അംറോ അലന്‍
2023 ഒക്ടോബര്‍ മുതലുള്ള ഇസ്രായേലിന്റെ നടപടികള്‍ സൈനികശക്തിയും അതിര്‍ത്തി മാന്തലും സംയോജിപ്പിച്ചുള്ളതായിരുന്നു. കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയിട്ടും ആയിരങ്ങളെ കൊന്നിട്ടും അവര്‍ക്ക് ഫലത്തില്‍ ഒന്നും നേടാനായില്ല. ഗസയിലെ കരയുദ്ധം വംശഹത്യയുടെ തോതില്‍ എത്തിയിട്ടും ലക്ഷ്യങ്ങള്‍ നേടാനായില്ല. മാത്രമല്ല, യുഎസിന്റെ സഹായത്താല്‍ കെട്ടിപ്പൊക്കിയ ഒരു സംവിധാനമാണ് ഇസ്രായേലെന്ന സത്യവും ലോകത്തിന് മുന്നില്‍ വെളിപ്പെട്ടു. പരിഹരിക്കാനാവാത്ത സാമ്പത്തിക ആഘാതങ്ങള്‍, ഗസയിലെ മാനുഷിക ദുരന്തം സൃഷ്ടിച്ച പ്രശസ്തി തകര്‍ച്ച എന്നിവയാണ് അധിനിവേശം ഇസ്രായേലിനുണ്ടാക്കിയത്.
2025 മധ്യത്തോടെ ഗസ മുനമ്പിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിലധികം ഇസ്രായേല്‍ പിടിച്ചെടുത്തു, ഏകദേശം ഏഴരലക്ഷം ഫലസ്തീനികളെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും അവര്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ച പ്രതിരോധ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു. മാസങ്ങളോളം നീണ്ടുനിന്ന വ്യോമാക്രമണങ്ങളും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളും അധിനിവേശ സൈന്യത്തിന് സുരക്ഷ നല്‍കിയില്ല. ഗസയില്‍ തടവിലുള്ള ജൂതന്‍മാരെ മോചിപ്പിക്കാനോ ഭരണത്തില്‍ നിന്ന് ഹമാസിനെ മാറ്റാനോ സാധിച്ചില്ല. വളരെക്കാലമായി അജയ്യതയുടെ പ്രഭാവലയം വളര്‍ത്തിയെടുത്ത ഇസ്രായേലി അധിനിവേശ സേന, ഒരു കുഞ്ഞുനഗരത്തില്‍ സുരക്ഷയില്ലാതെ തുടരുന്നു.
ഗസയിലെ കൂട്ടക്കൊലകള്‍ കഠിനവും അസമവുമാണ്. ഏതാണ്ട് മുഴുവന്‍ കെട്ടിടങ്ങളും ആശുപത്രികളും സ്‌കൂളുകളും വൈദ്യുതി സംവിധാനങ്ങളും തകര്‍ത്തു, ഒരൊറ്റ ആഴ്ചയില്‍, 500ല്‍ അധികം കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു; കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിച്ച 600ഓളം കൂടാരങ്ങള്‍ കത്തിച്ചു; അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച 20 കേന്ദ്രങ്ങളെങ്കിലും ആക്രമിക്കപ്പെട്ടു, ഒറ്റരാത്രികൊണ്ട് അരലക്ഷത്തില്‍ അധികം ആളുകളെ ഭവനരഹിതരാക്കി.
പക്ഷേ, പ്രതിരോധ പ്രസ്ഥാനങ്ങളുടെ തുരങ്ക ശൃംഖലകള്‍ ഇസ്രായേല്‍ കണക്കുകൂട്ടിയതിനേക്കാള്‍ വളരെ മികച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്, അത് പതിയിരുന്നാക്രമണങ്ങളെ സഹായിക്കുന്നു. ഇസ്രായേലിന്റെ വ്യോമ മേധാവിത്വം കൊണ്ട് ഇസ്രായേലി സൈന്യത്തിന് ഗുണമില്ലാത്ത അവസ്ഥയും തുരങ്കങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്രയും ശക്തിയും സാങ്കേതിക വിദ്യയും ഉണ്ടായിട്ടും ഗസയില്‍ തടവിലുള്ള ഇസ്രായേലി സൈനികരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നുമില്ല. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ സൈനികശേഷിയും ജനകീയ പ്രതിരോധവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരണമാണ് ഗസ.
ഇസ്രായേല്‍ അടുത്തിടെ ആരംഭിച്ച ഓപ്പറേഷന്‍ ഗിഡിയന്‍ രഥങ്ങള്‍ രണ്ട് ഓപ്പറേഷന്‍, രഹസ്യാന്വേഷണം, നിരീക്ഷണം, സൈനികരംഗ നിരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത്, ഗസയ്ക്ക് മുകളിലുള്ള നിരീക്ഷണ ഡ്രോണുകള്‍, യുഎസിന്റെയും യുകെയുടെയും നിരീക്ഷണ വിമാനങ്ങള്‍, ഉപഗ്രഹ നിരീക്ഷണം, ഇലക്ട്രോണിക് ഡാറ്റ കളക്ഷന്‍, സൈബര്‍ തട്ടിപ്പുകള്‍, ഫീല്‍ഡിലെ ചാരന്‍മാര്‍ തുടങ്ങിയവയെ ആണ് ഇസ്രായേല്‍ ആശ്രയിക്കുന്നത്. എന്നാല്‍, അടുത്തിടെ ഒരു തടവുകാരനെ ഹമാസ് റോഡിലൂടെ സ്ഥലം മാറ്റുകയും അതിന്റെ വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തത് ഇസ്രായേലി സൈന്യത്തിന് നാണക്കേടായി.
ഗസയില്‍ മുന്നേറ്റമുണ്ടാവുന്നില്ലെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇസ്രായേലി സര്‍ക്കാര്‍ ഹെര്‍സി ഹാലേവിയെ മാറ്റി യായേല്‍ സമീറിനെ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. യായേല്‍ സമീര്‍ ഗസയെ ഒരു പ്ലേറ്റിലാക്കി എത്തിക്കുമെന്നാണ് നെതന്യാഹു കണക്കുകൂട്ടിയത്. എന്നാല്‍, യായേല്‍ സമീര്‍ യുദ്ധം നീട്ടിക്കൊണ്ടുപോയി, ചര്‍ച്ചകള്‍ ഒഴിവാക്കാനാവില്ലെന്ന് അയാള്‍ ഫലത്തില്‍ സമ്മതിക്കുകയും ചെയ്തു. അത് ഇസ്രായേലിന്റെ സൈനിക പ്രശസ്തി ഇല്ലാതാക്കി.
നിയമപരമോ രാഷ്ട്രീയപരമോ ആയ നിയന്ത്രണങ്ങളില്ലാതെ തോന്നുന്നതെല്ലാം ചെയ്യുന്ന ഒരു സൈന്യത്തിന് ഉപരോധിക്കപ്പെട്ട ഒരു തുരുത്തിനെ കീഴടക്കാന്‍ കഴിയാത്തത് 1967ലെ യുദ്ധം മുതലുള്ള അജയ്യതകളുടെ കെട്ടുകഥകളെ പൊളിച്ചടുക്കി. ലബ്‌നാനില്‍ 2006ലും 2024ലും നേരിട്ട തിരിച്ചടികള്‍ അജയ്യതയുടെ കെട്ടുകഥക്ക് വിള്ളലേല്‍പ്പിച്ചിരുന്നു, ഗസയിലെ ചെറുത്ത് നില്‍പ്പ് അതിനെ പിളര്‍ത്തി. യെമനില്‍ നിന്നും എത്തിയ ഡ്രോണുകളെയും മിസൈലുകളെയും തടയാന്‍ കഴിയാത്തത് സയണിസ്റ്റുകളെ മാനസികമായി നിരാശരുമാക്കി.
ഒരുകാലത്ത് ഇസ്രായേലി സര്‍ക്കാരിന്റെ പ്രധാന ആയുധമായിരുന്ന സൈന്യത്തെ സയണിസ്റ്റ് മന്ത്രിമാര്‍ തന്നെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്നു. സ്വന്തമായി സര്‍ക്കാരുള്ള സൈന്യം എന്ന പ്രതിഛായ ഇപ്പോള്‍ തലകീഴായി മാറി. വിജയിക്കാനാവാത്ത യുദ്ധത്തിന് ബലിയാടുകയാണ് ഇസ്രായേലി സൈന്യം ഇപ്പോള്‍. കുടിയേറ്റക്കാരും സയണിസ്റ്റ് സൈന്യവും തമ്മിലുള്ള ബന്ധം ശക്തമാവേണ്ട ഒരു സാഹചര്യത്തില്‍ അവര്‍ തമ്മില്‍ പിരിയുകയാണ്.
ദോഹ ആക്രമണം
ദോഹയിലെ ഹമാസ് നേതൃത്വ യോഗത്തിന് നേരെയുണ്ടായ ആക്രമണം സൈനിക ആക്രമണത്തിലെ വര്‍ധനവിനെ അടയാളപ്പെടുത്തി. ഹമാസ് നേതൃത്വത്തെ വകവരുത്താന്‍ സാധിക്കാത്തതിനാല്‍ ആക്രമണം അടവുപരമായി പരാജയപ്പെട്ടു. തന്ത്രപരമായി നോക്കുകയാണെങ്കില്‍ അത് മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കി. ഇസ്രായേല്‍ ഉള്ളിടത്തോളം കാലം ഒരുരാജ്യത്തിന്റെ തലസ്ഥാനവും സുരക്ഷിതമല്ലെന്നും ദോഹ ആക്രമണം തെളിയിച്ചു. ഖത്തര്‍ ആക്രമണ സമയത്ത് യുഎസിന്റെയും യുകെയുടെയും ഏരിയല്‍ ടാങ്കറുകള്‍ പ്രദേശത്തുണ്ടായിരുന്നതായി ഓപ്പണ്‍സോഴ്‌സ് ട്രാക്ക് ചെയ്തു. അതായത്, ഇസ്രായേലി യുദ്ധവിമാനങ്ങള്‍ക്ക് വായുവില്‍ വച്ച് ഇന്ധനം നല്‍കിയത് ആ ടാങ്കറുകളായിരുന്നു. അതായത്, യുഎസിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇസ്രായേല്‍ ദോഹയെ ആക്രമിച്ചത്.
കെട്ടിടങ്ങളുടെ മേല്‍ക്കൂര തുളച്ചുകയറി സ്‌ഫോടനമുണ്ടാക്കുന്ന ചെറിയ കാലിബറിലുള്ള 250 പൗണ്ട് തൂക്കമുള്ള ബോംബുകളും ജിപിഎസ് അടിസ്ഥാനമാക്കിയ ഗൈഡഡ് ഗ്ലൈഡ് ബോംബുകളുമാണ് ദോഹയെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഉപയോഗിച്ചത്. ഇത് യുഎസ് സര്‍ക്കാര്‍ ഇസ്രായേലിന് നല്‍കിയ ആയുധങ്ങളില്‍ നിന്നുള്ളതാണ്. യുഎസിന്റെ ടാങ്കറുകളും റഡാര്‍ സഹായവും വ്യോമാതിര്‍ത്തി കടക്കാനുള്ള സഹായവും സെന്‍ട്രല്‍ കമാന്‍ഡിന്റെ പിന്തുണയും ഇല്ലാതെ ദോഹയിലെ ആക്രമണം സാധ്യമാവുമായിരുന്നില്ല. അതായത്, അമേരിക്കന്‍ മേധാവിത്വത്തിന്റെ തോളില്‍ നിന്നാണ് ഇസ്രായേല്‍ ദോഹയെ ആക്രമിച്ചത്.
ആക്രമണത്തെ സംബന്ധിച്ച യുഎസിന്റെയും ഖത്തറിന്റെയും വിവരണങ്ങളിലെ വ്യത്യാസത്തില്‍ വലിയ കാര്യമില്ല, ആക്രമണമാണ് പ്രധാനം. നിരവധി യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫിലെ ആകാശത്ത് ട്രാക്ക് ചെയ്യപ്പെടാതെ ഒന്നും പറക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഈ സൈനികതാവളങ്ങള്‍ ഇസ്രായേലിന് പരിചയും ലോഞ്ച് പാഡും നല്‍കുന്നു. ഇസ്രായേലിന്റെ താല്‍പര്യവും യുഎസിന്റെ ശേഷിയും ചേരുമ്പോള്‍ അറബികളുടെ പ്രതിരോധ ശേഷി ഇല്ലാതാവുന്നു.
വിശാല ഇസ്രായേല്‍ വാദം
യുദ്ധഭൂമിയിലെ ക്രൂരതയെ നിര്‍ണായക ഫലങ്ങളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ട ഇസ്രായേലി ഭരണകൂടം ഫലസ്തീനിലും ക്രൂരതകള്‍ ശക്തമാക്കി. വെസ്റ്റ്ബാങ്കിലും ജെറുസലേമിലും ജൂത കുടിയേറ്റ പ്രദേശങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ തടയാനുള്ളതാണ്. ഈജിപ്തിലെ നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെയുള്ള പ്രദേശങ്ങള്‍ ഇസ്രായേലാക്കുമെന്നുള്ള തോറയെ വളച്ചൊടിച്ചുള്ള പ്രഖ്യാപനങ്ങള്‍ അവരുടെ പ്രത്യയശാസ്ത്ര മറയുമാണ്. ഗസയിലെ പരാജയത്തെ മറ്റ് എവിടെയെങ്കിലുമുള്ള വിധിയായി പുനര്‍നിര്‍മിക്കാനുള്ള തന്ത്രവുമാണ്.
സിറിയയ്ക്കും ലബ്‌നാനുമെതിരായ തുടര്‍ച്ചയായ ഇസ്രായേലി ആക്രമണങ്ങള്‍ ഈ യുക്തി വിശദീകരിക്കുന്നു. ഹിസ്ബുല്ലയുമായുള്ള ഔപചാരിക വെടിനിര്‍ത്തല്‍ ഇസ്രായേലിന്റെ പ്രത്യയശാസ്ത്ര പദ്ധതിയെയും വിശാല ഇസ്രായേല്‍ അവകാശവാദത്തെയും തകര്‍ക്കും; അതിനാലാണ് വെടിനിര്‍ത്തലിന് ശേഷവും അവര്‍ ലബ്‌നാനില്‍ ആക്രമണം നടത്തുന്നത്. അത് ജൂതകുടിയേറ്റക്കാരെ ഐക്യപ്പെടുത്താനും സഹായിക്കുന്നു.
യുഎസിന്റെ നിലപാട് ഇസ്രായേലിന്റെ വ്യാപനവാദം ശക്തിപ്പെടുത്തിയിരിക്കുന്നു. സിറിയയില്‍ നിന്നും ഇസ്രായേല്‍ തട്ടിയെടുത്ത ഗോലാന്‍ കുന്നുകളിലുള്ള ഇസ്രായേലിന്റെ അധികാരം യുഎസ് ഔപചാരികമായി അംഗീകരിക്കുന്നു. ഇസ്രായേല്‍ പറയുന്ന അതിര്‍ത്തികളെ യുഎസ് അതിര്‍ത്തികളായി അംഗീകരിക്കുന്നു. ഇത് വ്യാപനവാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്. 1916ല്‍ യുകെയും ഫ്രാന്‍സും ഒപ്പിട്ട സൈക്‌സ്-പിക്കോട്ട് അതിര്‍ത്തികള്‍ ഇസ്രായേല്‍ ഇഷ്ടമുള്ള പോലെ മാറ്റുമെന്നാണ് യുഎസിന്റെ സിറിയയിലെ പ്രത്യേക ദൂതന്‍ തോമസ് ബരാക് പറഞ്ഞത്, അത് ഒരു യുഎസ് ലൈസന്‍സാണ്.
ആഗോള പ്രതിസന്ധി
ദോഹയിലെ ഇസ്രായേലി ആക്രമണം ലക്ഷ്യം കണ്ടില്ല, മാത്രമല്ല, അത് മധ്യസ്ഥ ചര്‍ച്ചയേയും തടസപ്പെടുത്തി. യുഎസിന്റെ ഏറ്റവും വലിയ സൈനികതാവളമുള്ള പ്രദേശത്ത് മധ്യസ്ഥ സംഘത്തിന് നേരെ നടന്ന ആക്രമണം നയതന്ത്രത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു. പ്രായോഗികമായി നോക്കുമ്പോള്‍ അത് ഗസയിലെ ഇസ്രായേലി തടവുകാരെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടു. ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ യുഎസ് പ്രതിരോധ കുട പ്രവര്‍ത്തിക്കില്ലെന്ന് അത് അറബ് രാജ്യങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. മധ്യസ്ഥര്‍ക്കുള്ള സന്ദേശം ഭീകരമായിരുന്നു, നിങ്ങളുടെ തലസ്ഥാനങ്ങള്‍ യുദ്ധക്കളമാവാം, മധ്യസ്ഥരാണെങ്കിലും നിങ്ങളെ ഞങ്ങള്‍ മറുപക്ഷത്താണ് കാണുന്നത്.
പാശ്ചാത്യ സര്‍ക്കാരുകള്‍ ഇസ്രായേലിന് ആയുധങ്ങളും രഹസ്യാന്വേഷണവും സംരക്ഷണവും നല്‍കിയിട്ടുണ്ട്; എന്നിരുന്നാലും, ജനകീയ രോഷം യൂറോപ്യന്‍ ചര്‍ച്ചകളെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഫലസ്തീനികളുടെ ദുരിതം കണ്ടതിനെ തുടര്‍ന്നുണ്ടായ വേദന മൂലം രൂപപ്പെട്ടതല്ല ഈ നിലപാട്, മറിച്ച് അടിസ്ഥാന വസ്തുതകളെ പ്രതിരോധിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ഫലസ്തീനുള്ള അംഗീകാരം വരുന്നത്.
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ പോയ അറബ് രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. യുഎസില്‍ പോലും, ഭരണകൂടം ഏകശിലാരൂപമല്ല. രാഷ്ട്രീയ നേതൃത്വം ഇസ്രായേലിന് ശിക്ഷാ ഇളവ് നല്‍കി സംരക്ഷിക്കുമ്പോഴും പെന്റഗണിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും തന്ത്രപരമായ അപകടസാധ്യത കണക്കാക്കാന്‍ കഴിയും. ശിക്ഷാ ഇളവ് നല്‍കുന്നതിലൂടെ ഇസ്രായേലിനെ താല്‍ക്കാലികമായി സംരക്ഷിക്കാമെങ്കിലും ദീര്‍ഘകാല പ്രതിസന്ധികള്‍ കുമിഞ്ഞുകൂടുന്നു എന്ന് അവര്‍ മനസിലാക്കുന്നു.
ഇസ്രായേലിന്റെ അജയ്യത
അതേസമയം, ഏത് മുന്നണിയിലും അതിവേഗം വിജയങ്ങള്‍ നേടിയിരുന്നു എന്ന് അവകാശപ്പെടുന്ന ഇസ്രായേലി സൈന്യം ഇപ്പോള്‍ നീണ്ട, അസമമായ നഗര യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. സെന്‍സറുകളിലും യുദ്ധോപകരണങ്ങളിലുമുള്ള മികവ് അടിത്തട്ടിലെ പോരാട്ടത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് ഗസയിലെ അധിനിവേശം തെളിയിക്കുന്നു; ദോഹയിലെ ആക്രമണം യുഎസില്‍ നിന്നും ഇസ്രായേല്‍ വാടകയ്ക്ക് എടുത്ത ശേഷികളുടെ പ്രകടനമാണെന്നും തെളിഞ്ഞു; ഗസയിലെ മാനുഷിക ദുരന്തം ഭാവിയിലേക്ക് കൂടി ശത്രുക്കളെ നിര്‍മിക്കുന്നതാണെന്ന് യുഎസും തിരിച്ചറിയുന്നു.
ഗസയിലും വെസ്റ്റ്ബാങ്കിലും പശ്ചിമേഷ്യയിലും ഗള്‍ഫിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ സമാധാനമുണ്ടാക്കില്ല. ആത്യന്തികമായി നോക്കുകയാണെങ്കില്‍ അത് ഇസ്രായേലിന് കൂടുതല്‍ പ്രഹരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുക. ഇസ്രായേലി ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് കൂടുതല്‍ രാജ്യങ്ങളെ യുദ്ധമുന്നണിയിലേക്ക് എത്തിക്കും. അത് ഇസ്രായേലിന്റെ അജയ്യത എന്ന മിഥ്യാധാരണയെ പൊളിക്കുകയും സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ കെട്ടിപ്പൊക്കിയ സംവിധാനം പൊളിഞ്ഞുവീഴാനും കാരണമാവും. ഇസ്രായേലിന്റെ അടുത്തസുഹൃത്തായിരുന്ന ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടത്തിന്റെ തകര്‍ച്ച അതിന് സമീപകാല ചരിത്രത്തിലെ തെളിവാണ്.

