മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനമാണ് ഈയടുത്ത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രധാനമന്ത്രി നടത്തിയ തെറ്റായ തീരുമാനം. ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ മനസിലുള്ള വിഷമെന്തെന്നും ഇനി ഇവിടുന്നങ്ങോട്ട് കാര്യങ്ങള്‍ എന്തായിരിക്കുമെന്നതിന്റെയും സൂചനയുണ്ട്.
ഇസ്രായേലിനൊപ്പം എന്നു പറയുമ്പോള്‍ ആത്യന്തികമായി ഗസക്കെതിരേ എന്നു വായിക്കേണ്ടി വരും. അതെ ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും ഒരു പ്രധാനമന്ത്രിക്ക് കാര്യങ്ങളെ വസ്തുനിഷ്ടമായി കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഈ രാജ്യത്തിന്റെ പോക്ക് ആശങ്കാജനകമാണ്.
സുരക്ഷാ വെല്ലുവിളികളുടെയും ചരിത്രപരമായ ബന്ധങ്ങളുടെയും വീക്ഷണകോണിലൂടെ ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ വിവരിച്ച മോദി, ഒന്നാം ലോകമഹായുദ്ധസമയത്ത് ഈ മേഖലയില്‍ 4,000-ത്തിലധികം ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചുവെന്ന് അനുസ്മരിച്ചു. ഈ ബന്ധം നയതന്ത്രത്തില്‍ മാത്രമല്ല, 'രക്തത്തിന്റെയും ത്യാഗത്തിന്റെയും' അടിസ്ഥാനത്തിലാണെന്നായിരുന്നു പരാമര്‍ശം.
ഒക്ടോബര്‍ 7 ലെ ഹമാസിന്റെ തിരിച്ചടിയെയും 2008 ലെ മുംബൈ ആക്രമണത്തെയും നേരിട്ട് പരാമര്‍ശിക്കവേ, ഇരു രാജ്യങ്ങളുടെയും അനുഭവങ്ങള്‍ തമ്മില്‍ സമാനതകളുണ്ടെന്നാണ് മോദി പറഞ്ഞുവച്ചത്. ഒക്ടോബര്‍ 7 ലെ ഹമാസ് നടത്തിയ തിരിച്ചടിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് ആകുലത പൂണ്ട മോദിക്ക് ഒരുപക്ഷേ കാലങ്ങളായി ഒരു ജനതയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രഹരവും ജീവന്‍മരണ പോരാട്ടവും അറിയാതിരിക്കില്ല, പക്ഷെ, മോദി അത് അറിഞ്ഞെന്നു നടിക്കില്ല.
മോദിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍
ഇന്ത്യ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ച 1950 സെപ്റ്റംബര്‍ 17 നാണ് താന്‍ ജനിച്ചതെന്ന് മോദി പരാമര്‍ശിച്ചു.ഈ ബഹുമാന്യമായ സഭയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നത് എനിക്ക് ഒരു ബഹുമതിയും പദവിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ മാത്രമല്ല, ഒരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്, മറ്റൊരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്നു.
'ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു ഞാന്‍. ഇപ്പോള്‍ വീണ്ടും ഇവിടെ എത്തിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,'
ഭീകരത എവിടെയാണെങ്കിലും സമാധാനത്തിന് ഭീഷണിയായതിനാല്‍ ഭീകരതയെ നേരിടാന്‍ സുസ്ഥിരവും ഏകോപിതവുമായ ആഗോള നടപടി ആവശ്യമാണ്.
ഒരു കാരണവശാലും സാധാരണക്കാരെ കൊല്ലുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. തീവ്രവാദത്തെ ന്യായീകരിക്കാന്‍ കഴിയില്ല. നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും ഭാവിയിലും ഇന്ത്യ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു.
അതെ, ഒരോ വാക്കിലും ഇസ്രായേലിനൊപ്പം നിങ്ങള്‍ക്കൊപ്പം സാധാരണക്കാര്‍ക്കൊപ്പം എന്നു പലയാവര്‍ത്തി പറയുന്ന മോദിക്ക് ഗസക്കൊപ്പമെന്ന വാക്ക് പറയാന്‍ മടി കാണും. കാരണം മോദി ചരിത്രം എന്നേ മറന്നു കഴിഞ്ഞു. ഒരിക്കല്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനുമുമ്പില്‍ ആത്മാഭിമാനം പണയം വയ്ക്കാതെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ച മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ക്കുമുമ്പില്‍ ചില ചരിത്രം തല കുനിക്കും.

