മണിപ്പൂരിലെ അക്രമം വംശീയം, ആസൂത്രിതം: ഇന്‍ഡിപെന്‍ഡന്റ് പീപ്പിള്‍സ് ട്രിബ്യൂണല്‍

Update: 2025-08-23 12:55 GMT

മണിപ്പൂരില്‍ 2023 മേയ് മുതല്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് വംശീയ സ്വഭാവമുണ്ടെന്നും ആസൂത്രിതമാണെന്നും ഇന്‍ഡിപെന്‍ഡന്റ് പീപ്പിള്‍സ് ട്രിബ്യൂണല്‍ റിപോര്‍ട്ട്. സുപ്രിംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് ചെയര്‍മാനായ ട്രിബ്യൂണലാണ് ഇക്കാര്യം വ്യക്തമാക്കുന്ന 694 പേജുള്ള റിപോര്‍ട്ട് പുറത്തിറക്കിയത്. ''2023 മെയ് 3ന് പൊട്ടിപ്പുറപ്പെട്ട അക്രമം സ്വയമേവയുള്ളതല്ല, മറിച്ച് ആസൂത്രിതവും വംശീയമായി ലക്ഷ്യം വച്ചതും സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് എളുപ്പമാക്കപ്പെട്ടതുമായിരുന്നു''-ട്രിബ്യൂണല്‍ റിപോര്‍ട്ട് വ്യക്തമാക്കി.

മണിപ്പൂരിലെ സംഭവങ്ങളിലെ അന്വേഷണത്തില്‍ നിഷ്പക്ഷത ഉറപ്പാക്കാനായി മണിപ്പൂരിന് പുറത്തുനിന്നുള്ള പ്രമുഖ വ്യക്തികളുടെ ജൂറിയുമായാണ് 2024ല്‍ പൗരാവകാശ സംഘടനയായ പിയുസിഎല്‍ ട്രിബ്യൂണല്‍ രൂപീകരിച്ചത്. ജസ്റ്റിസ് കുര്യന്‍ ജോസഫിനൊപ്പം ജസ്റ്റിസ് കെ കണ്ണന്‍, ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍ ബ്യൂറോക്രാറ്റുകള്‍ എം ജി ദേവസഹായം, സ്വരാജ് ബിര്‍ സിങ്, ഉമാ ചക്രവര്‍ത്തി, വിര്‍ജീനിയസ് സാക്‌സ, മഞ്ജുള പ്രദീപ്, ഹെന്റി ടിഫാഗ്‌നെ, ആകാര്‍ പട്ടേല്‍ എന്നിവരും ട്രിബ്യൂണലിന്റെ ഭാഗമായിരുന്നു.

അക്രമത്തിന് ഇരയായ 150 പേര്‍ ട്രിബ്യൂണലിന് മുന്നില്‍ വാമൊഴി നല്‍കി. ആയിരക്കണക്കിന് പേര്‍ ഗ്രൂപ്പ് ചര്‍ച്ചകളുടെ ഭാഗമായും മൊഴി നല്‍കി. ശിക്ഷയില്ലാതെ അക്രമങ്ങള്‍ നടത്താന്‍ സാധിക്കുന്നതിന്റെയും ഉന്നമിട്ടുള്ള ക്രൂരതയുടെയും ചിത്രം വരയ്ക്കുന്നതാണ് മൊഴികളെന്ന് റിപോര്‍ട്ടില്‍ ജൂറി എഴുതി. ആക്രമണം തുടങ്ങി 27 മാസമായിട്ടും കുടിയിറക്കപ്പെട്ട 60,000 പേര്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുകയാണെന്നും ജൂറി ചൂണ്ടിക്കാട്ടുന്നു.

മണിപ്പൂരില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വംശീയ വേര്‍തിരിവുകള്‍, സാമൂഹിക-രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണം, ഭൂമി തര്‍ക്കങ്ങള്‍ എന്നിവയാണ് അക്രമത്തിന് കാരണമായതെന്ന് റിപോര്‍ട്ട് പറയുന്നു. മെയ്തി, കുക്കി-സോ സമൂഹങ്ങള്‍ തമ്മിലുള്ള അവിശ്വാസം വര്‍ധിപ്പിക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ അക്രമങ്ങള്‍ കൂടുതല്‍ വഷളാക്കി.

മെയ്തികള്‍ക്ക് പട്ടികവര്‍ഗ (എസ്ടി) പദവി ശുപാര്‍ശ ചെയ്ത് മണിപ്പൂര്‍ ഹൈക്കോടതി 2023 മാര്‍ച്ച് 27ന് പുറപ്പെടുവിച്ച ഉത്തരവാണ് അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. ഗോത്രവിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാ സംരക്ഷണ വ്യവസ്ഥകള്‍ ഈ ഹൈക്കോടതി നിര്‍ദേശം ഇല്ലാതാക്കുമെന്ന ആശങ്ക കുക്കികളും നാഗന്‍മാരും അടക്കമുള്ള വിഭാഗങ്ങളില്‍ രൂപപ്പെടുത്തി. ''ഹൈക്കോടതി വിധി ഒരു ഉത്തേജകമായി പ്രവര്‍ത്തിച്ചു. മെയ് മൂന്നിന് സംസ്ഥാനവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടു, ഇത് പെട്ടെന്ന് ലക്ഷ്യമിട്ടുള്ള അക്രമത്തിലേക്ക് നയിച്ചു.''-റിപോര്‍ട്ട് പറയുന്നു.

കുക്കികള്‍ മ്യാന്‍മറില്‍നിന്നുള്ള 'നിയമവിരുദ്ധ കുടിയേറ്റക്കാര്‍' ആണെന്നും അവര്‍ പോപ്പി കൃഷി നടത്തുകയാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കുക്കികളെ പിശാചുവല്‍ക്കരിക്കാനുള്ള അതിശയോക്തിപരമായ രാഷ്ട്രീയ ആയുധമായിരുന്നു ഈ പ്രചാരണങ്ങള്‍. അത് അക്രമങ്ങളെ ന്യായീകരിച്ചു.

കൊലപാതകങ്ങള്‍, അംഗഭംഗം വരുത്തല്‍, സ്ത്രീകളെ നഗ്നരാക്കല്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ നേരില്‍ കണ്ടെന്ന് നിരവധി പേര്‍ ട്രിബ്യൂണലിന് മൊഴി നല്‍കി. സ്ത്രീകളെ സഹായിക്കുന്നതിന് പകരം ആള്‍ക്കൂട്ടത്തിന് കൈമാറുകയാണ് പോലിസ് ചെയ്തിരുന്നതെന്നും നിരവധി പേര്‍ സാക്ഷ്യപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ ഇതില്‍ കേന്ദ്ര പങ്കുവഹിച്ചു. സോഷ്യല്‍ മീഡിയയിലും അച്ചടി മാധ്യമങ്ങളിലും പക്ഷപാതപരമായ റിപോര്‍ട്ടുകള്‍ വന്നു. ഇതെല്ലാം വംശീയ ഭിന്നതകള്‍ വര്‍ധിപ്പിച്ചു. അക്രമി സംഘങ്ങള്‍ വരുന്നതായി അറിയിപ്പ് കിട്ടിയെങ്കിലും അവരെ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഒരാള്‍ ട്രിബ്യൂണലിന് മൊഴി നല്‍കി.

ആശ്വാസ നടപടികളുടെ തകര്‍ച്ച ദുരിതം കൂടുതല്‍ വഷളാക്കി. ക്യാമ്പുകളില്‍ അടിസ്ഥാന ശുചിത്വം, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഇല്ലായിരുന്നു. ആശുപത്രികള്‍ ആക്രമിക്കപ്പെടുകയും ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ചില ആശുപത്രികള്‍ വര്‍ഗീയ അടിസ്ഥാനത്തില്‍ ചികില്‍സ നിഷേധിച്ചു. അക്രമങ്ങള്‍ക്കിരയായ നിരവധി പേരില്‍ ട്രോമയും പിടിഎസ്ഡിയും വിഷാദവും രൂപപ്പെട്ടു. എന്നാല്‍, ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

എല്ലാ അക്രമസംഭവങ്ങളിലും കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്നും മൊഴികള്‍ പറയുന്നു. പോലിസ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ അന്വേഷണം വൈകിപ്പിക്കുകയോ ചെയ്തു. പല അക്രമസംഭവങ്ങള്‍ക്കും സുരക്ഷാ സേനയുടെ പിന്തുണയുമുണ്ടായിരുന്നുവെന്നും ചിലര്‍ മൊഴി നല്‍കി.

സംഘര്‍ഷത്തിലെ സുപ്രിംകോടതിയുടെ ഇടപെടല്‍ അപര്യാപ്തമായിരുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു. സംഘര്‍ഷം അന്വേഷിച്ച ഗീതാ മിത്തല്‍ കമ്മിറ്റിക്ക് പരിമിതമായ അധികാരം മാത്രമാണുണ്ടായിരുന്നത്. സിബിഐ അന്വേഷണവും ചെറിയ വിഷയങ്ങളിലാണ് നടന്നത്. അതിനാല്‍ തന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതിലും വംശീയ ഭിന്നത ശക്തമാക്കിയതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടെന്നാണ് റിപോര്‍ട്ട് നിരീക്ഷിക്കുന്നത്.

മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനും സമഗ്രമായ പദ്ധതികള്‍ വേണമെന്ന് റിപോര്‍ട്ട് ആവശ്യപ്പെടുന്നു. മലയോര ജില്ലകളില്‍ സ്ഥിരം ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണം, സുരക്ഷാ സേന ഉള്‍പ്പെടെ ആരോപണവിധേയമായ ആയിരക്കണക്കിന് കേസുകള്‍ അന്വേഷിക്കാന്‍ സ്വതന്ത്രമായ അന്വേഷണ സംഘം വേണം, വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും നടത്തി അക്രമം സൃഷ്ടിച്ചവര്‍ക്കെതിരേ നടപടി വേണം, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വംശീയ വിഭജനങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണം നടത്തണം തുടങ്ങിയവയാണ് ട്രിബ്യൂണലിന്റെ ശുപാര്‍ശകള്‍.

ഭാഗികമായ നടപടികളേക്കാള്‍ കൂടുതല്‍ മണിപ്പൂര്‍ ജനത അര്‍ഹിക്കുന്നതായി റിപോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ സമാധാനം തിരിച്ചുവരില്ല. സംസ്ഥാനത്ത് ജനാധിപത്യവും സമാധാനവും തിരിച്ചുവരാന്‍ നീതിയും ഉത്തരവാദിത്തവും ചര്‍ച്ച ചെയ്യണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു.

''അക്രമം നടക്കാന്‍ ഭരണകൂടം അനുവദിച്ചു, അല്ലെങ്കില്‍ അത് നടക്കാന്‍ പ്രേരിപ്പിച്ചു.''-റിപോര്‍ട്ട് പറയുന്നു. അക്രമികളെ അവരുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളാക്കിയില്ലെങ്കില്‍ മണിപ്പൂര്‍ അപകടകരമായ ഒരു മാതൃകയായി മാറിയേക്കാം. സര്‍ക്കാര്‍ പങ്കാളിത്തമുള്ള വംശീയ അക്രമങ്ങള്‍ മറ്റു സംസ്ഥാനങ്ങളും അനുകരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.