പാലക്കാട് ഷാജഹാന്‍ വധം;നാല് പ്രതികള്‍ അറസ്റ്റില്‍

ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലക്ക് പിന്നിലെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു

Update: 2022-08-17 07:34 GMT
പാലക്കാട്:സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ നാല് പേര്‍ അറസ്റ്റില്‍. നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.മറ്റ് പ്രതികളുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തുമെന്ന് എസ്പി പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ നവീനും ഷാജഹാനെ വെട്ടിവീഴ്ത്തിയ ശബരീഷ്, അനീഷ്, സുജീഷ് എന്നിവരുമാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എട്ട് പേരെയും കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു.പ്രതികളുമായി ഇന്ന് തന്നെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതു മുതല്‍ പ്രതികള്‍ക്ക് ഷാജഹാനുമായി വിരോധമുണ്ടായിരുന്നു,ഈ വിരോധമാണ് കൊലക്ക് കാരണമായതെന്ന് എസ്പി പറഞ്ഞു.പാര്‍ട്ടിയിലെ ഷാജഹാന്റെ വളര്‍ച്ചയെ തുടര്‍ന്ന് പ്രതികള്‍ സിപിഎമ്മുമായി അകലുകയായിരുന്നു.ഇത് ഷാജഹാന്‍ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികള്‍ രാഖി കെട്ടിയതിലും,ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു.

ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലക്ക് പിന്നിലെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലക്ക് കാരണമെന്ന് എഫ്‌ഐആറിലും പറയുന്നുണ്ട്.

ഞായറാഴ്ച രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷാജഹാന്റെ ശരീരത്തില്‍ 10 വെട്ടുകളുണ്ടായിരുന്നുവെന്നും, കഴുത്തിനും, കാലിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.




Tags:    

Similar News