കായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി മാധ്യമ നുണക്കോട്ടകള്‍

Update: 2025-06-20 15:06 GMT

കണ്ണൂര്‍: ധര്‍മടം കായലോട് പറമ്പായിയില്‍ ഭര്‍തൃമതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം- മാധ്യമ-പോലിസ് തിരക്കഥ തെളിവ് സഹിതം പൊളിഞ്ഞതോടെ പുതിയ നുണ ബോംബുകളുമായി മാധ്യമങ്ങള്‍ രംഗത്ത്. മരണപ്പെട്ട റസീനയുടെ പിതാവും സഹോദരനും ബന്ധുക്കളും 'ആണ്‍ സുഹൃത്തും' ഇയാളുടെ സഹോദരനും വാര്‍ഡ് മെംബറും ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെത്തി ചര്‍ച്ച ചെയ്യുന്നതിനെയാണ് രഹസ്യകേന്ദ്രത്തിലെ ആള്‍ക്കൂട്ട വിചാരണയെന്നോണം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എസ്ഡിപിഐ നേതാക്കള്‍ തന്നെ പുറത്തു വിട്ട ദൃശ്യങ്ങളില്‍ 'ആണ്‍ സുഹൃത്തി'ന് എന്തെങ്കിലും മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല. മാത്രമല്ല, ഭര്‍തൃമതിയുടെയും യുവാവിന്റെയും ബന്ധുക്കളോടൊപ്പം മഹല്ല് ഭാരവാഹിയും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളുമെല്ലാമാണ് കസേരയിലിരുന്ന് സംസാരിക്കുന്നത്. 10 ലേറെ പേര്‍ നടത്തുന്ന തികച്ചും സ്വാഭാവികമായ ചര്‍ച്ചയെയാണ് മാധ്യമങ്ങള്‍ ആള്‍ക്കൂട്ട വിചാരണയുടെ ദൃശ്യങ്ങള്‍ പുറത്ത് എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുന്നത്.

മരണപ്പെട്ട യുവതിയുടെ പിതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മഹ്‌മൂദ്,  യുവതിയുടെ സഹോദരന്‍ റെനില്‍, പിതാവിന്റെ അനുജനും പറമ്പായി മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ മഹറൂഫ്, മുസ്‌ലിം ലീഗ് ധര്‍മടം മണ്ഡലം കമ്മിറ്റി ജോയിന്റ് സെക്രട്ടറി ടി പി മുസ്തഫ, 'ആണ്‍ സുഹൃത്ത്' കൊളച്ചേരി പള്ളിപ്പറമ്പ് സ്വദേശി റഹീസ്, ഇയാളുടെ സഹോദരന്‍ നൗഷാദ്, പള്ളിപ്പറമ്പ് വാര്‍ഡ് മെംബറും കോണ്‍ഗ്രസ് നേതാവുമായ അശ്‌റഫ്

പള്ളിപ്പറമ്പ് പിടിഎ പ്രസിഡന്റ് കെ പി മഹ്‌മൂദ്, ഓട്ടോ ടാക്‌സി ഡ്രൈവര്‍ സഹീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. കാല്‍ മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ചര്‍ച്ചയെയാണ് മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത്. മരണപ്പെട്ട ഭര്‍തൃമതിയുടെ മാതാവ് തന്നെ, അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് വ്യക്തമാക്കിയിട്ടും പോലിസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇതിനു പിന്നില്‍ സിപിഎം സമ്മര്‍ദ്ദമാണെന്ന് സിപിഎം ബ്രാഞ്ച് മെംബര്‍ കൂടിയായ മാതാവ് തന്നെ പറയുന്നുണ്ട്.

വിഷയത്തെ സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ചത് സിപിഎം-പോലിസ് ഗൂഢാലോചനയാണ് എന്നതിന്റെ തെളിവുകള്‍ ഓരോന്നും പുറത്തു വന്നിട്ടും പോലിസും മാധ്യമങ്ങളും എസ്ഡിപിഐയെ വേട്ടയാടാനാണ് ശ്രമിക്കുന്നത്.

പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളുടെ മാതാവുമായ റസീന മന്‍സിലില്‍ റസീന(40) വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തെയാണ് മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ വക്രീകരിക്കുന്നത്. സത്യം പുറത്തു വന്നതോടെ സിപിഎം നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റസീനയെയും മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൊളച്ചേരി പള്ളിപ്പറമ്പ് സ്വദേശിയായ പേരിക്കണ്ടി ഹൗസില്‍ പി കെ റഹീസിനെയും ദുരൂഹ സാഹചര്യത്തില്‍ കാറില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് റസീനയുടെ ബന്ധുക്കളും നാട്ടുകാരുമായ യുവാക്കള്‍ സ്ഥലത്തെത്തി. യുവതിയെ വീട്ടിലെത്തിച്ച ശേഷം യുവാവിന്റെ സഹോദരനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി പിരിയുകയായിരുന്നു. പിറ്റേന്നാണ് റസീന വീട്ടില്‍ ആത്മഹത്യ ചെയ്തത്. യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ യുവാവ് കൈക്കലാക്കിയതായും സാമ്പത്തിക ചൂഷണം ഉള്‍പ്പെടെ നടത്തിയതായും മാതാവ് വെളിപ്പെടുത്തിയിക്കുന്നു.