വിമാനത്തിലെ പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കാപ്പ ചുമത്താന്‍ നീക്കം

ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു

Update: 2022-08-19 09:33 GMT

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നീക്കം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.ഇത് സംബന്ധിച്ചുള്ള കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി പോലിസ് പറഞ്ഞു.

ഫര്‍സീന്‍ മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കേസുകള്‍ കാപ്പയുടെ പരിധിയില്‍ വരുന്നതാണെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുന്നതിനാല്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

അതേസമയം നോട്ടിസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദേശം ലഭിച്ചതെന്നും ഫര്‍സീന്‍ പറഞ്ഞു.തന്റെ പേരില്‍ പതിനഞ്ച് കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഫര്‍സീന്‍ പറഞ്ഞു. കാപ്പ ചുമത്താനുളള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഫര്‍സീന്‍ വ്യക്തമാക്കി.




Tags:    

Similar News