സഞ്ജയ് പരാത്തെ
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ്, ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവി എന്നിവരെ ആക്രമിച്ചതും അവര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതും എന്‍ഐഎ കോടതി ജാമ്യം നല്‍കിയതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. അതേസമയം, കന്യാസ്ത്രീകളോടൊപ്പം ആഗ്രയിലേക്ക് പോകാന്‍ ദുര്‍ഗ് സ്‌റ്റേഷനിലെത്തിയ ഓര്‍ച്ചയില്‍ നിന്നുള്ള മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ നാരായണ്‍പൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും ബജ്‌റങ് ദള്‍ ഗുണ്ടകള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കന്യാസ്ത്രീകള്‍ക്കും മറ്റും എതിരെ പോലിസ് ഹാജരാക്കിയ തെളിവുകള്‍ പ്രഥമദൃഷ്ട്യാ അവിശ്വസനീയമാണെന്ന് എന്‍ഐഎ കോടതി പറഞ്ഞത് സര്‍ക്കാരിന് നാണക്കേടായി. ഇതിനെ മറികടക്കാന്‍, മതപരിവര്‍ത്തന വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മതം മാറിയ ആദിവാസികളെ ആദിവാസി പട്ടികയില്‍ നിന്നും പുറത്താക്കുമെന്നാണ് സംഘപരിവാരം പ്രഖ്യാപിച്ചത്. കോടതി ജാമ്യം നല്‍കിയെങ്കിലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഒരു മന്ത്രി വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു.
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ബിജെപി പ്രസ്താവനകള്‍ നടത്തുമ്പോള്‍, കേരളത്തിലെ ബിജെപി പ്രസിഡന്റ് ഈ വിഷയത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നു. കാര്യം വളരെ വ്യക്തമാണ്. ഛത്തീസ്ഗഡില്‍, ഭൂരിപക്ഷ ഹിന്ദുക്കളുടെ മനസ്സില്‍ ന്യൂനപക്ഷങ്ങളോട് വിദ്വേഷം പടര്‍ത്തി, സമൂഹത്തെ സാമുദായിക അടിസ്ഥാനത്തില്‍ ധ്രുവീകരിച്ച്, രാഷ്ട്രീയമായി നേട്ടം കൊയ്യാന്‍ ബിജെപി ആഗ്രഹിക്കുന്നു. അതേസമയം കേരളത്തില്‍, ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നിലകൊള്ളുന്നത് അവരുടെ സാധ്യതകള്‍ നശിപ്പിക്കും. കേരളത്തിലും നോര്‍ത്ത് ഈസ്റ്റിലും ഗുണനിലവാരമുള്ള ബീഫ് നല്‍കുമെന്ന തിരഞ്ഞെടുപ്പുകാലത്തെ ബിജെപിയുടെ വാഗ്ദാനം ഓര്‍ക്കുക. പശുക്കളെ സംരക്ഷിക്കുമെന്ന് പറയുന്ന ബിജെപിയില്‍ ബീഫ് കഴിക്കുന്ന നേതാക്കള്‍ക്ക് ഒട്ടും കുറവില്ലെന്ന കാര്യവും ഓര്‍ക്കുക. സാധാരണക്കാരിലെ പിന്നാക്ക ബോധത്തെ ആശ്വസിപ്പിച്ച് മാത്രമേ ബിജെപിക്ക് അവരുടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയൂ.
കന്യാസ്ത്രീകള്‍ക്കെതിരായ കേസിലെ പ്രധാന വസ്തുതകള്‍ വീണ്ടും ഊന്നിപ്പറയേണ്ടതാണ്: കേരളത്തില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും, മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും പിന്നാക്ക പ്രദേശങ്ങളിലെ ദരിദ്രരെ വര്‍ഷങ്ങളായി അവരുടെ സ്ഥാപനങ്ങള്‍ സ്ഥാപിച്ച ക്ലിനിക്കുകളിലൂടെയും ആശുപത്രികളിലൂടെയും സേവിച്ചുവരുന്നു. ആഗ്ര, ഭോപ്പാല്‍, ഷാഹ്‌ഡോള്‍ എന്നിവിടങ്ങളിലെ അവരുടെ സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ ആവശ്യമായിരുന്നു. അതിനായി, അവര്‍ അവരുടെ മുന്‍ സഹായികളില്‍ ഒരാളായ സുഖ്മതി എന്ന ആദിവാസി സ്ത്രീയെ സമീപിച്ചു. കന്യാസ്ത്രീകളുടെ ആശുപത്രിയില്‍ സുഖ്മതി നേരത്തെ ജോലി ചെയ്തിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത്. അവരിപ്പോള്‍ മൂന്നു വയസുള്ള കുട്ടിയുടെ അമ്മയാണ്. കന്യാസ്ത്രീകള്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ സുഖ്മതി തന്റെ ബന്ധുക്കളെ ബന്ധപ്പെട്ടു. അങ്ങനെയാണ് ലളിത, കമലേശ്വരി, മറ്റൊരു സുഖ്മതി എന്നിവര്‍ ജോലിക്ക് തയ്യാറായത്. ആഗ്രയില്‍ അവര്‍ക്ക് തൊഴില്‍ പരിശീലനം വേണമായിരുന്നു. ജില്ലയ്ക്ക് പുറത്തേക്ക് ആദ്യമായാണ് അവര്‍ പോവുന്നത് എന്നതിനാലാണ് സുഖ്മതിയുടെ മൂത്ത സഹോദരന്‍ സുഖ്മാന്‍ മാണ്ഡവി ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലേക്ക് അവരെ അനുഗമിച്ചത്. അവിടെ നിന്ന് കന്യാസ്ത്രീകള്‍ അവരെ ആഗ്രയിലേക്ക് കൊണ്ടുപോവും.
ദുര്‍ഗ് സ്‌റ്റേഷനിലെ ഒരു ടിക്കറ്റ് പരിശോധകന്‍ അവരെ ശ്രദ്ധിച്ചു, ടിക്കറ്റ് ചോദിച്ചു. ടിക്കറ്റുകള്‍ കന്യാസ്ത്രീകളുടെ പക്കലാണെന്നും അവര്‍ അവരെ ആഗ്രയിലേക്ക് കൊണ്ടുപോകുമെന്നും മൂന്നു ആദിവാസി സ്ത്രീകളും പറഞ്ഞു. അവിടെയുണ്ടായിരുന്നവര്‍ ഈ സംഭാഷണം ശ്രദ്ധിച്ചു. അതിലൊരാള്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകനായിരുന്നു. ടിക്കറ്റ് പരിശോധകന്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതായും പറയപ്പെടുന്നു.
എന്തായാലും, അതിനിടയില്‍ കന്യാസ്ത്രീകള്‍ എത്തി. താമസിയാതെ ബജ്‌റങ് ദള്‍ അംഗങ്ങളുടെ ഒരു കൂട്ടവും അവിടെ തടിച്ചുകൂടി കന്യാസ്ത്രീകള്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്ത്രീക്കടത്തും ആരോപിച്ച് അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ റെയില്‍വേ പോലിസിനോട് ആവശ്യപ്പെട്ടു. തങ്ങള്‍ സ്വന്തം ഇഷ്ടത്തിന് പോവുകയാണെന്ന് കന്യാസ്ത്രീകള്‍ റെയില്‍വേ പോലിസിനോട് പറഞ്ഞു. സുഖ്മാന്‍ മാണ്ഡവി ഫോണില്‍ വിളിച്ച് സ്ത്രീകളുടെ മാതാപിതാക്കളും പോലിസുമായും സംസാരിപ്പിച്ചു. തങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണ് സ്ത്രീകള്‍ പോവുന്നതെന്ന് വീട്ടുകാര്‍ പോലിസിനെ അറിയിച്ചു.
ഇതൊക്കെയാണെങ്കിലും, റെയില്‍വേ സ്‌റ്റേഷനിലെ പോലിസ് കണ്‍ട്രോള്‍ റൂം ഗുണ്ടായിസത്തിനുള്ള തുറന്ന വേദിയായി മാറി. ജ്യോതി ശര്‍മ്മ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ കന്യാസ്ത്രീകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും വൃത്തികെട്ടതും ലൈംഗികവും അപമാനകരവുമായ ഭാഷയില്‍ ആക്രോശിക്കുകയും ചെയ്തു. അവര്‍ മാണ്ഡവിയെ അടിക്കുകയും കന്യാസ്ത്രീകളുടെ 'ഗൂഢാലോചനയില്‍' പങ്കുണ്ടെന്ന് 'സമ്മതിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബജ്‌റങ്്ദളിന്റെ ഈ ഗുണ്ടായിസത്തിന് പോലിസ് നിശബ്ദ കാഴ്ചക്കാരനായി നിന്നു. തുടര്‍ന്ന്, ബജ്‌റങ്ദള്‍ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്ത് മാണ്ഡവിക്കൊപ്പം അറസ്റ്റ് ചെയ്തു.
ഭയന്നുവിറച്ച ആദിവാസി സ്ത്രീകളെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് കൊണ്ടുപോയി. അവിടെ അവരെ ഒറ്റപ്പെടുത്തുകയും മാതാപിതാക്കള്‍ വന്നപ്പോള്‍ പോലും കാണാന്‍ അനുവദിക്കുകയും ചെയ്തില്ല. തങ്ങളും പെണ്‍മക്കളും വര്‍ഷങ്ങളായി ക്രിസ്ത്യാനികളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജോലിക്ക് പോകുന്നതെന്നും അവരുടെ മാതാപിതാക്കള്‍ വ്യക്തമായി പറഞ്ഞു. ഈ വസ്തുതകളില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്ന് വ്യക്തമാണ്. എന്നാല്‍ പോലിസിന്റെ നിശബ്ദ സാന്നിധ്യത്തില്‍ ബജ്‌റങ് ദള്‍ നടത്തിയ ഗുണ്ടായിസം ഭരണഘടനയുടെയും നിയമവാഴ്ചയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനത്തിന് തുല്യമാണ്.
ഈ ഒരു സംഭവത്തില്‍ നിരവധി വിഷയങ്ങളുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറാനോ തൊഴില്‍ നേടാനോ സ്വാതന്ത്ര്യമില്ലേ എന്നതാണ് ഒന്നാത്തെ കാര്യം. അതോ ഒരു മതത്തിലുള്ള ആളുകള്‍ക്ക് മറ്റൊരു മതത്തിലുള്ള ആളുകളോടൊപ്പം യാത്ര ചെയ്യാന്‍ കഴിയില്ലേ?. ഈ രാജ്യത്തെ സാധാരണ പൗരന്‍മാരുടെ സ്വാതന്ത്ര്യം ഭരണഘടന സൃഷ്ടിച്ചതാണ്. അത് തടയുന്നത് ഭരണഘടനക്കെതിരാണ്. മാവോവാദികളുണ്ടെന്ന് പറഞ്ഞ് ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ സഞ്ചാരനിരോധനം നിലനില്‍ക്കുന്നത് നാം കാണുന്നു. ബസ്തറിന് പുറത്തുള്ള ആളുകള്‍ക്ക് അവിടേക്ക് സ്വതന്ത്രമായി പോവാനോ ബസ്തറിലുള്ളവര്‍ക്ക് സ്വതന്ത്രമായി പുറത്തുപോവാനോ കഴിയില്ല. ഹാസ്ദിയോ പ്രദേശത്തെ വനത്തില്‍ ജീവിക്കുന്നവരുടെ അവസ്ഥയും അതുതന്നെയാണ്. അവിടെ കല്‍ക്കരി ഖനിക്കായി അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയിരിക്കുകയാണ്. കോര്‍പറേറ്റ് പദ്ധതികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ പൗരന്‍മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുമെന്ന് വ്യക്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ബംഗാളി സംസാരിക്കുന്ന വിഭാഗങ്ങളെ ബംഗ്ലാദേശികളായി ചീത്രീകരിച്ച് അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും വ്യാപകമായി കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകളുടെ ഉപജീവനമാര്‍ഗ്ഗം ലക്ഷ്യമിട്ടുള്ള സംഘപരിവാര പ്രചാരണം അത്ര പഴയതല്ല, എന്നാല്‍ എല്ലാ ബംഗാളികളെയും ബംഗ്ലാദേശികളായി മുദ്രകുത്തുന്നത് അത്ര പഴയ രീതിയല്ല.
രണ്ടാമത്തെ വിഷയം മതപരിവര്‍ത്തനമാണ്. കന്യാസ്ത്രീകള്‍ക്കെതിരെ ആരോപിക്കപ്പെട്ടതും പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് തെളിയിക്കപ്പെട്ടതുമാണ് ഇത്. പരാതിയില്‍ പറയുന്ന സ്ത്രീകള്‍ നിലവില്‍ തന്നെ ക്രിസ്തുമത വിശ്വാസികളാണ് എന്നതാണ് കാരണം. മതം ഒരു വ്യക്തിയുടെ വ്യക്തിപരമായ വിശ്വാസമാണെന്നും അത് എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നുമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. ഒരാളുടെ മാറ്റത്തെ തടയാന്‍ സമൂഹത്തിന് കഴിയില്ല. ഗോത്രവിഭാഗങ്ങളെ നോക്കുകയാണെങ്കില്‍ അവര്‍ അടിസ്ഥാനപരമായി പ്രകൃതി ആരാധകരാണ്, അത് ആദിധര്‍മവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന് ഹിന്ദുമതവുമായോ ക്രിസ്തു മതവുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ അവര്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ല. പിന്നീട് അവര്‍ ഹിന്ദുമതം ഉള്‍പ്പെടെയുള്ള മതങ്ങളുടെ വിശ്വാസികളായി. അവര്‍ ഹിന്ദുക്കളായാലും ക്രിസ്ത്യാനികളായാലും അത് മതപരിവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. ആദിവാസികളെ അവരുടെ മതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും മാറ്റി ഹിന്ദുക്കളാക്കാനും ക്രിസ്ത്യാനികളായ ഗോത്രവിഭാഗക്കാരെ ഹിന്ദുക്കളാക്കാന്‍ സംഘപരിവാരം 'ഘര്‍വാപസി' പ്രചാരണം നടത്തുന്നു.
ക്രിസ്ത്യാനിയായ ഒരു ആദിവാസിയെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമപരമായ മതപരിവര്‍ത്തനമാണെങ്കില്‍ ആദി ധര്‍മ്മം പിന്തുടരുന്നതോ ഹിന്ദുമതം പിന്തുടരുന്നതോ ആയ ആദിവാസി ക്രിസ്തുമതത്തിലേക്കോ മറ്റേതെങ്കിലും മതത്തിലേക്കോ മാറുന്നത് എങ്ങനെയാണ് നിയമവിരുദ്ധ മതപരിവര്‍ത്തനമാവുക?. ആദിവാസികള്‍ക്കിടയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ സംഘപരിവാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ക്രിസ്തുമതം സ്വീകരിച്ചവരെ ആദിവാസി പട്ടികയില്‍ നിന്നും മാറ്റണമെന്ന സംഘപരിവാര ആവശ്യമാണ് മൂന്നാമത്തെ വിഷയം. ആദിവാസികള്‍ക്ക് ഭരണഘടന നല്‍കുന്ന പരിഗണനകള്‍ ഹിന്ദുമതം സ്വീകരിക്കാത്ത ആദിവാസികള്‍ക്ക് നല്‍കരുതെന്നാണ് അവരുടെ ആവശ്യം. ആദിവാസികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍, തങ്ങള്‍ക്ക് അധികാരമുള്ള ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് അല്ലെങ്കില്‍ രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ വലിയതോതില്‍ ക്രിസ്ത്യാനികളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവര്‍ ഈ ആവശ്യത്തെ കുറിച്ച് മൗനം പാലിക്കുകയാണ്. ഇത് സംഘപരിവാരത്തിന്റെ ഇരട്ടസ്വഭാവം കാണിക്കുന്നു.
ഈ വിഷയത്തെ കുറിച്ച് നമ്മുടെ ഭരണഘടന എന്താണ് പറയുന്നത് ?. ഭരണഘടന ഒരു ആദിവാസിയെ ആദിവാസിയായി തന്നെ വ്യക്തമായി അംഗീകരിക്കുന്നു, അയാളുടെ മതവിശ്വാസങ്ങള്‍ എന്തുതന്നെയായാലും, ഏതെങ്കിലും മതവിഭാഗത്തിലേക്കുള്ള പരിവര്‍ത്തനം അയാളുടെ 'ഗോത്ര സ്വത്വ'ത്തില്‍ ഒരു വ്യത്യാസവും വരുത്തുന്നില്ല.
ഇതിനര്‍ത്ഥം ഭരണഘടനയുടെ ദൃഷ്ടിയില്‍, ആദി ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന പ്രകൃതിയെ ആരാധിക്കുന്ന ആദിവാസിയോ ഹിന്ദുമതം പിന്തുടരുന്ന ആദിവാസിയോ ക്രിസ്തുമതം പിന്തുടരുന്ന ആദിവാസിയോ മറ്റേതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ആദിവാസിയോ തമ്മില്‍ വ്യത്യാസമില്ല എന്നാണ്. രാഷ്ട്രപതിയുടെ ഉത്തരവില്‍ പ്രകാരം തയ്യാറാക്കിയ പട്ടിക പ്രകാരം അവര്‍ ആദിവാസികളാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ലഭിക്കാനുള്ള ആദിവാസിയുടെ ഭരണഘടനാപരമായ അവകാശത്തെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിഷേധിക്കാനാവില്ല. അതിനാല്‍, ഹിന്ദുക്കളല്ലാത്ത ആദിവാസികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സംഘപരിവാരത്തിന്റെ ആവശ്യം തന്നെ ഭരണഘടനാ വിരുദ്ധമായ ആവശ്യമാണ്. സംഘപരിവാരം ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ പിന്നെ എന്തിനാണ് ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അവര്‍ അംഗീകരിക്കുന്നത്?. ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച പെസ നിയമവും വനാവകാശ നിയമവും പിന്തുടരാന്‍ പോലും അവര്‍ തയ്യാറല്ല.
ബിജെപി ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളാണ് നാലാമത്തെ വിഷയം. ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ 2023ല്‍ 823 ആക്രമണ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 75ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിന് പ്രേരണ, ലൈംഗിക പീഡനം, ആക്രമണം, ആരാധനാലയങ്ങള്‍ ലക്ഷ്യമിടാനുള്ള ആഹ്വാനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ദുര്‍ഗിലെ കന്യാസ്ത്രീകള്‍ക്കെതിരെ ബജ്‌റങ് ദള്‍ ഗുണ്ടകള്‍ ഉപയോഗിച്ച അധിക്ഷേപകരവും ലൈംഗികവുമായ ഭാഷ, ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയെ പോലിസ് സ്‌റ്റേഷനില്‍ മര്‍ദിച്ച രീതി എന്നിവ വളരെ ഗുരുതരമായ സംഭവങ്ങളാണ്. ദുര്‍ഗില്‍ നിന്ന് ആഗ്രയിലേക്ക് പോകുന്ന സ്ത്രീകളെ നിയമവിരുദ്ധമായി തടയുകയും അക്രമിക്കുകയും ചെയ്ത ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നിന്ദ്യമായ പ്രവൃത്തിയെ സംഘപരിവാരത്തിനല്ലാതെ മറ്റാര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെയും ഭരണകൂടത്തിന്റെയും സംരക്ഷണമില്ലാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ല. അക്രമികള്‍ക്ക് പിന്തുണ നല്‍കുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ അതിന്റെ വ്യക്തമായ തെളിവാണ്.
ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഇന്നുവരെ, ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സേവനത്തിന്റെയും മികവിന്റെയും കേന്ദ്രങ്ങളാണ്. ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കന്യാസ്ത്രീകളും പുരോഹിതന്മാരും, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ അഭൂതപൂര്‍വമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ഹിന്ദുത്വത്തിന്റെ പുരോഹിതരായി മാറിയ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ അടക്കമുള്ള നിരവധി സംഘപരിവാര നേതാക്കള്‍ അത്തരം സ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. എന്നിട്ടും അവര്‍ ഹിന്ദുത്വ ഒഴിവാക്കിയില്ല. അതിനാല്‍, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുന്നതിന്റെ ഏക ലക്ഷ്യം അവരുടെ മതസ്വാതന്ത്ര്യം നിയന്ത്രിക്കുകയും സമൂഹത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.
ബംഗ്ലാദേശിലോ മറ്റെവിടെയെങ്കിലുമോ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ നമ്മള്‍ വിഷമിക്കുന്നതുപോലെ, ഈ രാജ്യത്ത്, മുസ്‌ലിംകളോ ക്രിസ്ത്യാനികളോ മറ്റ് മതവിഭാഗങ്ങളിലെ ആളുകളോ ആക്രമിക്കപ്പെടുമ്പോള്‍ അത് ആഗോള പ്രതികരണത്തിന് കാരണമാകുന്നു. അതിനാല്‍, നമ്മുടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ നമ്മുടെ പൗരന്മാരോട്, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വേശ്യാവൃത്തിയുടെ ചതുപ്പിലേക്ക് തള്ളിവിടുന്നു. എന്നാല്‍, പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്ന കള്ളക്കടത്തുകാര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചതായി അറിയില്ല. ഈ രാജ്യത്തെ ലക്ഷക്കണക്കിന് പേര്‍ തൊഴില്‍ ലഭിക്കുന്നതിനായി ഇടനിലക്കാരുടെ സഹായത്തോടെ മറ്റുപ്രദേശങ്ങളിലേക്ക് കുടിയേറുന്നു, അവിടെ അവര്‍ക്ക് അടിമപ്പണി ചെയ്യേണ്ടി വരുന്നു. അടിമപ്പണിക്ക് ഇരയായ ചിലരെ മോചിപ്പിച്ചതായി വാര്‍ത്തകളുണ്ട്. പക്ഷേ, അവരെ അടിമകളാക്കിയവര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചതായി വാര്‍ത്തകളില്ല.
ഈ രാജ്യത്തെ ഹിന്ദു സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും ആയിരക്കണക്കിന് കോടി രൂപയുടെ ആസ്തിയുണ്ട്. എന്നാല്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താനും പോഷകാഹാരക്കുറവ് ഇല്ലാതാക്കാനും സാധാരണക്കാരുടെ ക്ഷേമത്തിനും അത് എങ്ങനെ കാര്യമായ രീതിയില്‍ ഉപയോഗിക്കുന്നു എന്നതിന കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.
എന്നാല്‍ ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവരുടെ സ്വകാര്യത, ഭരണഘടനാ അവകാശങ്ങള്‍, വിശ്വാസം എന്നിവയെ ആക്രമിക്കാനുള്ള ഒഴികഴിവുകള്‍ക്ക് ഒരു കുറവുമില്ല. തലസ്ഥാനമായ റായ്പൂര്‍ അടക്കം ഛത്തീസ്ഗഡില്‍ ഉടനീളം മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പള്ളികളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും സംഘപരിവാര സംഘങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആക്രമികള്‍ക്ക് സര്‍ക്കാരില്‍ നിന്നും പോലിസില്‍ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഈ അക്രമികള്‍ സംഘപരിവാരത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആയുധങ്ങളാണ് എന്നതാണ് സംരക്ഷണത്തിന് കാരണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും ഛത്തീസ്ഗഡില്‍ സംഘപരിവാരത്തിന്റെ ഹിന്ദു രാഷ്ട്രം സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്.
ഛത്തീസ്ഗഡ് കിസാന്‍ സഭ വൈസ്പ്രസിഡന്റാണ് ലേഖകന്‍

