 'സമ്പൂര്‍ണ വിജയം' എന്ന് നിരന്തരം വാചാലനായി. അതേസമയം, അമേരിക്കയും മിക്ക പാശ്ചാത്യ യൂറോപ്യന്‍ നേതാക്കളും ഇസ്രായേലുമായി വ്യാപാരബന്ധങ്ങള്‍ നിര്‍ത്തലാക്കുകയോ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ പോലും മെനക്കെടാതെ, അപലപിക്കാന്‍ പോലും തയ്യാറാവാതെ, കാഴ്ചക്കാരായി നിന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ICJ) ഇസ്രായേലികള്‍ക്കെതിരേ വംശഹത്യ നടത്തിയതായി വ്യക്തമായ കുറ്റം ചുമത്തി. പ്രധാനമന്ത്രി നെതന്യാഹു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) അന്വേഷിക്കുന്ന യുദ്ധക്കുറ്റവാളിയായി. ബെത്സലേം (B'Tselem) ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന മനുഷ്യാവകാശ സംഘടനകളും ഗസയിലെ വംശഹത്യയില്‍ സയണിസ്റ്റ് രാഷ്ട്രത്തെ കുറ്റപ്പെടുത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി, ആഴ്ചതോറും അവരുടെ സര്‍ക്കാരുകളോട് നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ചു. വടക്കേ അമേരിക്കയിലുടനീളവും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെയും വിദ്യാര്‍ഥികള്‍ ഉണര്‍ന്നെഴുന്നേറ്റു. പലരും അവരുടെ ബിരുദങ്ങളും ഭാവിയിലെ ജോലിയും ത്യജിച്ചു.

ഒടുവില്‍, ഇടയ്ക്കിടെയുള്ള പ്രസ്താവനകളും പരിമിതമായ നടപടികള്‍ സ്വീകരിച്ച ചില ധീരരായ നേതൃത്വങ്ങളും ഒഴികെ, 'അന്താരാഷ്ട്ര സമൂഹം' എന്ന് വിളിക്കപ്പെടുന്നവരില്‍നിന്ന് സയണിസ്റ്റ് രാഷ്ട്രത്തിന് ഒരു യഥാര്‍ഥ ശിക്ഷയും ലഭിച്ചില്ല.

കഴിഞ്ഞ 20 മാസത്തിനുള്ളില്‍ സംഭവിച്ചത് അന്താരാഷ്ട്ര നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മരണമാണ്. ഈ ആശയങ്ങള്‍ ഇപ്പോള്‍ ഗസയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടക്കുന്നു. ആയിരക്കണക്കിന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും വീണ്ടെടുക്കാനുണ്ട്.

ഒടുവില്‍ ഇറാന്‍ കൈയുറകള്‍ അഴിച്ചുമാറ്റി

ഈ കാലയളവില്‍, ഇറാന് ഒന്നിനു പുറകെ ഒന്നായി തിരിച്ചടികള്‍ ലഭിച്ചു. ദമസ്‌കസിലെ അവരുടെ എംബസി ബോംബാക്രമണത്തിനിരയായി. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ തെഹ്റാനില്‍ വധിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥരും വീണ്ടും വീണ്ടും കൊലക്കിരയായി.

പിന്നീട് ലബ്‌നാനില്‍ പേജര്‍ ആക്രമണങ്ങള്‍ ഉണ്ടായി. അതില്‍ നിരവധി സാധാരണക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. സ്ത്രീകളെയും കുട്ടികളെയും പോലും കൊന്നു. മുന്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ പോലും തീവ്രവാദം എന്ന് വിളിച്ച പേജര്‍ ആക്രമണത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രശംസിച്ചു.

ഡോണള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍, മിറിയം അഡെല്‍സണ്‍ പോലുള്ള സയണിസ്റ്റ് ശതകോടീശ്വരന്മാരുടെ പിന്തുണയോടെ അദ്ദേഹം പ്രചാരണം നടത്തി. ഗസ ഏറ്റെടുക്കുമെന്നും അതിനെ ഒരു വൃത്തികെട്ട ഭരണവര്‍ഗ ചൂതാട്ടകേന്ദ്രം ആക്കുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെ, ഗൗരവമില്ലാത്ത, മാനസികമായി പ്രാപ്തിയില്ലാത്ത, യുദ്ധയന്ത്രത്തിന്റെ മുന്നണിപ്പോരാളി ഇസ്രായേലിന്റെ സൈനിക-സാഹസികതയെ കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചു.

കുറച്ചു കാലത്തേക്ക്, ഗസ തുടര്‍ച്ചയായി തകര്‍ക്കപ്പെടാന്‍ പോകുന്നതായി തോന്നി. യെമന്‍ ഒഴികെ ആരും തടയാന്‍ ഇടപെട്ടില്ല. ഹിസ്ബുല്ലാ പോരാട്ടത്തില്‍നിന്ന് പിന്മാറിയതിനുശേഷം, ക്ഷീണവും നിരാശയും മേഖലയിലുടനീളം പടര്‍ന്നു. രക്തദാഹിയായ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചനയ്ക്ക് തടസ്സമായി നിന്നത് ഒരേയൊരു ശക്തി ആയിരുന്നു. ഇറാന്‍.

ഇറാനിയന്‍ ജനതയ്ക്ക് ഒരു പ്രഹരം നല്‍കുക എന്നതായിരുന്നു സയണിസ്റ്റ് രാഷ്ട്രത്തിന്റെ അന്തിമ ലക്ഷ്യം. ക്രമേണ ഭരണമാറ്റത്തിലേക്ക് നയിച്ചേക്കാവുന്ന ഒന്നായിരിക്കും അതെന്നും അവര്‍ കരുതി. എന്നാല്‍, ഇസ്രായേല്‍ ഭരണകൂടം പ്രഹരമേല്‍പ്പിച്ചപ്പോള്‍, അത് അതിരുകടന്നു. ആരും പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതികരണങ്ങളായിരുന്നു ഇറാന്റേത്. അത് വേണ്ടുവോളം ഉണ്ടായിരുന്നു.

ഇസ്രായേലിന്റെ തെറ്റായ കണക്കുകൂട്ടല്‍

സയണിസ്റ്റ് ഭരണകൂടം ഇറാനെതിരേ ആദ്യ ആക്രമണം ആരംഭിച്ചപ്പോള്‍, അവര്‍ നിരവധി തെറ്റുകള്‍ വരുത്തി. ആദ്യത്തേത് ജനസാന്ദ്രതയുള്ള സിവിലിയന്‍ പ്രദേശങ്ങളെ ലക്ഷ്യം വയ്ക്കുക എന്നതായിരുന്നു. ഇത് ഇറാനിയന്‍ ജനതയുടെ മനസ്സില്‍നിന്ന് ഒരിക്കലും മായാത്ത ഭയാനകമായ കാഴ്ചകള്‍ക്ക് കാരണമായി: തെരുവില്‍ മരിച്ചുകിടക്കുന്ന ഒരു കുഞ്ഞ്, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ഒരു അമ്മ. ഇതിനു പുറമെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ എണ്ണമറ്റ സിവിലിയന്മാരും കൊല്ലപ്പെട്ടു.

രണ്ടാമത്തെ പ്രധാന തെറ്റ്, പ്രധാന ഇസ്ലാമിക വിപ്ലവ ഗാര്‍ഡ്‌സ് (ഐആര്‍ജിസി) നേതാക്കളുടെ കൊലപാതകങ്ങള്‍ ഇറാനെ ആശയക്കുഴപ്പത്തിലാക്കുകയും താല്‍ക്കാലികമായി അവരെ നിര്‍ജീവമാക്കുകയും ചെയ്യുമെന്ന അനുമാനമായിരുന്നു. ആ സമയത്ത് ഞാന്‍ സംസാരിച്ച എല്ലാ സൈനിക നേതാക്കളും തിരിച്ചുവരാന്‍ ഇറാന് രണ്ടു മുതല്‍ അഞ്ചുവരെ ദിവസമെടുക്കുമെന്ന് കണക്കാക്കിയിരുന്നു. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, ഇറാന്‍ അതിന്റെ നേതാക്കളെ മാറ്റി. അതിന്റെ വ്യോമ പ്രതിരോധം പുനസ്ഥാപിച്ചു. ആദ്യത്തെ വിനാശകരമായ മിസൈല്‍ ആക്രമണം നടത്തി. എല്ലാം 15 മണിക്കൂറിനുള്ളില്‍!

മറ്റൊരു തെറ്റായ കണക്കുകൂട്ടല്‍, പരിമിതവും അളന്നതുമായ രീതിയില്‍ തിരിച്ചടിക്കാന്‍ ഇസ്ലാമിക് റിപബ്ലിക്കിനെ ആശ്രയിക്കാമെന്ന വ്യക്തമായ വിശ്വാസമായിരുന്നു. ഇതുവരെ, എന്തെങ്കിലും സംഭവിച്ചാല്‍, എത്രയും വേഗം ഭരണമാറ്റം നടപ്പിലാക്കാന്‍ ശ്രമിക്കുക എന്ന ഏക അനിശ്ചിതത്വം മാത്രമാണെന്ന് തോന്നുന്നു.

പരമാവധി ആഘാതകരമായ ആക്രമണങ്ങളിലൂടെ ഐആര്‍ജിസി ലോകത്തെ മുഴുവന്‍ വിറപ്പിച്ചു. തുടര്‍ന്ന് സയണിസ്റ്റ് രാഷ്ട്രത്തെ സംരക്ഷിക്കുന്ന ഇസ്രായേലി-പടിഞ്ഞാറന്‍-അറബ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രവും പിന്തുടര്‍ന്നു. ഇറാന്റെ ആക്രമണങ്ങള്‍ ശരിക്കും വിനാശകരമായിരുന്നു, അവരുടെ ഏറ്റവും കടുത്ത പിന്തുണക്കാരെ പോലും അത് ഞെട്ടിച്ചു.

ഇസ്രായേലികള്‍ ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം, ഒരു വെടിനിര്‍ത്തല്‍ ഒപ്പുവച്ചാലും, അവരുടെ ജനങ്ങള്‍ പലായനം ചെയ്യാന്‍ തുടങ്ങും, അവരുടെ 'സുരക്ഷാ' മിത്തുകള്‍ തകരും എന്നതാണ്. ഇസ്രായേലിലെ ജനങ്ങള്‍ക്കുള്ള പ്രധാന സന്ദേശം ഇതായിരിക്കും: നിങ്ങള്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയാത്ത ശത്രുക്കളാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും നിങ്ങളുടെ വംശീയ-മേധാവിത്വ ഭരണകൂടം അവസാനിപ്പിക്കാന്‍ ഇപ്പോഴും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും.

അതിനാല്‍, ബെഞ്ചമിന്‍ നെതന്യാഹു പെട്ടെന്ന് രണ്ടാമത്തെ ഓപ്ഷനിലേക്ക് മാറി: ഏത് വിധേനയും ഭരണമാറ്റം. ഇറാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷായുടെ മകനായ അവരുടെ ദയനീയമായ കുട്ടിക്കുരങ്ങനെ പോലും ഇസ്രായേലികള്‍ പുറത്തെടുത്തു. ഇസ്ലാമിക് റിപബ്ലിക് തകരുകയാണെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ ഈ സയണിസ്റ്റ് നിയന്ത്രിത സഹകാരി ആവര്‍ത്തിച്ച് പുറത്തിറക്കിയിട്ടുണ്ട്. സ്വന്തം രാഷ്ട്രത്തെ നശിപ്പിക്കാന്‍ സയണിസ്റ്റ് ഭരണകൂടത്തെ സഹായിക്കുന്നതിനായി ആഭ്യന്തരയുദ്ധം ഇളക്കിവിടാന്‍ തീവ്രമായി ശ്രമിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഒരു പ്രസംഗവും ഇതുവരെ ഇറാനില്‍ ഒരു പ്രതിഷേധത്തിനു പോലും കാരണമായതായി രേഖപ്പെടുത്തിയിട്ടില്ല.

വാസ്തവത്തില്‍, ഇറാന്റെ സിവിലിയന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ ക്രൂരമായ സ്വഭാവം കാരണം, തങ്ങളുടെ സര്‍ക്കാരിനെ വെറുക്കുന്ന നിരവധി ഇറാനികള്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്കെതിരേ അതിനൊപ്പം നിന്നു. ആക്രമണം അവരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കി.

ആക്രമണം ആരംഭിക്കുന്നതിലെ ഇസ്രായേലി വീക്ഷണകോണിനെ മനസ്സിലാക്കാന്‍ ശ്രമിക്കണമെങ്കില്‍, അവരുടെ യുക്തി പ്രമുഖ ഇസ്രായേലി, അമേരിക്കന്‍ യുദ്ധ അനുകൂല തിങ്ക് ടാങ്കുകളില്‍ പ്രചരിച്ച സമാനമായ സംഭാഷണ പോയിന്റുകളെ ചുറ്റിപ്പറ്റിയാണെന്ന് അനുമാനിക്കേണ്ടതുണ്ട്. ട്രംപ് ഭരണകൂടത്തെ ഏറ്റവും സ്വാധീനിച്ച തിങ്ക് ടാങ്കായ ദി ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഇസ്രായേലികള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും നിയന്ത്രിക്കാവുന്ന ഒരു സംഘര്‍ഷത്തിന് തുടക്കമിടുകയും ചെയ്യണമെന്ന് ആറുപേജുള്ള ഒരു ലഘുലേഖയില്‍ വാദിച്ചു.

വിദേശനയ വിദഗ്ധര്‍ എന്ന് വിളിക്കപ്പെടുന്ന എല്ലാവരും ഒരേ വികാരങ്ങള്‍ തന്നെയാണ് പ്രകടിപ്പിച്ചത്. ഒരു സമഗ്ര യുദ്ധത്തിന് തിരികൊളുത്താതെ തന്നെ ഇറാനിയന്‍ ആണവ പദ്ധതി പിന്‍വലിപ്പിക്കാമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. തെഹ്റാനിലെ സിവിലിയന്‍ പ്രദേശങ്ങളില്‍ ഇത്രയും വിനാശകരമായ ആക്രമണം നടത്താന്‍ സയണിസ്റ്റുകളെ ധൈര്യപ്പെടുത്തിയത്, ഇറാന്‍ സംയമനത്തോടെ പ്രതികരിക്കുകയും പതിറ്റാണ്ടുകളായി അവര്‍ പുലര്‍ത്തുന്ന അതേ 'തന്ത്രപരമായ ക്ഷമ' പ്രയോഗിക്കുകയും ചെയ്യുമെന്ന വിശ്വാസമായിരിക്കാം.

'ഹിസ്ബുല്ലയെ നശിപ്പിക്കുക' എന്ന സ്വന്തം അസംബന്ധവും അവര്‍ വിശ്വസിക്കുന്നുവെങ്കില്‍, ഭാവിയില്‍ അത് അതിലും വലിയ ഞെട്ടലിന് വിധേയമാകും.

ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ അച്ചുതണ്ട്, കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുന്ന ബഹുമുന്നണി യുദ്ധം അസ്തിത്വപരമാണെന്നോ 'അന്തിമ യുദ്ധം' ആയി കണക്കാക്കണമെന്നോ ഉള്ള വീക്ഷണം സ്വീകരിച്ചിരുന്നില്ല എന്നത് ശരിയാണെങ്കിലും, സയണിസ്റ്റ് ഭരണകൂടം നടത്തിയ ആക്രമണവും സങ്കല്‍പ്പിക്കാനാവാത്ത ക്രൂരതയും അശ്രദ്ധയും ഇപ്പോള്‍ അവരെയെല്ലാം യുദ്ധത്തെ ഈ രീതിയില്‍ കാണാന്‍ പ്രേരിപ്പിച്ചു. എന്തുകൊണ്ട്? കാരണം, 2023 ഒക്ടോബര്‍ 7ന് സയണിസ്റ്റുകള്‍ പരാജയപ്പെട്ടു. പക്ഷേ, ഒരിക്കലും ആഘാതത്തില്‍നിന്ന് മോചിതരായില്ല. അവര്‍ ഭ്രാന്തന്മാരായി മാറുകയും ഒരൊറ്റ തന്ത്രപരമായ പരാജയത്തെ ഭരണകൂടത്തിന്റെ നിലനില്‍പ്പിനായുള്ള ഒരു അസ്തിത്വ യുദ്ധമാക്കി മാറ്റുകയും ചെയ്യുന്നു.

അല്‍ ഖുദ്സ് പിടിച്ചെടുക്കല്‍?

ഇസ്രായേലികളുടെ തന്ത്രപരമായ പരാജയം അംഗീകരിക്കുന്ന ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍, യുദ്ധം കൂടുതല്‍ രൂക്ഷമാവുകയും നീണ്ടുപോവുകയും ചെയ്യും. യുഎസ് പങ്കാളിത്തം ഉണ്ടെങ്കിലും, അത് ഈ പ്രതിസന്ധിയെ മാറ്റുന്നില്ല. വാസ്തവത്തില്‍, അത് പ്രക്രിയയെ ത്വരിതപ്പെടുത്തുകയേയുള്ളൂ.

മൊസാദ് പ്രവര്‍ത്തനങ്ങള്‍, കൊലപാതകങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കൂടുതല്‍ തന്ത്രങ്ങള്‍ ഇസ്രായേലികളുടെ കൈകളിലില്ലെന്ന് കരുതുന്നത് മണ്ടത്തരമായിരിക്കും. ഇത് ഹൈബ്രിഡ് യുദ്ധ ആക്രമണങ്ങള്‍ നടത്താനും ആഭ്യന്തര അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്. അതിനാല്‍, ഇത് തള്ളിക്കളയരുത്.

എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, സയണിസ്റ്റ് രാഷ്ട്രത്താല്‍ എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടഎല്ലാവര്‍ക്കും ചരിത്രത്തിലെ ആ നിമിഷം വരെ ഉയരാനുള്ള അവസരമാണിത്. ഇറാന്റെ മിസൈല്‍ ആക്രമണങ്ങളായിരിക്കും തീപ്പൊരി എങ്കിലും, ഇസ്രായേലികളെ പൂര്‍ണമായും പരാജയപ്പെടുത്തുക എന്നത് കരയില്‍ നേടിയെടുക്കേണ്ട ഒന്നാണ്.

ഇസ്രായേലി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കുറയുകയും അതിന്റെ വ്യോമതാവളങ്ങള്‍ നശിപ്പിക്കപ്പെടുകയും അതിന്റെ വ്യോമസേനയുടെ ഫലപ്രാപ്തിയെ വളരെയധികം തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍, ഒന്നിലധികം മുന്നണികളില്‍നിന്നുള്ള ഒരു കര ആക്രമണം വിജയിക്കും. എന്നിരുന്നാലും, അധിനിവിഷ്ട അല്‍ ഖുദ്സ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അത്തരമൊരു കര ആക്രമണം പൂര്‍ണമായും നടത്തേണ്ടതുണ്ട്. ഹമാസും ഹിസ്ബുല്ലയും ഈ കരയുദ്ധത്തിലെ പ്രധാന അഭിനേതാക്കളായിരിക്കണം.

പകരമായി, അത്തരമൊരു ആക്രമണത്തിനായി ഗ്രൂപ്പുകള്‍ എല്ലാം പണയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഹിസ്ബുല്ലയ്ക്ക് തെക്കന്‍ ലബ്‌നാനെ മോചിപ്പിക്കാനും സയ്യിദ് ഹസ്സന്‍ നസ്‌റുല്ലയുടെയും രാജ്യത്തിന്റെ വീണുപോയ എല്ലാ പുത്രീപുത്രന്മാരുടെയും കൊലപാതകത്തിന് പ്രതികാരം ചെയ്ത് അതിന്റെ പ്രതാപം വീണ്ടെടുക്കാനും അവസരമുണ്ട്. മറുവശത്ത്, ഇസ്രായേല്‍ സൈന്യത്തെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കാന്‍ ഫലസ്തീന്‍ പ്രതിരോധത്തിന് ഗസയ്ക്കുള്ളില്‍ ഒരു സൈനികനടപടി ആരംഭിക്കാന്‍ കഴിയും. എന്തായാലും, ഓപ്ഷനുകള്‍ എല്ലാം ചെലവേറിയതായിരിക്കും.

അധിനിവേശ സംഘടന ഏതെങ്കിലും വിധത്തില്‍ അതിന്റെ നിലനില്‍പ്പ് തേടുകയാണെങ്കില്‍, അത് ഒരു വെടിനിര്‍ത്തലിനായി യാചിക്കുകയായിരിക്കും. വാസ്തവത്തില്‍, അത് ഒരിക്കലും ഇറാനെ നിയമവിരുദ്ധമായി ആക്രമിക്കുമായിരുന്നില്ല. എന്നിട്ടും, അഹങ്കാരം അതിനെ മറികടന്നു.

കഴിഞ്ഞ 20 മാസമായി ഈ ക്രിമിനല്‍ കുടിയേറ്റ-കൊളോണിയല്‍ സ്ഥാപനം ചെയ്ത കാര്യങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ല എന്നതാണ് വസ്തുത, കൂടാതെ ഈ പ്രദേശത്തെ ജനങ്ങള്‍ അവരുടെ സ്വേച്ഛാധിപത്യത്തെ ചെറുക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല. അവര്‍ ആക്രമിക്കുന്ന ഓരോ പുതിയ രാഷ്ട്രത്തിലും, അവര്‍ കൊല്ലുന്ന ഓരോ കുട്ടിയെയും ഉപയോഗിച്ച്, അത് അതിന്റെ അന്ത്യം അടുത്തുവരുന്നു.

തൂഫാനുല്‍ അഖ്സയുടെ തുടക്കത്തെ തുടര്‍ന്നുള്ള തന്റെ ആദ്യ പ്രസംഗത്തില്‍, ഹിസ്ബുല്ലയുടെ രക്തസാക്ഷി സെക്രട്ടറി ജനറല്‍ സയ്യിദ് ഹസ്സന്‍ നസ്‌റുല്ല, സയണിസ്റ്റ് സംഘടനയുമായുള്ള യുദ്ധത്തിന് ഒരു ബോക്‌സിങ് സാമ്യം നല്‍കി. അദ്ദേഹം പറഞ്ഞു: ഇതുവരെ, ശത്രുവിനെതിരേ പോയിന്റുകള്‍ നേടിയിരുന്നു. പക്ഷേ, നോക്കൗട്ട് പ്രഹരം ഇതുവരെ നേടിയിട്ടില്ല.

ഇസ്രായേലി എതിരാളിയെ നിരവധി റൗണ്ടുകളിലൂടെ തളര്‍ത്തിയ ശേഷം, വലിയ പ്രഹരങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. അവര്‍ ആടിയുലയുകയാണ്.

'രക്തസാക്ഷിത്വത്തിന്റെ വിജയത്തിന്റെ ജിഹാദ്' എന്നത് ഈ വംശഹത്യക്കിടെ ഇസ്രായേലികള്‍ക്കെതിരായ ഫലസ്തീനികളുടെ പോരാട്ടത്തിലെ മുദ്രാവാക്യമാണ്. കുറച്ചു കാലത്തേക്ക്, യുദ്ധം അവസാനിച്ചതായി തോന്നി. പക്ഷേ, ഇറാന്‍ ഇപ്പോള്‍ ഗസയിലെ ജനങ്ങളുടെ ആത്മാവിന് പുതുജീവന്‍ നല്‍കിയിട്ടുണ്ട്.

ഇതൊന്നും ഇങ്ങനെയാകേണ്ടിയിരുന്നില്ല. പക്ഷേ, ഇസ്രായേലികള്‍ വംശഹത്യ നടത്താന്‍ തീരുമാനിച്ചു. അമേരിക്ക അവരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കോര്‍പറേറ്റ് മാധ്യമങ്ങളും മിക്ക പാശ്ചാത്യ സര്‍ക്കാരുകളും പൂര്‍ണമായും പങ്കാളികളായി. ഇപ്പോള്‍ അവര്‍ ഇസ്രായേലികളെ നിയമവിരുദ്ധമായ ആക്രമണത്തില്‍ വളരെയധികം മുന്നേറാന്‍ അനുവദിച്ചു. ഇത്തവണ അവര്‍ വളരെയധികം മുന്നോട്ട് പോയി.

വംശഹത്യകള്‍ നടത്തുകയും അവരുടെ എല്ലാ അയല്‍ക്കാരെയും കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദുഷ്ട തീവ്രവാദ ഭരണകൂടങ്ങള്‍ നിലനില്‍ക്കാന്‍ വേണ്ടി നിര്‍മിക്കപ്പെടുന്നില്ല. ഒടുവില്‍, അവര്‍ കഷ്ണങ്ങളായി വീഴുന്നു. കാരണം അവര്‍ ദൈവത്തേക്കാള്‍ ശക്തരാണെന്നും അവരുടെ ജീവന്‍ മറ്റുള്ളവരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണെന്നും അവര്‍ തെറ്റായി കരുതുന്നു. എല്ലാ ഫാഷിസ്റ്റുകളും ഒടുവില്‍ വീഴുന്നു. കാരണം മനുഷ്യത്വം ഒടുവില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വിജയിക്കുന്നു.