ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമം; ഗോള്‍വാള്‍ക്കറുടെ രണ്ടാം ശത്രു ലക്ഷ്യത്തില്‍!

Update: 2025-08-03 08:31 GMT

രാം പുനിയാനി

2025 ജൂലൈ 26ന് ഛത്തീസ്ഗഡിലെ ദുര്‍ഗ് സ്‌റ്റേഷനില്‍ രണ്ട് കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു. നഴ്‌സുമാരായി പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന മൂന്നു സ്ത്രീകള്‍ അവരെ അനുഗമിച്ചിരുന്നുവെന്നത് നിസാര കാര്യമാണെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസ് അതീവ ഗൗരവ സ്വഭാവമുള്ളതായിരുന്നു. പ്രതിപക്ഷത്തെ സര്‍വകക്ഷി പ്രതിനിധി സംഘത്തിന് പോലും അവരെ കാണാന്‍ അനുമതി ലഭിക്കാന്‍ എളുപ്പമായിരുന്നില്ല. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തിയെന്ന ആരോപണത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉറച്ചുനിന്നെങ്കിലും തങ്ങളുടെ അനുമതിയോടെയാണ് മക്കള്‍ പോയതെന്നാണ് മൂന്നു സ്ത്രീകളുടേയും മാതാപിതാക്കള്‍ പറഞ്ഞത്.

എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ പറഞ്ഞ് ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്നത് കഴിഞ്ഞ 11 വര്‍ഷമായി വര്‍ധിച്ചുവരുകയാണ്, പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെ റിപോര്‍ട്ടുകളും പറയുന്നു. പ്രാര്‍ത്ഥനായോഗങ്ങളെ മതപരിവര്‍ത്തന പരിപാടികളായി ചീത്രീകരിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്. വിദൂര പ്രദേശങ്ങളിലെ പാസ്റ്റര്‍മാരെയും കന്യാസ്ത്രീകളെയും എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് മര്‍ദ്ദിക്കാനും ഉപദ്രവിക്കാനുമുള്ള സാധ്യത കൂടുതലാണ്. വിദൂരപ്രദേശങ്ങളിലെ നിര്‍ഭാഗ്യരായ പാസ്റ്റര്‍മാരെയും കന്യാസ്ത്രീകളെയും ആക്രമിക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് അത്യുല്‍സാഹമുണ്ട്.

ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നവും അടുത്തിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരുടെ മൃതദേഹങ്ങള്‍ പൊതു ശ്മശാനത്തിലോ ആദിവാസി സംസ്‌കാര കേന്ദ്രങ്ങളിലോ സംസ്‌കരിക്കാന്‍ അനുവദിക്കുന്നില്ല. ഉദാഹരണത്തിന്, 2024 ഏപ്രില്‍ 26ന് ഒരു ക്രിസ്ത്യാനി മരിച്ചിരുന്നു. അയാളുടെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ പ്രാദേശിക മതതീവ്രവാദികള്‍ അനുവദിച്ചില്ല. ഹിന്ദുമതത്തിലേക്ക് 'പുനപരിവര്‍ത്തനം' നടത്തിയാല്‍ മാത്രമേ അനുമതി നല്‍കൂയെന്നായിരുന്നു വാദം. 500 പോലിസുകാരുടെ സംരക്ഷണത്തിലാണ് ക്രിസ്ത്യന്‍ ആചാരങ്ങളോടെ സംസ്‌കാരം നടത്തിയത്.

'ഇപ്പോള്‍ എല്ലാ ദിവസവും പള്ളികള്‍ക്കും പാസ്റ്റര്‍മാര്‍ക്കും നേരെ നാലോ അഞ്ചോ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്, ഞായറാഴ്ചകളില്‍ ഇത് ഏകദേശം പത്ത് ആകുന്നു. മുമ്പൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ല.''-ഒരു ക്രിസ്ത്യന്‍ നേതാവ് പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ പീഡനത്തിന്റെ പ്രധാന ഉറവിടം ആര്‍എസ്എസും ബിജെപിയും ബജ്‌റങ് ദളും അടങ്ങുന്ന സംഘപരിവാരമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

ആഗോളതലത്തില്‍ ഓപ്പണ്‍ ഡോര്‍സും ഇന്ത്യയില്‍ പെര്‍സിക്യൂഷന്‍ റിലീഫും അതിക്രമങ്ങള്‍ നിരീക്ഷിച്ച് റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ, മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്യുന്നു. പെര്‍സിക്യൂഷന്‍ റിലീഫിന്റെ 2020ലെ റിപോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷക്കുറ്റങ്ങള്‍ 40.87 ശതമാനം വര്‍ധിച്ചു. മൂന്നുമാസം കൊവിഡ് ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും വിദ്വേഷക്കുറ്റത്തില്‍ വര്‍ധനയുണ്ടായി. പ്രത്യേക ആശങ്ക വേണ്ട രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 11ാം സ്ഥാനമാണെന്നാണ് ഓപ്പണ്‍ ഡോര്‍സ് ചൂണ്ടിക്കാട്ടിയത്.

ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണത്തില്‍ സാംസ്‌കാരികമായ ഘടകങ്ങളും പോലിസ് പങ്കാളിത്തവും നിയമത്തിന്റെ ഉപയോഗവും ഉള്‍പ്പെടുന്നുവെന്നാണ് രാഷ്ട്രീയ ഗവേഷകരായ സുധി സെല്‍വരാജും കെന്നത്ത് നീല്‍സനും നിരീക്ഷിക്കുന്നത്. ഹിന്ദുക്കളല്ലാത്ത, മതന്യൂനപക്ഷങ്ങള്‍ ദേശവിരുദ്ധരാണെന്ന ബോധവും വ്യാപിച്ചുവരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അതും അക്രമത്തില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി വിവിധ രൂപങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളെ സൂക്ഷ്മമായി നോക്കിയാല്‍ അവ അടുത്തിടെ ആരംഭിച്ചതല്ല എന്ന് വ്യക്തമാവും. അത് വിദൂരപ്രദേശങ്ങളില്‍ അന്തര്‍ധാരയായി തുടരുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് നീണ്ടചരിത്രമുണ്ട്. അത് പലപ്പോഴും ഭീകരമായ രീതിയിലാണ് നടക്കാറ്. അതിനാല്‍ തന്നെ അവയ്ക്ക് ശ്രദ്ധ ലഭിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ വ്യത്യസ്തമാണ്. പാസ്റ്റര്‍ ഗ്രഹാം സ്റ്റെയ്ന്‍സിനെ ചുട്ടുകൊന്നതും ഒഡീഷയിലെ കാണ്ഡമഹല്‍ കലാപവും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ അധികം ശ്രദ്ധ ലഭിക്കാതെ നടന്നുകൊണ്ടിരിക്കുന്നു.


1995ല്‍ ഇന്‍ഡോറില്‍ റാണി മരിയയെ ക്രൂരമായി വെട്ടിക്കൊന്നതാണ് ആദ്യ പ്രധാന സംഭവമെന്ന് പറയാം. അതിന് ശേഷം 1999ല്‍ ഗ്രഹാം സ്റ്റെയ്ന്‍സിനെയും കുടുംബത്തെയും കൊന്നു. ആസ്‌ത്രേലിയക്കാരനായ ഗ്രഹാം സ്റ്റെയ്ന്‍സ് കുഷ്ടരോഗികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, മതപരിവര്‍ത്തനം ആരോപിക്കപ്പെട്ടു. ബജ്‌റങ് ദളിന്റെ ദാരാ സിങ്ങാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയത്. ഗ്രഹാം സ്റ്റെയ്ന്‍സിനെ ആക്രമിക്കാന്‍ ദാരാ സിങ് മറ്റുള്ളവരെ പ്രേരിപ്പിച്ചു. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയ്ന്‍സിന്റെ മക്കളായ തിമോത്തിയും ഫിലിപ്പും അന്ന് കൊല്ലപ്പെട്ടു. ആളുകളെ ജീവനോടെ ചുട്ടുകൊന്നതിനാല്‍ ഈ ആക്രമണം ഭയാനകമായിരുന്നു.

ഈ സംഭവം ലോകത്തിലെ ഏറ്റവും മോശം കാര്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ പറഞ്ഞത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗാള ഗൂഡാലോചനയാണ് സംഭവമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, ബജ്‌റങ്ദള്‍ നേതാവ് ദാരാ സിങാണ് അക്രമത്തിന് പിന്നിലെ ഗൂഡാലോചനക്കാരന്‍ എന്ന് വാധവ കമ്മീഷന്‍ കണ്ടെത്തി റിപോര്‍ട്ട് നല്‍കി. അയാള്‍ ഇപ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്നതായി അതിലും മുമ്പേ ആര്‍എസ്എസിന്റെ വന്‍വാസി കല്യാണ്‍ ആശ്രമം പ്രചരിപ്പിച്ചിരുന്നു. ഗുജറാത്തിലെ ഡാങ്ങില്‍ സ്ഥാപിച്ച വന്‍വാസി ആശ്രമത്തില്‍ അസീമാനന്ദയും ഒഡീഷയിലെ കാണ്ഡ്മഹാലില്‍ സ്ഥാപിച്ച ആശ്രമത്തില്‍ ലക്ഷമണാനന്ദയും ആ പ്രചാരണങ്ങള്‍ നടത്തി. അതേസമയം, ആദിവാസികളെ ഹിന്ദു സാംസ്‌കാരിക-മത ചിഹ്നങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി നിരവധി 'ശബരി കുംഭങ്ങള്‍' സംഘടിപ്പിക്കപ്പെട്ടു.

രാമായണത്തില്‍ പരാമര്‍ശമുള്ള ശബരി എന്ന ആദിവാസി സ്ത്രീയെ ഈ പ്രദേശങ്ങളില്‍ ദേവതയാക്കി ഉയര്‍ത്തിക്കാട്ടി. അതേസമയം തന്നെ ഭഗവാന്‍ രാമനോടുള്ള ഹനുമാന്റെ വിശ്വസ്തയും പ്രചരിപ്പിച്ചു. ഈ മത-സാംസ്‌കാരിക ശ്രമം ഈ രണ്ട് പേര്‍ക്കും വേണ്ടിയുള്ള ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. ഇത്തരം പ്രചാരണങ്ങളുടെ ആരവം ക്രിസ്തുമതത്തിന് ഇന്ത്യയിലുള്ള പഴക്കം മറച്ചുപിടിച്ചു. എഡി 52ല്‍ സെന്റ് തോമസ് മലബാര്‍ തീരത്ത് ഇറങ്ങിയിരുന്നുവല്ലോ. രണ്ടായിരം കൊല്ലമാവാനായിട്ടും ഇന്നും ക്രിസ്ത്യാനികളുടെ ജനസംഖ്യ കേവലം 2.3 ശതമാനം മാത്രമാണ്.

1971ലെ കണക്കുകള്‍ പ്രകാരം ക്രിസ്ത്യാനികളുടെ ജനസംഖ്യ 2.6 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 2.3 ശതമാനം മാത്രമാണ്. എന്നിട്ടും ക്രിസ്ത്യന്‍ മിഷണറിമാര്‍ ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ മതപരിവര്‍ത്തനം നടത്തുകയാണെന്ന പ്രചാരണം നടക്കുന്നു. മിഷണറി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ പല സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ വരാന്‍ അത്തരം പ്രചാരണങ്ങള്‍ കാരണമായി.

ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ വിചാരധാര എന്ന പുസ്തകമെഴുതിയിട്ടുണ്ട്. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ഹിന്ദു രാഷ്ട്രത്തിന്റെ ആഭ്യന്തര ഭീഷണിയെന്ന് ആ പുസ്തകം പറയുന്നു. അതിനാല്‍, വ്യക്തമായ മുസ്‌ലിം വിരുദ്ധ അക്രമത്തിന് ശേഷം ക്രിസ്ത്യന്‍ വിരുദ്ധ അജണ്ഡ കൂടുതല്‍ പ്രകടമാവുകയാണ്!