''മുസ്‌ലിം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പാടില്ല''വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന ഗുജറാത്ത് മോഡല്‍
തരൂഷി അശ്വിനി
അഹമദാബാദിലെ മണിനഗറിലെ സെവന്‍ത്ത് ഡേ അഡ്‌വെന്റിസ്റ്റ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ആഗസ്റ്റ് 19ന് കുത്തേറ്റുമരിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ് കുത്തിയതെന്ന് ആരോപിക്കപ്പെടുന്നു. കുത്തേറ്റത് ഹിന്ദു കുട്ടിക്കും കുത്തിയത് മുസ്‌ലിം കുട്ടിയുമായിരുന്നു. അതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മതപരമായ സ്വത്വത്തെ കുറിച്ച് പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
അടുത്ത ദിവസം, ബജ്‌റങ് ദളുകാരും വിശ്വഹിന്ദു പരിഷത്തുകാരും നൂറുകണക്കിന് പ്രവര്‍ത്തകരെ സ്‌കൂളിന് സമീപം അണിനിരത്തി. സ്‌കൂള്‍ പരിസരം അരാജകത്തിന്റെയും നാശത്തിന്റെയും കേന്ദ്രമാവാന്‍ അല്‍പ്പസമയമേ വേണ്ടി വന്നുള്ളു. ഒരു മുസ്‌ലിം വിദ്യാര്‍ഥിയേയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കളും സ്‌കൂള്‍ ഗെയ്റ്റിന് പുറത്ത് പ്രതിഷേധിച്ചു.
സ്‌കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങള്‍, സ്‌കൂള്‍ മൈതാനത്തെ തര്‍ക്കങ്ങള്‍ തുടങ്ങിയവയെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് ഗുജറാത്തില്‍ അസാധാരണമല്ല. തര്‍ക്കങ്ങളില്‍ ഒരു സൈഡില്‍ മുസ്‌ലിം കുട്ടിയുണ്ടെങ്കില്‍ അതിനെ ഹിന്ദു-മുസ്‌ലിം ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ തിരക്കുകൂട്ടാറുണ്ട്. മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്ന വാദം പ്രചരിപ്പിക്കപ്പെടുന്നു.
സെവന്‍ത്ത് ഡേ അഡ്‌വെന്റിസ്റ്റ് സ്‌കൂള്‍ പരിസരത്ത് 'ഈ സ്‌കൂള്‍ കത്തിക്കുക, അധ്യാപകരെ കത്തിക്കുക, അത് അവരുടെ തെറ്റാണ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി രാഷ്ട്രീയ പ്രവര്‍ത്തകനായ ബിപിന്‍ഭായ് ഗാധ്വി പറയുന്നു.
സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടിയ നിരവധി നാട്ടുകാരും രക്ഷിതാക്കളും കാഴ്ചക്കാരും ഹിന്ദുത്വ സംഘടനകളും അത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ച് സ്‌കൂളിനെ ധ്രുവീകരണത്തിന്റെ ഒരു പുതിയ വേദിയാക്കി മാറ്റി. രണ്ടുപേര്‍ തമ്മിലുള്ള വ്യക്തിപരമായ അക്രമത്തെ വര്‍ഗീയ അക്രമമായി ചിത്രീകരിച്ച് സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനാണ് ഹിന്ദുത്വ സംഘടനകള്‍ ശ്രമിച്ചത്. അതുപോലെ തന്നെ ക്രിസ്ത്യന്‍ സഭ നടത്തുന്ന സ്‌കൂളിനെ ലക്ഷ്യമിടാനും ശ്രമിച്ചു. എല്ലാ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഹിന്ദുത്വര്‍ ആവശ്യപ്പെടുകയുണ്ടായി.
മണിനഗറിലെ സംഭവത്തിന് രണ്ടുദിവസത്തിന് ശേഷം അഹമ്മദാബാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വഡാലിയില്‍ മറ്റൊരു സംഭവം നടന്നു. ഷെത്ത് സിജെ ഹൈസ്‌കൂളില്‍ രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടിനടന്നു. അതില്‍ ഹിന്ദു കുട്ടിയുടെ മുഖത്ത് പോറലുണ്ടായിരുന്നു. ഇതിനെ പ്രാദേശിക ഹിന്ദുത്വ നേതാക്കളും സംഘടനകളും സംഘര്‍ഷത്തിനായി ഉപയോഗിച്ചു. സ്‌കൂളിന് പുറത്ത് ബഹളം വയ്ക്കുക മാത്രമല്ല, മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെല്ലാം 'സ്‌കൂള്‍ വിടല്‍ സര്‍ട്ടിഫിക്കറ്റ്' നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഎച്ച്പി, ബജ്‌റങ് ദള്‍, എബിവിപി, അന്തരാഷ്ട്രീയ വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്‌റങ് ദള്‍ തുടങ്ങിയ സംഘടനകള്‍ ബന്ദും പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ ഹിന്ദുത്വരോടൊപ്പം റാലികളില്‍ പങ്കെടുത്തു.
ഫലം അപകടകരമായ ഒരു കീഴ്‌വഴക്കമാണ്: യുവ വിദ്യാര്‍ഥികള്‍ വര്‍ഗീയ റോളുകള്‍ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും പഠനത്തിനുള്ള സുരക്ഷിത ഇടങ്ങൡ നിന്നുമാറി സ്‌കൂളുകള്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ രീതി ഇരയുടെ ദുരന്തത്തെ മറികടക്കുകയും പകരം അതിനെ വര്‍ഗീയ സംഘര്‍ഷത്തിന് ആയുധമാക്കുകയും ചെയ്യുന്നു. ഇത് സ്‌കൂളുകള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ, പ്രത്യേകിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി ലക്ഷ്യം വയ്ക്കുന്നതിലേക്ക് നയിക്കുന്നു. സ്‌കൂളിലെ അച്ചടക്ക പ്രശ്‌നങ്ങളും കുട്ടികള്‍ക്കിടയിലെ അക്രമവും മതപരമായ സംഘര്‍ഷങ്ങളായി എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്ന് ഈ രണ്ട് സംഭവങ്ങളും കാണിക്കുന്നു.
നേരത്തെ പറഞ്ഞ ഷെത്ത് സിജെ ഹൈസ്‌കൂളില്‍, 2025 ജനുവരിയില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിയെ രണ്ടു ഹിന്ദു അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്തില്‍ നിന്നും രക്തം ഒലിച്ച കുട്ടിയെ ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ കണ്ടെങ്കിലും അവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
അന്നുമുതല്‍, മുസ്‌ലിം വിദ്യാര്‍ത്ഥി മര്‍ദനത്തെ തുടര്‍ന്നുണ്ടായ മാനസിക ആഘാതം അനുഭവിക്കുന്നുണ്ടെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ക്ലാസുകളില്‍ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ അധികൃതര്‍ അനുവദിക്കുന്നില്ല, കൂടാതെ സ്‌കൂള്‍ വിടാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനും വിസമ്മതിക്കുന്നു. ഈ കുട്ടിയുടെ കുടുംബത്തിലെ മറ്റു നിരവധി കുട്ടികള്‍ അതേ സ്‌കൂളില്‍ തന്നെ പഠിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിക്ക് എന്ത് സംഭവിച്ചാലും ആര്‍ക്കും ഞങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ വീമ്പിളക്കുന്നതായി കുട്ടികള്‍ പറയുന്നു.
മണിനഗറിലായാലും വഡാലിയിലായാലും ഇത്തരം സംഭവങ്ങള്‍ അപകടകരമാണെന്നും പരസ്പരം പോരടിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അഹമ്മദാബാദില്‍ നിന്നുള്ള ആക്ടിവിസ്റ്റും അഭിഭാഷകനുമായ ഹൊസേഫ ഉജ്ജൈനി പറഞ്ഞു. ജനക്കൂട്ടം സ്‌കൂളുകള്‍ ആക്രമിക്കുകയും ഹിന്ദുത്വരുടെ ആവശ്യങ്ങള്‍ പാലിക്കാന്‍ പോലിസ് സ്‌കൂളുകളെ നിര്‍ബന്ധിക്കുകയും ചെയ്യുമ്പോള്‍, അത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുകയാണെന്ന് ഹൊസേഫ ഉജ്ജൈനി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അവസാന അവശിഷ്ടങ്ങളെയും വിഛേദിക്കുന്ന പ്രക്രിയയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ സാമൂഹികവല്‍ക്കരണത്തിന് സഹായിക്കുന്ന കേന്ദ്രങ്ങളായതിനാല്‍ സ്‌കൂളുകള്‍ ഹിന്ദുത്വരുടെ ഇടപെടലുകളുടെ പുതിയകേന്ദ്രമായി മാറുന്നുവെന്ന് മനസിലാക്കണം. ഹിന്ദുത്വ സാംസ്‌കാരിക പദ്ധതിയുടെ കേന്ദ്രബിന്ദുവാണ് വിദ്യാഭ്യാസ നിയന്ത്രണം. മണിനഗറിലെ സെവന്‍ത്ത് ഡേ അഡ്‌വെന്റിസ്റ്റ് സ്‌കൂള്‍ ക്രിസ്ത്യന്‍ സ്ഥാപനമായതിനാല്‍ മുസ്‌ലിം വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ വാചാടോപങ്ങളുടെ സംഗമകേന്ദ്രത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്.
നമ്മുടെ ഉല്‍സവങ്ങളില്‍ രക്തം ചൊരിയുന്നവര്‍ക്കെതിരേ, പട്ടങ്ങള്‍ പറത്തുമ്പോള്‍ പോലും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ, കര്‍ഫ്യൂവിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഡല്‍ഹിയിലിരുന്ന കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആഴ്ച അഹ്മദാബാദില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞത്. മോദി ഏതെങ്കിലും പ്രാദേശിക സംഘര്‍ഷത്തെ കുറിച്ചല്ല സംസാരിച്ചത്, മറിച്ച് സ്ഥിരമായി ഹിന്ദു ജീവിതം തടസ്സപ്പെടുത്തുന്നവരായി മുസ്‌ലിംളെ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പരമോന്നത ഓഫിസില്‍ നിന്ന് വരുന്ന ഈ വാക്കുകള്‍, ഇപ്പോള്‍ സ്‌കൂളുകളിലേക്ക് ഇഴഞ്ഞു കയറുന്ന വാക്കുകളെ ന്യായീകരിക്കുകയാണ്: സ്‌കൂള്‍ ഗ്രൗണ്ടിലെ അടികള്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായ് ചിത്രീകരിക്കപ്പെടുന്നു, മുസ്‌ലിം കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം വിലക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നു.
മോദിയുടെയും ബിജെപി നേതാക്കളുടെയും പ്രസംഗങ്ങള്‍ക്കും പാഠപുസ്തകങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്ന എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണങ്ങള്‍ക്കും ഈ പദ്ധതികളുമായി ബന്ധമുണ്ട്.
ന്യൂനപക്ഷങ്ങളെ ക്രമസമാധാന പ്രശ്‌നങ്ങളുടെ സ്ഥിരം സ്രോതസ്സുകളായി പ്രധാനമന്ത്രി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ വഡാലിയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറിയതില്‍ അതിശയിക്കാനില്ല, അഹമ്മദാബാദില്‍ ഹിന്ദു-മുസ്‌ലിം വേര്‍തിരിവിന് വേണ്ടി വാദിക്കാന്‍ അക്രമം ആയുധമാക്കിയതില്‍ അതിശയിക്കാനില്ല. രാഷ്ട്രീയം പോലെ തന്നെ ഒരാളുടെ പെരുമാറ്റമല്ല, മറിച്ച് സ്വത്വമാണ് കുറ്റം നിര്‍ണയിക്കാനുള്ള തെളിവെന്ന രീതിയിലേക്ക് സ്‌കൂളുകളും മാറുകയാണ്.
മണിനഗര്‍ സ്‌കൂള്‍ സംഭവത്തിന് ശേഷം നിരവധി ഹിന്ദുത്വ നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. മണിനഗര്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥി നയന്‍ സാന്താനിയുടെ മരണത്തില്‍ വാളുകൊണ്ട് പ്രതികാരം ചെയ്യണമെന്ന് ഹിന്ദുത്വ നേതാവായ മഹാമണ്ഡലേശ്വരി ഈശ്വരി നന്ദഗിരി പ്രസംഗിച്ചു. സ്‌കൂളിലെ അക്രമം ഇസ്‌ലാമിക ഗൂഡാലോചനയാണെന്നും അതൊരുതരം ജിഹാദാണെന്നും വിഎച്ച്പി ധര്‍മ്മേന്ദ്ര ഭവാനിയും ആരോപിച്ചു.
അടിയന്തരാവസ്ഥയെ ചെറുതായി ചിത്രീകരിക്കാനും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കലാപവും മായ്ച്ചുകളയാനും മുസ്‌ലിംകള്‍ പുറത്തുനിന്നു വന്നവരാണെന്ന് പറയാനും എന്‍സിഇആര്‍ടി ചരിത്രം മാറ്റിയെഴുതുന്ന തിരക്കിലാണ്. അപ്പോള്‍ തന്നെ സ്‌കൂളുകളിലെ അടിസ്ഥാന യാഥാര്‍ത്ഥ്യം അപകടകരമായ രീതിയില്‍ മാറുകയാണ്. ഭൂതകാലത്തെ വെള്ളപൂശിയും തിരുത്തിയും ന്യൂനപക്ഷങ്ങളെ വില്ലന്മാരാക്കിയും എന്‍സിഇആര്‍ടി മുന്നോട്ടുപോവുന്നത് സ്‌കൂള്‍മുറ്റത്തെ അടിപിടികള്‍ മുതലെടുക്കാനും മുസ്‌ലിം വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനും മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രവേശനം തടയണമെന്ന് ആവശ്യപ്പെടാനും ഹിന്ദുത്വ സംഘടനകള്‍ക്ക് അവസരം നല്‍കുന്നതാണ്.
രാജ്യത്തെ നാലിലൊന്ന് സ്‌കൂളുകളിലും ഭീഷണിയും അക്രമവും തടയാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്ന് ഒരു എന്‍സിആര്‍ടി സര്‍വേ തന്നെ പറയുന്നുണ്ട്. മൂന്നിലൊന്ന് കുട്ടികള്‍ സമപ്രായക്കാരില്‍ നിന്നും ശാരീരികമായ അക്രമങ്ങള്‍ നേരിടുന്നതായും ഈ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ, ഇത്തരം ഹിന്ദുത്വ പ്രതിഷേധങ്ങള്‍ കുട്ടികളെ വലിയ പ്രത്യയശാസ്ത്ര പോരാട്ടത്തിലെ കരുക്കളാക്കി മാറ്റുകയാണ്. സ്‌കൂളുകളിലെ അക്രമം, ഭീഷണിപ്പെടുത്തല്‍, അച്ചടക്കം തുടങ്ങിയവയെ വിദ്യാഭ്യാസ നയത്തിലൂടെ കൈകാര്യം ചെയ്യുന്നതിന് പകരം വര്‍ഗീയപരമായ ഒഴിവാക്കല്‍ രീതിയാണ് സ്വീകരിക്കപ്പെടുന്നത്. എന്താണ് അതിന്റെ ചെലവ്: മതേതര മൂല്യങ്ങളുടെ ശോഷണം, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം വര്‍ധിക്കല്‍, ക്ലാസ് മുറികളില്‍ ആഴത്തിലുള്ള ഭിന്നതകള്‍.

