കൊച്ചിയില്‍ ഹാങ്കറിന്റെ ലോഹവാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു

ഇന്നലെ രാവിലെ ഒമ്പതോടെ കൊച്ചി നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ എയര്‍ സ്റ്റേഷനിലായിരുന്നു അപകടം. ഹാങ്കറിനകത്ത് യുദ്ധവിമാനങ്ങള്‍ പരിശോധിക്കാന്‍ ഇരുവരും നടന്നുനീങ്ങുന്നതിനിടെ ആറ് മീറ്റര്‍ ഉയരമുള്ള ലോഹനിര്‍മിത വാതില്‍ തകര്‍ന്നുവീഴുകയായിരുന്നു.

Update: 2018-12-27 19:02 GMT

കൊച്ചി: യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണിക്കു കയറ്റിയിടുന്ന ഹാങ്കറിന്റെ ലോഹവാതില്‍ തകര്‍ന്ന് ദക്ഷിണ നാവികസേനാ ആസ്ഥാനത്തു രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ ദാരുണമായി മരിച്ചു. ചീഫ് പെറ്റി ഓഫിസര്‍മാരായ ഹരിയാന സ്വദേശി നവീന്‍ (28), രാജസ്ഥാന്‍ സ്വദേശി അജീത് സിങ് (29) എന്നിവരാണ് മരിച്ചത്. ഇരുവരും നാവികസേനയുടെ ഏവിയേഷന്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ്.

ഇന്നലെ രാവിലെ ഒമ്പതോടെ കൊച്ചി നാവികസേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ എയര്‍ സ്റ്റേഷനിലായിരുന്നു അപകടം. ഹാങ്കറിനകത്ത് യുദ്ധവിമാനങ്ങള്‍ പരിശോധിക്കാന്‍ ഇരുവരും നടന്നുനീങ്ങുന്നതിനിടെ ആറ് മീറ്റര്‍ ഉയരമുള്ള ലോഹനിര്‍മിത വാതില്‍ തകര്‍ന്നുവീഴുകയായിരുന്നു. വാതിലിനടിയില്‍പ്പെട്ടു ഗുരുതരമായി പരിക്കേറ്റ നവീനെയും അജിത്തിനെയും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടന്‍ നേവല്‍ ബേസിലെ ഐഎന്‍എച്ച്എസ് സഞ്ജീവിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണു മരണകാരണം.


അപകടത്തെക്കുറിച്ചു നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ സ്‌ക്വാഡ്രണ്‍ 322 യുദ്ധവിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന ഹാങ്കറിലാണ് അപകടമുണ്ടായതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. വിമാനങ്ങളുടെ ഇലക്ട്രിക്കല്‍ യന്ത്രങ്ങളാണ് ഇലക്ട്രിക്കല്‍ ബ്രാഞ്ച് പരിശോധിക്കുന്നത്. ഇരുവരും ഇതിനായി വരുമ്പോഴായിരുന്നു അപകടം. ഇരുവശത്തേക്കും റെയിലില്‍ തള്ളിനീക്കാവുന്ന വാതിലുകളാണ് ഹാങ്കറിനുള്ളത്. ഇവയിലൊന്ന് സപ്പോര്‍ട്ട് നഷ്ടപ്പെട്ട് റെയിലില്‍ നിന്നു നിലംപതിച്ചതായാണ് പ്രാഥമിക നിഗമനം.

ഹരിയാനയിലെ ഭീവാനി ജില്ലക്കാരനായ നവീന്‍ 2008 ജനുവരിയിലാണ് നാവികസേനയില്‍ ചേര്‍ന്നത്. ആര്‍ത്രിയാണ് ഭാര്യ. രണ്ടു വയസ്സുള്ള മകളുണ്ട്. 2009 നവംബറിലാണ് അജീത് സിങ് നാവികസേനാംഗമായത്. ഭാര്യ: പാര്‍വതി. അഞ്ച് വയസ്സുള്ള മകനുണ്ട്. ഇരുവരുടെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍. അപകടവിവരമറിഞ്ഞു ബന്ധുക്കള്‍ രാത്രിയോടെ കൊച്ചിയിലെത്തി.




Tags: