സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം നേതൃത്വത്തിലുള്ള വിമത സൈന്യം പുറത്താക്കിയതിന് പിന്നാലെ ആരോ ഓഫ് ബാഷാന്‍ എന്ന പേരില്‍ ഇസ്രായേല്‍ സിറിയയില്‍ ആക്രമണം ആരംഭിച്ചു. ബാഷാനിലെ ഒജി എന്ന രാജാവിനെ കീഴ്‌പ്പെടുത്തി തെക്കന്‍ സിറിയയും കിഴക്കന്‍ ജോര്‍ദാനും പിടിച്ചെടുത്തുവെന്ന ബൈബിളിലെ പഴയനിയമത്തിലെ കഥയാണ് സൈനികാക്രമണത്തിന് ഈ പേരുനല്‍കാന്‍ കാരണം. അതായത്, തെക്കന്‍ സിറിയ പിടിച്ചെടുക്കലായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. സിറിയന്‍ അറബ് സൈന്യത്തിന്റെ ആയുധ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങിയവ ഈ ആക്രമണങ്ങളിലൂടെ നശിപ്പിച്ചു. സിറിയന്‍ സൈന്യത്തിന്റെ ഭാവി ശേഷിയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാശ്ചാത്യ രാജ്യങ്ങള്‍ കാലങ്ങളായി സിറിയയോട് ആവശ്യപ്പെട്ടിരുന്നതും അതായിരുന്നു.
പുതിയ പ്രസിഡന്റ് അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. പകരമായി സിറിയക്കെതിരായ ഉപരോധങ്ങള്‍ യുഎസും യൂറോപ്പും നീക്കും. കൂടാതെ അല്‍ ഷറ തീവ്രവാദിയല്ലെന്നും ഹീറോയാണെന്നും പ്രചരിപ്പിക്കും.
ഇസ്രായേലുമായി ബന്ധമുണ്ടാക്കാന്‍ അല്‍ ഷറ ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായേലി ഫൈറ്റര്‍ ജെറ്റുകള്‍ സിറിയന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും സര്‍ക്കാര്‍ കേന്ദ്രങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. പ്രതിരോധ ആയുധങ്ങളുടെ അഭാവം ആ ആയുധങ്ങള്‍ എത്രമാത്രം നിര്‍ണായകമായിരുന്നു എന്നു തെളിയിക്കുന്നു. ഇസ്രായേലി അധിനിവേശ സൈന്യത്തിനെതിരേ വിജയകരമായി പോരാടിയ ലബ്‌നാനിലെ ഹിസ്ബുല്ല നിരായുധീകരിക്കണമെന്നാണ് പാശ്ചാത്യരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.
ഇസ്രായേലുമായി ലബ്‌നാന്‍ ബന്ധം സാധാരണനിലയില്‍ ആക്കണമെന്നും ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നും യുഎസും പാശ്ചാത്യരാജ്യങ്ങളും ലബ്‌നാനിലെ പാശ്ചാത്യ പിന്തുണയുള്ള പാര്‍ട്ടികളും ആവശ്യപ്പെടുന്നു. ഹിസ്ബുല്ലയുടെ ആയുധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും ഇസ്രായേല്‍ ലബ്‌നാന്റെ ഭൂമി കൈയ്യേറിയതും വ്യോമാതിര്‍ത്തി ലംഘിക്കുന്നതും ആളുകളെ കൊല്ലുന്നതുമൊന്നും അവര്‍ ചര്‍ച്ച ചെയ്യുന്നില്ല.
ലബ്‌നാനിലെ നിരായുധീകരണത്തിന്റെ ചരിത്രം
ഫലസ്തീന്‍ ലിബേറഷന്‍ ഓര്‍ഗനൈസേഷന്റെ(പിഎല്‍ഒ) 1982ലെ നിരായുധീകരണം ലബ്‌നാനില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നാണ് ചരിത്രം പറയുന്നത്. പിഎല്‍ഒയുടെ നിരായുധീകരണം നടന്നയുടന്‍ ഇസ്രായേല്‍ രണ്ടാം അധിനിവേശം ആരംഭിച്ചു. പിഎല്‍ഒയെ ഇല്ലാതാക്കാനെന്ന പേരിലാണ് 1978ല്‍ ആദ്യ അധിനിവേശം നടത്തിയത്. 1982ലെ അധിനിവേശത്തില്‍ ഇസ്രായേലി സൈന്യം ബെയ്‌റൂത്തില്‍ വരെയെത്തി. അത് ലബ്‌നാന്‍ പൗരന്‍മാര്‍ക്കും ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്കും പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്ന് യുഎസ് നേതൃത്വത്തില്‍ പരോക്ഷമായ ചര്‍ച്ചകള്‍ നടന്നു. അക്രമം അവസാനിപ്പിക്കണമെങ്കില്‍ പിഎല്‍ഒ പ്രവര്‍ത്തകര്‍ ലബ്‌നാന്‍ വിടണമെന്നായിരുന്നു പ്രധാന ആവശ്യം.
പിഎല്‍ഒ തലവന്‍ യാസര്‍ അറഫാത്തിന്റെ നിരായുധീകരണ തീരുമാനം ഒഴിക്കാന്‍ ഫലസ്തീന്‍ സംഘം സൗദി അറേബ്യ വഴി യുഎസില്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, 1982 ആഗസ്റ്റില്‍ യാസര്‍ അറഫാത്ത് വെടിനിര്‍ത്തലിന് സമ്മതിച്ചു. ഐക്യരാഷ്ട്ര സഭയുടെ 517ാം പ്രമേയം അനുസരിച്ച് പിഎല്‍ഒ ലബ്‌നാനില്‍നിന്നു പുറത്തുപോവുമെന്നും പ്രഖ്യാപിച്ചു.
അറഫാത്ത് കരാറിന് സമ്മതിച്ചതിന് തൊട്ടുപിന്നാലെ ബെയ്‌റൂത്തിലെ അക്രഫീഹ് പ്രദേശത്ത് നടന്ന പാര്‍ട്ടിയോഗത്തിലുണ്ടായ സ്‌ഫോടനത്തില്‍ ക്രിസ്ത്യന്‍ സായുധ സംഘടനകളുടെ മുന്‍ നേതാവും നിയുക്ത ലബ്നാന്‍ പ്രസിഡന്റുമായ ബച്ചീര്‍ ഗെമായേല്‍ കൊല്ലപ്പെട്ടു. സിറിയ, ലബ്‌നാന്‍, ജോര്‍ദാന്‍, ഇറാഖ്, കുവൈത്ത്, ഫലസ്തീന്‍, സൈപ്രസ്, സിനായ്, ഹതായ്, സിലീസ്യ എന്നിവ ചേര്‍ന്ന വിശാലമായ സിറിയ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സിറിയന്‍ സോഷ്യല്‍ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ഹബീബ് ശര്‍തോമിയാണെന്ന് വിശ്വസിക്കപ്പെടുന്നെങ്കിലും ലബ്‌നാനിലെ സബ്രയിലും ഷാത്തിലയിലും കൂട്ടക്കൊലകള്‍ നടന്നു. ഏകദേശം 1,500 ലബ്‌നാനികളും ഫലസ്തീനികളുമാണ് അന്ന് കൊല്ലപ്പെട്ടത്. ക്യാംപുകളില്‍ ആയുധങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് പ്രതിരോധിക്കാമായിരുന്നു.
പിഎല്‍ഒ ലബ്‌നാനില്‍നിന്നും പുറത്തുപോയി ടൂണിസില്‍ ആസ്ഥാനം സ്ഥാപിച്ചു. അതിനെത്തുടര്‍ന്ന് മറ്റ് വിപ്ലവകാരികളും ദേശീയവാദികളുമായ ഗ്രൂപ്പുകള്‍ 'ഇസ്രായേലിനെതിരേ' പ്രവര്‍ത്തിച്ചു. അതില്‍ ഒന്നായിരുന്നു യുവ ഹിസ്ബുല്ല.
ഇസ്രായേലികളെ നേരിടുന്നതില്‍ മറ്റുള്ളവരേക്കാള്‍ കര്‍ക്കശ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ആദ്യകാലം മുതല്‍ ഹിസ്ബുല്ല തെളിയിച്ചിട്ടുണ്ട്. ശത്രുക്കളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയിരുന്നത്. 1982 നവംബര്‍ 11ന് ലബ്‌നാന്‍ നഗരമായ തയറിലെ ഇസ്രായേലി സൈനിക ആസ്ഥാനത്ത് യുവ പ്രവര്‍ത്തകനായ അഹമദ് ഖാസിര്‍ കാര്‍ ബോംബാക്രമണം നടത്തി. 70 ഇസ്രായേലി സൈനികരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഹിസ്ബുല്ല സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസറുല്ല 2022ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അഹമദ് ഖാസിറിന്റെ ധീരതയെയും നിര്‍ണായകമായ പ്രവര്‍ത്തനത്തെയും പ്രശംസിച്ചു. ലബ്‌നാന്‍ പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ സ്വപ്‌നത്തെ തകര്‍ത്തതും വിമോചനത്തിലേക്കുള്ള പാതയ്ക്ക് തുടക്കമിട്ടതുമായ ഒരു പ്രവര്‍ത്തനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സയ്യിദ് ഹസന്‍ നസറുല്ല ഇങ്ങനെ പറഞ്ഞു: '' അഹമദ് ഖാസിറിന്റെ പ്രവര്‍ത്തനം ശത്രുവിനെ ഞെട്ടിച്ചു. ലബ്‌നാനെ ഇസ്രായേലിനു കീഴിലേക്ക് കൊണ്ടുവരണമെന്ന ഇസ്രായേലികളുടെ സ്വപ്‌നങ്ങളെയും അഭിലാഷങ്ങളെയും അവന്‍ തകര്‍ത്തു.''
ഇസ്രായേലി സൈന്യത്തെയും അവരുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ലബ്‌നാന്‍ ആര്‍മിയെയും അസമമായ യുദ്ധത്തിലൂടെ ഹിസ്ബുല്ല വര്‍ഷങ്ങളോളം പ്രതിരോധിച്ചു. അങ്ങനെ ലബ്‌നാനിലെ പ്രധാന ശക്തിയാണ് തങ്ങളെന്ന് ഹിസ്ബുല്ല തെളിയിച്ചു.
ഹിസ്ബുല്ലയുടെ ദൃഢനിശ്ചയവും ആയുധശേഖരവും ഇസ്രായേലി സൈന്യം അതിര്‍ത്തി പ്രദേശങ്ങളിലേക്ക് തിരിച്ചു പോവാന്‍ കാരണമായി. അതിനു ശേഷം തെക്കന്‍ ലബ്‌നാനില്‍ ക്യാംപ് ചെയ്തിരുന്ന ഇസ്രായേലി സൈനികരെയും അവരുടെ അഞ്ചാം പത്തികളായ സായുധഗ്രൂപ്പുകളെയും തുരത്തി.
2000 മേയ് 24ന് ഇസ്രായേലി സൈന്യം ലബ്‌നാനില്‍നിന്നും പിന്‍വാങ്ങിയത് അവരുടെ സഹകാരികളായ സൗത്ത് ലബ്‌നാന്‍ ആര്‍മി എന്ന സായുധ ഗ്രൂപ്പിനെ അദ്ഭുദപ്പെടുത്തി. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ സൗത്ത് ലബ്‌നാന്‍ ആര്‍മി ക്യാംപുകളില്‍ ചെല്ലുമ്പോള്‍ അവിടെ പാചകം ചെയ്ത ഭക്ഷണം മാത്രമാണ് കണ്ടത്. ഇസ്രായേല്‍ പിന്‍മാറിയത് അറിഞ്ഞ് അവര്‍ ക്യാംപുകള്‍ വിട്ടോടിയിരുന്നു. ഇതാണ് ഇസ്രായേലിനെതിരായ ഹിസ്ബുല്ലയുടെ ആദ്യ പ്രധാന വിജയം.
ശത്രുവിലുള്ള വിശ്വാസം
വിശാല ഇസ്രായേല്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ശത്രുവില്‍ ലബ്‌നാന്‍ ജനതയും ലബ്‌നാന്‍ ഭരണകൂടവും പൂര്‍ണമായ വിശ്വാസം അര്‍പ്പിക്കണമെന്ന ആവശ്യമാണ് വിചിത്രം. ഇസ്രായേല്‍ ജൂത കുടിയേറ്റത്തേക്കാള്‍ രാഷ്ട്രീയ വ്യാപനപദ്ധതിയാണെന്നാണ് ഹിസ്ബുല്ലയുടെയും ലബ്‌നാനിലെയും പശ്ചിമേഷ്യയിലെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെയും വലിയൊരു വിഭാഗം ജൂത റബിമാരുടെയും കാഴ്ചപാട്. അതിനാല്‍, വിഷം പടരാന്‍ വേണ്ട സഹായം ചെയ്യരുതെന്നാണ് ലബ്‌നാനികളുടെ നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തൊക്കെ കൊണ്ടുവരുമെന്ന് അറിയാന്‍ നിലവിലെ സംഭവങ്ങളെ ചരിത്രവല്‍ക്കരിക്കണം. 1834 മുതല്‍ അള്‍ജീരിയയില്‍ അധിനിവേശം നടത്തിയ ഫ്രഞ്ചുകാര്‍ക്കെതിരായ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായി (എഫ്എല്‍എന്‍) നമുക്ക് ഹിസ്ബുല്ലയെ താരതമ്യം ചെയ്യാം.
എഫ്എല്‍എല്ലിന്റെ സായുധ വിഭാഗമായ എഎല്‍എന്‍ 1954ല്‍ ഫ്രഞ്ച് കുടിയേറ്റക്കാര്‍ക്കെതിരേ ഗറില്ലായുദ്ധം ആരംഭിച്ചു. എല്ലാ ദേശീയവാദ ഗ്രൂപ്പുകളും എഫ്എല്‍എന്നില്‍ ചേരുകയും അത് അള്‍ജീരിയയുടെ ഏക ഫ്രഞ്ച് വിരുദ്ധ പാര്‍ട്ടിയായി മാറുകയും ചെയ്തു. ഫ്രഞ്ച് ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്താതെ അവര്‍ അള്‍ജീരിയക്കാര്‍ക്കിടയില്‍ പിന്തുണ കൂടുതല്‍ ഉറപ്പിച്ചു. കത്തി തൊണ്ടയിലായിരിക്കുമ്പോള്‍ മാത്രമേ കൊളോണിയലിസം അതിന്റെ പിടി അയക്കുകയുള്ളൂവെന്നാണ്
ഒരു എഫ്എല്‍എന്‍ ലഘുലേഖയില്‍ കണ്ടതെന്ന് ഭൂമിയിലെ പതിതര്‍ എന്ന പുസ്തകത്തില്‍ ഡോ. ഫ്രാന്റ്‌സ് ഫാനന്‍ എഴുതി. അള്‍ജീരിയക്കാര്‍ ആ പ്രസ്താവന അക്രമമാണെന്ന് വിലയിരുത്തിയില്ല. ഓരോ അള്‍ജീരിയക്കാരന്റെയും ഹൃദയാഭിലാഷമാണ് ലഘുലേഖയില്‍ പ്രത്യക്ഷപ്പെട്ടത്: അതായത് കൊളോണിയലിസം ഒരു ചിന്താ യന്ത്രമോ യുക്തിസഹമായ കഴിവുകള്‍ ഉള്ള ശരീരമോ അല്ല.''
കള വെട്ടുന്നതിനേക്കാള്‍ നല്ലത് അത് പറിച്ച് കളയുന്നതാണെന്ന് അള്‍ജീരിയയിലെ ജനകീയ പ്രതിരോധ പ്രസ്ഥാനത്തിന് അറിയാമായിരുന്നു. തദ്ദേശീയ ജനതയേക്കാള്‍ നീതിയുക്തരാണെന്ന് സ്വയം കരുതുന്ന കൊളോണിയല്‍ ഭരണസംവിധാനവുമായുള്ള ചര്‍ച്ചകളല്ല, പോരാട്ടമാണ് അവരെ നീക്കം ചെയ്യുകയെന്ന് അള്‍ജീരിയക്കാര്‍ മനസിലാക്കി.
അള്‍ജീരിയയിലെ പോപുലര്‍ ഫ്രണ്ടുമായി എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ വേണമെങ്കില്‍ പോപുലര്‍ ഫ്രണ്ടിനെ നിരായുധീകരിക്കണമെന്നാണ് ഫ്രഞ്ച് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചകള്‍ക്കു മുമ്പ് അള്‍ജീരിയക്കാര്‍ ആയുധം താഴെവയ്ക്കണമെന്നാണ് ഫ്രാന്‍സിന്റെ അന്നത്തെ പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലെ ആവശ്യപ്പെട്ടിരുന്നതെന്ന് ഇവിയന്‍ ഉടമ്പടിയുടെ രണ്ടുസാക്ഷികള്‍ വിവരിച്ചു.
അള്‍ജീരിയന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ബഹുമാനപൂര്‍വം കീഴടങ്ങണമെന്നും നിരായുധീകരിക്കണമെന്നും 1959 സെപ്റ്റംബര്‍ 16ലെ ധീരന്മാരുടെ സമാധാനം എന്ന നിര്‍ദേശത്തില്‍ ഡി ഗല്ലെ ആവശ്യപ്പെട്ടു. അള്‍ജീരിയന്‍ പോരാളികളെ കുറിച്ച് ലോകം മോശമായി സംസാരിക്കുന്നത് അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ഡി ഗല്ലെ ഉപദേശിച്ചു. '' വെടിയുതിര്‍ത്തവര്‍ അത് നിര്‍ത്തി അപമാനബോധമില്ലാതെ സ്വന്തം കുടുംബങ്ങളിലേക്കും ജോലിയിലേക്കും മടങ്ങണം.''-ഡി ഗല്ലെ പറഞ്ഞു. എഫ്എന്‍എന്‍ ധീരമായാണ് പോരാടിയതെന്ന് വിദ്വേഷം മങ്ങിപ്പോവട്ടെ എന്ന ഉദ്ദേശ്യത്തോടെ ഫ്രഞ്ച് സൈനിക ജനറലും എഫ്എല്‍എന്നിനെ പ്രശംസിച്ചു.
ചുരുക്കത്തില്‍, വിചാരണ പോലും കൂടാതെ കീഴടങ്ങണമെന്നാണ് ഫ്രഞ്ചുകാര്‍ എഫ്എല്‍എന്നിനോട് ആവശ്യപ്പെട്ടത്. ജനാധിപത്യ പാത തുറന്നാല്‍ അള്‍ജീരിയെ അള്‍ജീരിയക്കാര്‍ തന്നെ ഭരിക്കുമെന്നും ഡി ഗല്ലെ അവകാശപ്പെട്ടു. പക്ഷേ, ഫ്രഞ്ചുകാരുടെ സമാധാന വാഗ്ദാനങ്ങള്‍ വകവയ്ക്കാതെ അള്‍ജീരിയക്കാര്‍ പ്രതിരോധം തുടര്‍ന്നു. അങ്ങനെയാണ് ഫ്രഞ്ച് ഭരണത്തില്‍നിന്നും അള്‍ജീരിയ മോചിപ്പിക്കപ്പെട്ടത്.
ഹിസ്ബുല്ലയുടെ കാര്യമെടുക്കുകയാണെങ്കില്‍, 1980കളില്‍ ഗ്രൂപ്പ് വളര്‍ന്നതും പ്രധാന ഇസ്രായേലി വിരുദ്ധ ശക്തിയായതും മൂലം നിരായുധീകരണത്തിനുള്ള ആവശ്യം ആദ്യമായി ഉന്നയിച്ചത് എതിരാളികളായ സംഘടനകളാണ്. 1989-90 കാലത്തെ തായിഫ് ഉടമ്പടികളുടെ കാലത്താണ് അത് ഉയര്‍ന്നുവന്നത്. പക്ഷേ, പ്രതിരോധ ഗ്രൂപ്പായതിനാല്‍ ആയുധം താഴെ വയ്ക്കില്ലെന്ന നിലപാടില്‍ ഹിസ്ബുല്ല ഉറച്ചുനിന്നു. പാശ്ചാത്യ സാമ്രാജ്യത്തിന് എതിരായ, പ്രത്യേകിച്ച് ലബ്‌നാന്റെ പരമാധികാരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ ശക്തിയാണ് ഹിസ്ബുല്ലയെന്ന് ചരിത്രവും തെളിയിച്ചു.
2000ല്‍ ലബ്‌നാനില്‍നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയതിന് പിന്നാലെ ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന ആവശ്യം യുഎസും ഫ്രാന്‍സും ഉയര്‍ത്താന്‍ തുടങ്ങി. ഇസ്രായേല്‍ പിന്‍വാങ്ങിയ സ്ഥിതിക്ക് ആയുധങ്ങള്‍ ആവശ്യമില്ലെന്നാണ് അവര്‍ വാദിച്ചത്. തെക്കന്‍ ലബ്‌നാനില്‍ യുഎന്‍ സൈന്യത്തെ വിന്യസിക്കണമെന്ന 1978ലെ യുഎന്‍ സുരക്ഷാ സമിതി പ്രമേയത്തെ ചൂണ്ടിക്കാട്ടി ഇസ്രായേലും അതേ ആവശ്യം ഉന്നയിച്ചു. 2000ല്‍ 'ഇസ്രായേല്‍' തെക്കന്‍ ലബ്‌നാനില്‍നിന്ന് വലിയതോതില്‍ പിന്‍വാങ്ങിയെങ്കിലും ചില പ്രദേശങ്ങളില്‍ തൂങ്ങിനില്‍ക്കുകയും ഇടയ്ക്കിടെ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. 2006ലെ അധിനിവേശത്തില്‍ പരാജയപ്പെട്ടതിന് ശേഷവും ഇസ്രായേല്‍ ഹിസ്ബുല്ലയുടെ നിരായുധീകരണം ആവശ്യപ്പെട്ടു.
എഫ്എല്‍എന്നിന് ഫ്രാന്‍സില്‍നിന്നും ലഭിച്ചതു പോലെയുള്ള 'മാന്യമായ കീഴടങ്ങലിനുള്ള' വാഗ്ദാനം യുഎസ് വഴിയാണ് ഹിസ്ബുല്ലയ്ക്ക് ലഭിച്ചത്. 2006 ജൂലൈയിലെ യുദ്ധം ആരംഭിക്കുന്നതിന് നാല് മാസം മുമ്പ് നടത്തിയ പ്രസംഗത്തില്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ല ഇങ്ങനെ പറഞ്ഞു. '' ..2000ത്തിനു ശേഷം പ്രലോഭനങ്ങളും പരാജയപ്പെട്ടു. തീവ്രവാദ പട്ടികയില്‍നിന്ന് ഞങ്ങളുടെ പേര് നീക്കം ചെയ്യുമെന്നും, ലബ്‌നാനിലെ അധികാരത്തിന്റെ വാതിലുകള്‍ ഞങ്ങള്‍ക്കുവേണ്ടി തുറക്കുമെന്നും ലോകത്തിന്റെ വാതിലുകള്‍ ഞങ്ങള്‍ക്കുവേണ്ടി തുറക്കുമെന്നും ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഷെബ ഫാമുകളുടെ ഒരുഭാഗം ഞങ്ങള്‍ക്ക് തരുമെന്നും യുഎസ് പറഞ്ഞു. ഷെബ ഫാമിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് ലബ്‌നാന്‍ സര്‍ക്കാരിനോടോ ഐക്യരാഷ്ട്രസഭയോടോ യുഎസ് ഉദ്യോഗസ്ഥന്‍ ചോദിച്ചില്ല. ആ ഉദ്യോഗസ്ഥന്‍ സിറിയയോടും രേഖകള്‍ ചോദിച്ചില്ല. ഷെബ ഫാമുകളില്‍നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങുമെന്നും ലബ്‌നാന്‍കാരായ തടവുകാരെ മോചിപ്പിക്കുമെന്നും വലിയൊരു തുക നല്‍കുമെന്നും വാഗ്ദാനമുണ്ടായി. പ്രതിരോധം ഉപേക്ഷിച്ച് ആയുധം താഴെയിടുന്നതിനുള്ള പ്രതിഫലമാണ് ഈ ഔദാര്യമെല്ലാം.''
പിന്നീട് 2020 മാര്‍ച്ച് 30ന് ഹസന്‍ നസറുല്ല കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. '' 2001 സെപ്റ്റംബര്‍ 11ലെ സംഭവത്തിന് ശേഷം ലബ്‌നാന്‍ വംശജനും യുഎസ് പൗരനുമായ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ കാണാനെത്തി. യഥാര്‍ത്ഥത്തില്‍ അയാള്‍ അക്കാലത്തെ യുഎസ് വൈസ് പ്രസിഡന്റായ ഡിക് ചെനിയുടെ പ്രത്യേക ദൂതനായിരുന്നു. ലബ്‌നാന്‍ ഭരണത്തില്‍ പങ്കെടുക്കാനും അധികാരം പങ്കിടാനും സഹായിക്കാമെന്ന് ദൂതന്‍ പറഞ്ഞു. തെക്കന്‍ ലബ്‌നാനും ബെക്കാ താഴ്‌വരയും പുനര്‍നിര്‍മിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സഹായം നല്‍കാം. യുഎസിന്റെ തീവ്രവാദ പട്ടികയില്‍നിന്നും ഹിസ്ബുല്ലയുടെ പേര് നീക്കം ചെയ്യാം. തടവുകാരെ മോചിപ്പിക്കാം എന്നൊക്കെ അയാള്‍ പറഞ്ഞു. വിശ്വാസ്യതയ്ക്കായി അയാളുടെ പേര് കൂടെ ഞാന്‍ വെളിപ്പെടുത്തുന്നു. യുഎസ് പൗരനായ പത്രവര്‍ത്തകന്‍ ജോര്‍ജ് നാദറാണ് അത്.''
ഹിസ്ബുല്ല അന്ന് അമേരിക്കക്കാരെ വിശ്വസിക്കുകയായിരുന്നെങ്കില്‍ തെക്കന്‍ ലബ്‌നാനിലും ബെക്ക താഴ്‌വരയിലും ഇസ്രായേലിനെതിരേ പോരാടിമരിച്ചവരുടെ മരണം വെറുതെയാവുമായിരുന്നു. മാത്രമല്ല, ഇസ്രായേലി വ്യാപനവാദത്തെ തടയാനുള്ള ഏക പ്രതിരോധ പ്രസ്ഥാനവും ഇല്ലാതാവുമായിരുന്നു. വിക്ടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ നോവലിലെ എസ്‌മെറാള്‍ഡയും അവളുടെ കഠാരയും തമ്മിലുള്ള ബന്ധം പോലെയാണ് ലബ്‌നാനും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധമെന്നാണ് ഇറാന്‍ പരമോന്നത നേതാവായ സയ്യിദ് അലി ഖാംനഈ പറഞ്ഞത്. '' എല്ലാവര്‍ക്കും അവളെ വേണം, പക്ഷേ, അവളുടെ ആയുധമാണ് ദുഷ്ട കൈകളെ അവളില്‍നിന്നും അകറ്റി നിര്‍ത്തുന്നത്.''

