രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'

Update: 2024-07-25 11:17 GMT

ന്യൂഡല്‍ഹി: സ്ഥലനാമങ്ങള്‍ക്കു പിന്നാലെ രാഷ്ട്രപതി ഭവനിലും പേരുമാറ്റം. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് 'ഗണതന്ത്ര മണ്ഡപ്' എന്നും അശോക് ഹാളിന് 'അശോക് മണ്ഡപ്' എന്നുമാണ് മാറ്റിയത്. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ പേരുമാറ്റം വാര്‍ത്താകുറിപ്പിലൂടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അറിയിച്ചത്. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്. ദേശീയ അവാര്‍ഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടേയും വേദിയാണ് ദര്‍ബാര്‍ ഹാള്‍. എന്നാല്‍ പേരുമാറ്റത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ദര്‍ബാറെന്ന സങ്കല്‍പ്പമില്ലെങ്കിലും ചക്രവര്‍ത്തി എന്ന സങ്കല്‍പ്പമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

Tags: