ജെറിമി സാള്‍ട്ട്
2023 ഒക്ടോബര്‍ 7ന് ഫലസ്തീന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരമായ ആക്രമണത്തെ മുതലെടുക്കാന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മടിച്ചില്ല. ഇസ്രായേലിന്റെ പ്രാദേശിക ശത്രുക്കള്‍ക്കെതിരായ ആക്രമണണത്തിനുള്ള മറയായി അയാള്‍ ആ ആക്രമണത്തെ ഉപയോഗിച്ചു. വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത പദ്ധതികള്‍ തല്‍ക്കാലത്തേക്ക് വിജയിച്ചു. 13 വര്‍ഷത്തെ നിഴല്‍ യുദ്ധത്തിന് ശേഷം ഹിസ്ബുല്ല ദുര്‍ബലമാവുകയും സിറിയന്‍ സര്‍ക്കാര്‍ തകരുകയും ചെയ്തു. എന്നിരുന്നാലും ഇറാനെതിരേ നടത്തിയ ആക്രമണങ്ങള്‍ ഇസ്രായേലില്‍ മിസൈല്‍ മഴ പെയ്യാന്‍ കാരണമായി. അങ്ങനെയാണ് അവര്‍ വെടിനിര്‍ത്തല്‍ തേടിയത്.
എന്നാലും 'വിശാല ഇസ്രായേല്‍' എന്ന ലക്ഷ്യത്തില്‍ നിന്നും പിന്‍മാറാതെ അവര്‍ തടസമായി നില്‍ക്കുന്നതെല്ലാം നശിപ്പിക്കുന്നു. അഴിമതിക്കാരനും നുണയനുമായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട നെതന്യാഹു ബൈബിള്‍ പുരാണങ്ങളിലെ എബ്രായ നായകനായിട്ടാണ് സ്വയം കാണുന്നത്.
''തലമുറകളുടെ ഒരു ദൗത്യത്തിലാണ് ഞാന്‍'' - നെതന്യാഹു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'ഗ്രേറ്റര്‍ ഇസ്രായേലുമായി' തനിക്ക് ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ''വളരെ... അതിനാല്‍ ഇത് ഒരു ചരിത്രപരവും ആത്മീയവുമായ ദൗത്യമാണെന്ന് എനിക്ക് തോന്നുന്നുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചാല്‍, ഉത്തരം 'അതെ' എന്നാണ്.''
പതിനേഴാം നൂറ്റാണ്ടിലെയും പതിനെട്ടാം നൂറ്റാണ്ടിലെയും ക്രിസ്ത്യന്‍ സയണിസത്തില്‍ നിന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിശാല ഇസ്രായേല്‍ എന്ന ആശയം ആദ്യം ഉയര്‍ന്നുവരുന്നത്. അന്ന അത് വിശാല ഇസ്രായേല്‍ ആയിരുന്നില്ല, ഫലസ്തീന്‍ മാത്രമല്ല, ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്ന 'ഇസ്രായേല്‍ ദേശം' മാത്രമായിരുന്നു.
മതേതര സ്വഭാവം കാണിച്ചിരുന്നെങ്കിലും ഫലസ്തീനില്‍ ദിവ്യമായ അവകാശമുണ്ടെന്ന വാദത്തെ പിന്തുണയ്ക്കാന്‍ 19ാം നൂറ്റാണ്ടില്‍ സയണിസ്റ്റുകള്‍ ഉപയോഗിച്ച ഉപകരണം 'ഇസ്രായേല്‍ ദേശം' അല്ലെങ്കില്‍ 'എറെറ്റ്‌സ് ഇസ്രായേല്‍' ആയിരുന്നു.
വിശാല ഇസ്രായേല്‍ ഇല്ലാതിരുന്നിട്ടു പോലും സയണിസ്റ്റുകള്‍ ചെറിയ ഇസ്രായേല്‍ ആഗ്രഹിച്ചില്ല. ആദ്യകാലത്ത് ദുര്‍ബലരായിരുന്ന അവര്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ശേഷം കിട്ടിയത് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ഫലസ്തീനില്‍ അവര്‍ക്ക് ഒരു ദേശീയഭവനമാണ് കിട്ടിയത്, ഒരു ജൂത രാഷ്ട്രമല്ല.
എന്നിരുന്നാലും, വിശാല ഇസ്രായേലിന്റെ ഭൂമിയില്‍ ഫലസ്തീന്‍ ഒരു തുടക്കം മാത്രമായിരുന്നു. നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെ വ്യാപിച്ചുകിടക്കുന്ന ഒരു ബൈബിള്‍ കഥാ രാജ്യത്തിന്റെ വിത്തായിരുന്നു അത്. ഇത് വെറും ബൈബിള്‍ വാചാടോപമല്ല, മറിച്ച് 'തീവ്രവാദികളുടെയും' 'മതഭ്രാന്തന്മാരുടെയും' മനസ്സിലെ ഒരു രൂപരേഖയായിരുന്നു. മിഡില്‍ ഈസ്റ്റിന്റെ (ലെബ്‌നാന്‍, സിറിയ, ഇറാഖ്) മധ്യഭാഗങ്ങളില്‍ ഭൂരിഭാഗവും, ഇപ്പോള്‍ വടക്കന്‍ സൗദി അറേബ്യയും തെക്കുകിഴക്കന്‍ തുര്‍ക്കിയും ഉള്ള പ്രദേശങ്ങള്‍ 'ഗ്രേറ്റര്‍' ഇസ്രായേലിലേക്ക് ലയിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.
സയണിസം മതഭ്രാന്തുള്ള പ്രത്യയശാസ്ത്രമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റുള്ളവര്‍ക്ക് മതഭ്രാന്തായി തോന്നുന്ന കാര്യം ഇസ്രായേലില്‍ സാധാരണ കാര്യമാണ്. ഗസയിലെ കൂട്ടക്കൊലകളോടുള്ള ഇസ്രായേലികളുടെ നിസംഗത അതാണ് സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും, മതഭ്രാന്തന്‍മാര്‍ക്കും പോലും സ്വന്തം മതഭ്രാന്തന്‍മാരുണ്ട്. 1977ല്‍ 'മുന്‍' തീവ്രവാദിയും കൂട്ടക്കൊലയാളിയുമായ മെനാച്ചം ബെഗിന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അത്ര ഭ്രാന്തരല്ലാത്ത മുഖ്യധാര അതുകണ്ട് സ്തംഭിച്ചുപോയി. മുഖ്യധാര ഭ്രാന്തന്‍മാര്‍ക്ക് സ്വന്തം കൂട്ടക്കൊലയാളികള്‍ ഉണ്ടായിരുന്നു. പക്ഷേ, മെനാച്ചം ബെഗിന്‍ അവരില്‍ ഒരാളായിരുന്നില്ല. എങ്ങനെ ഇത് സംഭവിച്ചു?.
ഇന്നത്തെ മുഖ്യധാരാ മതഭ്രാന്തന്‍മാര്‍ക്ക് ബെന്‍ഗ്വിറും സ്‌മോട്രിച്ചുമാണ് മതഭ്രാന്തന്‍മാര്‍. അവര്‍ നെതന്യാഹുവിന്റെ സഖ്യകക്ഷികള്‍ മാത്രമല്ല, ആ സര്‍ക്കാരിനെ നിലനിര്‍ത്തുന്നവരുമാണ്.
മധ്യപൂര്‍വേഷ്യയില്‍ അതിജീവീക്കാന്‍ ഇസ്രായേലിന് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളെ ദുര്‍ബലപ്പെടുത്തണമായിരുന്നു. ഇസ്രായേല്‍ സ്ഥാപിക്കുന്നതിന് മുമ്പ്, 1940കളില്‍ പോലും അറബ് രാജ്യങ്ങളിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായിരുന്ന ലബ്‌നാനെ ഒരു പാവ രാഷ്ട്രമാക്കാന്‍ വേണ്ട ക്രിസ്ത്യന്‍ നേതാവിനെ കണ്ടെത്താനാവുമെന്ന് ബെന്‍ ഗുരിയോണ്‍ പ്രതീക്ഷിച്ചിരുന്നു. 1970-80കളിലെ ആഭ്യന്തര യുദ്ധത്തില്‍ ഇസ്രായേല്‍ അതിന് ശ്രമിച്ചു. പക്ഷേ, ഫലാഞ്ചിസ്റ്റ് ബഷീര്‍ ഗെമയേല്‍ അതിന് വിസമ്മതിക്കുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തു.
1980കളിലെ യിനോന്‍ പദ്ധതി, മുഴുവന്‍ പ്രദേശത്തെയും വംശീയ-മത രാഷ്ട്രങ്ങളായി വിഭജിക്കുക എന്ന ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യത്തെ വ്യക്തമായി അവതരിപ്പിച്ചു. ഇറാഖിലും ലിബിയയിലും യുഎസ് നയിച്ച അധിനിവേശങ്ങളിലും സിറിയയ്ക്കെതിരായ നിഴല്‍ യുദ്ധത്തിലും ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഇത് ഇസ്രായേലിന് 1948ന് ശേഷമുള്ള ഏറ്റവും വലിയ വിജയം നേടിക്കൊടുത്തു.
ഗസയിലെ വംശഹത്യ തടയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിസമ്മതിക്കുന്നത് ആ രാജ്യങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷേ, അന്താരാഷ്ട്ര നിയമത്തിന്റെ നടത്തിപ്പുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറല്ല. 'ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള' ഏക പരിഹാരം ഫലസ്തീനികളെ ഫലസ്തീനില്‍നിന്ന് നീക്കം ചെയ്യുക എന്നതാണ്, അധിനിവേശക്കാരെ നീക്കം ചെയ്യുകയല്ല എന്ന നിലപാടിലാണ് അവരെന്ന് തോന്നുന്നു.
അമേരിക്ക, യുകെ, യൂറോപ്യന്‍ സര്‍ക്കാരുകള്‍ എന്നിവ ഒരിക്കലും അന്താരാഷ്ട്ര നിയമം പാലിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിച്ചിട്ടില്ല. 1948ലും 1967ലും 1990കളിലെ 'സമാധാന പ്രക്രിയ'യിലും അവര്‍ ഒരു ശ്രമവും നടത്തിയില്ല; ഒരു ശ്രമവും നടത്തുന്നില്ല എന്നത് അവരെ ഇപ്പോള്‍ ലജ്ജിപ്പിക്കുന്നുണ്ട്.
ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നെതന്യാഹു ഇപ്പോള്‍ കൂടുതല്‍ ധിക്കാരപൂര്‍വം വെളിപ്പെടുത്തുന്നതോടെ, പ്രശ്‌നം ഗസയുടെയോ ഫലസ്തീന്റെയോ ഭാവി മാത്രമല്ല, മുഴുവന്‍ മേഖലയുടെയും ഭാവിയാണ് തുലാസിലാവുന്നത്. 1920കളില്‍ സൃഷ്ടിച്ച മിഡിലീസ്റ്റിനെ നശിപ്പിക്കാന്‍ പാശ്ചാത്യര്‍ ആഗ്രഹിക്കുന്നു. മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രശ്‌നങ്ങളും നീക്കം ചെയ്ത് പുതിയ മിഡില്‍ ഈസ്റ്റ് നിര്‍മിക്കാനാണ് ശ്രമം.
ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയെ പിന്തുണയക്കുന്ന യുഎസ്, ഇറാനെതിരെ യുദ്ധം ആസൂത്രണം ചെയ്യുകയും ഹിസ്ബുല്ലയെ നശിപ്പിക്കാന്‍ ലബ്‌നാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. 'പുതിയ' മിഡില്‍ ഈസ്റ്റ് അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നതുപോലെയായിരിക്കും.
യുഎസിനെ പൂര്‍ണമായും ആശ്രയിച്ചാണ് ഇസ്രായേല്‍ നിലനില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ തങ്ങളെ പോറ്റിവളര്‍ത്തിയ ബ്രിട്ടീഷുകാരുടെ കൈകടിക്കുന്ന അവസ്ഥയിലേക്ക് ഇസ്രായേല്‍ എത്തിയിട്ടുണ്ട്. യുഎസ് ഇല്ലാതെയും തങ്ങള്‍ മുന്നോട്ടുപോവുമെന്ന് അവര്‍ക്ക് തോന്നിയേക്കാം. ഇസ്രായേലിലെ പൊതുജനങ്ങള്‍ക്കിടയിലെ തീവ്രവും വംശഹത്യപരവുമായ ചിന്തയുടെ വ്യാപ്തി അടുത്തിടെ നടന്ന വോട്ടെടുപ്പുകള്‍ കാണിക്കുന്നു.
പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിയോകാര്‍ട്ടോഗ്രഫി ഗ്രൂപ്പ് 2025 മാര്‍ച്ചില്‍ നടത്തിയ ഒരു വോട്ടെടുപ്പില്‍, പോള്‍ ചെയ്തവരില്‍ 82 ശതമാനം പേരും ഗസയില്‍നിന്ന് എല്ലാ ഫലസ്തീനികളെയും പുറത്താക്കുന്നതിനെയും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഉള്‍പ്പെടെ ഇസ്രായേലില്‍ ചേര്‍ക്കുന്നതിനെയും 56 ശതമാനം പേരും പിന്തുണയ്ക്കുന്നതായി കണ്ടെത്തി.
ജെറിക്കോ കീഴടക്കിയതിനുശേഷം ജോഷ്വ അവിടുത്തെ എല്ലാ നിവാസികളെയും കൊന്നൊടുക്കിയതുപോലെ ഗസയിലും ഇസ്രായേല്‍ സൈന്യം പെരുമാറണമെന്ന് പകുതിയോളം പേര്‍ പറഞ്ഞു. 2025 ജൂലൈ അവസാനം നടന്ന മറ്റൊരു വോട്ടെടുപ്പില്‍, ഗസയിലെ ക്ഷാമത്തിന്റെയും കഷ്ടപ്പാടുകളുടെയും റിപോര്‍ട്ടുകള്‍ 79 ശതമാനം ഇസ്രായേലികളെയും 'അത്രയധികം അസ്വസ്ഥരാക്കിയിട്ടില്ല' അല്ലെങ്കില്‍ 'ഒട്ടും അസ്വസ്ഥരാക്കിയിട്ടില്ല' എന്ന് കണ്ടെത്തി.
നെതന്യാഹുവിന്റെ പിന്‍ഗാമി ആരായാലും, ഇസ്രായേലിന്റെ അടിസ്ഥാന ദിശാബോധം ഉറപ്പിച്ചതായി തോന്നുന്നു. നിരവധി അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത് പോലെ, വംശഹത്യ നെതന്യാഹുവിന്റെയും സഹപ്രവര്‍ത്തകരുടെയും മാത്രം തീരുമാനമല്ല, മറിച്ച് ജനങ്ങളുടെ ആഗ്രഹവുമാണ്.
ഗസയില്‍ തടവിലാക്കിയിട്ടുള്ളവരെ ഫലസ്തീനികള്‍ വിട്ടയച്ചാല്‍ ഗസയിലും വെസ്റ്റ് ബാങ്കിലും വംശഹത്യ തുടരുന്നതിന് ഒരു ആഭ്യന്തര തടസ്സവുമില്ല. ഇസ്രായേലിലെ പൊതുജനങ്ങള്‍ രണ്ട് രാഷ്ട്രങ്ങളെയല്ല, മറിച്ച് കൂട്ടിച്ചേര്‍ക്കലിനെയാണ് പിന്തുണയ്ക്കുന്നത്. വിദേശ രാജ്യങ്ങളുടെ പൂര്‍ണമായ ബഹിഷ്‌കരണമോ സൈനിക ഇടപെടലോ കൊണ്ട് മാത്രമേ അവരെ തടയാനാകൂ എന്ന നിലയിലേക്ക് കോളനിവല്‍ക്കരണം മുന്നേറിയിരിക്കുന്നു.
'വിശാല ഇസ്രായേല്‍' എന്ന ആശയം ക്രമേണ യാഥാര്‍ഥ്യമാകുകയാണ്. യുഎസിന്റെ പൂര്‍ണ പിന്തുണയോടെയാണ് അത് നടക്കുന്നത്. ആത്യന്തികമായി ആരും ഈ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടില്ല എന്നതാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അറബികള്‍ക്ക് കാണാന്‍ കഴിയാത്തത്. പശ്ചിമേഷ്യ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. എന്തായാലും, ഇസ്രായേലിന് സന്തോഷകരമായ ഒരു ഭാവിയില്ല. അവിടുത്തെ ജനങ്ങള്‍ മനുഷ്യത്വമില്ലായ്മയിലൂടെ സ്വയം വിഷം കലര്‍ത്തുകയാണ്. മറക്കാനാവാത്ത ഭയാനകമായ ഓര്‍മകളല്ലാതെ എന്താണ് ആ രാജ്യത്തുണ്ടാവുക ?

