ഇസ്രായേലി അധിനിവേശത്തെ ചെറുക്കാന്‍ യുദ്ധതന്ത്രങ്ങള്‍ പരിഷ്‌കരിച്ച് പ്രതിരോധ പ്രസ്ഥാനങ്ങള്‍

Update: 2025-03-24 05:25 GMT

ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ വിട്ടയിച്ചില്ലെങ്കില്‍ ഗസയ്ക്ക് സമ്പൂര്‍ണനാശം വരുത്തുമെന്നാണ് ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കിയിരിക്കുന്നത്. 2025 മാര്‍ച്ച് 18ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൊടുന്നനെ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിനു ശേഷം വടക്കന്‍ ഗസയിലും തെക്കന്‍ ഗസയിലും ഇസ്രായേല്‍ സൈന്യം കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് കാറ്റ്‌സിന്റെ മുന്നറിയിപ്പ്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പ്രതിരോധ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അടക്കം 600ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഗസയില്‍ അധിനിവേശത്തിന് എത്തുന്ന ഇസ്രായേലി സൈന്യത്തെ ഹമാസ് എങ്ങനെ പ്രതിരോധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പതിയിരുന്ന് ആക്രമണം

2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സ ആരംഭിച്ചതിന് ശേഷമുള്ള 471 ദിവസത്തെ നേരിട്ടുള്ള പോരാട്ടത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍കൊണ്ട് സയണിസ്റ്റ് അധിനിവേശത്തെ നേരിടാന്‍ ഹമാസ് അടക്കമുള്ള സംഘടനകള്‍ യുദ്ധതന്ത്രങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്തതായി അല്‍ ജസീറ അറബിക്ക് റിപോര്‍ട്ട് ചെയ്യുന്നു. വളരെ വഴക്കമുള്ളതും എന്നാല്‍ ഫലപ്രദവുമായ ഒരു പ്രതിരോധതന്ത്രമാണ് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇസ്രായേലി സൈന്യം വ്യോമാക്രമണത്തിന്റെ അകമ്പടിയോടെ കരയുദ്ധം നടത്തുമ്പോള്‍ ഏറ്റുമുട്ടലില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് തീരുമാനം. സയണിസ്റ്റ് വ്യോമാക്രമണമുണ്ടാക്കുന്ന നഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. പിന്നീട്, സയണിസ്റ്റ് സൈനികര്‍ എവിടെയെങ്കിലും ക്യാംപ് ചെയ്യുമ്പോഴായിരിക്കും അവരെ ആക്രമിക്കുക. ക്യാംപുകളിലെ സയണിസ്റ്റുകളെ ആക്രമിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും മികച്ച പോരാളികളെയും എത്തിക്കും. വരാനിരിക്കുന്ന ഏറ്റുമുട്ടലുകള്‍ 'പരമ്പരാഗത'മായിരിക്കില്ലെന്നും അപ്രതീക്ഷിത കോണുകളില്‍നിന്ന് ഇസ്രായേല്‍ സൈനികരെ ആക്രമിക്കുമെന്നും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ വക്താക്കള്‍ അല്‍ ജസീറയോട് പറഞ്ഞു. മുന്നേറിയെന്ന് വിശ്വസിക്കുന്ന അധിനിവേശ സൈന്യത്തെ പുറകില്‍ നിന്ന് ആക്രമിക്കാനുള്ള പദ്ധതികളും അണിയറയില്‍ തയ്യാറായിട്ടുണ്ട്. മുമ്പ് ബെയ്ത് ഹനൂനിലും വടക്കന്‍ ഗസയിലും നടത്തിയ ആക്രമണങ്ങളെ പോലെ സയണിസ്റ്റ് സൈന്യത്തിന് വലിയ നാശമുണ്ടാക്കുന്ന ഓപ്പറേഷനുകളായിരിക്കും നടപ്പാക്കുക. വെടിനിര്‍ത്തലിന് മുമ്പ് ബെയ്ത് ഹാനൂന്‍ പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട ഇസ്രായേലിന് കനത്ത നാശനഷ്ടങ്ങളാണ് അവിടെയുണ്ടായത്. ആഴ്ച്ചകള്‍ക്കുള്ളില്‍ അമ്പതോളം സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി മെര്‍ക്കാവ ടാങ്കുകള്‍ തകരുകയും ചെയ്തു.

ഇയാല്‍ സമീറിന്റെ തിരിച്ചുവരവ്

തൂഫാനുല്‍ അഖ്‌സയെ തടയാന്‍ ആയില്ലെന്ന് പറഞ്ഞ് ഹെര്‍സി ഹലേവി രാജി വച്ചതിന് പിന്നാലെ ഇസ്രായേല്‍ സൈന്യത്തിന്റെ മേധാവിയായി ഇയാല്‍ സാമിര്‍ എത്തിയതും ഫലസ്തീനികള്‍ നിരീക്ഷിക്കുകയാണ്. ഗസയിലേക്ക് വലിയ സൈനിക യൂണിറ്റുകളെ അയയ്ക്കാന്‍ സാമിര്‍ തീരുമാനിച്ചാല്‍, പോരാളികളെ ചെറിയ ആക്രമണ ഗ്രൂപ്പുകളായി വിഭജിച്ച്, അവരുടെ ചലനശേഷിയും സുരക്ഷയും ഉറപ്പാക്കി, നേരിടാനാണ് ഫലസ്തീനികള്‍ പദ്ധതിയിടുന്നത്.

ഇസ്രായേല്‍ സൈന്യം മുന്നേറിയ പ്രദേശങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള പതിയിരുന്ന് ആക്രമണങ്ങള്‍ നടത്തും. നേരത്തെ നടത്തിയ ഇത്തരം ആക്രമണങ്ങള്‍ സയണിസ്റ്റുകള്‍ക്ക് ആള്‍ നാശവും യുദ്ധ ഉപകരണങ്ങളുടെ നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.

ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഗസയില്‍ ഇട്ട പൊട്ടാത്ത ബോംബുകളില്‍ നിന്നാണ് ഫലസ്തീനികള്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ചിരുന്നത്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇസ്രായേലി സൈനികരുമായോ റിസര്‍വ് യൂണിറ്റുകളുമായോ ഉള്ള മുന്‍കാല ഏറ്റുമുട്ടലുകള്‍ സമഗ്രമായി വിശകലനം ചെയ്തതായി ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ അറിയിച്ചു. സയണിസ്റ്റ് സൈനികരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത ചെറുത്തുനില്‍പ്പ് വിഭാഗങ്ങള്‍ തള്ളിക്കളയുന്നില്ല. ഇത്തരം ആയുധങ്ങള്‍ നേരത്തെ തന്നെ സയണിസ്റ്റുകളെ ആക്രമിക്കുന്നതില്‍ വിജയിച്ചിരുന്നു. സയണിസ്റ്റുകളുടെ സൈനികവാഹനങ്ങളെയും ക്യാംപുകളെയും ആക്രമിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ഹ്രസ്വദൂര മിസൈലുകളാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

ഒരു വര്‍ഷത്തില്‍ അധികം നീണ്ടുനിന്ന അധിനിവേശം സയണിസ്റ്റ് സൈനികരുടെ യുദ്ധസന്നദ്ധത വലിയതോതില്‍ കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷം അധിനിവേശം നടത്തിയിട്ടും ഹമാസിന്റെ രാഷ്ട്രീയ-സൈനിക ശേഷി കുറക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഗസയിലെ ജൂത തടവുകാരെ ഇസ്രായേലിലേക്ക് കൊണ്ടുപോവാനും സാധിച്ചില്ല. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പായ ശേഷം ഹമാസിന്റെ നേതാക്കള്‍ ഗസയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇസ്രായേലി സൈനികരുടെ നിരാശ വര്‍ധിക്കുകയും ചെയ്തു. ഗസയില്‍ തങ്ങള്‍ക്കറിയാത്ത നിരവധി രഹസ്യങ്ങളുണ്ടെന്നാണ് ഇസ്രായേലി സൈനികര്‍ കരുതുന്നത്. നഗര-തുരങ്ക യുദ്ധങ്ങളിലെ പരിചയക്കുറവും സയണിസ്റ്റുകള്‍ക്ക് ഭീഷണിയാണ്. അതിനെല്ലാം പുറമേ, നെതന്യാഹുവിന്റെ യുദ്ധതന്ത്രങ്ങള്‍ക്കെതിരെ ഇസ്രായേലില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത് സൈനികരെയും കുടുംബങ്ങളെയും സ്വാധീനിച്ചിട്ടുമുണ്ട്. ഗസയില്‍ അനന്തമായി തുടരുന്നതില്‍ ആര്‍ക്കും താല്‍പര്യവുമില്ല.

സൈനികരെ പിടിക്കല്‍

ഗസയില്‍ അധിനിവേശത്തിനെത്തുന്ന ഇസ്രായേലി സൈനികരെ ജീവനോടെയോ അല്ലാതെയോ പിടിക്കാനുള്ള ഒരു അവസരവും കളയരുതെന്നും തീരുമാനമായിട്ടുണ്ട്. ഇത് അധിനിവേശത്തിനെതിരെ ഫലസ്തീനികള്‍ക്ക് മേല്‍ക്കൈ നല്‍കും. ഒരു സൈനികന്‍ തടങ്കലില്‍ ആവുന്നത് പോലും ഇസ്രായേലി സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാവാന്‍ കാരണമാവും.