കല്‍ബുര്‍ഗിയെ ഹിന്ദുത്വര്‍ വെടിവച്ച് കൊന്നിട്ട് പത്തുവര്‍ഷം

Update: 2025-08-30 09:58 GMT

ന്നഡ സാഹിത്യകാരനും ചിന്തകനും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം എം കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ആഗസ്റ്റ് 30ന് പത്തുവര്‍ഷം. അന്ധവിശ്വാസത്തിനും വിഗ്രഹാരാധനയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് 2015 ആഗസ്റ്റ് 30ന് ബൈക്കിലെത്തിയ രണ്ട് കൊലയാളികള്‍ കല്‍ബുര്‍ഗിക്ക് നേരെ വെടിയുതിര്‍ത്തത്.

1938 നവംബര്‍ 28ന് വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1983 വരെ കര്‍ണാടക സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാര്‍ത്ഥിഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹംപി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

സ്വന്തം ലിംഗായത്ത് സമുദായത്തിന്റെ വിശുദ്ധനായ ബാസവയെ കുറിച്ചുള്ള എഴുത്തുകള്‍ അദ്ദേഹത്തെ സമുദായ തീവ്രവാദികളുടെ ശത്രുവാക്കി. 1989ല്‍ വധഭീഷണി ഉയര്‍ന്നു. തുടര്‍ന്ന് പോലിസ് സംരക്ഷണം ലഭിച്ചു. ഭീഷണി കുടുംബത്തിന് നേരെ ഉയര്‍ന്നതോടെ പുസ്തകത്തില്‍ നിന്ന് പരാമര്‍ശങ്ങള്‍ അദ്ദേഹം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി.

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അന്തരിച്ച ജ്ഞാനപീഠജേതാവ് യു ആര്‍ അനന്തമൂര്‍ത്തി 1996ല്‍ പ്രസിദ്ധീകരിച്ച 'ബെട്ടാലെ പൂജെ യാകെ കഡാഡു' എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് വിഗ്രഹാരാധനയെയും മറ്റും 2014ല്‍ അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രസംഗം ഹിന്ദുത്വരെ പ്രകോപിപ്പിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

അമോല്‍ കാലെ, ഗണേഷ് മിസ്‌കിന്‍, പ്രവീണ്‍ പ്രകാശ് ചാത്തുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലസ്‌കര്‍, അമിത് ബഡ്ഡി എന്നിവരാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍. കുറ്റപത്രത്തില്‍ പ്രതികളുടെ സംഘടന ഏതാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും കന്നഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരുടെ സംഘടനയാണ് എന്നു പറയുന്നുണ്ട്. അതായത്, സനാതന്‍ സന്‍സ്ത. കേസിലെ പ്രതി അമോല്‍ കാലെ, സനാതന്‍ സന്‍സ്തയുടെ ബഹുജനസംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയുടെ പൂനെ കണ്‍വീനറായിരുന്നു.

തങ്ങളുടെ വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും വിരുദ്ധരാണെന്ന് തിരിച്ചറിഞ്ഞ വ്യക്തികളെയാണ് ഈ സംഘടനയിലെ അംഗങ്ങള്‍ ലക്ഷ്യമിട്ടതെന്ന് കുറ്റപത്രം പറയുന്നു. സനാതന്‍ സന്‍സ്ത പ്രസിദ്ധീകരിച്ച 'ക്ഷത്ര ധര്‍മ്മ സാധന' എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തത്വങ്ങളും കൊലയാളികള്‍ കര്‍ശനമായി പാലിച്ചു. ഈ പുസ്തകം പ്രകാരം കല്‍ബുര്‍ഗി ദുര്‍ജനമായിരുന്നു. അതായത് കൊല്ലേണ്ടയാള്‍. സംഘടനയിലേക്ക് പുതിയ ആളുകളെ എടുക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.ബെംഗളൂരുവില്‍ 2014 ജൂണ്‍ ഒമ്പതിന് നടത്തിയ പ്രസംഗമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

ഈ പ്രസംഗത്തിന് ശേഷം 2015 ജനുവരിക്കും മേയ് മാസത്തിനും ഇടയില്‍ അമോല്‍ കാലെയും ഗണേഷ് മിസ്‌കിനും പ്രവീണ്‍ ചാതുറും ഹുബ്ബള്ളിയിലെ ഇന്ദിരാഗാന്ധി ഗ്ലാസ്ഹൗസില്‍ നിരവധി തവണ കൂടിക്കാഴ്ച്ചകള്‍ നടത്തി. ധര്‍വാഡിലെ കല്‍ബുര്‍ഗിയുടെ വീടും അദ്ദേഹത്തിന്റെ സഞ്ചാരരീതികളും പഠിച്ചു. 2015 ആഗസ്റ്റില്‍ ഗണേശും പ്രവീണും ദക്ഷിണകന്നഡയിലെ പിലാത്തബെത്തു ഗ്രാമത്തില്‍ തോക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചു. 2015 ആഗസ്റ്റ് 30ന് ഗണേഷ് മിസ്‌കിനും പ്രവീണ്‍ ചാതുറും അമോല്‍ കാലെയും കണ്ടു.

ഈ യോഗത്തില്‍ അമോല്‍ കാലെ ഒരു തോക്കുനല്‍കി. 7.65എംഎം കാലിബറുള്ള നാടന്‍ തോക്കായിരുന്നു അത്. പ്രദേശത്ത് നിന്ന് മോഷ്ടിച്ച ഒരു ബൈക്കുമായി രണ്ടുപേരും കല്‍ബുര്‍ഗിയുടെ വീടിന് സമീപത്തേക്ക് പോയി. രാവിലെ തന്നെ കല്‍ബുര്‍ഗിയുടെ വീട്ടിലേക്ക് കയറി ഗണേശ് കല്‍ബുര്‍ഗിയെ രണ്ടു തവണ നെറ്റിയില്‍ വെടിവച്ചു. കൊലയ്ക്കുപയോഗിച്ച് ഈ തോക്ക് തന്നെയാണ് 2013 ആഗസ്റ്റ് 20ന് മഹാരാഷ്ട്രയിലെ യുക്തിവാദി നരേന്ദ്ര ധബോല്‍ക്കറെ കൊല്ലാനും ഉപയോഗിച്ചിരുന്നത്. ശിവാജിയെ കുറിച്ച് പുസ്തകമെഴുതിയ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ കൊല്ലാനും ഈ തോക്ക് ഉപയോഗിച്ചിരുന്നു. കല്‍ബുര്‍ഗി കേസിലെ പ്രതിയായ അമോല്‍ കാലെയാണ് 2017ല്‍ ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള കൊലയാളിയെ ബൈക്കില്‍ കൊണ്ടുപോയത്.

കൊലക്കേസുകളില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് വിവിധ ഹിന്ദുത്വ സംഘടനകള്‍ സ്വീകരണം നല്‍കുന്നതും പിന്നീട് ലോകം കണ്ടു. അവരില്‍ പലരും ഇന്ന് മുഖ്യധാരാ ഹിന്ദുത്വ സംഘടനകളുടെ ഭാരവാഹികളായി മാറി ഭരണസംവിധാനത്തില്‍ സ്വാധീനം ചെലുത്തുന്നു.