നെതന്യാഹുവിന്റെ അവസാന കളി:അധികാരത്തെ കുറിച്ചുള്ള മിഥ്യാധാരണകളും ഒറ്റപ്പെടലും
റംസി ബറൂദ്
നെതന്യാഹു എത്ര കാലം അധികാരത്തില്‍ തുടരുമെന്ന് ഉറപ്പില്ല. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നില ഗണ്യമായി വഷളായി. വ്യാപകമായ ആഭ്യന്തര പ്രതിഷേധവും അന്താരാഷ്ട്ര വിമര്‍ശനവും അദ്ദേഹം നേരിടുന്നു.
ബെഞ്ചമിന്‍ നെതന്യാഹു എല്ലാം ആയിരുന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. ഫലസ്തീന്‍ അതോറിറ്റി ഏറക്കുറെ നിഷ്‌ക്രിയമായിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്ക് താരതമ്യേന ശാന്തമായിരുന്നു. ഇസ്രായേലിന്റെ നയതന്ത്ര വ്യാപ്തി വികസിച്ചുകൊണ്ടിരുന്നു. ഫലസ്തീനില്‍ പൂര്‍ണനിയന്ത്രണം വേണമെന്ന ഇസ്രായേലിന്റെ ആഗ്രഹത്തെ അംഗീകരിക്കാന്‍ അന്താരാഷ്ട്ര നിയമം വളച്ചൊടിക്കാന്‍ വരെ അമേരിക്ക തയ്യാറാണെന്ന് തോന്നി.
വര്‍ഷങ്ങളായി ശ്വാസംമുട്ടിക്കുന്ന ഇസ്രായേലിന്റെ ഉപരോധം തകര്‍ക്കാന്‍ പരാജയപ്പെട്ട, നിരന്തരം എതിര്‍പ്പുയര്‍ത്തിയിരുന്ന ഉപരോധിത പ്രദേശമായ ഗസയെ കീഴടക്കുന്നതിലും ഇസ്രായേല്‍ പ്രധാനമന്ത്രി വിജയിച്ചു; കുറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം കണക്കുകൂട്ടലുകളിലെങ്കിലും.
ഇസ്രായേലില്‍, രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായി നെതന്യാഹു ആഘോഷിക്കപ്പെട്ടു. ദീര്‍ഘകാല അധികാരം മാത്രമല്ല, അഭൂതപൂര്‍വമായ സമൃദ്ധിയും വാഗ്ദാനം ചെയ്ത ഒരു വ്യക്തി. ഈ നാഴികക്കല്ല് അടയാളപ്പെടുത്താന്‍, നെതന്യാഹു ഒരു ദൃശ്യ പ്രചാരണം ഉപയോഗിച്ചു : മിഡില്‍ ഈസ്റ്റിന്റെ ഭൂപടം, അല്ലെങ്കില്‍, അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍, 'പുതിയ മിഡില്‍ ഈസ്റ്റ്.'
നെതന്യാഹുവിന്റെ അഭിപ്രായത്തില്‍, താന്‍ വിഭാവനം ചെയ്ത പുതിയ മിഡില്‍ ഈസ്റ്റ്, ഇസ്രായേലി നേതൃത്വത്തിന് കീഴില്‍ 'മഹത്തായ അനുഗ്രഹങ്ങളുടെ' ഭാവിയെ പ്രതിനിധീകരിക്കുന്ന ഒരു ഏകീകൃത ഹരിത കൂട്ടായ്മയായിരുന്നു.
ഈ ഭൂപടത്തില്‍നിന്ന് ഫലസ്തീന്‍ പൂര്‍ണമായും അപ്രത്യക്ഷമായിരുന്നു. ചരിത്രപരമായ ഫലസ്തീന്‍, ഇപ്പോള്‍ ഇസ്രായേല്‍, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ രണ്ടായി.
2023 സെപ്റ്റംബര്‍ 22ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് നെതന്യാഹുവിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടന്നത് . വിജയകരമെന്ന് കൊണ്ടാടപ്പെട്ട അദ്ദേഹത്തിന്റെ
പ്രസംഗത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ, അവിടെയുണ്ടായിരുന്നവരില്‍ ആവേശം വളരെ കുറവായിരുന്നു. എന്നിരുന്നാലും, ഇത് നെതന്യാഹുവിനോ തീവ്രവലതുപക്ഷ വാദികളായ അദ്ദേഹത്തിന്റെ സഖ്യത്തിനോ വിശാലമായ ഇസ്രായേലി പൊതുജനത്തിനോ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചില്ല.
ചരിത്രപരമായി, ഇസ്രായേല്‍ ആശ്രയിക്കുന്നത് അവരുടെ സ്വന്തം കണക്കുകൂട്ടലില്‍ പ്രാഥമിക പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന തിരഞ്ഞെടുത്ത ചില രാജ്യങ്ങളുടെ പിന്തുണയെയാണ്: വാഷിങ്ടണും ഒരുപിടി യൂറോപ്യന്‍ തലസ്ഥാനങ്ങളും.
പിന്നീട് ഒക്ടോബര്‍ 7ലെ ആക്രമണം നടന്നു. തുടക്കത്തില്‍, പാശ്ചാത്യ, അന്തര്‍ദേശീയ പിന്തുണ നേടുന്നതിനായി ഇസ്രായേല്‍ ഫലസ്തീന്‍ ആക്രമണത്തെ മുതലെടുത്തു, നിലവിലുള്ള നയങ്ങളെ സാധൂകരിക്കുകയും ഉദ്ദേശിച്ച പ്രതികരണത്തെ ന്യായീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇസ്രായേലിന്റെ പ്രതികരണത്തില്‍ വംശഹത്യ, ഗസയിലെ ഫലസ്തീന്‍ ജനതയുടെ ഉന്മൂലനം, ഗസയിലെ ജനതയുടെയും വെസ്റ്റ് ബാങ്ക് സമൂഹങ്ങളുടെയും വംശീയ ഉന്മൂലനം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ ഈ സഹതാപം പെട്ടെന്ന് ഇല്ലാതായി.
ഗസയിലെ വിനാശകരമായ കൂട്ടക്കൊലയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ, ഇസ്രായേല്‍ വിരുദ്ധ വികാരം ഉയര്‍ന്നുവന്നു. പതിനായിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ, പ്രധാനമായും സ്ത്രീകളെയും കുട്ടികളെയും, മനപ്പൂര്‍വം കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ഇസ്രായേലിന്റെ സഖ്യകക്ഷികള്‍ പോലും പാടുപെട്ടു.
ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങള്‍ ഇസ്രായേലിനുമേല്‍ ഭാഗിക ആയുധ ഉപരോധം ഏര്‍പ്പെടുത്തി. അതേസമയം, ഫ്രാന്‍സ് ഒരു സന്തുലിത നടപടിക്ക് ശ്രമിച്ചു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട്, അതേ സമയം അതിനായി വാദിക്കുന്ന ആഭ്യന്തര പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി. ഇസ്രായേല്‍ അനുകൂല പാശ്ചാത്യ വിവരണം കൂടുതല്‍ കൂടുതല്‍ പൊരുത്തക്കേടായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും അത് ആഴത്തില്‍ പ്രശ്‌നകരമായി തുടരുകയാണ്.
പ്രസിഡന്റ് ബൈഡന്റെ കീഴില്‍, വാഷിങ്ടണ്‍ തുടക്കത്തില്‍ അചഞ്ചലമായ പിന്തുണ നിലനിര്‍ത്തി. ഇസ്രായേലിന്റെ ലക്ഷ്യമായ വംശഹത്യയെയും വംശീയ ഉന്മൂലനത്തെയും പരോക്ഷമായി അംഗീകരിച്ചു.
എന്നിരുന്നാലും, ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതോടെ, ബൈഡന്റെ പൊതു നിലപാട് മാറാന്‍ തുടങ്ങി. ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വ്യക്തമായ സന്നദ്ധത പ്രകടിപ്പിക്കാതെ, അദ്ദേഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. 2024ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തോല്‍വിക്ക് ബൈഡന്റെ ഇസ്രായേലിനുള്ള ഉറച്ച പിന്തുണ ഒരു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നു.
പിന്നെ, ട്രംപ് എത്തി. ഇസ്രായേലിലും വാഷിങ്ടണിലുമുള്ള നെതന്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും, ഫലസ്തീനിലും വിശാലമായ മേഖലയിലും ലബ്‌നാന്‍, സിറിയ തുടങ്ങിയ ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശാലമായ, ഒരു തന്ത്രപരമായ പദ്ധതിയുമായി പൊരുത്തപ്പെടുമെന്ന് പ്രതീക്ഷിച്ചു.
ട്രംപിന്റെ ഭരണകൂടം സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന് അവര്‍ വിശ്വസിച്ചു. ഇറാനെതിരായ സൈനിക നടപടി , ഗസയില്‍നിന്ന് ഫലസ്തീനികളെ പുറത്താക്കല്‍ , സിറിയയുടെ വിഘടിപ്പിക്കല്‍, യെമനിലെ അന്‍സാറുല്ലായെ ദുര്‍ബലപ്പെടുത്തല്‍ തുടങ്ങി കാര്യമായ ഇളവുകള്‍ ഇല്ലാതെ തന്നെ സംഘര്‍ഷം രൂക്ഷമാകുമെന്ന് അവര്‍ വിഭാവനം ചെയ്തു.
തുടക്കത്തില്‍, ട്രംപ് ഈ അജണ്ട പിന്തുടരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഭാരമേറിയ ബോംബുകള്‍ വിന്യസിക്കുക , ഇറാനെതിരേ നേരിട്ട് ഭീഷണി മുഴക്കുക, അന്‍സാറുല്ലയ്‌ക്കെതിരേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, ഗസ നിയന്ത്രിക്കുന്നതിലും അവിടുത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും താല്‍പ്പര്യം പ്രകടിപ്പിക്കുക അതായിരുന്നു അജണ്ട.
എന്നിരുന്നാലും, നെതന്യാഹുവിന്റെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. ഇത് ഉയര്‍ത്തുന്ന ചോദ്യം ഇതാണ് : ട്രംപ് മനപ്പൂര്‍വം നെതന്യാഹുവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ, അതോ പരിണമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രാരംഭ പദ്ധതികളുടെ പുനര്‍മൂല്യനിര്‍ണയം ആവശ്യമാക്കിയോ?
രണ്ടാമത്തെ വിശദീകരണമാണ് കൂടുതല്‍ വിശ്വസനീയമായി തോന്നുന്നത്. ഇറാനെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞു. ഇത് തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ ആദ്യം ഒമാനിലും പിന്നീട് റോമിലും നിരവധി നയതന്ത്ര ഇടപെടലുകളിലേക്ക് നയിച്ചു.
അന്‍സാറുല്ലായുടെ പ്രതിരോധശേഷി പ്രകടമായതോടെ മെയ് 6ന് യുഎസ്, യെമനിലെ സൈനിക നീക്കങ്ങള്‍, പ്രത്യേകിച്ച് ഓപറേഷന്‍ 'റഫ് റൈഡര്‍', വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. മെയ് 16ന്, യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ മേഖലയില്‍നിന്ന് പിന്മാറുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചു .മെയ് 12ന്, യുഎസ്ഇസ്രായേല്‍ ബന്ദിയായ എഡാന്‍ അലക്‌സാണ്ടറെ മോചിപ്പിക്കുന്നതിനായി ഹമാസും വാഷിങ്ടണും ഇസ്രായേലില്‍നിന്ന് സ്വതന്ത്രമായി ഒരു പ്രത്യേക കരാര്‍ പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്.
മെയ് 14ന് റിയാദില്‍ നടന്ന യുഎസ്‌സൗദി നിക്ഷേപ ഫോറത്തില്‍ ട്രംപ് നടത്തിയ പ്രസംഗത്തിലാണ് ഇത് പരിസമാപ്തിയിലെത്തിയത്. പ്രാദേശിക സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി വാദിച്ചും സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കിക്കൊണ്ടും ഇറാനുമായുള്ള നയതന്ത്ര പ്രമേയത്തിന് ഊന്നല്‍ നല്‍കിയും ട്രംപ് പ്രസംഗിച്ചിരുന്നു.
ഈ പ്രാദേശിക മാറ്റങ്ങളില്‍ ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ തന്ത്രപരമായ 'കാഴ്ചപ്പാടും' പ്രകടമായി കാണപ്പെട്ടില്ല.
ഗസയിലെ ഫലസ്തീന്‍ ആശുപത്രികള്‍ക്കെതിരേയും നാസര്‍, യൂറോപ്യന്‍ ആശുപത്രികള്‍ എന്നിവയിലെ രോഗികളെ ലക്ഷ്യമിട്ടും സൈനിക നടപടികള്‍ ശക്തമാക്കിക്കൊണ്ടാണ് നെതന്യാഹു ഈ സംഭവവികാസങ്ങളോട് പ്രതികരിച്ചത്. ഏറ്റവും ദുര്‍ബലരായവരെ ലക്ഷ്യമിട്ടുള്ള ഈ നടപടി, അനന്തരഫലങ്ങള്‍ പരിഗണിക്കാതെ തന്നെ തന്റെ ലക്ഷ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന വാഷിങ്ടണിനും അറബ് രാജ്യങ്ങള്‍ക്കുമുള്ള സന്ദേശമായി വ്യാഖ്യാനിക്കപ്പെട്ടു.
രാഷ്ട്രീയ ദുര്‍ബലതകള്‍ക്കിടയിലും ശക്തി തെളിയിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമമാണ് ഗസയിലെ ഇസ്രായേല്‍ സൈനിക നടപടികള്‍ തീവ്രമാക്കിയത്. ഇത് ഫലസ്തീനികളുടെ മരണസംഖ്യ കുത്തനെ വര്‍ധിക്കുന്നതിനും ഇരുപത് ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷ്യക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതിനും കാരണമായി.
നെതന്യാഹു എത്ര കാലം അധികാരത്തില്‍ തുടരുമെന്ന് ഉറപ്പില്ല. പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നില ഗണ്യമായി വഷളായി. വ്യാപകമായ ആഭ്യന്തര പ്രതിഷേധവും അന്താരാഷ്ട്ര വിമര്‍ശനവും അദ്ദേഹം നേരിടുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക സഖ്യകക്ഷിയായ അമേരിക്ക പോലും സമീപനത്തില്‍ മാറ്റം വരുത്തുന്നതായി സൂചന നല്‍കിയിട്ടുണ്ട്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഭീകരമായ, അക്രമാസക്തമായ സര്‍ക്കാരുമായി ബന്ധപ്പെട്ട നയങ്ങളുടെയും അവസാനത്തിന്റെ തുടക്കമായി ഈ കാലഘട്ടം അടയാളപ്പെടുത്തിയേക്കാം.
കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍

