മുസ്‌ലിംകള്‍ക്കെതിരായ വിജയാഘോഷത്തിന്റെ വൃത്തികെട്ട പ്രകടനമായി മാറുന്ന ഹോളി ആഘോഷം
ജ്യോതി പുന്‍വാനി
നിര്‍ബന്ധിത സാഹചര്യമില്ലെങ്കില്‍, ഇന്ത്യയിലെ രണ്ട് പ്രധാന മെട്രോ നഗരങ്ങളില്‍ ഹോളി ആഘോഷിക്കാന്‍ സ്ത്രീകള്‍ പൊതുവെ പുറത്തിറങ്ങാറില്ല. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഹോളി ആഘോഷിക്കുന്നവരുടെ ലൈംഗികാതിക്രമം വളരെക്കാലമായി ഈ ആഘോഷത്തിന്റെ ആഭാസകരമായ ഒരു മുഖമായി മാറിയിട്ടുണ്ട്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാവട്ടെ, സ്ത്രീകളെയാണ് ഹോളി ലക്ഷ്യമിടുന്നത്. ലോക്കല്‍ ട്രെയ്‌നുകളിലെ ചില യാത്രക്കാരുടെ കണ്ണുകളില്‍ ചരല്‍ നിറച്ച ബലൂണുകള്‍ തട്ടി അവരുടെ കാഴ്ച നഷ്ടപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പെല്ലാം സ്ത്രീകള്‍ മാത്രമായിരുന്നു ഇതിന്റെ ഇരകള്‍. എന്നാല്‍ സമീപകാലത്തായി പുരുഷന്മാരും ഇതിന്റെ ഇരകളാണ്. ഒരു ബലൂണ്‍ തട്ടി ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.
എന്നിട്ടും ''നിങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഹോളി ആഘോഷിക്കാനാവില്ലെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത്'' എന്ന് ഒരു പോലിസുകാരനും സ്ത്രീകളോട് പറയാന്‍ ധൈര്യം കാണിച്ചിട്ടില്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ സംഭലിലെ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെട്ടിരിക്കുന്നു.
നാലുമാസം മുമ്പ് സംഭലില്‍ പോലിസ് വെടിവയ്പില്‍ ആറ് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തിലെ ഏറെ പഴക്കമുള്ള ഒരു മുസ്‌ലിം പള്ളി ഒരു ക്ഷേത്രത്തിനു മുകളിലാണോ നിര്‍മിച്ചത് എന്ന് പരിശോധിക്കാന്‍ ഉദ്ഘനനം നടത്തുകയാണെന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ പശ്ചാത്തലത്തിലായിരുന്നു വെടിവയ്പ്. ഒരുമാസം മുമ്പുവരെ ഈ സംഭവത്തില്‍ അറസ്റ്റുകള്‍ നടന്നിരുന്നു. സംഭലിലെ ജുമുഅ മസ്ജിദ് ഉപരോധിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തിയിരുന്നു. നോമ്പുകാലത്തു പോലും പള്ളി പരിപാലകര്‍ക്ക് പള്ളിയുമായി ബന്ധപ്പെട്ട പതിവുകാര്യങ്ങള്‍ക്ക് കോടതി അനുമതി തേടേണ്ടി വന്നു. പക്ഷേ, ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല.
നിറം പുരളുന്നത് വിശ്വാസ ലംഘനമാണെന്ന് കരുതുന്നവര്‍ മാര്‍ച്ച് 14ന് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് പുറത്തുപോകരുതെന്നാണ് പോലിസ് സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരി സംഭലിലെ മുസ്‌ലിംകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
അവിചാരിതമായ മരണങ്ങളും അറസ്റ്റുകളും അഭിമുഖീകരിക്കുന്ന ഒരു സമൂഹത്തോടുള്ള ഈ മുന്നറിയിപ്പിന്റെ അന്തസ്സാര ശൂന്യത മാത്രമല്ല നമ്മെ ഞെട്ടിക്കേണ്ടത്. ഓരോ പൗരനും സംരക്ഷണം ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞു മാറുന്നു എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്ന കാര്യം. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് പ്രാധാന്യമുള്ള റമദാന്‍ മാസത്തിലും മുസ്‌ലിംകള്‍ കടന്നുപോകുന്നത്.
ഉത്തരേന്ത്യയില്‍ ഹോളി എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനോട് ചൗധരിയുടെ വാക്കുകള്‍ കടുത്ത നിസ്സംഗതയാണ് പ്രകടിപ്പിച്ചത്. ഒരു കാലത്ത് മുസ്‌ലിം ഭരണാധികാരികള്‍, പ്രത്യേകിച്ച് മുഗളന്മാര്‍ ആഘോഷിച്ചിരുന്ന, മുസ്‌ലിം കവികള്‍ പാടിപ്പുകഴ്ത്തിയിരുന്ന ഈ ഉല്‍സവം വളരെക്കാലമായി വര്‍ഗീയ കലാപങ്ങള്‍ക്കുള്ള കാരണമായി മാറിയിരിക്കുന്നു.
ചരിത്രകാരനായ ഹര്‍ബന്‍സ് മുഖിയയുടെ അഭിപ്രായത്തില്‍, 1713-1714 കാലത്ത് അഹമ്മദാബാദില്‍ ഹോളി ദിനത്തിലാണ് ഇന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തിയ വര്‍ഗീയ കലാപം നടന്നത്. അനുജ് ചൗധരിക്കും നമ്മില്‍ പലര്‍ക്കുമൊന്നും ഈ വിവരം അറിവുണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, 2022ല്‍ ഒരു പള്ളിയില്‍ നിറം വിതറിയപ്പോള്‍ സംഭല്‍ എന്ന പ്രദേശം തന്നെ ഒരു ഹോളി സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ച വിവരം അദ്ദേഹം അറിയാതിരിക്കാനിടയില്ല.
പോലിസ് യൂനിഫോം ധരിക്കുന്നതിന്റെയോ ഭൂരിപക്ഷ വിശ്വാസത്തിന്റെ ഭാഗമാവുന്നതിന്റെയോ മാത്രമല്ല, ഒരു പ്രബല ജാതിയില്‍ പെട്ട ആളാണ് താന്‍ എന്നതിന്റെ അഹങ്കാരം കൂടിയാണ് അനുജ് ചൗധരിയുടെ വാക്കുകളില്‍ പ്രകടമായത്. ഉത്തരേന്ത്യയില്‍ ദലിതരെ നിര്‍ബന്ധിച്ച് നിറം പുരട്ടുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഇതിനെ എതിര്‍ത്ത ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവവും ഉണ്ട്. മറ്റൊരു വിരോധാഭാസം, ഉയര്‍ന്ന ജാതിക്കാരുടെ മേല്‍ നിറം പുരട്ടിയതിന് ദലിതര്‍ കൊല്ലപ്പെട്ട സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വടക്കന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ പരമ്പരാഗതമായി ഹോളി ആഘോഷത്തിന്റെ ഭാഗമാവാറുണ്ടായിരുന്നു. എന്നാല്‍ 2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ ഇവിടങ്ങളിലെ ഹിന്ദു ഉല്‍സവങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരായ വിജയാഘോഷങ്ങളുടെ വൃത്തികെട്ട പ്രകടനങ്ങളായി മാറി. യോഗിയുടെ ഭരണത്തിനു കീഴില്‍, ഹോളി ദിനത്തില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്കു കാണാന്‍ കഴിയുന്നത്.
2018ല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യ ഹോളി ആഘോഷത്തിനു തൊട്ടുമുമ്പ്, ഒരു വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍, ആഘോഷത്തില്‍ വെള്ളം ചേര്‍ക്കാനൊന്നും താന്‍ അനുവദിക്കില്ലെന്ന് ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
എല്ലാ വിശ്വാസങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന നയം അവഗണിച്ച് യുപി പോലിസ് സര്‍വീസ് നിയമങ്ങള്‍ ലംഘിച്ചതിന് ഉദ്യോഗസ്ഥനെതിരേ സമര്‍പ്പിച്ച പരാതികള്‍ ചവറ്റുകുട്ടയില്‍ തള്ളി ആദിത്യനാഥ്, അനുജ് ചൗധരിയെ പിന്തുണച്ച് രംഗത്തെത്തിയതില്‍ അദ്ഭുതമില്ല. പള്ളിയില്‍ പോയി പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലെന്നുവരെ യോഗി പ്രസ്താവിച്ചു. ചൗധരിയെ വെള്ളപൂശാനും യോഗി മടിച്ചില്ല.''അദ്ദേഹം ഒരു ഗുസ്തിക്കാരനാണ്. അര്‍ജുന അവാര്‍ഡ് ജേതാവാണ്. ഒളിമ്പ്യനാണ്'' ഇങ്ങനെ പോകുന്നു യോഗിയുടെ പ്രകീര്‍ത്തനങ്ങള്‍.
ചൗധരിയുടെ മുന്നറിയിപ്പ് യുപിയിലെ ഉലമകള്‍ അതിവേഗം പാലിച്ചതില്‍ അതിശയിക്കാനില്ല. മാര്‍ച്ച് 14 വെള്ളിയാഴ്ച നമസ്‌കാര സമയം ഹോളി ആഘോഷങ്ങള്‍ കഴിയുന്നതുവരെ മാറ്റിവച്ചിരിക്കുന്നു. ഹിന്ദു ഉല്‍സവങ്ങളില്‍ ഉത്തരേന്ത്യയിലുടനീളം കാണപ്പെടുന്ന മുസ്‌ലിം ആക്രമണത്തോടുള്ള ആര്‍ത്തിക്ക് അറുതി വരുത്താന്‍ ഇത്തരം നീക്കുപോക്കുകള്‍ക്ക് ആവുമോ ?
അവലംബം: ഡെക്കാന്‍ ക്രോണിക്കിള്‍

