യുദ്ധം ചെയ്ത് ഗസയിലെ തടവുകാരെ മോചിപ്പിച്ചോ ?; പരാജയം മറച്ചുവയ്ക്കാന്‍ ഹേസ്ബാര ആഖ്യാനവുമായി നെതന്യാഹു
ഇഖ്ബാല്‍ ജസ്സത്ത്
കൃത്യമായ യുദ്ധലക്ഷ്യങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ച് പുറപ്പെട്ട ഒരു സൈന്യം, ദീര്‍ഘകാലം സിവിലിയന്‍മാരെ കൊന്ന്, കെട്ടിടങ്ങളും മറ്റും നശിപ്പിച്ച്, ലക്ഷ്യങ്ങള്‍ നേടാനാവാതെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായാല്‍ അതിനെ വിജയമായി കാണാനാവില്ലെന്ന് സൈനിക വിദഗ്ദര്‍ സമ്മതിക്കും. എന്നിരുന്നാലും, ഗസയില്‍ അധിനിവേശം നടത്തി ആയിരക്കണക്കിന് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തിട്ടും യുദ്ധലക്ഷ്യങ്ങളൊന്നും നേടാനാവാത്ത ഇസ്രായേലി പ്രധാനമന്ത്രിയും യുദ്ധക്കുറ്റവാളിയുമായ ബെഞ്ചമിന്‍ നെതന്യാഹു വിജയം അവകാശപ്പെടുന്നു.
2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സ ഓപ്പറേഷന് ശേഷം ഹീബ്രു ബൈബിളിലെ ജൂതന്‍മാരുടെ ശത്രുക്കളായ അമലേക്കുകളെ പരാമര്‍ശിച്ച് 'ഗസയെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കും', 'ഹമാസിനെ നശിപ്പിക്കും', 'തടവുകാരെ തിരികെ കൊണ്ടുവരും' എന്നീ പ്രഖ്യാപനങ്ങളാണ് നെതന്യാഹു നടത്തിയത്.
അങ്ങനെ ഒക്ടോബര്‍ 28ന് ഇസ്രായേല്‍ ഗസയില്‍ കരയുദ്ധം ആരംഭിച്ചു. 'കൊലപാതകികളായ' ശത്രുവിനെ നശിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്ന് അന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ''കൊലയാളികളോട് പകരം വീട്ടാന്‍ ഇസ്രായേലി സൈനികര്‍ ആഗ്രഹിക്കുന്നു, ലോകത്തില്‍ നിന്നും ഈ തിന്മയെ തുടച്ചുനീക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്'' എന്നും നെതന്യാഹു വീമ്പിളക്കി.
''അമലേക്കുകള്‍ നിങ്ങളോട് എന്താണ് ചെയ്തതെന്ന് ഓര്‍ക്കുക'' എന്ന ആവര്‍ത്തനപുസ്തകത്തിലെ 25:17 ഉദ്ധരണ ആവര്‍ത്തിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സൈനികര്‍ക്ക് അയച്ച കത്തില്‍ നെതന്യാഹു വീണ്ടും ഈ ഉദ്ധരണി ആവര്‍ത്തിച്ചു. നെതന്യാഹുവിന്റെ കത്ത് ഇങ്ങനെ പറഞ്ഞു. ''കൊലയാളികളായ ഹമാസിനെതിരായ ഇപ്പോഴത്തെ പോരാട്ടം തലമുറകളായുള്ള നമ്മുടെ ദേശീയ പ്രതിരോധശേഷിയുടെ മറ്റൊരു അധ്യായമാണ്.''. അമലേക്കുകളുടെ ഏതൊരു പിന്‍ഗാമിയേയും കൊല്ലാനുള്ള ബൈബിളിക്കല്‍ കല്‍പ്പനയെ നെതന്യാഹു ഇവിടെ ധിക്കാരപൂര്‍വ്വം പരാമര്‍ശിച്ചു.
ഗസയിലെ വംശഹത്യയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന കേസില്‍ നെതന്യാഹുവിന്റെയും മറ്റു രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരുടെയും അമലേക്ക് പരാമര്‍ശങ്ങളും സമാനമായ മറ്റു പ്രസ്താവനകളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് ഉദ്ദ്യേശ്യമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണത്.
ഒക്ടോബര്‍ 28ന് നെതന്യാഹു നടത്തിയ പ്രസംഗം, ഗസയിലെ സ്ത്രീകളെയും കുട്ടികളെയും കൊല്ലാനുള്ള ആഹ്വാനമാണെന്ന് ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകനായ ടെംബെക്ക എന്‍ഗുകൈറ്റോബി അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് സൈനികര്‍ക്ക് നെതന്യാഹു എഴുതിയ കത്തിലെ അമലേക്ക് പരാമര്‍ശവും ഉദ്ധരിച്ചു.
ടെംബെക്ക എന്‍ഗുകൈറ്റോബി കോടതിയില്‍ നെതന്യാഹുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു ''അമലേക്കുകള്‍ നിങ്ങളോട് ചെയ്തത് നിങ്ങള്‍ ഓര്‍ക്കണം എന്ന് ബൈബിള്‍ പറയുന്നു. ഇപ്പോള്‍ പോയി അമലേക്യരെ വെട്ടി അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുക, അവരെ വെറുതെവിടരുത്, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന പിഞ്ചുകുട്ടികളെയും കാളയെയും ആടിനെയും ഒട്ടകത്തെയും കഴുതയെയും കൊന്നുകളയുക എന്നാണ് ശമുവേല്‍ 15:3ല്‍ പറയുന്നത്.''
ഇസ്രായേല്‍ സൈന്യത്തിന്റെ വ്യവസ്ഥാപിത ആക്രമണം മൂലം ഗസ സിറ്റിയിലെ ഉയര്‍ന്ന കെട്ടിടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വീഴുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് അല്‍ജസീറ ചാനലിലെ ഹാനി മഹ്മൂദ് 2025 സെപ്റ്റംബറില്‍ പറഞ്ഞു. ''നശിച്ചത് കെട്ടിടങ്ങള്‍ മാത്രമല്ല, ഏകദേശം രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ജീവിതം നയിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്കുള്ള നിര്‍ണായകമായ സേവനങ്ങള്‍ കൂടിയാണ്.''-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുവെന്ന് നെതന്യാഹു വീണ്ടും വ്യക്തമാക്കി. ഗസ ഏറ്റെടുക്കാന്‍ ഇസ്രായേല്‍ ഉദ്ദ്യേശിക്കുന്നുവെന്നാണ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞത്. എന്നിരുന്നാലും, രണ്ട് വര്‍ഷമായി തുടര്‍ച്ചയായി 24 മണിക്കൂറും വ്യോമാക്രമണം നടത്തി ഗസയിലെ ജീവിതത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കാന്‍ ശ്രമിച്ച നെതന്യാഹു സ്വന്തം ശവക്കുഴി തോണ്ടി.
അതായത്, ചെറുത്തുനില്‍പ്പിന്റെയും പ്രതിരോധ ശേഷിയുടെയും പ്രതീകമായി ഫലസ്തീനെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ സ്വീകരിച്ചു. വംശഹത്യ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടും നെതന്യാഹുവിനെയും അയാളുടെ ക്രിമിനല്‍ സംഘത്തെയും അപലപിച്ചും ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി.
ഇസ്രായേല്‍ ഗസയില്‍ കൂട്ടക്കൊല നടത്തുകയാണെന്നും സഹായങ്ങള്‍ തടയുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി പ്രഖ്യാപിച്ചു. ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് പുറമെ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയാണെന്നും ഗസയിലെ നാശനഷ്ടങ്ങളുടെ തോത് 'ലോക മനസ്സാക്ഷിയെ' ഞെട്ടിക്കുന്നതാണെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് വിലപിച്ചു. ഗസയിലെ വംശഹത്യ തടയാന്‍ ലോകരാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന യുഎന്‍ അന്വേഷണ കമ്മീഷന്റെ സെപ്റ്റംബറിലെ റിപോര്‍ട്ട് നെതന്യാഹുവിന് അധിക പ്രഹരമായി.
''ഗസയിലെ വംശഹത്യയ്ക്ക് ഇസ്രായേലാണ് ഉത്തരവാദിയെന്ന് കമ്മീഷന്‍ കണ്ടെത്തുന്നു. എന്താണ് വംശഹത്യയെന്ന് വിശദീകരിക്കുന്ന വംശഹത്യാ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ പ്രകാരം നോക്കുകയാണെങ്കില്‍ ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് ഉദ്ദേശ്യമുണ്ട്''-യുഎന്‍ അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ നവി പിള്ള വ്യക്തമാക്കി.
ഹമാസിനെയും മറ്റു ചെറുത്തുനില്‍പ്പ് സംഘടനകളെയും പരാജയപ്പെടുത്താന്‍ കഴിയാതിരുന്നതിനാലും തടവുകാരെ സൈനികമായി മോചിപ്പിക്കാന്‍ കഴിയാതിരുന്നതിനാലും തന്നെ ശവക്കുഴിയില്‍ നിന്നും പിടിച്ചു കയറ്റാന്‍ നെതന്യാഹു ട്രംപിന്റെ കൈതേടി.
ഇസ്രായേലിന്റെ പരാജയങ്ങളെ കുറിച്ച് ഹമാസ് നേതാവ് ഉസാമ ഹംദാന്‍ ഇങ്ങനെ പറയുന്നു:
1) സൈനികശക്തി ഉപയോഗിച്ച് അധിനിവേശ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞില്ല എന്നതാണ് വെടിനിര്‍ത്തല്‍ കരാറിന്റെ രാഷ്ട്രീയ സൂചനകളിലൊന്ന്.
2) ആഗോളതലത്തിലും പ്രാദേശിക തലത്തിലും സഹായം ലഭിച്ചിട്ടും രണ്ടു വര്‍ഷമായി യുദ്ധം നടത്തിയിട്ടും ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരായി.
3) വിമോചനത്തിന് മുമ്പ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആയുധം കൈമാറില്ല, വിമോചനത്തിന് ശേഷം സ്വയം പ്രതിരോധത്തിനായി അവ കൈവശം വയ്ക്കും.
4) ഗസയുടെ പുനര്‍നിര്‍മാണത്തിനായി ചെറുത്തുനില്‍ക്കാനുള്ള ദേശീയ അവകാശം കൈമാറില്ല.
5) ഞങ്ങള്‍ ഗസ മുനമ്പില്‍ നിന്നും പോവില്ല, വിദേശത്തുള്ള ഹമാസ് നേതാക്കളെ തിരികെ ഗസയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി, ഫലസ്തീനി ജനത കുടിയിറക്കത്തിന് തയ്യാറല്ല.
ഇസ്രായേലി വംശഹത്യാ ഭരണകൂടത്തിന് എതിരായി ആഗോളതലത്തില്‍ പൊതുജനാഭിപ്രായം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, ട്രംപിനെ തന്റെ വശത്ത് ചേര്‍ത്തുനിര്‍ത്തി വിജയത്തിന്റെയും സഫലതയുടെയും ആഖ്യാനം കുറിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. അത് സയണിസ്റ്റുകളുടെ ഹേസ്ബാര ആഖ്യാനത്തിന്റെ ഭാഗമാണ്. സയണിസ്റ്റ് പ്രചാരണങ്ങളെ ലോകത്തിന് മുമ്പ് വില്‍ക്കുന്ന പ്രൊപ്പഗണ്ട രീതിയാണത്.

