മംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും

Update: 2025-06-29 08:21 GMT

യുഎസിലെ പ്രശസ്തമായ ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്‌ലിം മേയറാവാന്‍ സാധ്യതയുള്ള സൊഹ്‌റാന്‍ മംദാനിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ലക്ഷ്യം വച്ചിട്ടുണ്ട്.

മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ തീവ്ര വലതുപക്ഷത്തിന്റെ വംശീയ ആക്രമണങ്ങള്‍ക്ക് അദ്ദേഹം ഇരയായി. ചൊവ്വാഴ്ചയിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ആ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമായി. റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളും വലതുപക്ഷ മാധ്യമ പ്രവര്‍ത്തകരും അദ്ദേഹം ഇസ്‌ലാമിക നിയമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നും ന്യൂയോര്‍ക്കുകാരുടെ, പ്രത്യേകിച്ച് ജൂതന്മാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നും ആരോപിച്ചു.

കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്ന സമൂഹത്തിന് എന്ത് സംഭവിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് മംദാനിയുടെ വിജയമെന്ന് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിന്റെ ശില്‍പിയായ സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു. മംദാനി തീവ്രവാദികളെ പിന്തുണക്കുകയാണെന്നും അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കി നാടുകടത്താന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി തയ്യാറാവണമെന്നുമാണ് റിപ്പബ്ലിക്കന്‍ പ്രതിനിധി ആന്‍ഡി ഓഗിള്‍സ് ആവശ്യപ്പെട്ടത്.

കുര്‍ത്ത ധരിച്ച് ഈദ് ആഘോഷത്തിന് തയ്യാറെടുക്കുന്ന മംദാനിയുടെ ഫോട്ടോയാണ് സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പങ്കുവച്ചത്. 'ദുഃഖകരമെന്നു പറയട്ടെ, സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ ഞങ്ങള്‍ മറന്നുപോയി' എന്നാണ് ഫോട്ടോക്ക് അടിക്കുറിപ്പ് നല്‍കിയത്. 2001 സെപ്റ്റംബറില്‍ മാന്‍ഹാട്ടനില്‍ താമസിച്ചിരുന്ന മംദാനിക്ക് ഒമ്പതു വയസാണുണ്ടായിരുന്നത്.

കണ്‍സര്‍വേറ്റീവ് യുവാക്കള്‍ക്കായുള്ള ഗ്രൂപ്പായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ തലവനായ ചാര്‍ളി കിര്‍ക്ക്, ആ ആക്രമണങ്ങളുമായി മംദാനിയുമായി കൂടുതല്‍ നേരിട്ട് ബന്ധിപ്പിക്കാന്‍ ശ്രമിച്ചു.

'24 വര്‍ഷങ്ങള്‍ക്ക് മുമ്പ് 9/11 ല്‍ ഒരു കൂട്ടം മുസ്‌ലിംകള്‍ 2,753 പേരെ കൊന്നു. ഇപ്പോള്‍ ഒരു മുസ്‌ലിം സോഷ്യലിസ്റ്റ് ന്യൂയോര്‍ക്ക് നഗരം ഭരിക്കാന്‍ ഒരുങ്ങുകയാണ്.''

ഇസ്‌ലാമോഫോബിയയും കുടിയേറ്റ വിരുദ്ധതയും നിറഞ്ഞ ആക്രമണമാണ്, തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യത്തെ മുസ്‌ലിം മേയറാകാന്‍ പോകുന്ന മംദാനി നേരിട്ടുകൊണ്ടിരിക്കുന്നത്. ബരാക ഒബാമ മുസ്‌ലിം ആണെന്നും കെനിയയില്‍ ജനിച്ചെന്നും അതിനാല്‍ യുഎസ് പ്രസിഡന്റാവാന്‍ സാധിക്കില്ലെന്നുമുള്ള ''ബര്‍തര്‍'' ഗൂഡാലോചന സിദ്ധാന്തത്തിന്റെ പ്രതിധ്വനിയും ഇതിലുണ്ട്.

ബരാക് ഒബാമ ക്രിസ്ത്യാനിയാണ്, ഹവായിയില്‍ ജനിച്ചു; മംദാനി മുസ്‌ലിമാണ്. ഉഗാണ്ടയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ചു. ''ബര്‍തര്‍'' ആക്രമണങ്ങള്‍ പോലെ മംദാനിയെ അപകടകാരിയായ വ്യക്തിയായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്.

ന്യൂയോര്‍ക്കിനെ കുറിച്ചുള്ള മംദാനിയുടെ കാഴ്ച്ചപാടായി എതിരാളികള്‍ ചിത്രീകരിക്കുന്ന കാഴ്ച്ചപാട് മംദാനിയുടെ യഥാര്‍ത്ഥ കാഴ്ച്ചപാടില്‍ നിന്നും വ്യത്യാസമാണ്. മംദാനിയുടെ യഥാര്‍ത്ഥ പിന്തുണ യുവാക്കളും വ്യത്യസ്ഥ വംശക്കാരുമാണ്. ഉയര്‍ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരും കൂടുതല്‍ ബിരുദധാരികളും കൂടുതല്‍ വെള്ളക്കാരും ഏഷ്യക്കാരും ഹിസ്പാനിക് നിവാസികളും ഉള്ള പ്രദേശങ്ങളില്‍ മംദാനി വിജയിച്ചു.

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവിന്റെയും അക്കാദമിക് വിദഗ്ദ്ധന്റെയും മകനായ മംദാനിയുടെ വിജയത്തിന് അടിസ്ഥാനപരമായി ശക്തി പകരുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന വിഭാഗമാണ്.ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, സമ്പന്നരായ വെളുത്ത വോട്ടര്‍മാരാണ് ആ ഗ്രൂപ്പിനെ സാധാരണയായി പിന്തുണയ്ക്കുന്നത്.

2021 മുതല്‍ സഭയില്‍ സേവനമനുഷ്ഠിക്കുകയും ഇടയ്ക്കിടെ റാപ്പറായി ജോലിയെടുക്കുകയും ചെയ്ത മംദാനി ശക്തമായ പോരാട്ടത്തിലാണ് ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചത്. കമ്പനികളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിക്കണമെന്നും ന്യൂയോര്‍ക്കിലെ ഏറ്റവും സമ്പന്നരായ ആളുകള്‍ സൗജന്യ ശിശു സംരക്ഷണം, സൗജന്യ ബസുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി പണം നല്‍കണമെന്നും അദ്ദേഹം വാദിക്കുന്നു.

ജീവിതച്ചെലവിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും 'സമാധാനത്തിനും സംഭാഷണത്തിനും സൗഹൃദ രാഷ്ട്രീയത്തിനുമുള്ള പ്രതിബദ്ധതയും' യൂണിയന്‍ അംഗങ്ങളെ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായെന്ന് മംദാനിയുടെ പ്രചാരണത്തെ പിന്തുണച്ച യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സിന്റെ റീജിയണല്‍ ഡയറക്ടര്‍ ബ്രാന്‍ഡന്‍ മന്‍സില്ല പറഞ്ഞു.

'' സൊഹ്‌റാന് ന്യൂയോര്‍ക്കുകാരോട് സംസാരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, അതുകൊണ്ടാണ് പിന്തുണച്ചത്. സൊഹ്‌റാന്‍ നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ നിന്ദ്യവും നിരാശാജനകവുമാണ്. പക്ഷേ ഈ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം അങ്ങനെയായതിനാല്‍ അവ പ്രതീക്ഷിക്കേണ്ടതാണ്.''-ബ്രാന്‍ഡന്‍ മന്‍സില്ല വിശദീകരിച്ചു.

മംദാനിയുടെ വിജയത്തെക്കുറിച്ചുള്ള വംശീയമായ ''പരിഭ്രാന്തി'' രണ്ടുവശത്തെയും അധികാരത്തിന് അദ്ദേഹം ഉയര്‍ത്തുന്ന ഭീഷണിയെ സൂചിപ്പിക്കുന്നുവെന്നാണ് അമേരിക്കന്‍ അറബ് വിവേചന വിരുദ്ധ സമിതിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബേദ് അയൂബ് പറയുന്നത്.

''റിപ്പബ്ലിക്കന്മാര്‍ മാത്രമല്ല പരിഭ്രാന്തരാകുന്നത് - മധ്യത്തിലും ഇടതുപക്ഷത്തുമുള്ള ചിലര്‍ മംദാനിയെ ആക്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്.''-അബേദ് അയൂബ് പറഞ്ഞു.

മംദാനിയുടെ ഇടതുപക്ഷ നയങ്ങളുടെയും തിളങ്ങുന്ന ശൈലിയുടെയും സംയോജനവും അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ എം ക്യൂമോയെ വെറുത്തിരുന്നവരുടെ പിന്തുണയും കൂടി നോക്കുമ്പോള്‍ വിജയസാധ്യത കൂടുതലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സമാഹരിച്ച വിവരങ്ങള്‍ പറയുന്നത്.

സമ്പന്നരായ വെളുത്ത ലിബറലുകള്‍ക്കിടയില്‍ മാത്രമല്ല, വംശീയമായി വൈവിധ്യമുള്ള, നിരവധി യുവ ഇടതുപക്ഷക്കാരുടെ വാസസ്ഥലമായ റിഡ്ജ്വുഡ്, ക്യൂമോ ബുഷ്വിക്ക്, ബ്രൂക്ക്‌ലിന്‍, ആസ്റ്റോറിയ, ക്യൂന്‍സ് തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ മംദാനിക്ക് പൂര്‍ണ്ണമായ ആധിപത്യം ഉണ്ടായിരുന്നു എന്നാണ് ആദ്യ റൗണ്ട് വോട്ടെണ്ണലിന്റെ ഫലങ്ങള്‍ കാണിക്കുന്നത്. ദക്ഷിണേഷ്യക്കാര്‍ കൂടുതലുള്ള ക്യൂന്‍സിലെ ജമൈക്ക ഹില്‍സില്‍ വലിയ ഭൂരിപക്ഷത്തിനാണ് പ്രൈമറിയില്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ടാല്‍, ന്യൂയോര്‍ക്കിലെ ദക്ഷിണേഷ്യന്‍ വംശജനായ ആദ്യ മേയറാവും മംദാനി. തനിക്ക് ലഭിച്ച അസഭ്യ സന്ദേശങ്ങളും അദ്ദേഹം പ്രൈമറി ക്യാംപയിനില്‍ പങ്കുവച്ചിരുന്നു. '' എന്റെ യൂറോപ്യന്‍ കാലുകള്‍ കഴുകൂ'' എന്ന് ഒരാള്‍ അയച്ച സന്ദേശം അദ്ദേഹം നാട്ടുകാരെ കേള്‍പ്പിച്ചു.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഇസ്‌ലാമോഫോബിയയുടെ നീണ്ട ചരിത്രത്തിന്റെ ഭാഗമാണ് ആക്രമണങ്ങളെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിലെ ഗവേഷക ഡയറക്ടര്‍ കോറി സെയ്ലര്‍ പറഞ്ഞു. 2001 മുതല്‍ ഇത് രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോവര്‍ മാന്‍ഹട്ടനിലെ നിര്‍ദ്ദിഷ്ട പാര്‍ക്ക് 51 കമ്മ്യൂണിറ്റി സെന്ററിലെ പള്ളിയെ എതിരാളികള്‍ 'ഗ്രൗണ്ട് സീറോ മോസ്‌ക്' എന്നാണ് വിളിച്ചിരുന്നത്. തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ടവറുകള്‍ക്ക് സമീപമാണ് ഈ പാര്‍ക്ക് 51 സ്ഥാപിക്കാന്‍ ഇരുന്നത്.

2010 ലെ ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ യാഥാസ്ഥിതിക വാര്‍ത്താ മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ ചെയ്തു. അങ്ങനെ പദ്ധതി ഇല്ലാതായി.

''കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കണ്ടതിന് സമാനമായ എപ്പിസോഡുകളാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ന്യൂനപക്ഷത്തോട്, ഈ സാഹചര്യത്തില്‍ മുസ്‌ലിംകളോട് അങ്ങേയറ്റം സാധാരണവല്‍ക്കരിച്ച വിദ്വേഷമുണ്ട്. ''കോറി സെയ്ലര്‍ പറയുന്നു.

പ്രചാരണ പരിപാടിയില്‍ തനിക്ക് ലഭിച്ച ഒരു സന്ദേശം ഈ മാസം ആദ്യം മംദാനി പങ്കുവച്ചു. 'ഒരേയൊരു നല്ല മുസ്‌ലിം മരിച്ച മുസ്‌ലിമാണ്' എന്ന മനുഷ്യത്വരഹിതമായ സന്ദേശം കാണിച്ച് മംദാനി കരഞ്ഞു. ട്രംപ് അനുകൂലിയായ ഒരാള്‍ തന്റെ പ്രചാരണ വളണ്ടിയര്‍മാരെ കടിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം പറഞ്ഞു.

''മൃഗങ്ങളെ വിശേഷിപ്പിക്കുന്നതു പോലെ എന്നെ വിശേഷിപ്പിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?. ഞാന്‍ ഒരു രാക്ഷസനാണെന്ന പോലെ. ഇത്തരം ഭാഷ നഗരത്തിന്റെയും നമുക്കറിയാവുന്ന നാഗരികതയുടെയും അവസാനമാണ്''-അദ്ദേഹം പറഞ്ഞു.

മംദാനിയുടെ താടി കൂടുതല്‍ കറുപ്പിച്ചതും കട്ടിയുള്ളതുമാക്കിയാണ് അദ്ദേഹത്തിന്റെ എതിരാളിയെ പിന്തുണയ്ക്കുന്നവര്‍ ഫ്‌ളയറുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചത്. ''റിപ്പബ്ലിക്കന്‍ ശതകോടീശ്വരന്‍മാരുടെ ഫണ്ടും എന്റെ താടിയിലെ മാറ്റവും കാണിക്കുന്നത് സ്ഥിതിഗതികള്‍ 2002ലേത് പോലെ ആണെന്നാണ്''-മംദാനി പറഞ്ഞു.

ലിയാം സ്റ്റാക്ക്

ന്യൂയോര്‍ക്ക് ടൈംസ്