ഒരു ഇറ്റാലിയന്‍ ഇന്‍തിഫാദ: ഗസ ഇറ്റാലിയന്‍ രാഷ്ട്രീയത്തെ പുനര്‍നിര്‍മ്മിക്കുമോ?

Update: 2025-10-03 14:52 GMT

റംസി ബറൂദ്

ഗസയുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ സംഭവിക്കുന്നത് അന്താരാഷ്ട്ര വിഷയവുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമാണ്. ഇറ്റലിയില്‍ ഒരു ജനകീയ പ്രക്ഷോഭം നടക്കുന്നുണ്ട്, അതിന്റെ അനന്തരഫലങ്ങള്‍ ഗസ മുനമ്പിലെ ഇസ്രായേലി വംശഹത്യയെക്കുറിച്ചുള്ള ഇറ്റലിയുടെ നിലപാട് മാത്രമല്ല, രാഷ്ട്രീയ ഘടനയെ മൊത്തത്തില്‍ മാറ്റാന്‍ സാധ്യതയുണ്ട്.

അത്തരമൊരു നിഗമനം യുക്തിസഹമായ ഒന്നാണെന്ന് മനസ്സിലാക്കാന്‍, രണ്ട് പ്രധാന ഘടകങ്ങള്‍ പരിഗണിക്കണം: രാജ്യത്തുടനീളമുള്ള ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പും ഫലസ്തീനോടും മിഡില്‍ ഈസ്റ്റിനോടുമുള്ള ഇറ്റലിയുടെ രാഷ്ട്രീയ മനോഭാവത്തിന്റെ ചരിത്ര പശ്ചാത്തലവും. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ ആരംഭിച്ചപ്പോള്‍, ജോര്‍ജിയ മെലനിയുടെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ ഭാഷയും രാഷ്ട്രീയ നിലപാടും മറ്റ് യൂറോപ്യന്‍ നേതാക്കള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു.

2023 ഒക്ടോബര്‍ 21ന് ഇസ്രായേല്‍ സന്ദര്‍ശിച്ച മെലനി, ഒക്ടോബര്‍ 7ലെ ആക്രമണത്തിന് ഫലസ്തീനികളെ അപലപിക്കുകയും ഇസ്രായേലിന്റെ 'സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ' നിരുപാധികമായി പിന്തുണക്കുകയും ചെയ്തു. ഇസ്രായേല്‍ നടത്തുന്ന വംശഹത്യ മെലനിക്ക് അവഗണിക്കാന്‍ പോലും കഴിയാത്തത്ര തീവ്രമായ അവസ്ഥയിലെത്തുന്നതുവരെ ആ നിലപാട് സ്ഥിരമായി തുടര്‍ന്നു. ഇസ്രായേലിന് 'വിവേകവും മനുഷ്യത്വവും നഷ്ടപ്പെട്ടു'എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗൈഡോ ക്രോസെറ്റോ ആഗസ്റ്റില്‍ പറഞ്ഞു.

ഇതൊക്കെയാണെങ്കിലും, ഇറ്റാലിയന്‍ ആയുധങ്ങള്‍ ഇസ്രായേലിലേക്ക് ഒഴുകിചെല്ലുന്നത് തുടര്‍ന്നു. പുതിയ ആയുധങ്ങള്‍ അയയ്‌ക്കേണ്ടതില്ലെന്ന് ഇറ്റലി തീരുമാനിച്ചപ്പോഴും, ഇറ്റാലിയന്‍ ആയുധ കമ്പനിയായ ലിയോനാര്‍ഡോയുമായി മുമ്പ് ഇസ്രായേല്‍ ഒപ്പുവച്ച സൈനിക കരാറുകള്‍ പാലിക്കപ്പെട്ടു. അതായത്, ഗസയിലെ വംശഹത്യയില്‍ ആ ആയുധങ്ങള്‍ നേരിട്ട് ഉപയോഗിച്ചു.

ഗസയിലെ ലക്ഷക്കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ ആക്രമിച്ചപ്പോഴും ഇസ്രായേലിനോടുള്ള പ്രതിബദ്ധത മെലനി തുടര്‍ന്നു. മറ്റു ജനങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായ ഉപകരണമായ യുദ്ധത്തെ ഇറ്റലി നിരാകരിക്കുന്നു എന്ന ഭരണഘടനാ പ്രഖ്യാപനത്തെയും അവര്‍ മറികടന്നു.

മറുവശത്ത്, ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്കും അതിനുള്ള സ്വന്തം സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്തുണക്കും മുന്നില്‍ ഇറ്റാലിയന്‍ സമൂഹം കുറച്ചുകാലത്തേക്കെങ്കിലും ആശയക്കുഴപ്പത്തിലായി, പ്രത്യക്ഷത്തില്‍ വിധേയത്വത്തോടെ തുടര്‍ന്നു.

അവരുടെ പ്രകടമായ വിധേയത്വം, ഇറ്റാലിയന്‍ ജനതയ്ക്ക് അതിര്‍ത്തികള്‍ക്ക് പുറത്തുള്ള സംഭവങ്ങളിലുള്ള താല്‍പ്പര്യമില്ലായ്മയെ പ്രതിഫലിപ്പിക്കുന്നില്ല. പകരം, ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന രാഷ്ട്രീയ, ചരിത്ര ഘടകങ്ങളുടെ പ്രതിഫലനമായിരുന്നു അത്.

ഒന്ന്: ഇറ്റാലിയന്‍ മാധ്യമങ്ങള്‍ അടുത്തിടെ രണ്ട് പ്രധാന ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു: തീവ്ര വലതുപക്ഷ മാധ്യമ മുതലാളിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്ത സഖ്യകക്ഷിയുമായ അന്തരിച്ച പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ മാധ്യമങ്ങള്‍; സര്‍ക്കാരിന്റെ ആജ്ഞകള്‍ പാലിക്കുന്ന പൊതു മാധ്യമങ്ങള്‍. ഫലസ്തീനികളെ കുറ്റവാളികളാക്കി ഇസ്രായേലിനെ കുറ്റവിമുക്തമാക്കിയ ഇസ്രായേലി ലൈനിലായിരുന്നു ഇരുവിഭാഗവും റിപോര്‍ട്ട് ചെയ്തിരുന്നത്.

രണ്ട്: ഇറ്റലിയിലെ പൊതുപ്ലാറ്റ്‌ഫോമുകളുടെ അഭാവം. ഇറ്റലിയിലെ ശക്തമായ യൂണിയനുകള്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ ഗണ്യമായ പ്രാതിനിധ്യം ഉണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. അവര്‍ ഒരുമിച്ച് രാഷ്ട്രീയ ചരടുകള്‍ വലിക്കുക മാത്രമല്ല, ദേശീയമായും അന്തര്‍ദേശീയമായും നയങ്ങളെ സ്വാധീനിക്കുകയും ചെയ്തു.

മൂന്ന്: മുകളില്‍ പറഞ്ഞവയെല്ലാം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള (1948-1992) ഒന്നാം റിപ്പബ്ലിക്കിനും ഇന്നുവരെയുള്ള രണ്ടാം റിപ്പബ്ലിക്കിനും ഇടയിലുള്ള ഇറ്റാലിയന്‍ രാഷ്ട്രീയത്തിന്റെ പ്രധാന പുനക്രമീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പ്രധാന പുനഃക്രമീകരണത്തിന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുമായി ബന്ധമുണ്ട്. ഒരുകാലത്ത് പാശ്ചാത്യ ലോകത്തെ ഏറ്റവും ശക്തവും പ്രസക്തവുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇറ്റലിയിലുണ്ടായിരുന്നത്. അത് തകര്‍ന്നതോടെ മധ്യ-വലതുപക്ഷ രാഷ്ട്രീയം ഉദയം ചെയ്തു.

മൂന്നാം കാര്യം ഇറ്റലിയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ മാറ്റം വരുത്തുക മാത്രമല്ല, വിദേശനയത്തിന്റെ മനോഭാവത്തിലും മാറ്റം വരുത്തി. അത് ഫലസ്തീനിലെ ഇസ്രായേലി അധിനിവേശത്തെ കുറിച്ചുള്ള സന്തുലിതമായ നിലപാട് മാറാനും ഇസ്രായേല്‍ അനുകൂല നയം സ്വീകരിക്കാനും കാരണമായി. ബെര്‍ലുസ്‌കോണിയുടെ കാലഘട്ടത്തിലാണ് ഈ മാറ്റം ഏറ്റവും പ്രകടമായത്. ഇറ്റലിയുടെ ഫാസിസ്റ്റ് പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി ഇറ്റലിക്കാര്‍ക്കിടയില്‍ പോലും അറിയപ്പെടുന്ന മാറ്റിയോ സാല്‍വിനിയുടെ ലെഗ പാര്‍ട്ടി ഇത് ശക്തമാക്കി.

എന്നാല്‍ ഗസയിലെ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി, വര്‍ധിച്ചു വരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, വംശഹത്യ ആരംഭിച്ചതിനുശേഷം അടിത്തട്ടില്‍ നടന്ന സംഘാടനം എന്നിവ മൂലം കാര്യങ്ങള്‍ മാറാന്‍ തുടങ്ങി.

സെപ്റ്റംബര്‍ 22ന്, ഗസയ്ക്കെതിരായ യുദ്ധത്തിനും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിക്കും എതിരെ ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തി. സൈനികവല്‍ക്കരണത്തിനെതിരായ തൊഴിലാളികളുടെ ദീര്‍ഘകാല ചെറുത്തുനില്‍പ്പിന്റെ തുടര്‍ച്ചയായിരുന്നു അത്. യൂണിയനുകളും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഘടനകളും അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നയങ്ങളോടുള്ള തൊഴിലാളികളുടെ എതിര്‍പ്പ് അടിവരയിട്ടു.

പെട്ടെന്ന്, ഇറ്റാലിയന്‍ യൂണിയനുകള്‍ വീണ്ടും തെരുവിലിറങ്ങി, മെച്ചപ്പെട്ട വേതനം ചര്‍ച്ച ചെയ്യാന്‍ മാത്രമല്ല, സ്വദേശത്തും വിദേശത്തും ഐക്യദാര്‍ഢ്യത്തിന്റെ മുന്നണിപ്പോരാളിയെന്ന സ്ഥാനം വീണ്ടെടുക്കാനുമായിരുന്നു അത്. ഈ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ മാത്രം ഇറ്റാലിയന്‍ ജനതയുടെ രാഷ്ട്രീയ മനോഭാവത്തില്‍ വലിയ മാറ്റത്തിന് കാരണമാകും

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മെലനിയുടെ സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയ, പ്രത്യയശാസ്ത്ര പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള സ്വന്തം ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് നേര്‍വിപരീതമായി നില്‍ക്കുകയാണ്. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ വലിയ വില നല്‍കേണ്ടിവരും.

ഇറ്റലി ഇപ്പോള്‍ മറ്റൊരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ്. അത് ചിലപ്പോള്‍ രാജ്യത്തെ തീവ്ര വലതുപക്ഷ ക്യാംപില്‍ കൂടുതല്‍ ഉറപ്പിക്കുകയോ അതല്ലെങ്കില്‍ ഫാഷിസ്റ്റ് വിരുദ്ധത, അടിത്തട്ടിലെ സംഘാടനം, അന്താരാഷ്ട്ര പ്രതിരോധം എന്നിവയില്‍ ഊന്നിയ റാഡിക്കല്‍ ചരിത്രത്തിലേക്ക് തിരിച്ചുപോവാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാം. ചരിത്രത്തിന്റെ പെന്‍ഡുലം എവിടേക്ക് ആടുമെന്നത് പരിഗണിക്കാതെ തന്നെ, ഇറ്റലിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഒരു യഥാര്‍ത്ഥ രാഷ്ട്രീയ പ്രക്ഷോഭം, ഒരു ഇന്‍തിഫാദ ആണെന്ന് നിഷേധിക്കാനാവില്ല.