ക്രിസ്മസിന് മാംസം വിളമ്പിയെന്ന് ആക്ഷേപിച്ച് സ്‌കൂള്‍ അടച്ചിടാന്‍ ഉത്തരവ്; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

ജില്ലാ കമ്മിഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ബിഇഒ ഉത്തരവിറക്കിയതെന്ന് വകുപ്പ് അധികൃതര്‍ പ്രതികരിച്ചു

Update: 2021-12-31 13:31 GMT

ബംഗലൂരു: ക്രിസ്മസ് ദിനത്തില്‍ കുട്ടികള്‍ക്ക് മാംസം വിളമ്പിയെന്ന് ആക്ഷേപിച്ച് സ്‌കൂള്‍ അടച്ചിടാന്‍ ഉത്തരവ്. കര്‍ണാടകയിലെ ബംഗാള്‍കോട്ട് ജില്ലയില്‍ ഇല്‍കാലിലുള്ള സെന്റ് പോള്‍സ് സ്‌കൂളാണ് അധികൃതര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ട് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസര്‍ സ്‌കൂളിന് കത്തയച്ചത്. ''ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ നിങ്ങള്‍ മാസം വിതരണം ചെയ്തതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വകുപ്പിനും പൊതുസമൂഹത്തിനും വലിയ നാണക്കേടായിട്ടുണ്ട്. ഇതിനാല്‍ മറ്റ് ഉത്തരവുകള്‍ വരുംവരെ സ്‌കൂള്‍ തുറക്കരുത്..'' ബിഇഒയുടെ ഉത്തരവില്‍ പറയുന്നു.

 എന്നാല്‍, നടപടി വിവാദമായതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയായിരുന്നു. ജില്ലാ കമ്മിഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ബിഇഒ ഉത്തരവിറക്കിയതെന്ന് വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. മാംസഭക്ഷണം വിളമ്പിയതിന് ഒരു സ്‌കൂള്‍ അടച്ചുപൂട്ടാനാകില്ലെന്നും ഉത്തരവ് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനുമുന്‍പ് സംഘപരിവാര സംഘടനകള്‍ സ്‌കൂളിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളെ സ്‌കൂള്‍ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുന്നുവെന്നും ബൈബിളില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു സംഘപരിവാര സംഘടനകളുടെ പ്രതിഷേധം.

Tags:    

Similar News