ഇഫ്താര്‍ വിഭവങ്ങള്‍ നിറഞ്ഞ തീന്‍മേശയില്ല; പട്ടിണിയിലും റമദാന്‍ മാസത്തെ വരവേറ്റ് ഗസ്സന്‍ ജനത
ഗസ: തുടര്‍ച്ചയായ യുദ്ധാവസ്ഥയും ഉപരോധവും മനുഷ്യാവകാശ പ്രതിസന്ധിയും ഇസ്രായേല്‍ ആക്രമണങ്ങളും അരക്ഷിതമാക്കിയ ഗസ്സയില്‍, വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കുന്നത് ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ യാഥാര്‍ഥ്യത്തിനിടയിലാണ്. ദിവസേന ഭക്ഷണവും ശുദ്ധജലവും ലഭ്യമാകാത്ത അവസ്ഥയില്‍ പോലും വിശ്വാസവും പ്രത്യാശയും കൈവിടാതെ നോമ്പ് ആരംഭിക്കുകയാണ് ജനങ്ങള്‍.
കഴിഞ്ഞ റമദാനില്‍ ഒരു മേശക്ക് ചുറ്റും കൂടിയിരുന്നു ഇഫ്താര്‍ വിരുന്നുകള്‍ ആഘോഷമാക്കിയ പലരും ഇന്ന് അവര്‍ക്കൊപ്പമില്ല. ഉപ്പയും ഉമ്മയും ഇല്ലാതെ ശൂന്യമാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍. കഴിഞ്ഞ റമദാനില്‍ ഒന്നിച്ച് നോമ്പ് തുറന്നവര്‍ പലരും ഇന്ന് കൂടെയില്ല. റമദാനില്‍ വിരുന്നുകള്‍ക്കൊപ്പം സന്തോഷം പകര്‍ന്നിരുന്ന കുരുന്നുകള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു.
ഇസ്രായേല്‍ നടത്തിയ സൈനിക നടപടികള്‍ക്കും വ്യോമാക്രമണങ്ങള്‍ക്കും പിന്നാലെ നിരവധി താമസകേന്ദ്രങ്ങള്‍ തകര്‍ന്നു. ആശുപത്രികളും സ്‌കൂളുകളും അഭയകേന്ദ്രങ്ങളായി മാറിയിരിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകരാറിലായിരിക്കുകയാണ്. കുടിവെള്ള വിതരണ സംവിധാനങ്ങള്‍ നശിച്ചതോടെ ശുദ്ധജലം അപൂര്‍വമായി മാറി.
ഗസ്സയിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ക്ക് മാത്രമായി ചുരുങ്ങി. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറവായതിനാല്‍ വില കുത്തനെ ഉയര്‍ന്നു. മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്ശിശുക്കളും വയോധികരും ഗുരുതര പോഷകാഹാരക്കുറവിലേക്ക് നീങ്ങുകയാണെന്നതാണ്.
വ്രതാനുഷ്ഠാനത്തിന്റെ ആദ്യ ദിവസം ഗാസന്‍ ജനത പുലര്‍ച്ചെ ഭക്ഷണം കഴിക്കാന്‍ ഒത്തുകൂടി. യുദ്ധത്തിന് മുമ്പ് റമദാനില്‍ മുഴുവന്‍ മേശകളും ഉണ്ടായിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ സഹായ വിതരണ അഭയാര്‍ത്ഥി ക്യാംപുകളെ ചുറ്റിപ്പറ്റിയാണ് അവരുടെ ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നത്. ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങളും അടിസ്ഥാന സാധനങ്ങളും അനുവദിക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കുന്നതിനാല്‍ പലരും ക്യാംപുകളെ ആശ്രയിക്കുന്നു.
ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള 'വെടിനിര്‍ത്തല്‍' കരാര്‍ പ്രകാരം, പ്രതിദിനം കുറഞ്ഞത് 600 സഹായ ട്രക്കുകളെങ്കിലും മുനമ്പില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍, ഇസ്രായേല്‍ സൈന്യം ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ അതിക്രമങ്ങളും നിയമ ലംഘനങ്ങളും തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം 600 ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
അതേസമയം, റമദാനിനെ വരവേറ്റ് കിഴക്കന്‍ ജറുസലേമില്‍ അല്‍-അഖ്‌സ പള്ളിയും മുറ്റവും ആയിരക്കണക്കിന് വിശ്വാസികളെ കൊണ്ട് നിറഞ്ഞു. ആയിരങ്ങള്‍ അണിനിരന്ന തറാവീഹ് നമസ്‌കാരവും നടന്നു.
റമദാന്‍ മാസത്തെ വരവേറ്റ വിശ്വാസി സമൂഹം തകര്‍ന്ന മസ്ജിദുകളുടെ അവശിഷ്ടങ്ങള്‍ക്കരികിലും താല്‍ക്കാലിക ടെന്റുകളിലും നമസ്‌കാരം നിര്‍വഹിക്കുന്ന ദൃശ്യങ്ങളാണ് ഗസ്സയില്‍ കാണുന്നത്. ഇഫ്താറിനായി ലഭിക്കുന്ന ചെറിയ ഭക്ഷ്യകിറ്റുകള്‍ പങ്കിട്ടുകൊണ്ട് സമൂഹബോധം ശക്തിപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിക്കുന്നു.
യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക സഹായം ഉറപ്പാക്കുന്നതിനും ആഹ്വാനം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി കടന്ന് സഹായവസ്തുക്കള്‍ എത്തിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
'പട്ടിണിയിലും വ്രതം ഒഴിവാക്കില്ല' എന്നാണ് ഗസ്സയിലെ ഒരു യുവാവ് മാധ്യമങ്ങളോട് പറഞ്ഞത്. വിശ്വാസം മാത്രം ആശ്രയമാക്കി, തകര്‍ന്ന വീടുകളിലും ശൂന്യമായ അടുക്കളകളിലും റമദാന്‍ വരവേല്‍ക്കുകയാണ് ഗസ്സന്‍ ജനത.

