സ്‌നിഗ്‌ധേന്ദു ഭട്ടാചാര്യ
''നിങ്ങള്‍ സമയക്രമം മനസിലാക്കൂ''; 2019ല്‍ പശ്ചിമബംഗാളില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതേ സമയക്രമം മനസിലാക്കണം. മുസ്‌ലിംകളെ ഒഴിവാക്കുന്ന പൗരത്വ നിയമം ആദ്യം വന്നു. 'നുഴഞ്ഞുകയറ്റക്കാരെ' ഒഴിവാക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രണ്ടാമതെത്തി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന ആയിരക്കണക്കിന് മുസ്‌ലിംകളെ തടങ്കലില്‍ ആക്കിയിരിക്കുന്നതിനാലും 2025 നവംബറിന് മുമ്പ് ബിഹാറിലെ എട്ടു കോടി പേരുടെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നതിനാലും പശ്ചിമബംഗാളിലെ ഭയന്ന മുസ്‌ലിംകള്‍ രേഖകള്‍ ശേഖരിക്കുന്നതിനോ തിരുത്തുന്നതിനോ അപ്‌ഡേറ്റ് ചെയ്യുന്നതിനോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസുകളില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ്.
ജനനത്തീയതികളിലെ അക്ഷരത്തെറ്റുകളും പിശകുകളും പോലും തങ്ങളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ എത്തിക്കാനോ മോശമായ രീതിയില്‍ നാടുകടത്താനോ കാരണമാവുമെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്ക് അറിയാം. എന്‍ആര്‍സി ആരംഭിച്ചതായി അവര്‍ക്ക് നന്നായി അറിയാം.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50ാം വാര്‍ഷികം 2025 ജൂണ്‍ 25ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാഹത്യാ ദിനമായി ആചരിച്ചു. 1975നും 1977നും ഇടയിലുള്ള 21 മാസത്തെ അടിയന്തരാവസ്ഥയില്‍ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ എങ്ങനെ റദ്ദാക്കപ്പെട്ടു എന്ന് മോദിയും സര്‍ക്കാരിലെ ഉന്നതരും ബിജെപി നേതാക്കളും ഓര്‍മ്മിപ്പിച്ചു.
എന്നാല്‍, ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ രണ്ട് ടെലിഫോണ്‍ ഹെല്‍പ്പ്ലൈന്‍ നമ്പറുകളില്‍ രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി കോളുകള്‍ വന്നുവെന്നാണ് പരിജയീ ശ്രമിക് ഐക്യ മഞ്ച (കുടിയേറ്റ തൊഴിലാളി ഐക്യ ഫോറം അല്ലെങ്കില്‍ പിഎസ്എഎം) സന്നദ്ധ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞത്. ഫോണ്‍ വിളികള്‍ വളണ്ടിയര്‍മാരെ അവരെ വല്ലാതെ തളര്‍ത്തി.
അയല്‍ സംസ്ഥാനമായ ഒഡീഷയില്‍ നിന്നാണ് നിരവധി പേര്‍ വിളിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്ന് കുടിയേറിയ 60 ഓളം തൊഴിലാളികളെ അവിടെ പോലിസ് കസ്റ്റഡിയിലെടുത്തു. തെക്കുകിഴക്കന്‍ ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ മഹാംഗ പോലിസ് സ്റ്റേഷനിലാണ് അവരെ കസ്റ്റഡിയില്‍ വച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാള്‍ സ്വദേശികള്‍ താല്‍ക്കാലിക ടെന്റുകളിലാണ് താമസിച്ചിരുന്നത്.
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിരവധി പേരെ തടങ്കലില്‍ വച്ചതായുള്ള വാര്‍ത്തകള്‍ പിന്നീട് വന്നു. പശ്ചിമ ബംഗാളിന്റെ തീരപ്രദേശമായ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ നിന്നുള്ള പതിനേഴു പേരെ ഭുവനേശ്വറിലെ ഖാര്‍വേല്‍ നഗര്‍ പോലിസ് സ്റ്റേഷനില്‍ തടങ്കലിലാക്കിയിരുന്നു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ മറ്റ് ആറ് പേരെയും ഭൂവനേശ്വറിലെ ലക്ഷ്മി നഗര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. നടന്നു സാധനങ്ങള്‍ വില്‍ക്കുന്നവരും തെരുവുകച്ചവടക്കാരുമായിരുന്നു അവര്‍. ഒഡീഷയിലെ തീരദേശ ജില്ലയായ ബാലേശ്വറിലെ റെമുന പോലിസ് സ്റ്റേഷനില്‍ പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള 13 പേരെ കസ്റ്റഡിയിലെടുത്തതായി പിഎസ്എഎം വളണ്ടിയര്‍മാര്‍ക്ക് വിവരം കിട്ടി.
തടങ്കലില്‍ ആക്കിയവരെല്ലാം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളായിരുന്നു. ജൂണ്‍ 27 വൈകുന്നേരം വരെ അവര്‍ തടങ്കലില്‍ ആയിരുന്നു. പോലിസ് അവരുടെ പൗരത്വം പരിശോധിക്കുകയായിരുന്നു. തടങ്കലിലാക്കിയ തൊഴിലാളികള്‍ സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖകളില്‍ തൃപ്തരല്ലെങ്കില്‍ പോലിസ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. അതുവരെ ഇരകള്‍ തടങ്കലില്‍ തുടരും.
തടവുകാരുടെ കുടുംബങ്ങളുമായി സംസാരിക്കുകയും അവര്‍ എവിടെയാണെന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത് പിഎസ്എഎം വളണ്ടിയര്‍മാര്‍ ദിവസങ്ങളോളം പ്രവര്‍ത്തിച്ചു. ഏപ്രില്‍ അവസാന ആഴ്ച മുതലുള്ള അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ പിഎസ്എഎം ജനറല്‍ സെക്രട്ടറി ആസിഫ് ഫാറൂക്ക് ക്ഷീണിതനും നിരാശനുമായി തോന്നി. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ മിക്കവാറും എല്ലാ ദിവസവും ഏതെങ്കിലും സംസ്ഥാനങ്ങളില്‍ തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെയും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെയും പ്രത്യേക ലക്ഷ്യമായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നു എന്ന വാദത്തെ ഇപ്പോള്‍ ആരും ചോദ്യം ചെയ്യുന്നില്ല.
ഇന്ത്യയെ ഔദ്യോഗികമായി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവേചനപരമായ പൗരത്വ നിയമം, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, പശുസംരക്ഷണം, ഭക്ഷ്യ നിരോധനം, ആള്‍ക്കൂട്ട കൊലപാതകം എന്നിവ മുതല്‍ മിശ്രവിവാഹ നിയന്ത്രണങ്ങള്‍ വരെയുള്ളതിലൂടെ മുസ്‌ലിംകള്‍ രണ്ടാം തരം പൗരന്‍മാരാണെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. അത്തരം തോന്നിപ്പിക്കലുകള്‍ കൊണ്ട് മോദി സര്‍ക്കാരിന് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പോലെയുള്ള രാജ്യവ്യാപകമായ പൗരത്വ പരിശോധനാ പരിപാടി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്ന വസ്തുതയില്‍ പ്രതീക്ഷ കണ്ടവര്‍ ആ പ്രതീക്ഷ ഉപേക്ഷിക്കണം.
പ്രധാനമന്ത്രിയാവാന്‍ 2014ല്‍ മോദി നടത്തിയ പ്രചാരണങ്ങളില്‍ കൃത്യമായി പറയുകയും പിന്നീട് പലതവണ ആവര്‍ത്തിക്കുകയും ചെയ്ത, മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുന്ന പദ്ധതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആരംഭിച്ചിരിക്കുന്നു. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ് ദേശീയതാ പരിശോധനയിലെ ആദ്യ ബാച്ച്.
2025 മെയ് മാസത്തില്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, അസം എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ വിവേചനരഹിതമായി ദിവസങ്ങളോളം തടങ്കലില്‍ വച്ചതായി നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തില്‍, മഹാരാഷ്ട്ര പോലിസ് ഏഴ് പശ്ചിമ ബംഗാള്‍ നിവാസികളെ അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കൈമാറിയതായും അവരെ തോക്കിന്‍മുനയില്‍ ബംഗ്ലാദേശിലേക്ക് തള്ളിയെന്നും റിപോര്‍ട്ട് വന്നു. പശ്ചിമ ബംഗാള്‍ പോലിസ് ഇടപെട്ടതിനെത്തുടര്‍ന്ന് അവരെ തിരികെ കൊണ്ടുവന്നു.
ഇന്ത്യയിലെ തടങ്കലുകളും നാടുകടത്തലുകളും യുഎസിലെ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നടപടികളെ പ്രതിഫലിപ്പിക്കുന്നു, അവിടെ ആയിരക്കണക്കിന് ആളുകളെ തെരുവുകളില്‍ നിന്നും വീടുകളിലും ജോലിസ്ഥലങ്ങളിലും നിന്ന് പിടികൂടുന്നു. അവിടെ നിന്ന് നാടുകടത്തിയവരില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ കേന്ദ്രീകരിച്ചാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കുടിയേറ്റ വിരുദ്ധ തടങ്കലുകള്‍ ആരംഭിച്ചത്. ഭാഷയിലും വസ്ത്രധാരണത്തിലും ബംഗ്ലാദേശിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളില്‍ നിന്ന് അവരെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.
ഇന്ത്യയുടെ നാടുകടത്തല്‍ നീക്കം വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ വലിയ തോതില്‍ വികസിച്ചു. അസം സര്‍ക്കാര്‍ നിരവധി പേരെ ബംഗ്ലാദേശിലേക്ക് തള്ളി. എന്നാല്‍, ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേന അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. അതിനാല്‍ അവരെ തിരികെ കൊണ്ടുവരേണ്ടി വന്നു.
അതില്‍ ഭൂരിഭാഗം പേരും അസമിലെ അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളായ ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ ''വിദേശികള്‍'' ആയി പ്രഖ്യാപിച്ചവരും അപ്പീലുകള്‍ സുപ്രിംകോടതിയുടെ അടക്കം പരിഗണനയില്‍ ഉള്ളവരുമാണ്.
ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി ഷാ ഡല്‍ഹി പോലിസിനോട് ഉത്തരവിട്ടതോടെ രാജ്യവ്യാപകമായ നടപടികള്‍ 2025 ഫെബ്രുവരിയില്‍ ശക്തി പ്രാപിച്ചു.
പതിനൊന്ന് വര്‍ഷം മുമ്പ് മോദി, ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരത്തില്‍ ഒരു പുതിയ പൗരത്വ നയം അവതരിപ്പിച്ചതോടെയാണ് മുസ്‌ലിംകളുടെ പൗരത്വത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം ആരംഭിച്ചത്. 'മറ്റ് രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്ന' ഹിന്ദുക്കളോട് ഇന്ത്യയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി 2014 ഫെബ്രുവരിയില്‍ അസമിലെ സില്‍ച്ചാറിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചു. 'വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ' ഭാഗമായി 'കൊണ്ടുവന്ന്' ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു കൂട്ടം കുടിയേറ്റക്കാരെ നാടുകടത്തുമെന്നും മോദി പറഞ്ഞു. ഹിന്ദു കുടിയേറ്റക്കാരെയും മുസ്‌ലിം കുടിയേറ്റക്കാരെയും കുറിച്ചുള്ള മോദിയുടെ വീക്ഷണം വ്യക്തമായിരുന്നു: എല്ലാ ബംഗ്ലാദേശി ഹിന്ദു കുടിയേറ്റക്കാരും 'അഭയാര്‍ത്ഥികളും' മുസ് ലിംകള്‍ 'നുഴഞ്ഞുകയറ്റക്കാരും'.
ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ, 2019 ഏപ്രിലില്‍ പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നടത്തിയ പ്രസംഗത്തില്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കി.
''ആദ്യം, പൗരത്വ ഭേദഗതി ബില്‍ (സിഎബി) കൊണ്ടുവരും. എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും. എന്‍ആര്‍സി അതിനുശേഷം നടപ്പിലാക്കും. അതിനാല്‍, അഭയാര്‍ത്ഥികള്‍ വിഷമിക്കേണ്ടതില്ല. നുഴഞ്ഞുകയറ്റക്കാര്‍ വിഷമിക്കണം''-അമിത് ഷാ പറഞ്ഞു.
'' ആദ്യം സിഎബി വരും. പിന്നെ എന്‍ആര്‍സി വരും. എന്‍ആര്‍സി പശ്ചിമബംഗാളിന് മാത്രമുള്ളതായിരിക്കില്ല. രാജ്യത്ത് മുഴുവന്‍ നടപ്പാക്കും.''- തന്റെ പ്രശസ്തമായ 'സമയക്രമം' വിശദീകരിച്ച് അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമ ഭേദഗതി (സിഎഎ) 2019ല്‍ കൊണ്ടുവന്നു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമമായി വിജ്ഞാപനം ചെയ്തു. മതിയായ രേഖകള്‍ ഇല്ലാതെ പൗരത്വം തേടുന്ന ഹിന്ദുക്കള്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് നിയമം.
തുടര്‍ച്ചയായ മൂന്നാം തവണയും മോദി അധികാരത്തില്‍ എത്തിയതിനുശേഷം ഹിന്ദു മതമൗലികവാദികള്‍ ബംഗ്ലാദേശി വിരുദ്ധ വാചാടോപങ്ങള്‍ ശക്തമാക്കി. പല പ്രദേശങ്ങളിലും ബംഗ്ലാദേശികളുടെ ശല്യമുണ്ടെന്ന പ്രചാരണമുണ്ടായി. ഒഡീഷയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി സംസ്ഥാന വ്യാപകമായി സര്‍വേ നടത്തുമെന്ന് 2024 ആഗസ്റ്റില്‍ പ്രഖ്യാപിച്ചു. 2024 ഒക്ടോബറില്‍ ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റ പ്രശ്‌നം' പ്രധാന വിഷയമായി ബിജെപി അവതരിപ്പിച്ചു. ജാര്‍ഖണ്ഡിലെ ബംഗാളി സംസാരിക്കുന്ന തദ്ദേശീയരെ കുറിച്ച് നിസാരമായ പരാമര്‍ശങ്ങള്‍ അല്ല അവര്‍ നടത്തിയത്.
2025 ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിനുശേഷം ബംഗ്ലാദേശി വിരുദ്ധ നീക്കം ശക്തമായി. മുസ്‌ലിംകളെ കസ്റ്റഡിയിലെടുക്കുന്ന പോലിസുകാര്‍ ആധാര്‍, പാന്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡികള്‍ പോലുള്ള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. അവ എളുപ്പത്തില്‍ വ്യാജമായി നിര്‍മിക്കാമെന്നാണ് പോലിസ് വാദിക്കുന്നത്.
പകരമായി, ജനന സര്‍ട്ടിഫിക്കറ്റുകള്‍, ഭൂരേഖകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, തടങ്കലില്‍ ആക്കിയവരുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരുകള്‍ അടങ്ങിയ 1971ന് മുമ്പുള്ള രേഖകള്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍മാരോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരോ സാക്ഷ്യപ്പെടുത്തിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് ആവശ്യപ്പെടുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ള മിക്ക കുടുംബങ്ങള്‍ക്കും ഇല്ലാത്ത രേഖകളാണിവ.
ഇത്തരം പീഡനങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കെയാണ്, ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പ്രഖ്യാപനം നടത്തിയത്: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക തീവ്രമായി പരിഷ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങള്‍ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി യോജിക്കുന്നതാണ്.
'വിദേശ അനധികൃത കുടിയേറ്റക്കാരുടെ' പേരുകള്‍ നീക്കം ചെയ്യുന്നത് പരിഷ്‌കരണത്തിനുള്ള ഒരു കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, കുടിയേറ്റം, യുവ പൗരന്മാര്‍ വോട്ടുചെയ്യാന്‍ യോഗ്യരാകുക, മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യാതിരിക്കുക എന്നിവയാണ് മറ്റ് കാരണങ്ങള്‍. വോട്ടിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ വീടുതോറുമുള്ള സര്‍വേകള്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 2003ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത ഓരോ വ്യക്തിയും പൗരത്വത്തിന് പുതിയ തെളിവ് ഹാജരാക്കേണ്ടതുണ്ട്.
ഈ പ്രക്രിയയുടെ വ്യാപ്തിയും സ്വഭാവവും നോക്കുമ്പോള്‍ ഇത് അസമില്‍ നടപ്പാക്കിയ എന്‍ആര്‍സിക്ക് സമാനമാവുമെന്ന് സിപിഐ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്റെ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറയുന്നു.
2013ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം അസമില്‍ നടപ്പാക്കിയ എന്‍ആര്‍സി പുതുക്കലില്‍ ആറ് വര്‍ഷത്തിനിടെ 3.3 കോടി പേരുടെ രേഖകളാണ് പരിശോധിച്ചത്. എന്നാല്‍, തിരക്കേറിയ കാര്‍ഷിക സീസണില്‍ ഒരു മാസത്തിനുള്ളില്‍ ബിഹാറിലെ എട്ട് കോടി പേരുടെ രേഖകള്‍ പരിശോധിക്കാനാണ് ശ്രമമെന്ന് ഭട്ടാചാര്യ പറഞ്ഞു. ജനങ്ങള്‍ രേഖകള്‍ തയ്യാറാക്കിയില്ലെങ്കില്‍ വലിയതോതിലുള്ള അവകാശ നിഷേധത്തിന് ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
1987 ജൂലൈ 1ന് മുമ്പ് ജനിച്ചവരോട് അവരുടെ ജനനത്തിന്റെയോ ജനന സ്ഥലത്തിന്റെയോ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുമെന്ന് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. 1987 ജൂലൈ 1നും 2004 ഡിസംബര്‍ 2നും ഇടയില്‍ ജനിച്ചവര്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന സ്വന്തം രേഖകളോടൊപ്പം കുറഞ്ഞത് ഒരു മാതാപിതാക്കളുടെയെങ്കിലും സാധുവായ രേഖകള്‍ നല്‍കണം; 2004 ഡിസംബര്‍ 2ന് ശേഷം ജനിച്ചവര്‍ തങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളില്‍ സമാനമായ ''പരിഷ്‌കരണത്തിന്'' തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടേക്കാമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ സംശയിക്കുന്നത്.
''ബിഹാര്‍ ന്യായം മാത്രമാണ്, ബംഗാളാണ് യഥാര്‍ത്ഥ ലക്ഷ്യം. ഇതാണോ എന്‍ആര്‍സി ?. ദയവായി വ്യക്തമാക്കുക. ദരിദ്രര്‍ക്ക് ഇത്രയും രേഖകള്‍ എവിടെ നിന്നാണ് ലഭിക്കുക''-പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജൂണ്‍ 26ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചു.
കടപ്പാട്: ആര്‍ട്ടിക്കിള്‍ 14
(കൊല്‍ക്കത്ത ആസ്ഥാനമായുള്ള എഴുത്തുകാരനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമാണ് (സ്‌നിഗ്‌ധേന്ദു ഭട്ടാചാര്യ)

