അബ്ദുല്ല അൻസാരി
ആധുനിക യുഗത്തിൽ, വിശേഷിച്ചും, ജനാധിപത്യ ആശയങ്ങളും മൂല്യ സങ്കൽപ്പങ്ങളും ഇത്രയധികം വികാസം പ്രാപിച്ച ഒരു കാലത്ത്, ഒരു ഏകാധിപതി മുഴുവൻ അന്താരാഷ്ട്ര മര്യാദകളെയും നിഷ്പ്രഭമാക്കി ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിൽ അതിക്രമിച്ചുകയറി അവിടെയുള്ള ഭരണാധികാരിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. തികഞ്ഞ അതിക്രമവും ലക്ഷണമൊത്ത തെമ്മാടിത്തവുമാണ് ട്രംപ് ചെയ്തിരിക്കുന്നത്.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ സീൽ ചെയ്യാത്ത ഫെഡറൽ കുറ്റപത്രം അനുസരിച്ച്, നിക്കോളാസ് മധുറോയ്ക്കും കൂട്ടാളികൾക്കുമെതിരേ യുഎസ് പ്രധാനമായും നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
1 . മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന.
2 . അമേരിക്കയിലേക്ക് കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തി.
3 . യന്ത്രത്തോക്കും നശീകരണ ആയുധങ്ങളും കൈവശം വച്ചു.
4 മയക്കുമരുന്ന് കടത്ത് പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ കൈവശം വച്ചു.
ഒരു തെമ്മാടി സാമ്രാജ്യത്വ ശക്തി ഇതര രാഷ്ട്രങ്ങൾക്കുമേൽ അധിനിവേശം ലക്ഷ്യം വച്ച് ചുമത്തുന്ന ആരോപണങ്ങൾ ഒരിക്കലും സത്യസന്ധമോ ന്യായമുള്ളതോ ആയിരിക്കില്ല. ദുർബല രാഷ്ട്രങ്ങൾക്കുമേൽ കടന്നു കയറി കോളനിവൽക്കരിക്കാനും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനുമുള്ള കുടിലതന്ത്രത്തിൽ നിന്ന് രൂപപ്പെടുന്ന കുതന്ത്രം മാത്രമാണത്. ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരമാണ് വെനിസ്വേലയുടേത്. ഇത് കൈയടക്കുക എന്നത് തന്നെയാണ് പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. വെനിസ്വേലയുടെ ഭരണം തങ്ങൾ ഏറ്റെടുക്കുമെന്നും എണ്ണ ഭാവിയിൽ യുഎസ് കമ്പനികൾ കൈകാര്യം ചെയ്യുമെന്നും അതിക്രമത്തിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചു. 1970കൾക്ക് മുൻപുവരെ വെനിസ്വേലൻ എണ്ണ വിപണി കൈയടക്കിവച്ചിരുന്നത് യുഎസ് കമ്പനികളായിരുന്നു. മധുറോയുടെ മുൻഗാമി ഹ്യൂഗോ ഷാവേസ് അമേരിക്കൻ കമ്പനികളെ പുറത്താക്കി എണ്ണ റിഫൈനറികളെ ദേശസാൽക്കരിച്ചു. അമേരിക്കയുടെ ആരോപണം ശരിയായാൽ പോലും അവിടെ എത്തുന്ന മയക്കുമരുന്നിന്റെ 8 ശതമാനത്തിൽ താഴെയാണ് വെനിസ്വേല വഴി ഇറക്കുമതി ചെയ്യപ്പെടുന്നതെന്നാണ് അമേരിക്കയിലെ തന്നെ സ്വതന്ത്ര വിശകലന സംഘടനയായ https://www.wola.org/ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സത്യമെങ്കിൽ ഇതിനു കൂട്ടുനിൽക്കുന്ന അമേരിക്കൻ ഏജൻസികൾ ഉണ്ടാകും. അവയെ നിയന്ത്രിക്കുന്നതിന് പകരം, ഒരു പരമാധികാര സ്വതന്ത്ര രാജ്യത്ത് കടന്നു കയറി മുഴുവൻ അന്താരാഷ്ട്ര സംവിധാനങ്ങളെയും മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയത് ശുദ്ധ തെമ്മാടിത്തമാണ്. യുഎസ് കേന്ദ്രീകൃത ഏകധ്രുവ ലോകത്ത് ആരും ചോദിക്കാനും പറയാനും ഉണ്ടാവില്ലെന്ന ധാർഷ്ട്യമാണ് ഈ പൈശാചികതയുടെ പ്രേരകം. തെറ്റാണെന്ന് പറയാൻ ഇന്ത്യയടക്കം പല രാഷ്ട്രങ്ങളുടെയും നാവ് ഇനിയും ഉയർന്നിട്ടില്ല. യുഎസ് തീറ്റിപ്പോറ്റുന്ന വെനിസ്വലയിലെ പ്രതിപക്ഷമവട്ടെ അതിക്രമത്തിൽ സന്തോഷിക്കുന്നു,
ട്രംപിന്റെ നിയന്ത്രണത്തിലുള്ള പുതിയ ഏകധ്രുവ ലോകക്രമത്തെ താങ്ങിനിർത്തുന്നതിൽ ലോക ഇവാൻജലിസത്തിന് നിർണായകമായ പങ്കുണ്ട്. അവരുടെ മൂടുറച്ച, ബ്രെയിൻ വാഷ് ചെയ്യപ്പെട്ട മനോഘടനയിൽ അയാൾ ക്രിസ്തുവിന് ശേഷമുള്ള രണ്ടാം ലോക രക്ഷകനാണ്. കേരളമടക്കം ലോകമെമ്പാടുമുള്ള ഇവാൻജലിക്കൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ മധുറോ കമ്മ്യൂണിസ്റ്റാണ്, അയാൾക്ക് മയക്കുമരുന്ന് ഉൽപ്പാദനവും കയറ്റുമതിയുമുണ്ട്. ഇവാൻജലിസത്തിന്റെ മറുവശത്ത് നിലയുറപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തകർക്കപ്പെടേണ്ടവനുമാണ്. ശക്തിയുള്ള ഏതു രാജ്യത്തിനും ദുർബലന്റെമേൽ കുതിരകയറാം എന്ന നിലയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രങ്ങൾക്കിടയിൽ മാത്രമല്ല അവയ്ക്കുള്ളിൽ നടക്കുന്നതും ഇക്കാലത്ത് ഇതൊക്കെ തന്നെയാണ്. ലോക സമൂഹം കൂടുതൽ ജാഗ്രതാവേണ്ടതുണ്ട്, പ്രതികരിക്കേണ്ടതുണ്ട്. ബാർക്കിനോഫാസോ, ഇറാൻ തുടങ്ങി അമേരിക്കയോട് നേർക്ക് നേർ പ്രതികരിക്കുന്ന, സമ്പത്തും പ്രകൃതി വിഭവങ്ങളുമുള്ള ഏതു പരമാധികാര രാജ്യത്തും നാളെ ആക്രമണം പ്രതീക്ഷിക്കാം. അമേരിക്കയുടെ ഇതപര്യന്തമുള്ള ഗതകാല ചരിത്രവും മറ്റൊന്നല്ല. കൊളംബിയ, ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കു നേരെയാണ് അടുത്ത ആക്രമണങ്ങൾ എന്നുകൂടി ട്രംപ് സൂചന നൽകിയിട്ടുണ്ടെന്ന് ഓർക്കണം. ഇവാൻജലിക്കൽ ഉള്ളടക്കമുള്ള ഏക ധ്രുവലോകം കൂടുതൽ അപകടകാരിയാണ്.
അമേരിക്കയ്ക്കു ഇത് പുത്തരിയല്ല. 1988ൽ പാനമ ഭരണാധികാരി മാനുവൽ നോറിഗനെ സമാന കാരണങ്ങൾ ആരോപിച്ച്, തട്ടിക്കൊണ്ടുപോയി പതിനേഴു വർഷം തടവിലിട്ടിരുന്നു. ശീതയുദ്ധകാലത്ത് ലാറ്റിനമേരിക്കൻ മേഖലയിൽ അമേരിക്ക നടത്തിയ രാഷ്ട്രീയ-സൈനിക അധിനിവേശങ്ങൾ അനേകം രാജ്യങ്ങളുടെ ചരിത്രം മാറ്റിമറിക്കുകയുണ്ടായി. 1954ൽ
ഗ്വാട്ടിമാല, 1959-61 കാലത്ത് ക്യൂബ, 1964ൽ ബ്രസീൽ, 1965ൽ ഡൊമിനിക്കൻ റിപബ്ലിക്, 1961-63 കാലഘട്ടത്തിൽ ഇക്വഡോർ, 1964-70: ബൊളീവിയ, 1960-73: ഉറുഗ്വായ്, 1970-73: ചിലി, 1976: അർജന്റീന, 1980: എൽസാൽവഡോർ, 1980: നികരാഗ്വ, 1983: ഗ്രാനഡ ഇങ്ങനെ പോകുന്നു അമേരിക്കയുടെ കടന്നു കയറ്റ ചരിത്രം.
ഇവാൻജലിസ്റ്റുകൾക്ക് പുതിയ ലോകക്രമത്തിൽ വ്യക്തമായ ലക്ഷ്യമുണ്ട്. അമേരിക്കൻ പിന്തുണയിൽ, ഇസ്രായേൽ ഗസയിൽ നടത്തുന്ന കൂട്ടക്കൊലയിലുമുണ്ട് പൈശാചികമായ ലക്ഷ്യങ്ങൾ. അവരെ സംബന്ധിച്ചിടത്തോളം ട്രംപ് പുതിയ കാലത്തെ മോശയും രക്ഷകനുമാണ്. 'യേശുവാണ് എൻ്റെ രക്ഷകൻ, ട്രംപാണ് എൻ്റെ പ്രസിഡൻറ്'(Jesus is my saviour, Trump is is my president) എന്ന മുദ്രാവാക്യം അവസാന തിരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. അമേരിക്കൻ ഇവാൻജലിസ്റ്റുകളിൽ പ്രമുഖനായ റവ. ഫ്രാങ്ക്ലിൻ ഗ്രഹാ (Rev. Franklin Graham) മിനെ സംബന്ധിച്ചിടത്തോളം ട്രംപ്, 'ലോകത്തെ രക്ഷിക്കുക' എന്ന ദൗത്യത്തിനായി ദൈവത്താൽ നിയുക്തനായ വ്യക്തിയാണ് (Political Evangelism in God’s Ole Party, Michael Ross, January 17, 2025, Critical database in humanities, science and global justice). തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞയുടൻ, ആവേശഭരിതരായ അനുയായികളെയും തന്നെ പിന്തുണയ്ക്കുന്ന വമ്പിച്ച ജനക്കൂട്ടത്തെയും സാക്ഷിനിർത്തി, 2024 ജൂലൈ 13ലെ പഴയ പെൻസിൽവാനിയ വധശ്രമത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു: "ദൈവം ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് എന്നെ രക്ഷിച്ചത്. 'നമ്മുടെ രാജ്യത്തെ രക്ഷിക്കുകയും അതിനെ മഹത്വത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്യുക' എന്നതാണ് അത്. ഇപ്പോൾ നാം ഒരുമിച്ച് ആ ലക്ഷ്യം നിറവേറ്റാൻ പോകുന്നു. നമ്മുടെ മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ല. പക്ഷേ, എൻ്റെ ആത്മാവിലെ ഓരോ തരി ഊർജവും സിരകളിലെ അവസാനത്തെ ചൈതന്യവും പോരാട്ടവീര്യവും ദൈവം എന്നെ ഏൽപ്പിച്ച ദൗത്യത്തിനായി ഞാൻ തീർച്ചയായും വിനിയോഗിക്കും" (Donald Trump says God spared my life for a reason…,Sumanti Sen, Nov 06, 2024, Hindustan Times). കഴിഞ്ഞ വർഷം, ക്രിസ്ത്യൻ ടിവി അവതാരകനായ പ്രമുഖ ഇവാൻജലിസ്റ്റ്, ഹങ്ക് കുന്നേമാൻ (Hank Kunneman) കഴിഞ്ഞ ഇലക്ഷൻ പ്രക്രിയയെ വിശേഷിപ്പിച്ചത് 'നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം' എന്നാണ്. ചെവിയിലൂടെ തുളച്ചു കയറിയ ബുള്ളറ്റ്, തലച്ചോറിൽനിന്ന് കേവലം ഒരു മില്ലിമീറ്റർ മാത്രം അടുത്തെത്തി പെട്ടെന്ന് തെന്നിമാറി, കാഞ്ചി വലിച്ച അവസാന നിമിഷത്തിൽ, തല അല്പമൊന്ന് തിരിഞ്ഞു. ദൈവം തൻ്റെ പ്രത്യേക കൃപയാൽ അദ്ദേഹത്തിൻറെ തല ചരിച്ച് ജീവൻ രക്ഷിച്ചു.' ഫ്രാങ്ക്ലിൻ പ്രഖ്യാപിച്ചു.
ഇസ്രായേലിലെ പുതിയ അംബാസഡറായി മൈക്ക് ഹക്കബി (Mike Huckabee) യെ തിരഞ്ഞെടുത്തത് തന്നെ, ഇനിയുള്ള കാലം മതമാണ് യുഎസിന്റെ വിദേശ നയങ്ങൾക്ക് രൂപം നൽകുക എന്ന സൂചനയാണ്. ഇസ്രായേലിനെ തീക്ഷ്ണമായി പിന്തുണയ്ക്കുന്ന യുഎസ് ഇവാൻജലിസ്റ്റുകളിൽ ഒരാളാണ് ഹക്കബി. പുതിയ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ (Marco Rubio) യും കടുത്ത ഇവാൻജലിസ്റ്റും ഇസ്രായേൽ അനുകൂലിയുമാണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവിലേക്ക് നയിക്കുന്ന സംഭവവികാസങ്ങൾ വേഗത്തിലാക്കാൻ, അധിനിവേശ വെസ്റ്റ് ബാങ്കും ഗസയും ഉൾപ്പെടെ, ബൈബിൾ പരാമർശിച്ച മൊത്തം പ്രദേശങ്ങളും യഹൂദന്മാരാൽ നിറയണമെന്ന് ഇവാൻജലിസ്റ്റുകൾ വിശ്വസിക്കുന്നു. തുടർന്ന് 'ക്രിസ്തു ഭൂമിയിലേക്ക് മടങ്ങിയെത്തും, അന്തിക്രിസ്തുവിനെയും അയാളുടെ സൈന്യത്തെയും കൊന്നൊടുക്കും, തൻ്റെ ആദ്യവരവിൽ വാഗ്ദാനം ചെയ്തിരുന്ന ദൈവരാജ്യം സ്ഥാപിക്കും. അവൻ്റെ മഹത്തായ ശക്തിപ്രകടനം പ്രത്യക്ഷത്തിൽ ദർശിച്ച്, യഹൂദന്മാർ യേശുവിനെ മിശിഹായായി അംഗീകരിച്ച് അവൻ്റെ അനുയായികളായി തീരും' ഇവാൻജലിസ്റ്റുകൾ ദൃഢമായി വിശ്വസിക്കുന്നു (Jews and the Rapture, Carl Olson, 26 Oct 23, Catholic Answers Magazine). ട്രംപ് അടക്കമുള്ള ലോക ഇവാൻജലിസം ലക്ഷ്യം വയ്ക്കുന്നത്, മുകളിൽ പരാമർശിച്ച പോലെ, ക്രിസ്തുവിൻറെ രണ്ടാം വരവിന് രംഗം ഒരുക്കുകയാണ്.

