ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദ് പിടിച്ചെടുക്കാന്‍ ഹിന്ദുത്വര്‍ നടത്തിയ ശ്രമത്തെ ചെറുത്തവര്‍ക്ക് നേരെ പോലിസ് നടത്തിയ വെടിവയ്പിന് ഒരാണ്ട്. മുഹമ്മദ് നയീം(28), ബിലാല്‍ അന്‍സാരി(25), നോമന്‍(42), കൈഫ് (17), അയാന്‍ (18) എന്നിവരുടെ രക്തസാക്ഷിത്വ ദിനവുമാണ് നവംബര്‍ 24. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ നിര്‍ദേശ പ്രകാരം മിര്‍ ഹിന്ദു ബേഗിന്റെ മേല്‍നോട്ടത്തില്‍ എഡി 1526ലാണ് പള്ളി പണി തുടങ്ങിയത്. എന്നാല്‍, ഈ പള്ളിയില്‍ അവകാശവാദം ഉന്നയിച്ച് 2024 നവംബര്‍ 19ന് ഹിന്ദുത്വര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സംഭല്‍ മസ്ജിദ്, മസ്ജിദ് അല്ലെന്നും ക്ഷേത്രമാണെന്നുമായിരുന്നു ആരോപണം. ഈ ഹരജി പരിഗണിച്ച കോടതി മസ്ജിദില്‍ സര്‍വേ നടത്താന്‍ അന്ന് തന്നെ ഉത്തരവിട്ടു. അന്നു തന്നെ നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ നിന്ന് സര്‍വേ സംഘവും എത്തി. കോടതി ഉത്തരവ് ആയതിനാല്‍ മസ്ജിദ് അധികൃതര്‍ സര്‍വേയോട് സഹകരിച്ചു.
എന്നാല്‍, നവംബര്‍ 24ന് സര്‍വേ സംഘം വീണ്ടുമെത്തി. ജയ്ശ്രീരാം മുദ്രാവാക്യം വിളിക്കുന്ന ഒരുസംഘവും കൂടെയുണ്ടായിരുന്നു. പ്രദേശവാസികളായ മുസ്‌ലിംകള്‍ സ്വാഭാവികമായും പ്രതിഷേധിച്ചു. എന്നാല്‍, മുസ്‌ലിംകളെ ആക്രമിക്കുകയാണ് പോലിസ് ചെയ്തത്. പോലിസ് വെടിവയ്പിലാണ് മുഹമ്മദ് നയീം, ബിലാല്‍ അന്‍സാരി, നോമന്‍, കൈഫ്, അയാന്‍ എന്നിവര്‍ രക്തസാക്ഷികളായത്.
കണ്ണീര്‍വാതകത്തിന്റെയും ദുഃഖത്തിന്റെയും മൂടല്‍മഞ്ഞില്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികരണം വേഗത്തിലുള്ളതും ശ്വാസംമുട്ടിക്കുന്നതുമായിരുന്നു. നവംബര്‍ 25 ആയപ്പോഴേക്കും, സംഭലില്‍ ഉടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. സ്‌കൂളുകള്‍ അടച്ചുപൂട്ടി, നിരോധന ഉത്തരവുകള്‍ പ്രകാരം പൊതുസമ്മേളനങ്ങള്‍ നിരോധിച്ചു. പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സംഭലില്‍ കടക്കുന്നതിന് മുമ്പ് തടയപ്പെട്ടു.
സംഭലിലെ മുറിവുകള്‍ ഉണക്കാനല്ല, മറിച്ച് വേട്ടയ്ക്കാണ് ഭരണകൂടം ശ്രമിച്ചത്. തുടര്‍ന്നുള്ള മാസങ്ങളില്‍ സംഭവിച്ചത് സമാധാന പുനഃസ്ഥാപനമല്ല, മറിച്ച് കണക്കുകൂട്ടിയ അടിച്ചമര്‍ത്തലായിരുന്നു: കൂട്ടത്തോടെയുള്ള അറസ്റ്റ്, ഇന്റര്‍നെറ്റ് നിരോധനം, പള്ളിയിലെ നിസ്‌കാരം തടസപ്പെടുത്തല്‍, ബുള്‍ഡോസര്‍ ആക്രമണം, പലതരം കേസുകള്‍ തുടങ്ങി ഭരണകൂടം അതിന്റെ അധികാരമെല്ലാം ഉപയോഗിച്ച് സംഭലിലെ മുസ്‌ലിംകളെ ദ്രോഹിച്ചു. ദേശീയ സുരക്ഷാ നിയമം അടക്കം ഉപയോഗിച്ച് 2,750 പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ബംഗളൂരുവിലായിരുന്ന സംഭല്‍ എംപി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖും ഇഖ്ബാല്‍ മഹ്‌മൂദ് എംഎല്‍എയുടെ മകന്‍ സുഹൈല്‍ ഇഖ്ബാലും ഇതില്‍ ഉള്‍പ്പെടുന്നു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലിസ് വീടുതോറുമുള്ള പരിശോധനകള്‍ നടത്തിയെന്നും വീടുകള്‍ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചെന്നും സ്വത്തുക്കള്‍ കൊള്ള ചെയ്‌തെന്നും അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള വസ്തുതാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് പള്ളിക്കിണര്‍ പിടിച്ചെടുക്കാനും ശ്രമം നടന്നു. പള്ളിയുടെ കിണറിന്റെ പേര് 'ധരണി വരാഹ കൂപം' എന്നാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിപോര്‍ട്ടും നല്‍കി. ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്നാണ് സംഭല്‍ സര്‍ക്കിള്‍ ഓഫിസറായിരുന്ന അനുജ് ചൗധരി പരസ്യമായി പറഞ്ഞത്. പിന്നീട് ഹോളി ദിനത്തില്‍ മസ്ജിദ് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി. പിന്നീട് ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ കൊണ്ട് മസ്ജിദിനെ കൊണ്ട് പെയിന്റ് അടിപ്പിക്കുകയും ചെയ്തു.
സംഘര്‍ഷം അന്വേഷിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ദേവേന്ദ്ര അറോറയുടെ നേതൃത്വത്തിലുള്ളതും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതുമായ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ 2024 ഡിസംബറില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതില്‍ ബിജെപി അനുകൂലികളും ഉള്‍പ്പെടുന്നു. 2024ലെ സംഘര്‍ഷത്തില്‍ കേന്ദ്രീകരിക്കുന്നതിന് പകരം ഹിന്ദുത്വ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന റിപോര്‍ട്ടാണ് 2025 ആഗസ്റ്റില്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയത്. സ്വാതന്ത്ര്യസമരകാലത്ത് സംഭലില്‍ ഹിന്ദുക്കള്‍ 45 ശതമാനമുണ്ടായിരുന്നുവെന്നും വര്‍ഗീയതയും പ്രീണനരാഷ്ട്രീയവും മൂലം ജനസംഖ്യ 15-20 ശതമാനമായി കുറഞ്ഞെന്നും റിപോര്‍ട്ട് ആരോപിച്ചു.
സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സംഘര്‍ഷത്തില്‍ ഉത്തരവാദികള്‍ക്കെതിരേ കേസെടുക്കണമെന്ന് അഖിലേഷ് യാദവിനെ പോലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭല്‍ സംഘര്‍ഷം വെറുപ്പിന്റെ ഗൂഡാലോചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. മസ്ജിദ് കമ്മിറ്റിയുടെ പ്രസിഡന്റും സമാധാനത്തിന്റെ ശബ്ദവുമായിരുന്ന സഫര്‍ അലിയെ 2025 മാര്‍ച്ച് 23ന് പോലിസ് അറസ്റ്റ് ചെയ്തു. വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. പിന്നീട് പള്ളിയുടെ മുന്നില്‍ പോലിസ് ഔട്ട്‌പോസ്റ്റും സ്ഥാപിച്ചു. അവിടെ ഇപ്പോള്‍ യുപി ഭീകരവിരുദ്ധ സേനയുടെ ഓഫിസും എത്തുന്നു.
ഇന്ന്, വാര്‍ഷികത്തില്‍ സംഭലിലെ തെരുവുകള്‍ സെലക്ടീവ് ഓര്‍മ്മക്കുറവിന്റെ ഭാരം വഹിക്കുന്നു. മസ്ജിദ് അവിടെ തന്നെ നിലകൊള്ളുന്നു, അതിന്റെ മിനാരങ്ങള്‍ തലകുനിച്ചില്ല, പക്ഷേ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഭരണകൂട ഭീകരതയുടെ നിഴലില്‍ നടക്കുന്നു. കൊല്ലപ്പെട്ട അഞ്ച് പേരുടെ കുടുംബങ്ങളും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കപ്പെട്ടവരുടെ കുടുംബങ്ങളും നീതിക്കായി കാത്തിരിക്കുന്നു.
അതേസമയം, സംഭലിനെ ഹിന്ദു മിത്തോളജിയിലെ ആരാധനാ സ്ഥലമാക്കി മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഹിന്ദുത്വര്‍ ശുപാര്‍ശ ചെയ്ത ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അതിന് പിന്നാലെ മുസ്‌ലിംകള്‍ക്കെതിരെ ഒന്നൊന്നായി കുഴപ്പങ്ങള്‍ കൊണ്ടുവരുകയാണ് അതിലൊന്നായിരുന്നു 2024 നവംബറിലെ ആക്രമണം.

