പോപുലര്‍ ഫ്രണ്ട് നിരോധനം: മുസ്‌ലിം ധൈഷണിക നേതൃത്വത്തെ തുറുങ്കിലടച്ചിട്ട് മൂന്നാണ്ട്

Update: 2025-09-22 07:33 GMT

കോഴിക്കോട്: മുസ്ലിം നവ ജാഗരണ പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം നിരോധിക്കുന്നതിന് മുന്നോടിയായി മലയാളികള്‍ ഉള്‍പ്പെടെയുള്ള സമുദായത്തിലെ ധൈഷണിക നേതൃത്വത്തെ കൂട്ടത്തോടെ ജയിലിലടച്ചിട്ട് ഇന്നേക്ക് മൂന്നാണ്ട്. വയോധികരും കഠിനരോഗങ്ങളുള്ളവരുമായ മുന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പേരും ജാമ്യമോ വിചാരണയോ ആവശ്യമായ ചികില്‍സയോ ലഭിക്കാതെ കടുത്ത മനുഷ്യാവകാശ നിഷേധങ്ങള്‍ക്കിരയായി തിഹാര്‍ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ ജയിലുകളില്‍ കഴിയുകയാണ്.

ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടിയെ കോടതികള്‍ തന്നെ പലതവണ വിമര്‍ശന വിധേയമാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മൂലം ജാമ്യം നിരന്തരം നിഷേധിക്കപ്പെടുകയാണെന്ന് രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. അറസ്റ്റ് വേളയില്‍ ഉന്നയിച്ച പല ആരോപണങ്ങളും കേരള ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞതാണ് എന്നത് മറ്റൊരു വസ്തുതയാണ്.

പോപുലര്‍ ഫ്രണ്ട് പ്രഥമ ചെയര്‍മാനും അറസ്റ്റിന് മുമ്പേ കാന്‍സര്‍ ബാധിതനായി ദീര്‍ഘകാലം ചികില്‍സയിലും വിശ്രമത്തിലുമായി പൊതു ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ഇ അബൂബക്കര്‍, നിരോധിത സമയത്ത് ചെയര്‍മാനായിരുന്ന ഒ എം എ സലാം, മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫ. പി കോയ, എഴുത്തുകാരനും ബുദ്ധിജീവിയുമായ ഇ എം അബ്ദുര്‍റഹ്മാന്‍, ആക്ടിവിസ്റ്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നാസറുദ്ദീന്‍ എളമരം, പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, മതപണ്ഡിതനും പ്രഭാഷകനുമായ കരമന അശ്‌റഫ് മൗലവി, ഐടി വിദഗ്ധനും പോപുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരായ അനീസ് അഹമ്മദ്, മുഹമ്മദാലി ജിന്ന, കേരള സംസ്ഥാന മുന്‍ പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ തുടങ്ങി നിരവധി പേരാണ് അനീതിയുടെ തടവറയില്‍ കഴിയുന്നത്.

2022 സെപ്തംബര്‍ 22നാണ് ദേശീയ അന്വേഷണ ഏജന്‍സി 'ഓപറേഷന്‍ ഒക്ടോപ്പസ്' എന്നു പേരിട്ട്, യുദ്ധസമാന സാഹചര്യങ്ങളുണ്ടാക്കി അര്‍ധരാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളിയത്. പാര്‍ക്കിന്‍സണ്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലവും അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്നും വീട്ടില്‍ കഴിയുകയായിരുന്ന ഇ അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവരെ പാതിരാത്രി വീടുവളഞ്ഞാണ് എന്‍ഐഎ സായുധസംഘം കസ്റ്റഡിയിലെടുത്തത്. ഒരേസമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി ഇവരെ പിടികൂടി യുഎപിഎ ചുമത്തിയാണ് ജയിലിലടച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നൂറിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായുള്ള വേട്ടയാടാലാണ് ഇതെന്ന് പിന്നീട് വ്യക്തമായി.

അതേസമയം, മൂന്ന് വര്‍ഷമായിട്ടും മാരക രോഗംകാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് പോലും ജാമ്യം അനുവദിക്കാന്‍ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും എന്‍ഐഎയുടെയും എതിര്‍പ്പുകളാണ് ഇതിനുപിന്നില്‍. സുപ്രിം കോടതി തന്നെ പലപ്പോഴും ജയിലല്ല, ജാമ്യമാണ് നിയമം എന്ന് പ്രസ്താവിക്കുകയും പല കേസുകളിലും ജാമ്യം അനുവദിക്കുകയും ചെയ്തിട്ടും ഇവരുടെ കാര്യത്തില്‍ നീതി അകലുകയാണ്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പട്ന സ്വദേശിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു. മാത്രമല്ല, കേരള, മദ്രാസ്, തെലങ്കാന ഹൈക്കോടതികളും സമാന നിലപാട് ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഇതേ കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് പലഘട്ടങ്ങളിലായി ജാമ്യം അനുവദിച്ചിട്ടുണ്ട്. അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഐടി വിദഗ്ധര്‍, മതപണ്ഡിതന്മാര്‍, ഗ്രന്ഥകാരന്‍മാര്‍, അഭിഭാഷകര്‍, അക്കാദമികര്‍, ബുദ്ധിജീവികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി സാധാരണക്കാര്‍ വരെയുള്ള ജീവിതത്തിലെ നാനാതുറകളില്‍ പെട്ടവരാണ് ഇപ്പോഴും ജയിലുകളില്‍ കഴിയുന്നത്. അര്‍ബുദവും പാര്‍ക്കിന്‍സണും തുടങ്ങി രോഗപീഡകളാല്‍ പ്രയാസം നേരിടുന്നവരാണ് പലരും.

സംഘപരിവാരം ഉന്നയിക്കുന്ന വ്യാജവാദങ്ങള്‍ അതേപടി അച്ചടിച്ചുനിരത്തിയ എന്‍ഐഎയുടെ റിമാന്‍ഡ് റിപോര്‍ട്ടുകളാണ് ജയില്‍വാസം നീണ്ടുപോവാന്‍ കാരണം. തങ്ങള്‍ സമര്‍പ്പിച്ച വാദങ്ങള്‍ തെളിയിക്കുന്നതിനു പകരം കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ളവ കൂട്ടിച്ചേര്‍ത്ത് ജയില്‍വാസം അനന്തമായി നീട്ടാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്.

ഫാ. സ്റ്റാന്‍സ്വാമിയെ പോലുള്ളവരുടെ സ്ഥാപനവല്‍കൃത കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അതേ രീതിയാണ് എന്‍ഐഎയും കേന്ദ്ര അന്വേഷണ ഏജന്‍സികളും പോപുലര്‍ ഫ്രണ്ട് കേസിലും തുടരുന്നതെന്ന ആക്ഷേപവും ശക്തമാണ്.