മസ്ജിദുല്‍ അഖ്സ പിടിച്ചെടുക്കാന്‍ ജൂതകുടിയേറ്റക്കാരുടെ രഹസ്യ ആചാരങ്ങള്‍

Update: 2025-09-29 13:01 GMT

സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പരിശുദ്ധ മസ്ജിദുല്‍ അഖ്സയുടെ മുറ്റം തുറന്ന ഏറ്റുട്ടലിന്റെ വേദിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. മസ്ജിദുല്‍ അഖ്സയില്‍ സയണിസ്റ്റുകള്‍ വ്യാജ വസ്തുതകള്‍ അടിച്ചേല്‍പ്പിക്കുന്ന തിഷ്രി മാസമാണിത്. തിഷ്രിയില്‍ ജൂതന്‍മാര്‍ ചെയ്യുന്ന കാര്യങ്ങളല്ല സയണിസ്റ്റുകള്‍ മസ്ജിദുല്‍ അഖ്സയില്‍ ചെയ്യുന്നത്. ജെറുസലേമിന്റെയും മസ്ജിദുല്‍ അഖ്സയുടെയും മതപരമായ സ്വത്വം മാറ്റാന്‍ സയണിസ്റ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുല്‍ അഖ്സയുടെ അശുദ്ധീകരണം പ്രഥമ കടമയായി എടുത്ത ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തിലാണ് അതെല്ലാം നടക്കുന്നത്.

2025ലെ തിഷ്രി ജൂത അവധികള്‍, അതായത് റോഷ്ഹഷാന (പുതുവര്‍ഷം), യോം കിപ്പൂര്‍ (പ്രായശ്ചിത്ത ദിനം), സിക്കോത്ത (കൂടാരപ്പെരുന്നാള്‍), സിംചത് തോറ എന്നിവ മസ്ജിദുല്‍ അഖ്സയുടെയും പഴയ നഗരത്തിന്റെയും സ്വത്വം നശിപ്പിക്കാനുള്ള സയണിസ്റ്റ് ശ്രമങ്ങളിലെ നിര്‍ണായക നിമിഷമായിരിക്കും. മസ്ജിദുല്‍ അഖ്സയില്‍ ജൂത മതപരമായ ആചാരങ്ങള്‍ നടത്തി അവിടെ ഇസ്രായേലിന്റെ അധികാരം സ്ഥാപിക്കാനാണ് ശ്രമം.

മസ്ജിദുല്‍ അഖ്സയില്‍ പരമാവധി അതിക്രമങ്ങള്‍ നടത്തണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തവണത്തെ അവധി സീസണ്‍ ആരംഭിച്ചത്. ആട്ടുകൊറ്റന്റെ കൊമ്പ് കൊണ്ട് നിര്‍മിക്കുന്ന ഷോഫര്‍ കൊണ്ട് മസ്ജിദുല്‍ അഖ്സയുടെ മുറ്റങ്ങളിലും വഴികളിലും സയണിസ്റ്റുകള്‍ ആചാരപരമായ കാഹളം മുഴക്കുന്നു. ഷോഫര്‍ കാഹളം മുഴങ്ങുന്ന സ്ഥലം തങ്ങളുടേതാണെന്നാണ് റിലീജ്യസ് സയണിസ്റ്റുകളുടെ വാദം. അതുകൊണ്ടാണ് 1956ല്‍ ഈജിപ്തിലെ സിനായിയില്‍ അധിനിവേശം നടത്തിയപ്പോള്‍ ഷോഫര്‍ ഉപയോഗിച്ചത്. 1967ലെ അധിനിവേശത്തില്‍ മസ്ജിദുല്‍ അഖ്സയിലും ബുറാഖ് മതിലിലും അവര്‍ ഷോഫര്‍ ഉപയോഗിച്ച് കാഹളം മുഴക്കി.


രണ്ട് യുഗങ്ങള്‍ തമ്മിലുള്ള വിഭജന രേഖയായി ഷോഫര്‍ കാഹളത്തെ സയണിസ്റ്റുകള്‍ കണക്കാക്കുന്നു. മസ്ജിദുല്‍ അഖ്സക്കുള്ളില്‍ ആവര്‍ത്തിച്ച് കാഹളം മുഴക്കുന്നത് ഇസ്ലാമിക യുഗത്തിന്റെ അവസാനത്തിന്റെയും ജൂത യുഗത്തിന്റെ തുടക്കത്തിന്റെയും പ്രഖ്യാപനമായി അവര്‍ കാണുന്നു.


'പ്രായശ്ചിത്ത ദിനങ്ങള്‍' എന്നറിയപ്പെടുന്ന എബ്രായ വര്‍ഷത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ പരമ്പരാഗതമായി ഉപവാസത്തിനും ആത്മത്യാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. എന്നിരുന്നാലും, റീലീജ്യസ് സയണിസ്റ്റുകള്‍ ഈ ദിവസങ്ങളെ മസ്ജിദുല്‍ അഖ്സയില്‍ അധിനിവേശം നടത്താനുള്ള ദിവസങ്ങളായി ഉപയോഗിക്കുന്നു. ബൈബിളിലെ 'പുരോഹിത വര്‍ഗ്ഗവുമായി' ബന്ധപ്പെട്ട വസ്ത്രമായ വെളുത്ത 'പ്രായശ്ചിത്ത വസ്ത്രം' ധരിച്ചാണ് കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കുന്നത്. മസ്ജിദിനുള്ളില്‍ പുരോഹിതരുടെ പ്രതിച്ഛായകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് ഇത്. പുരാണത്തിലെ 'മൂന്നാം ടെംപിള്‍' പ്രതീകാത്മകമായി നിര്‍മിക്കുന്നു.


ഒക്ടോബര്‍ 1-2 തീയതികളില്‍ യോം കിപ്പൂരോടെ സ്ഥിതിഗതികള്‍ വഷളാകും. മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ കോഴിയെ ബലി കൊടുക്കുന്ന ചടങ്ങ് നടത്തും. ഇത് മസ്ജിദിന്റെ ഇസ്ലാമിക പരമാധികാരത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയായി മാറുന്നു. ഒക്ടോബര്‍ 6നും 13നും ഇടയില്‍ കൂടാരപ്പെരുന്നാള്‍ വരുന്നു. തുടര്‍ന്ന് മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നു. സസ്യ ബലി അര്‍പ്പിക്കുന്നതിനുള്ള അവസരമായി ഇത് മാറും. ഇത് പഴയ നഗരത്തെ ജൂതമതപരവും ഇസ്രായേലി സുരക്ഷാ നിയന്ത്രണത്തിന് വിധേയവുമായ ആചാര സ്ഥലമാക്കി മാറ്റുന്ന പ്രവണത പ്രതിഫലിപ്പിക്കുന്നു.

ഒക്ടോബര്‍ 14-15 തീയതികളിലെ സിംചത് തോറയില്‍ ഈ പ്രക്രിയ അവസാനിക്കുന്നു- ജൂതപാരമ്പര്യത്തില്‍ നൃത്തം, പാട്ട്, മദ്യപാനം എന്നിവയുടെ ദിവസമാണ് ഇത്. മസ്ജിദുല്‍ അഖ്സയിലേക്ക് തോറ ചുരുളുകള്‍ കൊണ്ടുവന്ന് അതിന്റെ മുറ്റങ്ങള്‍ക്ക് ചുറ്റും വട്ടമിടാന്‍ കുടിയേറ്റക്കാര്‍ ശ്രമിക്കുന്നു. മസ്ജിദുല്‍ അഖ്സയുടെ ചരിത്രപരവും നിയമപരവുമായ ഇസ്ലാമിക സ്വത്വത്തെ ധിക്കരിച്ച് 'തോറ പരമാധികാരം' ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രതീകാത്മക പ്രവൃത്തിയാണ് ഇത്.

ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത്ഫുള്‍ പോലുള്ള തീവ്രവാദ കുടിയേറ്റ സംഘടനകളില്‍ നിന്നാണ് ഏറ്റവും പ്രകടമായ പ്രകോപനങ്ങള്‍ ഉണ്ടാകുന്നത്, അവര്‍ മസ്ജിദുല്‍ അഖ്സയെ ആക്രമിക്കുക മാത്രമല്ല, ടെമ്പിള്‍ എന്നതിനെ അനുകരിക്കുന്ന താല്‍മുദിക് ആചാരങ്ങള്‍ പരസ്യമായി നടത്തുകയും ചെയ്യുന്നു. ഇത് 1967 മുതല്‍ ഇസ്രായേല്‍ തന്നെ അംഗീകരിക്കുന്ന സ്ഥിതിവിശേഷത്തിന്റെ നഗ്നമായ ലംഘനമാണ്. മാത്രമല്ല, ഇസ്രായേലി സര്‍ക്കാരിന്റെ അനുമതിയോടെയാണ് അത് നടക്കുന്നതും.

ഇതെല്ലാം ബെന്‍-ഗ്വിറിന്റെ നേരിട്ടുള്ളതും പരസ്യവുമായ സ്പോണ്‍സര്‍ഷിപ്പിലാണ് നടക്കുന്നത്. മസ്ജിദുല്‍ അഖ്സക്കുള്ളില്‍ തോറ ആചാരങ്ങള്‍ നടത്താന്‍ ഇസ്രായേലി പോലിസിന് നിര്‍ദേശം നല്‍കുന്ന നിയമം 2024 മേയില്‍ ബെന്‍ഗ്വിര്‍ കൊണ്ടുവന്നു. ജൂതകുടിയേറ്റക്കാര്‍ക്ക് മസ്ജിദുല്‍ അഖ്സയില്‍ കൂട്ട നൃത്തങ്ങളും ആഘോഷങ്ങളും നടത്താന്‍ അനുവദിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുന്ന ഉത്തരവ് 2025 ജൂലൈയില്‍ കൊണ്ടുവന്നു. അങ്ങനെ മസ്ജിദുല്‍ അഖ്സയില്‍ അവരുടെ ആഘോഷങ്ങള്‍ സാധ്യമാക്കുകയും അതിനെ സയണിസ്റ്റുകളുടെയും ജൂതമതത്തിന്റെയും ഇടമാക്കി മാറ്റാനും ശ്രമിക്കുകയും ചെയ്തു.

ജൂത പുതുവത്സരത്തിലെ ആചാരങ്ങളില്‍ ഒന്നാണ് ഷോഫര്‍ ഊതല്‍. മസ്ജിദുല്‍ അഖ്സയില്‍ ഷോഫര്‍ ഊതുന്നത് മസ്ജിദുല്‍ അഖ്സയുടെ മേലുള്ള 'ജൂത പരമാധികാരത്തിന്റെ' പ്രതീകാത്മക പ്രഖ്യാപനമായി കണക്കാക്കപ്പെടുന്നു. മസ്ജിദുല്‍ അഖ്സയില്‍ ഷോഫര്‍ ഊതുന്നത് അവിടെ 'അവധിക്കാല ബലി' അറുക്കുന്നതിന് വഴിയൊരുക്കുമെന്ന് റിലീജിയസ് സയണിസ്റ്റുകള്‍ക്കുണ്ട്.

മസ്ജിദുല്‍ അഖ്സയില്‍ അവര്‍ ജൂത മതത്തിലെ പ്രാര്‍ത്ഥനാ രീതിയായ പൂര്‍ണ്ണ താല്‍മുദിക് സാഷ്ടാംഗ പ്രണാമം, പുരോഹിതന്മാരുടെ അനുഗ്രഹം, മെനോറ ഉയര്‍ത്തല്‍, മൃഗബലികള്‍ എന്നിവ ചെയ്യുന്നു.


ഇത് തടഞ്ഞാല്‍ രക്തം തളിക്കുകയോ പ്രതീകാത്മക കുഞ്ഞാടുകളെ ഉയര്‍ത്തുകയോ പോലുള്ള ആചാരങ്ങള്‍ നടത്തുന്നു. ചില സയണിസ്റ്റ് ഗ്രൂപ്പുകള്‍ കൂട്ടായും ഉച്ചത്തിലുള്ള ശബ്ദത്തിലും താല്‍മുദിക് ആചാരങ്ങള്‍ നടത്തുന്നു. മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ കുടിയേറ്റക്കാര്‍ ഇസ്രായേലി പതാക വീശുകയോ ദേശീയഗാനം ആലപിക്കുകയോ ചെയ്യുന്നു, ഇത് ജൂതകുടിയേറ്റത്തെ 'പരമാധികാര പ്രദര്‍ശനം' ആക്കി കാണിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

മസ്ജിദുല്‍ അഖ്സയിലെ കടന്നുകയറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബെയാഡെനു (അല്‍-അഖ്‌സ നമ്മുടെ കൈകളിലാണ്) എന്ന സംഘടന പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകള്‍ പ്രകാരം, ഗസയിലെ അധിനിവേശത്തിന് ശേഷം കടന്നുകയറ്റങ്ങളുടെ അളവില്‍ വലിയ മാറ്റമുണ്ടായി. 2023ല്‍, മസ്ജിദുല്‍ അഖ്സയില്‍ നുഴഞ്ഞുകയറിയ ജൂത നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഏകദേശം 50,098 ആയി. 2024ല്‍, ഗസക്കെതിരായ ആക്രമണത്തില്‍ ഇസ്രായേല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും, നവംബര്‍ ആദ്യത്തോടെ ഈ സംഖ്യ 49,243 ആയി. ഇത് സ്ഥിരമായ വര്‍ധന കാണിക്കുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ആചാരങ്ങളുടെ സ്വഭാവമാണ്, അവ മുമ്പെന്നത്തേക്കാളും കൂടുതല്‍ പരസ്യവും ശബ്ദായമാനവുമായ സ്വഭാവം കൈവരിച്ചിരിക്കുന്നു.

മസ്ജിദുല്‍ അഖ്സ അങ്കണത്തിലെ കാഹളം മുഴക്കല്‍, 'നാല് തരം' ആചാരങ്ങള്‍ അവതരിപ്പിക്കല്‍ തുടങ്ങിയവക്കൊപ്പം അതിക്രമത്തിലും വര്‍ധനയുണ്ടായി. അവധി ദിനങ്ങള്‍ സംഘടിതമായ കൂട്ട കടന്നുകയറ്റങ്ങള്‍ക്കുള്ള വേദികളായി. 2025ല്‍, അവധിക്കാല സീസണിന് മുമ്പുതന്നെ, ആഗസ്റ്റ് അവസാനം വരെ, 54,231 തവണ ജൂതകുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്സയില്‍ കടന്നുകയറി. സയണിസ്റ്റ് അവകാശവാദങ്ങള്‍ പ്രകാരം, ജറുസലേമിലെ ഒന്നും രണ്ടും ടെമ്പിളുകളുടെ നാശത്തെ അനുസ്മരിക്കുന്ന അവധി ദിവസമായ ആഗസ്റ്റ് 9ന് അതിക്രമത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി.


ഈ വര്‍ഷത്തിലെ അവധിദിനങ്ങളില്‍ കൂടുതല്‍ ജൂതകുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്സയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് 2025 ആഗസ്റ്റില്‍ ബെയാഡെനു പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത്. പള്ളിയില്‍ താല്‍മുദിക് ആരാധനയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും ഷോഫറുകള്‍ ഊതാനും ജൂതകുടിയേറ്റക്കാരെ അനുവദിക്കണമെന്ന് ഇസ്രായേലി പോലിസിന് പോലിസ് മന്ത്രി ബെന്‍ഗ്വിര്‍ നിര്‍ദേശം നല്‍കിയതാണ് കാരണം.

രണ്ട് വര്‍ഷമായി ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും ഇടയില്‍, ലബ്നാന്‍, സിറിയ, ഇറാന്‍, യെമന്‍ എന്നിവയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തിയ യുദ്ധങ്ങളുടെയും ദോഹയ്‌ക്കെതിരായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ നെതന്യാഹു സര്‍ക്കാര്‍ മസ്ജിദുല്‍ അഖ്സയുടെ 'സമയപരവും സ്ഥലപരവുമായ വിഭജനം' എന്ന തന്ത്രം നടപ്പിലാക്കുന്നത് തുടരുന്നു. അല്‍ ഖലീലിലെ (ഹെബ്രോണ്‍) ഇബ്രാഹിമി പള്ളിയില്‍ മുമ്പ് സംഭവിച്ചതുപോലെ, മസ്ജിദുല്‍ അഖ്സയുടെ സ്വത്വം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദീര്‍ഘകാല തന്ത്രമാണിത്.


സമയപരമായ വിഭജനം: ജൂതന്മാര്‍ക്ക് മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കുന്നതിന് പ്രത്യേകവും കൃത്യവുമായ സമയപരിധികള്‍ അനുവദിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു, പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍. അതേസമയം ഫലസ്തീനികള്‍ പ്രവേശിക്കുന്നത് പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായും വിലക്കുകയോ ചെയ്യുന്നു. മസ്ജിദുല്‍ അഖ്സയില്‍ ഓരോരുത്തര്‍ക്കും പ്രത്യേക സമയം ഉണ്ടെന്ന ആശയമാണ് ഇത് സ്ഥാപിക്കുന്നത്.

സ്ഥലവിഭജനം: മുഗ്റാബി ഗേറ്റും പരിസര പ്രദേശങ്ങളും പോലുള്ള ചത്വരങ്ങളുടെ പ്രത്യേക ഭാഗങ്ങളില്‍ തങ്ങളുടെ നിയന്ത്രണം ഏര്‍പ്പെടുത്താനും അവയെ ഒരു സ്ഥിരമായ 'ജൂത ആരാധനാലയം' ആക്കി മാറ്റാനും ജൂതകുടിയേറ്റ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നു. 'പാര്‍ക്ക്', 'പൊതു സ്‌ക്വയര്‍' എന്നൊക്കെയാണ് അവര്‍ അതിനെ വിളിക്കുന്നത്.

മസ്ജിദുല്‍ അഖ്സയുടെ സ്വത്വം മാറ്റുന്നതിനും അതിന്റെ ഇസ്ലാമിക സ്വത്വം മാറ്റുന്നതിനും അതിനെ ജൂതന്‍മാരും മുസ്ലിംകളും പങ്കിടുന്ന സ്ഥലമാക്കി മാറ്റുന്നതിനും പിന്നീട് പൂര്‍ണമായ ടെമ്പിള്‍ ആക്കി മാറ്റുന്നതിനും വേണ്ടി ബൈബിള്‍ ആചാരങ്ങളെയാണ് സയണിസ്റ്റ് കൊളോണിയലിസ്റ്റുകള്‍ ഉപയോഗിക്കുന്നതെന്ന് ജെറുസലേം കാര്യ വിദഗ്ദനായ സിയാദ് ഇഭായിസ് പറയുന്നു. ഈ ലക്ഷ്യം സ്വന്തമാക്കാന്‍ അവര്‍ മൂന്നുവഴികളാണ് പിന്തുടരുന്നത്. സ്ഥല വിഭജനം, മസ്ജിദിന്റെ കവാടങ്ങളില്‍ പോലിസിനെ വിന്യസിച്ച് കുടിയേറ്റക്കാരുടെ കടന്നുകയറ്റം നടപ്പിലാക്കുകയും ഇസ്ലാം വിശ്വാസികളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുക, കടന്നുകയറ്റങ്ങള്‍ക്ക് സമയം അനുവദിക്കുകയും ക്രമേണ അവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, എന്നിവയാണ് അവ.

മുഗ്‌റാബി ഗേറ്റിനടുത്തുള്ള തെക്കുപടിഞ്ഞാറന്‍ മുറ്റം, കാരുണ്യ കവാടത്തിനടുത്തുള്ള കിഴക്കന്‍ മുറ്റം തുടങ്ങിയ പ്രത്യേക പ്രദേശങ്ങള്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുക എന്നിവയാണ് അവരുടെ പദ്ധതികള്‍. ഫലസ്തീനികളുടെ 2019ലെ ബാബ് അല്‍-റഹ്മ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം ഈ രീതി താല്‍ക്കാലികമായി തടസ്സപ്പെട്ടു, അത് പുതിയ സയണിസ്റ്റ് പാതയുടെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു.

അതായത്, പ്രതീകാത്മകമായി ടെംപിള്‍ സ്ഥാപിക്കല്‍. ടെമ്പിളിന്റെ ഭൗതിക സ്ഥാപനത്തിന് വഴിയൊരുക്കുന്ന രീതിയില്‍ മസ്ജിദുല്‍ അഖ്സയ്ക്കുള്ളില്‍ ബൈബിള്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ പാത. ഇന്ന്, ഈ പുതിയ പാതയ്ക്ക് ഇസ്രായേലി സര്‍ക്കാരിന്റെയും അതിന്റെ കോടതികളുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു.

റിലീജ്യസ് സയണിസം രാഷ്ട്രീയ ശക്തി നേടിയ 2017ല്‍, യുഎസിലെ ട്രംപിന്റെ ഉയര്‍ച്ചയ്ക്ക് ശേഷം, ഈ പാത കൂടുതല്‍ ശക്തമായി. 2017ലെ ഇലക്ട്രോണിക് ഗേറ്റ്‌സ് പ്രക്ഷോഭം, ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്, ബാബ് അല്‍-റഹ്മയ്‌ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍, 2021ലെ സ്വോഡ് ഓഫ് ജെറുസലേം യുദ്ധത്തിലേക്ക് നയിച്ച മൂന്നു ഫലസ്തീനി ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍, 2023ലെ റമദാന്‍ ഇഅ്തികാഫ് ഏറ്റുമുട്ടലുകള്‍, ആറുമാസം കഴിഞ്ഞുള്ള തൂഫാനുല്‍ അഖ്സ എന്നിവ നോക്കുമ്പോള്‍ ജെറുസലേം കീഴടക്കല്‍ ഇസ്രായേലിന്റെ 'അന്തിമ പരിഹാര പദ്ധതിയുടെ' പ്രതീകാത്മക മൂലക്കല്ലായി തുടരുകയാണ്.

മസ്ജിദുല്‍ അഖ്സയെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന ജറുസലേം പിടിച്ചടക്കല്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ സംഘര്‍ഷം പരിഹരിക്കുമെന്നാണ് സയണിസ്റ്റുകള്‍ വിശ്വസിക്കുന്നത്. ആ വിശ്വാസം ഇപ്പോഴും തുടരുന്നു. അത് നടപ്പാക്കാന്‍ എന്തൊക്കെ ക്രൂരതകളും കുറ്റകൃത്യങ്ങളും ചെയ്തെങ്കിലും പരിഹാരം അസാധ്യമായി തുടരുന്നു.

മസ്ജിദുല്‍ അഖ്സയിലെ 'തല്‍മുദിക് ആചാരങ്ങള്‍' ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച്, നെതന്യാഹു സര്‍ക്കാരിന്റെ അധിനിവേശത്തിന് കീഴില്‍ ജെറുസലേമിന്റെയും വെസ്റ്റ് ബാങ്കിന്റെയും ഭാവിയെക്കുറിച്ചുള്ള ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണ് അവ.

സയണിസ്റ്റ് ദേശീയവാദ രാഷ്ട്രത്തിലെ ജൂത മതപരമായ അവധി ദിനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്ന് എഴുത്തുകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ അബ്ദുല്ല അല്‍-അഖ്‌റബാവി ചൂണ്ടിക്കാട്ടുന്നു. ബെന്‍ ഗ്വിറിന്റെ ദുഷ്ടതയുടെയും മസ്ജിദുല്‍ അഖ്സയുടെ അവശിഷ്ടങ്ങളില്‍ ടെമ്പിള്‍ പണിയാന്‍ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെയും കളിസ്ഥലമായി മസ്ജിദുല്‍ അഖ്സ മാറിയിരിക്കുന്നു. മസ്ജിദുല്‍ അഖ്സ നിലനില്‍ക്കുന്ന പ്രദേശം തങ്ങളുടെ സ്വന്തമാണെന്ന വികാരം ജൂതന്‍മാരില്‍ ഉണര്‍ത്താനും കൂട്ടായ ജൂതസ്വത്വത്തിന് മൂര്‍ച്ച കൂട്ടാനുമാണ് അവധിദിനങ്ങളെ സയണിസ്റ്റുകള്‍ രാഷ്ട്രീയവല്‍ക്കരിച്ചത്. സമകാലിക ജൂതന്മാരെ 'ഇസ്രായേല്‍ ദേശത്തിന്റെ', പ്രത്യേകിച്ച് ജെറുസലേമിന്റെയും സോളമന്റെ ടെംപിളിന്റെയും 'ഭൂതകാല മഹത്വവുമായി' ബന്ധിപ്പിക്കുന്ന സയണിസ്റ്റ് ആഖ്യാനം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളായി ഈ ആചാരങ്ങള്‍ മാറിയിരിക്കുന്നു.

അധികാരത്തില്‍ തുടരാന്‍ ബെന്‍-ഗ്വിറിന്റെയും മറ്റ് റിലീജ്യസ് സയണിസ്റ്റ് പാര്‍ട്ടികളുടെയും പിന്തുണയെ ആശ്രയിക്കുന്ന നെതന്യാഹു സര്‍ക്കാര്‍ ഈ രീതികള്‍ക്ക് ഔദ്യോഗിക സംരക്ഷണം നല്‍കുന്നുണ്ടെന്ന് അബ്ദുല്ല അല്‍-അഖ്‌റബാവി ചൂണ്ടിക്കാട്ടുന്നു. ജെറുസലേമിന്റെ വ്യവസ്ഥാപിതമായ ജൂതവല്‍ക്കരണം, വീടുകള്‍ പൊളിച്ചുമാറ്റല്‍, ഐഡി കാര്‍ഡുകള്‍ റദ്ദാക്കല്‍, അമിതമായ നികുതികള്‍ ചുമത്തല്‍, കുടുംബ പുനരേകീകരണം തടയല്‍, മസ്ജിദുല്‍ അഖ്സയെ സ്ഥിരം സംഘര്‍ഷമേഖലയാക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു നയത്തിലൂടെ ജെറുസലേമിലെ പലസ്തീനികളുടെ ജീവിതം അസാധ്യമാക്കുക എന്നതാണ് നെതന്യാഹു സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അല്‍-അഖ്‌റബാവി വിശദീകരിക്കുന്നു. ജനങ്ങളെ ധാര്‍മ്മികമായും ശാരീരികമായും പുറത്താക്കുകയും നഗരത്തിന്റെ അറബ്-ഇസ്ലാമിക് സ്വത്വം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് സയണിസ്റ്റുകളുടെ ലക്ഷ്യം.

എന്നാല്‍, സയണിസ്റ്റ് പദ്ധതി മിഥ്യാധാരണയെ പിന്തുടരുകയാണെന്ന് സിയാദ് ഇഭായിസ് പറയുന്നു. പക്ഷേ, മിഥ്യാധാരണ നടപ്പാവാന്‍ അവര്‍ എല്ലാ കഴിവും ഉപയോഗിക്കും. ജെറുസലേം ക്രമേണ പിടിച്ചെടുത്താല്‍ മതിയെന്നായിരുന്നു സയണിസ്റ്റുകളുടെ ആദ്യ തീരുമാനം. പക്ഷേ, ഇപ്പോള്‍ അതിനെ നേരിട്ടുള്ള സൈനിക ലക്ഷ്യമായി നെതന്യാഹു കാണുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അംഗീകരിച്ചതോടെ ജെറുസലേമും വെസ്റ്റ്ബാങ്കും ഇസ്രായേലില്‍ കൂട്ടിചേര്‍ക്കാന്‍ നെതന്യാഹു ശ്രമിക്കുമെന്നാണ് സിയാദ് ഇഭായിസിന്റെ വിലയിരുത്തല്‍. ഗസയിലെ യാസര്‍ അബു ശബാബിന്റെ മിലിഷ്യയുടെയും 'എമിറേറ്റ് ഓഫ് ഹെബ്രോണ്‍' പദ്ധതിയുടെയും മാതൃകയില്‍, പ്രാദേശിക സഹകാരികളുടെ ഒരു ശൃംഖലയായി ഫലസ്തീന്‍ അതോറിറ്റിയെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഇസ്രായേല്‍ തുടരും. മിക്ക പാശ്ചാത്യ, യൂറോപ്യന്‍ രാജ്യങ്ങളും അധിനിവേശത്തെ സൈനികമായി പിന്തുണച്ചും അതുമായി സാമ്പത്തിക പങ്കാളിത്തം തുടര്‍ന്നും വംശഹത്യയില്‍ സ്വന്തം പങ്കാളിത്തം മറച്ചുവച്ചും അസംബന്ധമായ ദിശയിലാണ് മുന്നോട്ട് പോവുന്നത്.

എന്നിരുന്നാലും, ചരിത്രം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്: ജെറുസലേമിന്റെ ഇസ്ലാമിക സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല. കൂട്ടക്കൊലകളും വംശഹത്യകളും അപമാനങ്ങളും നിരന്തര പദ്ധതികളും ഉണ്ടായിരുന്നിട്ടും ഫലസ്തീന്‍ ജനതയുടെയും വിശാലമായ മുസ്ലിം ഉമ്മത്തിന്റെയും ഉറച്ച നിലപാട് മൂലം മസ്ജിദുല്‍ അഖ്സയുടെ ഇസ്ലാമിക സ്വത്വം ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല.