നക്ബ: യാഫായെ മായ്ക്കുന്നത് ഗസയ്ക്കുള്ള മുന്നറിയിപ്പാണ്
നക്ബയുടെ 77ാം വാര്‍ഷിക ദിനമായിരുന്നു മെയ് 15
ആബിദ് അബൂ ശഹാദി
എന്റെ പിതാമഹന്‍, അബു സുബ്ഹി എന്നറിയപ്പെടുന്ന ഇസ്മായില്‍ അബൂ ശഹാദി, ഒരിക്കലും നക്ബയെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചിട്ടില്ല. മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. പക്ഷേ, 1948ല്‍ എന്താണ് സംഭവിച്ചതെന്ന് വിവരിക്കുന്നത് അദ്ദേഹം എപ്പോഴും ഒഴിവാക്കിയിരുന്നു.
1948ലെ ഫലസ്തീനിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ യാഫാ(ജഫാ)യില്‍ ഉണ്ടായ ദുരന്തത്തെ അതിജീവിക്കുക എന്നതിന്റെ അര്‍ഥമെന്താണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് അദ്ദേഹം വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയാണ്.
അല്‍ ജസീറയുമായുള്ള ഒരു അഭിമുഖത്തിലൂടെയാണ് അദ്ദേഹത്തിന്റെ പിതാവ് ഹസീന്‍ അബൂ ശഹാദി എങ്ങനെയാണ് മരിച്ചതെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്.
ഓട്ടോമന്‍ കാലഘട്ടത്തിലാണ് ഹസീന്‍ ജനിച്ചത്. ഭൂമി പലപ്പോഴും അതില്‍ പണിയെടുക്കുന്നവരുടെ വകയായി കണക്കാക്കപ്പെട്ടിരുന്നു. ഔപചാരിക ഭൂവുടമസ്ഥതാ നിയമങ്ങള്‍ മാറിയപ്പോഴും ഫലസ്തീന്‍ കാര്‍ഷിക ജീവിതത്തിന്റെ തലമുറകളെ രൂപപ്പെടുത്തിയ ഒരു തത്ത്വമായിരുന്നു അത്.
1948ല്‍, സയണിസ്റ്റ് സായുധ സംഘങ്ങള്‍ ആ സുരക്ഷിതത്വം മുതലെടുത്തു. ഫലസ്തീന്‍ ഗ്രാമീണരെ സംശയം തോന്നാത്ത വിധം പിടികൂടി, ഭീകരത ഉപയോഗിച്ച് അവരെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കുകയും അവരുടെ ഭൂമിയും സ്വത്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.
പുതിയ യാഥാര്‍ഥ്യം വകവയ്ക്കാതെ, മറ്റു പലരെയും പോലെ ഹസീനും തന്റെ തോട്ടങ്ങളില്‍ കൃഷി തുടര്‍ന്നു. എന്നാല്‍ 1960കളില്‍, ഇസ്രായേലി അധികൃതര്‍ തന്റെ ഓറഞ്ച് മരങ്ങള്‍ പിഴുതെറിയാന്‍ എത്തിയപ്പോള്‍, അവരെയിനി അധിക കാലംതടയാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന് ഒരു പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകവേ വഴിയില്‍ വച്ച് മരിച്ചു.
യാഫായില്‍ തന്നെ തുടരാന്‍ ഞങ്ങളുടെ കുടുംബത്തിന് കഴിഞ്ഞപ്പോള്‍, മറ്റു പലരും പുറത്താക്കപ്പെട്ടിരുന്നു. പിന്നീടാണ് അതെനിക്ക് മനസ്സിലായത്. 77 വര്‍ഷങ്ങള്‍ക്കു മുമ്പ് നക്ബയ്ക്ക് സാക്ഷ്യം വഹിച്ച അതേ നഗരത്തില്‍ താമസിക്കുന്നതിന്റെ തുടര്‍ച്ചയാണ്, ഞാന്‍ എങ്ങനെ ഓര്‍ക്കുന്നുവെന്നും ഇന്ന് ഞാന്‍ എങ്ങനെ എഴുതുന്നുവെന്നുമുള്ളതിനെ രൂപപ്പെടുത്തുന്നത്.
യാഫായും ഗസയും: സമാന്തര കഥകള്‍
ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെ വെളിച്ചത്തില്‍, നഷ്ടവും പ്രതിരോധവും കൊണ്ട് ബന്ധിതമായ രണ്ട് തീരദേശ കേന്ദ്രങ്ങളായ യാഫായുടെയും ഗസയുടെയും സമാന്തര കഥകളെക്കുറിച്ച് നക്ബയുടെ സ്മരണയ്ക്കായി ഞാന്‍ ചിന്തിക്കുന്നു.
യാഫായിലെ ഫലസ്തീന്‍ ജനതയെ വംശീയമായി തുടച്ചുനീക്കി നശിപ്പിച്ചു. ലോകത്തിലെ സമ്പന്നരുടെ കളിസ്ഥലമാക്കി അതിനെ മാറ്റി. ഇപ്പോള്‍ ഏറ്റവും ധനികരായ ആളുകള്‍ അതിന്റെ നശിച്ച അയല്‍പക്കങ്ങളുടെ തീരങ്ങളിലൂടെ നടക്കുന്നു. നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലും സെമിത്തേരികള്‍ക്ക് മുകളിലും ഹോട്ടലുകള്‍ നിര്‍മിച്ചിരിക്കുന്നു.
ഗസ മുനമ്പിലുടനീളം, മുഴുവന്‍ പ്രദേശങ്ങളും തുടച്ചുനീക്കപ്പെട്ടു. 'വൃത്തിയാക്കാന്‍' എന്ന പേരില്‍ രാഷ്ട്രത്തലവന്മാര്‍ നടത്തിയ പരസ്യമായ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ താമസക്കാരെ പുറത്താക്കി സമാനമായ ഒരു കളിസ്ഥലമാക്കി മാറ്റി.
ഗസ മുനമ്പിനെ ' മധ്യേഷ്യയിലെ റിവിയേര ' ആക്കി മാറ്റുക എന്ന തന്റെ കാഴ്ചപ്പാട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചപ്പോള്‍, പലരും അതിനെ ഒരു അസംബന്ധ ഭാവനയായി തള്ളിക്കളഞ്ഞു.
പക്ഷേ, ഗസയ്ക്കായി അദ്ദേഹം നിര്‍ദേശിച്ചത് വാസ്തവത്തില്‍ യാഫായില്‍ സംഭവിച്ചു കഴിഞ്ഞു. ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ച ഫലസ്തീന്‍ കേന്ദ്രമായിരുന്നു യാഫാ. പഴയ നഗരമൊഴികെ ഇന്നവിടെ ഹിബ്രു നഗരമാണ്. യാഫായുടെ നക്ബയുടെ വ്യാപ്തി ഭൗതികവും രാഷ്ട്രീയവും മാത്രമല്ല, വൈജ്ഞാനികവും ആയിരുന്നു.
1948ലെ വസന്തകാലത്ത് സയണിസ്റ്റ് സൈന്യം നഗരം ഉപരോധിച്ചു. ആഴ്ചകളോളം യാഫായില്‍ ബോംബാക്രമണം നടന്നു. മെയ് 14ന് അത് തകര്‍ന്നു. അവിടെ താമസിച്ചിരുന്ന ഏകദേശം 120,000 ഫലസ്തീനികളില്‍ ഏകദേശം 4,000 പേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
മുഴുവന്‍ വീടുകളും ഒഴിപ്പിക്കപ്പെട്ടു. കുടുംബങ്ങളെ നാടുകടത്തുകയോ മുള്ളുവേലികള്‍ക്ക് പിന്നില്‍ ബന്ധിക്കുകയോ ചെയ്തു. അസാന്നിധ്യ നിയമ(Absentee Propetry Law)പ്രകാരം വീടുകള്‍ പിടിച്ചെടുത്ത് കൈയേറ്റക്കാര്‍ക്ക് കൈമാറി.
യാഫായുടെ മുനിസിപ്പല്‍ ആസ്ഥാനമായ സരായ പോലുള്ള പൊതു കെട്ടിടങ്ങള്‍ ബോംബാക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. തെരുവുകളുടെ പേര് മാറ്റി. സാംസ്‌കാരിക സ്മാരകങ്ങള്‍ അപ്രത്യക്ഷമായി. നഗരത്തിന്റെ അവശിഷ്ടങ്ങള്‍ പുനര്‍നാമകരണം ചെയ്യപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്തു. അങ്ങനെ അതിന്റെ ഫലസ്തീന്‍ സ്വത്വം ക്രമേണ ഇല്ലാതാക്കി.
ഗസയില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാതൃക ഇതാണ്: ജനങ്ങളെ ഒഴിപ്പിക്കാനും വീണ്ടും നിര്‍മിക്കാനും ലോകത്തിനായി തുറന്നിടാനുമുള്ള സ്ഥലം.
യാഫാ: അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന കേന്ദ്രം
ഇന്നത്തെ ഗസ മുനമ്പിനെ പോലെ, ഒരുകാലത്ത് ഫലസ്തീനിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഒന്നായിരുന്നു യാഫാ. 1945ല്‍, ബ്രിട്ടിഷ് മാന്‍ഡേറ്റ് രേഖകള്‍ നഗരത്തില്‍ തന്നെ ഏകദേശം 94,000 നിവാസികളെയും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ 30,000 പേരെയും രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ചുപത്രങ്ങള്‍, മൂന്നു ഫുട്‌ബോള്‍ ക്ലബ്ബുകള്‍, നാലുസിനിമാശാലകള്‍, ഒരു തിയേറ്റര്‍, അച്ചടിശാലകള്‍, സോപ്പ് ഫാക്ടറികള്‍, അന്താരാഷ്ട്ര ഷിപ്പിങ് കമ്പനി എന്നിങ്ങനെ ഫലസ്തീന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ ഹൃദയമായിരുന്നു അത് .
യാഫായില്‍നിന്ന് ജറുസലേമിലേക്ക് ബസുകള്‍ സര്‍വിസ് നടത്തി. ട്രെയിനുകള്‍ ഹിജാസ് റെയില്‍വേ വഴി അറബ് ലോകവുമായി അതിനെ ബന്ധിപ്പിച്ചു. തുറമുഖത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ നഗരത്തില്‍ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫലസ്തീനിലെ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷനും ഉണ്ടായിരുന്നു.
രാഷ്ട്രീയ യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍, 'ഇസ്രായേലിന്റെ' തെക്കേ അറ്റത്തുള്ള നഗരമായ എയ്‌ലാത്തിനെക്കാള്‍ (275 കിലോമീറ്റര്‍) യാഫാ ദമാസ്‌കസുമായും (215 കിലോമീറ്റര്‍) അമ്മാനുമായും (160 കിലോമീറ്റര്‍) അടുത്താണെന്ന് ഇപ്പോള്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.
അറബ് ലോകവുമായുള്ള അതിന്റെ ബന്ധം എത്രത്തോളം മായ്ച്ചുകളഞ്ഞിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തില്‍, ധാരണയുടെയും ഓര്‍മയുടെയും ഭൂമിശാസ്ത്രത്തിന്റെയും ഒരു വൈകല്യമാണിത്.
രസകരമെന്നു പറയട്ടെ, ഇന്നത്തെ മിക്ക സന്ദര്‍ശകരും പഴയ നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. നിസ്സംശയമായും മനോഹരമായ ഒരു പ്രദേശമാണത്. പക്ഷേ, പാശ്ചാത്യര്‍ക്ക് ഫലസ്തീന്‍ നഗരത്തെ സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഓറിയന്റലിസ്റ്റ് ശൈലി വെളിപ്പെടുത്തുന്ന സ്ഥലം.
മസ്ജിദുകളിലും ചര്‍ച്ചുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഇടവഴികള്‍, കാലക്രമേണ മരവിച്ച അറബ് ജീവിതത്തിന്റെ ഒരു പ്രണയ ചിത്രം പ്രദാനം ചെയ്യുന്നു. ഒരു ഹമ്മാം (കുളിപ്പുര), അതിന്റെ യഥാര്‍ഥ അര്‍ഥം 'വിശ്രമമുറി' എന്നാണെങ്കിലും, അതേ അറബി നാമത്തില്‍ ഒരു ഭക്ഷണശാലയാക്കി മാറ്റിയത് എങ്ങനെയെന്ന് പോലും ഒരാള്‍ക്ക് കാണാന്‍ കഴിയും.
അപ്പോള്‍, പഴയ നഗരം പാശ്ചാത്യ വികാരങ്ങളെ പുകഴ്ത്താന്‍ ഉദ്ദേശിച്ചുള്ള ഒരു കഥ പറയുന്നു: വെള്ളക്കാരന്‍ ആധുനികവല്‍ക്കരിക്കുന്നതിന് മുമ്പ്, ആധുനികതയ്ക്ക് മുമ്പുള്ള കാലഘട്ടത്തില്‍ കുടുങ്ങിപ്പോയ അറബികളുടെ ഒരു ഭ്രമകല്‍പ്പന.
അരികുവല്‍ക്കരിക്കപ്പെട്ട ഫലസ്തീന്‍ നഗരങ്ങള്‍
ഒരു രാഷ്ട്രീയ സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ യാഫായുടെ കഥ പഴയ നഗരത്തിന് പുറത്താണ്.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന ദശകങ്ങളില്‍ നഗരത്തിനായുള്ള നവീകരണ പദ്ധതി നടപ്പിലാക്കിയ ഓട്ടോമന്‍ ഗവര്‍ണറുടെ പേരിലാണ് ജമാല്‍ പാഷ തെരുവ് അറിയപ്പെടുന്നത്. സൂക്ഷ്മമായ കാഴ്ചശേഷിയുള്ളവര്‍ മാത്രമേ അതിലൂടെ നടക്കൂ.
ആ സമയത്ത്, യാഫായുടെ നഗര ഭൂപ്രകൃതിയെ പുനര്‍നിര്‍മിക്കുന്നതിനായി ഒരു വികസന പദ്ധതി ആരംഭിച്ചു. അത് ഒരു വ്യതിരിക്തമായ വാസ്തുവിദ്യാ മുദ്ര അവശേഷിപ്പിച്ചു.
1930കളുടെ മധ്യത്തില്‍, അല്‍ ഹംറ സിനിമ തിയേറ്ററിന്റെ നിര്‍മാണം ആരംഭിച്ചു. ഉദ്ഘാടന വേളയില്‍, 1936ലെ അറബ് കലാപത്തിന്റെ പതാക ഉയര്‍ന്നു. ഇതിഹാസ ഈജിപ്ഷ്യന്‍ ഗായികയും നടിയുമായ ഉമ്മു കുല്‍ഥും ഉള്‍പ്പെടുന്ന ഒരു വലിയ പ്ലക്കാര്‍ഡ് അവരുടെ 'ദി നാഷണല്‍ ക്വയര്‍' എന്ന സിനിമയുടെ പ്രദര്‍ശനത്തിനായി തൂക്കി.
ചര്‍ച്ച് ഓഫ് സയന്റോളജി വാങ്ങിയതിനുശേഷം സമീപ വര്‍ഷങ്ങളില്‍ ഇത് നവീകരിച്ചെങ്കിലും കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ 1948ന് മുമ്പുള്ള നഗരജീവിതത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ടെങ്കിലും, ഫലസ്തീനിലെ പ്രധാന നഗരങ്ങളുടെ ചരിത്രങ്ങള്‍ പലപ്പോഴും അതിന്റെ ദേശീയ ആഖ്യാനത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടിട്ടുണ്ട്.
നഗര സാമൂഹിക ശാസ്ത്രജ്ഞയായ ഡോ. മനാര്‍ ഹസന്‍ തന്റെ 'Hidden from View: Palestinian Women and Cities until 1948' എന്ന പുസ്തകത്തില്‍, ദേശീയ ചരിത്രരചന പ്രധാനമായും ഗ്രാമീണ ആഖ്യാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ വിമര്‍ശിക്കുന്നു. ഫലസ്തീനികളെ അവരുടെ ഗ്രാമങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട കര്‍ഷകരായി ചിത്രീകരിക്കുന്നു. അതേസമയം, യാഫാ, ഹൈഫ തുടങ്ങിയ നഗര കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞ ശ്രദ്ധയാണ് നല്‍കുന്നത്.
ഇടതുവശത്ത് 1948ല്‍ യാഫായിലെ മനിഷിയ എന്ന അറബ് അയല്‍പക്കത്തിന്റെ അവശിഷ്ടങ്ങളും വലതുവശത്ത് 2025ല്‍ ഗാസയിലെ നശിപ്പിക്കപ്പെട്ട അയല്‍പക്കവുമാണ്
ഒരുപക്ഷേ, അധിനിവേശ ജനത എന്ന നിലയില്‍, കിബ്ബുറ്റ്‌സ്‌നിക്കിന്റെ സയണിസ്റ്റ് പ്രതിച്ഛായയെ എതിര്‍ക്കാനും ഭൂമിയുമായുള്ള ഞങ്ങളുടെ ബന്ധം തെളിയിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചിരിക്കാം. അല്ലെങ്കില്‍ കര്‍ഷക തൊഴിലാളിയുടെ രൂപത്തെ പരാമര്‍ശിച്ചുകൊണ്ട് ദേശീയ ദുരന്തത്തിന്റെ വ്യാപ്തി എടുത്തുകാണിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരിക്കാം.
എന്നാല്‍ യാഫാ, ഹൈഫ, ഏക്കര്‍ (അറബിയില്‍ അക്കാ എന്നാണ് വിവര്‍ത്തകന്‍), റാമല, ലോദ് (ലുദ്ദ്: വിവര്‍ത്തകന്‍) എന്നിവിടങ്ങളിലെ ഫലസ്തീന്‍ നഗരജീവിതത്തിന്റെ നാശത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍, നമ്മള്‍ ചോദിക്കേണ്ടത് ഇതാണ്: 1948ല്‍ ഈ നഗരങ്ങള്‍ക്കും അതിലെ നിവാസികള്‍ക്കും എന്ത് സംഭവിച്ചു? ഗസയുടെ ഭാവിയെക്കുറിച്ച് നമുക്ക് എന്ത് പറയാന്‍ കഴിയും?
ഒന്നും അവശേഷിച്ചില്ല
ജോര്‍ദാനിലെ റുയ ചാനലുമായുള്ള അഭിമുഖത്തിനിടെ, ഒരു യുവ പത്രപ്രവര്‍ത്തക എന്റെ പിതാമഹനോട് ചോദിച്ചു: 'അബൂ സുബ്ഹി, ദയവായി യാഫാ എങ്ങനെയായിരുന്നുവെന്ന് എന്നോട് പറയൂ.' 1948ന് മുമ്പുള്ള നഗരത്തിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു: '1948ലെ നക്ബ നിങ്ങള്‍ എങ്ങനെ സംഗ്രഹിക്കും?'
കടലില്‍നിന്നും എല്ലാ ദിശകളില്‍നിന്നും, ലോദില്‍ നിന്നും മറ്റിടങ്ങളില്‍നിന്നും വിക്ഷേപിക്കപ്പെട്ട 4,000 റോക്കറ്റുകള്‍ യാഫായില്‍ എങ്ങനെ പെയ്തുവെന്ന് അയാള്‍ അവരോട് പറയാന്‍ തുടങ്ങി; ശവശരീരങ്ങള്‍ ഒഴികെ മറ്റൊന്നും അവശേഷിച്ചില്ലെന്നും. അദ്ദേഹം തന്റെ വാചകം പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, അദ്ദേഹത്തിന് എങ്ങനെ തോന്നുന്നുവെന്ന് അവര്‍ ചോദിച്ചു.
എന്റെ മുത്തച്ഛന്‍ തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു. അദ്ദേഹം പറഞ്ഞു: 'ഞാന്‍ യാഫായെക്കുറിച്ച് സംസാരിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്യുന്നത് ഇതാദ്യമാണ്.' അഭിമുഖം നിര്‍ത്താന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അദ്ദേഹം പോകാന്‍ എഴുന്നേറ്റു.
ഒടുവില്‍, അവര്‍ അദ്ദേഹത്തെ തിരികെ വിളിച്ച് അവസാനമായി ഒരു ചോദ്യം ചോദിച്ചു: 'യാഫാ താങ്കള്‍ക്ക് എന്താണ്?' അദ്ദേഹം മറുപടി പറഞ്ഞു: 'എനിക്ക്, അത് നമ്മളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു പൈതൃകത്തില്‍ കുറഞ്ഞൊന്നുമല്ല. നിങ്ങള്‍ക്ക് എന്റെ അച്ഛനെ ശപിക്കാം, ഞാന്‍ നിങ്ങളോട് ക്ഷമിക്കും. പക്ഷേ, നിങ്ങള്‍ യാഫായെ ശപിച്ചാല്‍, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല.'
എന്റെ മുത്തച്ഛന്‍ 2021 ല്‍ ഒരു സെമിത്തേരിയിലേക്ക് പോകുന്ന വഴി മരിച്ചു.
എന്റെ മുത്തച്ഛന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ കാറില്‍ പോകുമ്പോള്‍, ഞാന്‍ എന്റെ പിതാവിന്റെ കസിന്റെ കൂടെ ഒരു കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു. നാല്‍പ്പതുകളുടെ അന്ത്യത്തിലായിരുന്ന അദ്ദേഹം, ഒരു ഓട്ടോ റിപ്പയര്‍ ഷോപ്പ് നടത്തുകയായിരുന്നു. ഞങ്ങള്‍ അതിനടുത്തെത്തിയപ്പോള്‍, അദ്ദേഹം പെട്ടെന്ന് തല കുനിച്ചു പറഞ്ഞു: 'അബൂ സുബ്ഹി, ഇന്ന് നിങ്ങള്‍ക്ക് സരായയുടെ കുട്ടികളോടൊപ്പം വിശ്രമിക്കാം.'
1948 ജനുവരി 4ന് ലെഹി മിലിഷ്യ (സ്‌റ്റേണ്‍ ഗാങ്) നടത്തിയ പ്രധാന ഭീകരാക്രമണത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.
ബ്രിട്ടിഷുകാര്‍ അക്കാലത്ത് ഒരു തീവ്രവാദ സംഘടനയായി മുദ്രകുത്തിയ ലെഹി മിലിഷ്യ, പഴയ നഗരത്തിനു പുറത്ത് സ്ഥിതി ചെയ്യുന്ന മുന്‍ ഗവര്‍ണറുടെ കൊട്ടാരമായ സരായ കെട്ടിടത്തില്‍ ബോംബ് വച്ചു. 14 പേര്‍ കൊല്ലപ്പെടുകയും 98 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അടുത്ത ദിവസം പ്രസിദ്ധീകരിച്ച ഹാരെറ്റ്‌സിലെ ഒരു ലേഖനം അനുസരിച്ച്, സാമൂഹിക സേവനങ്ങള്‍ നല്‍കുന്നതിനും ദരിദ്രരായ കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും യാഫാ മുനിസിപ്പാലിറ്റി ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.
സ്‌ഫോടനം നടന്നപ്പോള്‍ എന്റെ മുത്തച്ഛന്‍ സലാമ റോഡില്‍ കുറച്ചു താഴെയായി ജോലി ചെയ്യുകയായിരുന്നു.
ചെറുപ്പക്കാരനായതിനാല്‍, സ്‌ഫോടന ശബ്ദം കേട്ടയുടനെ സഹായത്തിനായി അദ്ദേഹം സംഭവ സ്ഥലത്തേക്ക് ഓടി. അവശിഷ്ടങ്ങള്‍ നീക്കാനും അതിജീവിച്ചവരെ തിരയാനും തുടങ്ങി. പക്ഷേ, കുട്ടികളുടെ മൃതദേഹങ്ങള്‍ കല്ലുകള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞത് കണ്ടപ്പോള്‍ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു.
ഉറക്കമുണര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ആദ്യം ഓര്‍മ വന്നത്, 'നീ ധാരാളം കണ്ടു. വീട്ടിലേക്ക് പോകൂ. അതാണ് നിനക്ക് നല്ലത്' എന്ന് ഒരാള്‍ പറഞ്ഞതാണ്.
1948ല്‍ യാഫായുടെ അവശിഷ്ടങ്ങളില്‍ കളിക്കുന്ന കുട്ടികള്‍ ഇടതുവശത്തും (ക്രിയേറ്റീവ് കോമണ്‍സ്) വലതുവശത്തും ഗാസയിലെ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ നില്‍ക്കുന്ന ഒരു പലസ്തീന്‍ കുട്ടി
സരായയുടെ കഥ അദ്ദേഹത്തെ വേട്ടയാടി. ഒടുവില്‍ അത് ഞങ്ങളുടെ കുടുംബത്തിന്റെ ആഖ്യാനത്തിന്റെ ഭാഗമായി. ഏറ്റവും പ്രധാനമായി, യാഫായിലെ ജനങ്ങള്‍ 'ദരിദ്രരായ കുട്ടികള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍, ബാക്കിയുള്ള നമ്മളോട് അവര്‍ എന്തുചെയ്യും?' എന്ന ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു.
പിടികൂടലും പുറത്താക്കലും
യഥാര്‍ഥ വിഭജന പദ്ധതി പ്രകാരം, യാഫാ ഫലസ്തീന്‍ രാജ്യത്തിന്റെ ഭാഗമാകേണ്ടതായിരുന്നു. എന്നാല്‍ ഡേവിഡ് ബെന്‍ ഗുരിയോണിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് സായുധ സംഘങ്ങള്‍ക്ക് നിര്‍ദിഷ്ട ജൂത രാഷ്ട്രത്തിന്റെ മധ്യഭാഗത്ത് ഇത്രയും വലിയ അളവില്‍ ഫലസ്തീനികളെ കേന്ദ്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
ഇസ്രായേലിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും ബ്രിട്ടിഷ് മാന്‍ഡേറ്റ് അവസാനിക്കുന്നതിനും മുമ്പ് നഗരം പിടിച്ചെടുക്കുകയും അതിലെ നിവാസികളെ പുറത്താക്കുകയും ചെയ്യേണ്ടത് അവര്‍ക്ക് നിര്‍ണായകമായി .
''1948ല്‍ പരീക്ഷിച്ച ഒരു പദ്ധതിയെത്തുടര്‍ന്ന്, ഇസ്രായേല്‍ ഗസ നശിപ്പിച്ചു കൊണ്ടിരിക്കുന്നതില്‍ നഖ്ബയുടെ പ്രതിധ്വനികള്‍ ഉണ്ട്. എന്നാല്‍ ഫലസ്തീനികള്‍ ഇപ്പോഴും നാടുകടത്തലിനെയും ഉന്മൂലനത്തെയും ചെറുക്കുന്നു.''
1948 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ യാഫാ ഉപരോധത്തിലായി. ആഴ്ചകളോളം ബോംബാക്രമണത്തിന് വിധേയമായി. നഗരമാകെ പരിഭ്രാന്തി പടര്‍ന്നു. സുരക്ഷിത സ്ഥാനത്തേക്ക് എത്താന്‍ മാത്രമേ ആളുകള്‍ ആഗ്രഹിച്ചിരുന്നുള്ളൂ.
ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായി, അക്കാലത്ത് ഫലസ്തീനികള്‍ വിശ്വസിച്ചിരുന്നത് തങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്നായിരുന്നു. എന്നാല്‍ നിരന്തരമായ സൈനിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, കരമാര്‍ഗവും കടലിലൂടെയും അവര്‍ പുറത്താക്കപ്പെട്ടു.
ദിവസങ്ങള്‍ക്കുള്ളില്‍, നഗരത്തിലെയും പരിസര ഗ്രാമങ്ങളിലെയും മൊത്തം ജനസംഖ്യ 4,000ല്‍ താഴെയായി കുറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളില്‍ ഒന്നായി ഇത് തുടരുന്നു.
ഞങ്ങളുടെ കുടുംബം എങ്ങനെ താമസിച്ചു എന്ന് ഞാന്‍ എന്റെ മുത്തച്ഛനോട് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പിതാവ് ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് ഓട്ടോമന്‍ സൈന്യത്തില്‍നിന്ന് പുറത്തുപോയി യാഫായിലേക്ക് മടങ്ങിയതായി ഞാന്‍ മനസ്സിലാക്കി. അന്റാലിയ മേഖലയില്‍നിന്ന് വടക്കന്‍ സിറിയയിലേക്കും പിന്നെ യാഫായിലേക്കും യാത്ര ചെയ്യാന്‍ ആറ് മാസമെടുത്തു.
1936ല്‍ യാഫായില്‍ നടന്ന അറബ് പ്രതിഷേധം ബ്രിട്ടിഷ് പോലിസ് പിരിച്ചുവിടുന്നു (ക്രിയേറ്റീവ് കോമണ്‍സ്)
ഓട്ടോമന്‍ സൈന്യം ഒളിച്ചോടിയവരെ വധിച്ചതിനാല്‍ അദ്ദേഹം രാത്രിയില്‍ മാത്രമാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങിയത്. പകല്‍ സമയത്തായിരുന്നു ഉറങ്ങിയത്.
''ഫലസ്തീന്‍ നഗരജീവിതത്തിന്റെ നാശത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍, നമ്മള്‍ ചോദിക്കേണ്ടത് ഇതാണ്: 1948ല്‍ ഈ നഗരങ്ങള്‍ക്കും അതിലെ നിവാസികള്‍ക്കും എന്ത് സംഭവിച്ചു? ഗസയുടെ ഭാവിയെക്കുറിച്ച് നമുക്ക് എന്ത് പറയാന്‍ കഴിയും?''
1948ല്‍ എന്റെ മുത്തച്ഛന്‍ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. ഒരു അഭയാര്‍ഥി എന്ന നിലയില്‍ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് ഇതിനകം അറിയാമായിരുന്നു, വീണ്ടും അതിലൂടെ കടന്നുപോകുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങളുടെ കുടുംബം കുഴപ്പമില്ലാതെ നിലനിന്നു.
മിക്ക ഫലസ്തീനികളുടെ കാര്യത്തിലും അങ്ങനെയായിരുന്നില്ല സ്ഥിതി. കുടുംബങ്ങള്‍ പലപ്പോഴും വേര്‍പിരിയുകയായിരുന്നു. ചിലര്‍ ഗസയിലേക്കും മറ്റുള്ളവര്‍ വെസ്റ്റ് ബാങ്കിലേക്കും അല്ലെങ്കില്‍ അയല്‍ അറബ് രാജ്യങ്ങളിലേക്കും പലായനം ചെയ്തു.
അവശേഷിച്ച ഫലസ്തീനികള്‍
നക്ബയെക്കുറിച്ചുള്ള മിക്ക വിവരണങ്ങളും കൂട്ടത്തോടെ പുറത്താക്കപ്പെടുന്നതിലാണ് അവസാനിക്കുന്നത്: യുദ്ധം തോറ്റു. ഭൂമി പിടിച്ചെടുത്തു. ഇസ്രായേല്‍ ആസൂത്രിതമായി ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെ ഏകദേശം എട്ടുലക്ഷം ഫലസ്തീനികള്‍ നാടുവിടാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ അവശേഷിച്ചവരെ പിന്തുടര്‍ന്നത്, കുടിയിറക്കലിന്റെ കൂടുതല്‍ ഘട്ടങ്ങളായിരുന്നു.
യുദ്ധം കഴിഞ്ഞയുടനെ, പുതിയ രാഷ്ട്രം യാഫായിലെ ശേഷിച്ച ഫലസ്തീനികളെ പിടികൂടി അടുത്തുള്ള അജാമിയിലേക്ക് ബലമായി മാറ്റിപ്പാര്‍പ്പിച്ചു. ആ പ്രദേശത്തിന് ചുറ്റും ഒരു മുള്ളുവേലി സ്ഥാപിച്ചു. സൈനിക അനുമതിയില്ലാതെ ആര്‍ക്കും പോകാന്‍ അനുവാദമുണ്ടായിരുന്നില്ല.
അതേസമയം, 1947 നവംബര്‍ 29നും 1950ല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനും ഇടയില്‍ വെസ്റ്റ് ബാങ്ക്, ഗസ, ലബ്‌നാന്‍ , സിറിയ, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ ശത്രുരാജ്യത്തോ പ്രദേശത്തോ ആയിരുന്ന ആരെയും 'അസാന്നിധ്യം' എന്ന് നിര്‍വചിച്ചുകൊണ്ട്, ഇസ്രായേല്‍ സര്‍ക്കാര്‍ അസാന്നിധ്യ സ്വത്ത് നിയമം (Absentee Propetry Law) പാസാക്കി.
പുതിയ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ വിട്ടുപോയിട്ടില്ലാത്ത ഫലസ്തീനികള്‍ക്കുപോലും ഈ നിയമം ബാധകമായിരുന്നു.
യാഫായുടെ കാര്യത്തില്‍, അവശേഷിച്ചവരില്‍ ഭൂരിഭാഗവും അജാമിയില്‍ നിന്നുള്ളവരല്ല. ചുറ്റുമുള്ള ഓരോ അയല്‍പ്രദേശത്തു നിന്നോ ഗ്രാമത്തില്‍ നിന്നോ വിരലിലെണ്ണാവുന്നവര്‍ മാത്രമേ വന്നുള്ളൂ.
ഒരിക്കല്‍ അജാമിയില്‍ ഒതുങ്ങി. ജൂത കുടിയേറ്റക്കാര്‍ താമസിയാതെ അതിനെ യൂറോപ്പിനോട് ഉപമിച്ച് 'ഗെട്ടോ'എന്ന് മുദ്രകുത്തി. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു.
അവര്‍ക്ക് നല്‍കിയ വീടുകള്‍ മൂന്ന് തലമുറകളായി സംരക്ഷിത വാടക വീടുകളായി മാറി (പിന്നീട് രണ്ടായി ചുരുക്കി). ഇന്നുവരെ, നൂറുകണക്കിന് മൂന്നാം തലമുറ പിന്‍ഗാമികള്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന കുടിയിറക്കല്‍ ഉത്തരവുകളുടെ ഭീഷണിയില്‍ ജീവിക്കുന്നു.
1948ല്‍ യാഫായിലെ അറബികളുടെ സഞ്ചാരം പരിമിതപ്പെടുത്തിയിരുന്ന പ്രദേശം. വലതുവശത്ത്, ഗസയില്‍ മുള്ളുകമ്പിക്ക് പിന്നില്‍ ഒരു ഫലസ്തീന്‍ സ്ത്രീയും കുട്ടിയും
ഒരു നഗരത്തിലെ മുഴുവന്‍ നിവാസികളെ കൊള്ളയടിച്ച് ബാങ്കുകള്‍, തിയേറ്ററുകള്‍, വീടുകള്‍, ഫര്‍ണിച്ചറുകള്‍, സ്വര്‍ണം, കടകള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയ സ്വത്തുക്കള്‍ മോഷ്ടിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അല്‍പ്പമൊന്ന് നിര്‍ത്തി ചിന്തിക്കുന്നത് നല്ലതാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സായുധ കൊള്ളയ്ക്ക് ഫലസ്തീന്‍ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചുവെന്ന് ഒരാള്‍ക്ക് വാദിക്കാം
1950 കളുടെ തുടക്കത്തില്‍, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മോഷെ സ്മിലാന്‍സ്‌കി യാഫായെ 'ബള്‍ഗേറിയവല്‍ക്കരണത്തിന്' വിധേയമായതായി വിശേഷിപ്പിച്ചു. ബള്‍ഗേറിയയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ വരവിനെത്തുടര്‍ന്ന്, നഗരം ഒരു പുതിയ, ഫലസ്തീന്‍ അല്ലാത്ത സ്വഭാവം കൈവരിച്ചു. കൂടാതെ 'ബള്‍ഗേറിയന്‍ നഗരം' ആയി പോലും അറിയപ്പെട്ടു.
ആ കാലഘട്ടത്തിലെ ഫോട്ടോഗ്രാഫുകള്‍ യാഫാ വീണ്ടും അഭിവൃദ്ധി പ്രാപിച്ചതായി കാണിക്കുന്നു. ബാങ്കുകള്‍ വീണ്ടും തുറന്നു. തിയേറ്ററുകള്‍ നിറഞ്ഞു. കടകളും റസ്‌റ്റോറന്റുകളും തിരക്കേറിയതായിരുന്നു. എന്നാല്‍ ഫലസ്തീനികള്‍ മാത്രം ഉണ്ടായിരുന്നില്ല. നഗരം കൊള്ളയടിക്കപ്പെട്ടു. ജൂത ഉടമസ്ഥതയില്‍ അത് തുടര്‍ന്നും പ്രവര്‍ത്തിച്ചു.
നക്ബയുടെ ഘട്ടങ്ങള്‍
ഫലസ്തീനികളെ നിര്‍ബന്ധിച്ച് മാറ്റിപ്പാര്‍പ്പിച്ച അജാമി, അജാമി ഗെട്ടോ ആയി മാറി. എന്നാല്‍ ഗെട്ടോ പോലും ഏതാനും വര്‍ഷങ്ങള്‍ മാത്രമേ നിലനില്‍ക്കൂ.
1950ല്‍, ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ്, യാഫായുടെയും തെല്‍ അവീവിന്റെയും ഏകീകരണ നിയമം പാസാക്കി. യാഫായിലെ എല്ലാ മുനിസിപ്പല്‍ സ്ഥാപനങ്ങളും തെല്‍ അവീവ് മുനിസിപ്പാലിറ്റിയിലേക്ക് മാറ്റി.
പ്രതീകാത്മകമായി, 45 ജറുസലേം ബൊളിവാര്‍ഡ് സന്ദര്‍ശിക്കുന്ന ആര്‍ക്കും, ഇപ്പോള്‍ സാമൂഹിക ക്ഷേമ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന, തെല്‍ അവീവിന്റെ ഉടമസ്ഥതയിലുള്ള പഴയ യാഫാ മുനിസിപ്പാലിറ്റി കെട്ടിടം കാണാം.
ഗെട്ടോ പിരിച്ചുവിട്ടതോടെ, ഇപ്പോഴും സൈനിക ഭരണത്തിന്‍ കീഴിലായിരിക്കുന്ന ഫലസ്തീനികളെ ഔദ്യോാഗികമായി തെല്‍ അവീവ്-യാഫാ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവദിച്ചുള്ളൂ.
എന്നിരുന്നാലും, മുള്ളുവേലി നീക്കം ചെയ്തതിന് മറ്റൊരു പരിണതഫലവും ഉണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജൂത കുടിയേറ്റക്കാരുടെ ഒഴുക്കിനെത്തുടര്‍ന്ന്, പുതിയ ഇസ്രായേലി ഭരണകൂടം ഭവന ക്ഷാമം നേരിട്ടു. ഒന്നിലധികം കുടുംബങ്ങള്‍ക്ക് ഒരു വീട് പങ്കിടാന്‍ അനുവദിക്കുന്ന ഒരു നയം നിലവില്‍ വന്നു, അതില്‍ അജാമിയും ഉള്‍പ്പെടുന്നു. ഈ നയം,
തട്ടിയെടുക്കപ്പെട്ട ഫലസ്തീന്‍ വീടുകളിലേക്ക് ജൂത കുടിയേറ്റക്കാരെ മാറിത്താമസിക്കാന്‍ അനുവദിക്കുന്നതായിരുന്നു.
ചില സന്ദര്‍ഭങ്ങളില്‍, പുതുതായി എത്തിച്ചേര്‍ന്ന ജൂത കുടിയേറ്റക്കാരുമായി വീടുകള്‍ പങ്കിടാന്‍ ഫലസ്തീനികള്‍ നിര്‍ബന്ധിതരായി. അവരില്‍ വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള, അറബി സംസാരിക്കുന്ന, അറബ് ജൂതന്മാരും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ, ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഫലസ്തീനികളെക്കുറിച്ചുള്ള തങ്ങളുടെ അവജ്ഞ ജൂത കുടിയേറ്റക്കാര്‍ പരസ്യമായി പ്രകടിപ്പിച്ചു.
ഫലസ്തീന്‍ നക്ബയുടെ ആദ്യ ഘട്ടം മാതൃരാജ്യത്തിന്റെ നഷ്ടമായിരുന്നുവെങ്കില്‍, രണ്ടാമത്തേത് നഗരത്തിന്റെയും സ്വത്തിന്റെയും നഷ്ടമായിരുന്നു. മൂന്നാമത്തേത് വീടിന്റെ നഷ്ടവുമായിരുന്നു.
നക്ബയുടെ നാലാമത്തെ നഷ്ടം സ്വന്തത്തെ തന്നെ നഷ്ടപ്പെടുന്നതായിരുന്നു, ആത്മാവിന്റെ നക്ബ.
ഒരുകാലത്ത് അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നില്‍ താമസിച്ചിരുന്ന ഫലസ്തീനികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ഹീബ്രൂ നഗരത്തിലെ ഒരു ചെറിയ ന്യൂനപക്ഷമായി മാറുകയും അധികാരികളുടെയും ജൂത കുടിയേറ്റക്കാരുടെയും പീഡനത്തിന് വിധേയരാകുകയും ചെയ്തു.
സാമൂഹികശാസ്ത്രപരമായ മാറ്റങ്ങള്‍ സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ തുടങ്ങി: ലോകത്തില്‍ ഒറ്റപ്പെട്ടവരും ഏകാകികളുമായ പലര്‍ക്കും സ്വന്തം കുടുംബങ്ങളുടെ വിധി എന്താണെന്നു പോലും അറിയില്ലായിരുന്നു.
ഈ സമൂഹങ്ങള്‍ വിസ്മൃതിയിലാവുകയും ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്തു. പതിറ്റാണ്ടുകളായി, യാഫായും അതിന്റെ അവശേഷിച്ച ഫലസ്തീന്‍ സമൂഹവും അവരുടെ മുന്‍കാല വ്യക്തിത്വത്തിന്റെ വിളറിയ നിഴലുകളായി മാറി.
നീണ്ടുനിന്ന അനന്തരഫലങ്ങള്‍
സമൂഹത്തിലെ മുതിര്‍ന്നവരുമായുള്ള സംഭാഷണങ്ങളിലൂടെ മാത്രമാണ് അവര്‍ സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം യുവതലമുറയിലെ ഞങ്ങള്‍ക്ക് അവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 1948 മുതലുള്ളവ മാത്രമല്ല, തുടര്‍ന്നുള്ള ദശകങ്ങളില്‍ നിന്നുള്ളവയും. മയക്കുമരുന്ന് ഉപയോഗത്തിന്റെയും മദ്യത്തിന്റെയും വ്യാപനം സമൂഹത്തെ തകര്‍ത്തുകൊണ്ടിരുന്ന വളര്‍ന്നുവരുന്ന ഒരു പ്രശ്‌നമായിരുന്നു.
1970കളിലും 1980കളിലും അക്രമത്തിന്റെയും കുറ്റകൃത്യങ്ങളുടെയും പുതിയ മാതൃകകള്‍ ഉയര്‍ന്നുവന്നു. ഇത് അജാമിയെ രാജ്യത്തെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നായി മാറ്റി.
വിരോധാഭാസമെന്നു പറയട്ടെ, അന്ന് അജാമി എങ്ങനെയായിരുന്നുവെന്ന് കാണാന്‍, അയല്‍പക്കത്ത് ചിത്രീകരിച്ച ചക്ക് നോറിസിന്റെ 'ഡെല്‍റ്റ ഫോഴ്‌സ്' എന്ന സിനിമ കണ്ടാല്‍ മതി. നിര്‍മാണ സമയത്ത്, അവിടെയുള്ള വീടുകള്‍ പൊളിക്കാന്‍ പോലും ക്രൂവിന് അനുമതി ലഭിച്ചു.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് തിരിച്ചുവരാനുള്ള അവകാശം വീണ്ടും ഉറപ്പിച്ചുപറയുന്ന ഐക്യരാഷ്ട്രസഭ പ്രമേയം 194 പാസാക്കിയതിനെത്തുടര്‍ന്ന്, ഇസ്രായേല്‍ അധികാരികള്‍ ഫലസ്തീന്‍ വീടുകള്‍ പൊളിച്ചുമാറ്റാന്‍ വ്യാപകമായ പദ്ധതികള്‍ ആരംഭിച്ചു.
അടുത്ത തവണ നിങ്ങള്‍ തെല്‍ അവീവിന്റെ ബീച്ച് പ്രൊമെനേഡിന്റെ ഒരു ഫോട്ടോ കാണുമ്പോള്‍, നഗരത്തിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഒന്നായ അല്‍ മന്‍ശിയ്യ ഒരിക്കല്‍ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയുക.
നക്ബ സമയത്തും അതിനു ശേഷവും ഇസ്രായേല്‍ അധികാരികള്‍ പുതിയ വികസനത്തിന് വഴിയൊരുക്കുന്നതിനായി ഇത് ആസൂത്രിതമായി പൊളിച്ചുമാറ്റി .
1967ലെ യുദ്ധം വരെ, പരിഹരിക്കപ്പെടാത്ത അഭയാര്‍ഥി പ്രശ്‌നം കാരണം, ഇസ്രായേലിനെതിരേ യുഎസ് ആയുധ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ഇന്ന് ചുരുക്കം ചിലര്‍ മാത്രമേ ഓര്‍ക്കുന്നുള്ളൂ. കുറച്ചു കാലത്തേക്ക്, അന്താരാഷ്ട്ര സമൂഹം ഇപ്പോഴും, അടിയന്തരമായും നീതിപൂര്‍വമായും ഇസ്രായേലിലേക്ക് മടങ്ങാനുള്ള അവകാശത്തെക്കുറിച്ച് സംസാരിച്ചു.
അവശേഷിച്ച ഫലസ്തീന്‍ സമൂഹത്തെപ്പോലെ, നഗരവും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയി: ആദ്യം, നാശം; പിന്നീട്, അവഗണന; ഇപ്പോള്‍, നാടോടിക്കഥകളുടെ ഘട്ടം.
1935ല്‍ യാഫായിലെ മന്‍ഷിയ പ്രദേശം
അറബ് വാസ്തുവിദ്യ, പരമ്പരാഗത ഭക്ഷണം, 'ആധികാരിക' ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച എന്നിവ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്ന് യാഫാ ഒരു വിപണന കേന്ദ്രമാണ്. എന്നാല്‍ അത് നിര്‍മിച്ച ഫലസ്തീനികള്‍ മാത്രം അവിടെയില്ല.
മുമ്പ് സംഭവിച്ചതിനെ മായ്ച്ചുകളയാനാണ് ഈ പുതിയ പരിവര്‍ത്തനം ശ്രമിക്കുന്നത്. ഇത് ചരിത്രത്തെ ഒരു സൗന്ദര്യാത്മകതയാക്കി മാറ്റുന്നു. നഗരത്തെ പ്രതിരോധത്തിന്റെയോ ഓര്‍മയുടെയോ ഒരു സ്ഥലമായിട്ടല്ല, മറിച്ച് ഒരു സാംസ്‌കാരിക പ്രകടനമായി അറബ് ജീവിതത്തിന്റെ അവശിഷ്ടങ്ങള്‍ ഉപഭോഗത്തിനായി വീണ്ടും പായ്ക്ക് ചെയ്യുന്ന ഒരു സ്ഥലമായി ഇത് മാറിയിരിക്കുന്നു.
യാഫാ ബ്ലൂപ്രിന്റ്
ഗസയെക്കുറിച്ചുള്ള ട്രംപിന്റെ പദ്ധതികള്‍ പലപ്പോഴും അസംബന്ധ മതിഭ്രമങ്ങളായി തള്ളിക്കളയപ്പെടുന്നു. എന്നാല്‍ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അവ ഭൂതകാലത്തിന്റെ ഒരു വിവരണമാണ്. ചരിത്രം കൃത്യമായി ആവര്‍ത്തിക്കുന്നില്ല. പക്ഷേ, ഇത്തവണ, ഗസയിലെ ഫലസ്തീനികള്‍ മനസ്സിലാക്കുന്നത്, അവര്‍ പോയാല്‍, മുമ്പത്തെപ്പോലെ, മാതൃരാജ്യത്തിന് പുറത്ത് നാടുകടത്തപ്പെടാന്‍ നിര്‍ബന്ധിതരാകുമെന്നാണ്. അറബ് സൈന്യങ്ങള്‍ നഗരത്തെ പ്രതിരോധിക്കില്ല. അവര്‍ തന്നെ സ്വയം ചെറുക്കേണ്ടതുണ്ട്.
ഇന്ന്, യാഫായില്‍ ഏകദേശം 20,000 ഫലസ്തീനികള്‍ ഉണ്ട്. നമ്മുടെ ചരിത്രത്തെ ദാരുണമായി കാണാന്‍ എളുപ്പമാണെങ്കിലും, വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. ഞങ്ങള്‍ ചെറുത്തുനിന്നു. ഞങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ തീവ്രമായ ശ്രമങ്ങള്‍ക്കെതിരേ, അതിജീവിക്കാന്‍ മാത്രമല്ല, ഞങ്ങളുടെ സാന്നിധ്യം, ഓര്‍മ, ചരിത്രം എന്നിവ സംരക്ഷിക്കാനും ഞങ്ങള്‍ പോരാടി .
നിരന്തരമായ പോരാട്ടത്തിലൂടെ, യാഫായിലെ മസ്ജിദുകളും ചര്‍ച്ചുകളും മുതല്‍ സ്‌കൂളുകളും സാമൂഹിക സ്ഥാപനങ്ങളും വരെയുള്ള സമൂഹജീവിതത്തിന്റെ ഇടങ്ങള്‍ ഞങ്ങള്‍ തിരിച്ചുപിടിച്ചു. പുതിയ സ്‌കൂളുകള്‍ തുറക്കാന്‍ ഞങ്ങള്‍ അധികാരികളെ നിര്‍ബന്ധിച്ചു.
ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് അസോസിയേഷന്‍ അതിന്റെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതില്‍ വിജയിച്ചു. അല്‍ ഖില്‍വെ സ്ട്രീറ്റിലെ അവരുടെ സ്‌കൂള്‍, ഒരിക്കല്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന സ്ഥലത്ത്, ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നു.
ഗസയുടെ നാശം വരും വര്‍ഷങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; സാമൂഹികവും മാനസികവും ചരിത്രപരവുമായ പ്രത്യാഘാതങ്ങള്‍. അതിന്റെ ഭാരം നമുക്ക് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ജര്‍മന്‍ ജൂത സാഹിത്യ നിരൂപകന്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതുപോലെ , വര്‍ത്തമാനകാലത്തിന്റെ കടമ നമ്മുടെ പിന്‍ഗാമികളോട് മാത്രമല്ല, ഭൂതകാലത്തിന്റെ ഇരകളോടും കൂടിയാണ്.
2025 മെയ് 14ന് വടക്കന്‍ ഗസ മുനമ്പിലെ ജബാലിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു കുട്ടിയുടെ മൃതദേഹം പിടിച്ചുകൊണ്ട് ഒരു ഫലസ്തീന്‍ സ്ത്രീ കരയുന്നു
1940ല്‍, വിപ്ലവത്തെക്കുറിച്ചുള്ള നവ മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ ഭാഗമായി പ്രവാസത്തിലിരുന്ന് എഴുതുമ്പോള്‍, വിപ്ലവത്തെ പ്രാഥമികമായി ഭാവി തലമുറകള്‍ക്കുള്ള ഒരു പ്രവൃത്തിയായി കാണരുതെന്നും, മുമ്പ് വന്നവര്‍ സഹിച്ച അനീതികള്‍ക്കുള്ള പ്രതികരണമായി കാണണമെന്നും ബെഞ്ചമിന്‍ വാദിച്ചു. മരിച്ചവരെ ഓര്‍മിക്കാന്‍ മാത്രമല്ല, വര്‍ത്തമാനകാല പ്രവര്‍ത്തനത്തിലൂടെ അവരെ വീണ്ടെടുക്കാനുമുള്ള ഒരു പോരാട്ടം.
മെച്ചപ്പെട്ട ഭാവിയിലേക്കുള്ള രേഖീയ പുരോഗതിയായി ചരിത്രത്തെ കാണരുതെന്നും, അതിനുമുമ്പ് വന്നവരോടും അവര്‍ കൊണ്ടുവന്ന സത്യത്തോടുമുള്ള പ്രതിബദ്ധതയായി കാണണമെന്നും അദ്ദേഹം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
ഗസയിലെ വംശഹത്യ ചരിത്രത്തില്‍നിന്നുള്ള ഒരു ഇടവേളയല്ല, മറിച്ച് അതിന്റെ തുടര്‍ച്ചയാണ് നക്ബയിലെ ഒരു പുതിയ അധ്യായം. അതിനെ നേരിടാന്‍ വര്‍ഷങ്ങളോളം സങ്കല്‍പ്പിക്കാനാവാത്ത നഷ്ടവും നാശവും നേരിടേണ്ടിവരും. എന്നാല്‍ വരാനിരിക്കുന്ന കാര്യങ്ങളുമായി നാം മല്ലിടുമ്പോഴും, യാഫാ, ഗസ മുതല്‍ വെസ്റ്റ് ബാങ്ക് വരെയും അതിനപ്പുറവും മരിച്ചവരെയും നാടുകടത്തപ്പെട്ടവരെയും പലായനം ചെയ്തവരെയും നാം ബഹുമാനിക്കണം.
ഇത്തവണ, ചരിത്രം മാറ്റിയെഴുതുന്നത് തടയാനുള്ള ഫലസ്തീന്‍ ശ്രമങ്ങള്‍ വിജയിച്ചേക്കാം.
കടപ്പാട് : മിഡില്‍ ഈസ്റ്റ് ഐ

