ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 16ാം നൂറ്റാണ്ടില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത് അശുദ്ധമാക്കല്‍ പ്രവൃത്തിയായിരുന്നുവെന്ന് സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ഏതെങ്കിലും നിര്‍മാണങ്ങള്‍ പൊളിച്ചല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന് പറയുന്ന വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരുന്നു. നിര്‍മാണങ്ങള്‍ പൊളിച്ചല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെങ്കിലും അവിടെ ക്ഷേത്രമാണ് വേണ്ടതെന്നും വിചിത്രമായ രീതിയില്‍ ബെഞ്ച് വിധി എഴുതി. ആ വിധി പേടകത്തിലാക്കി കുഴിച്ചിട്ട ബാബരിയുടെ ഭൂമിയിലാണ് ശ്രീരാമന്റെ പേരിലുള്ള ക്ഷേത്രം ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ബാബരി മസ്ജിദ് വിധി പറയുന്നതിന് മുമ്പ് ദൈവത്തോട് പ്രാര്‍ഥിച്ചെന്നും ദൈവനിര്‍ദേശപ്രകാരമാണ് വിധി എഴുതിയതെന്നും പിന്നീട് ചന്ദ്രചൂഡ് വെളിപ്പെടുത്തി. അതിന് പിന്നാലെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ജെയ്‌നുമായി ന്യൂസ് ലോണ്‍ട്രിയില്‍ നടത്തിയ അഭിമുഖത്തില്‍ പുതിയ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതായിരുന്നു ശ്രീനിവാസന്‍ ജെയ്നിന്റെ ചോദ്യം ''ഹിന്ദുക്കള്‍ അശുദ്ധമാക്കല്‍ പ്രവൃത്തികള്‍ നടത്തുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തതാണ് പള്ളിയുടെ അകത്തെ മുറ്റത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തിന് കാരണമെന്ന് വാദമുണ്ട്. പുറത്തെ മുറ്റത്തെ കാര്യങ്ങളെ മുസ്ലിംകള്‍ എതിര്‍ത്തില്ല, അത് പിന്നീട് അവരെ ദ്രോഹിക്കാനുള്ള പ്രധാനകാരണമായി. ഹിന്ദുക്കള്‍ പോരാട്ടം നടത്തിയപ്പോള്‍, മുസ്ലിംകള്‍ പോരാട്ടം നടത്തിയില്ല എന്നത് യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ക്ക് എതിരായി എന്ന വസ്തുതയാണ്, വിധിന്യായത്തിന്റെ വിമര്‍ശനാത്മകമായ ഒരു വായന.''
ഈ ചോദ്യത്തിന് ചന്ദ്രചൂഡ് ഇങ്ങനെ മറുപടി നല്‍കി. ''അകത്തെ മുറ്റം അശുദ്ധമാക്കിയത് ഹിന്ദുക്കളാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍, അടിസ്ഥാനപരമായ അശുദ്ധമാക്കല്‍ പ്രവൃത്തി -പള്ളിയുടെ നിര്‍മാണം തന്നെ - എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറന്നോ? ചരിത്രത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ മറന്നോ?''
പള്ളിയുടെ അടിയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായും അത് പൊളിച്ച് പള്ളി പണിയുകയായിരുന്നെന്നും വിധിന്യായത്തില്‍ കോടതി കണ്ടെത്തിയതായി ചന്ദ്രചൂഡ് പറഞ്ഞു.
''ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചു എന്ന് നിങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, പുരാവസ്തു തെളിവുകളുടെ രൂപത്തില്‍ ഞങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, എങ്ങനെ കണ്ണടയ്ക്കാന്‍ കഴിയും? അപ്പോള്‍, നിങ്ങള്‍ പരാമര്‍ശിച്ച ഈ വ്യാഖ്യാതാക്കളില്‍ പലര്‍ക്കും ചരിത്രത്തെക്കുറിച്ച് ഒരു സെലക്ടീവ് വീക്ഷണമാണുള്ളത്.''-ചന്ദ്രചൂഡ് വിമര്‍ശിച്ചു.
പള്ളി പണിയാന്‍ വേണ്ടി നിര്‍മാണം പൊളിച്ചുമാറ്റിയതിന് ഒരു തെളിവുമില്ല എന്ന് വിധിന്യായത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജെയിന്‍ ചൂണ്ടിക്കാട്ടി. വിധിന്യായം അനുസരിച്ച്, അടിസ്ഥാന ഘടനയ്ക്കും പള്ളിക്കും ഇടയില്‍ നിരവധി നൂറ്റാണ്ടുകളുടെ ഇടവേളയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇതിനെ ചന്ദ്രചൂഡ് എതിര്‍ത്തു. ''പുരാവസ്തു ഗവേഷണത്തില്‍നിന്ന് മതിയായ തെളിവുകള്‍ ലഭിച്ചു. പുരാവസ്തു ഗവേഷണത്തിന്റെ തെളിവ് മൂല്യം എന്താണെന്നത് മൊത്തത്തില്‍ ഒരു പ്രത്യേക വിഷയമാണ്. ഒരു പുരാവസ്തു റിപോര്‍ട്ടിന്റെ രൂപത്തില്‍ തെളിവുകളുണ്ട് എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.''
തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികളായ ചരിത്രകാരന്‍മാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ടിനെ ചന്ദ്രചൂഡ് പിന്താങ്ങുന്നുണ്ട്. 12ാം നൂറ്റാണ്ടില്‍ അവിടെ ഉണ്ടായിരുന്നു എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ടില്‍ പറയുന്ന ഘടനയ്ക്ക് മുകളില്‍ പണിത മസ്ജിദ് പൊളിച്ചത് ന്യായീകരിക്കാനാവില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് തെളിവുകളും കൈവശാവകാശം സംബന്ധിച്ച ഉടമസ്ഥത നിര്‍ണയിക്കാനുള്ള പരമ്പരാഗത നീതിന്യായ മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് വിധിയില്‍ എത്തിയതെന്നും ചന്ദ്രചൂഡ് അവകാശപ്പെട്ടു.
എന്നാല്‍, ചന്ദ്രചൂഡ് രചിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സുപ്രിംകോടതി വിധിയില്‍ പറയുന്നത് മറ്റൊന്നാണ്. ''ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ കണ്ടെത്തല്‍ സാധ്യമല്ല. അവരുടെ റിപോര്‍ട്ട് പ്രകാരം 12ാം നൂറ്റാണ്ടിലെ ഘടനയാണ് ഉള്ളത്. പക്ഷേ, മസ്ജിദ് നിര്‍മിക്കുന്നത് 16ാം നൂറ്റാണ്ടിലാണ്. അതിനിടയില്‍ നാലു നൂറ്റാണ്ടിന്റെ ഇടവേളയുണ്ട്. ഈ ഇടവേളയിലെ മനുഷ്യചരിത്രം റിപോര്‍ട്ടില്‍ ഇല്ല. അതായത്, ആ നിര്‍മാണത്തിന്റെ നാശത്തിന്റെ കാരണം, മസ്ജിദ് നിര്‍മിക്കാനായി അത് തകര്‍ത്തതാണോ എന്നിവയൊന്നും റിപോര്‍ട്ടില്‍ ഇല്ല. ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കേണ്ടത് നിയമപരമായ തത്ത്വങ്ങളുടെയും സിവില്‍ വിചാരണയെ നിയന്ത്രിക്കുന്ന തെളിവുകളുടെ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്.''
ക്ഷേത്രം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന് വ്യക്തമായി പറഞ്ഞിട്ടും ബാബരിയുടെ ഭൂമി ക്ഷേത്രത്തിന് വിട്ടുനല്‍കുകയാണ് സുപ്രിംകോടതി ചെയ്തത്. കൂടാതെ ക്ഷേത്ര നിര്‍മാണത്തിന് പ്രത്യേക സമിതിയും രൂപീകരിച്ചു. അങ്ങനെയൊരു കമ്മിറ്റി രൂപീകരിക്കാന്‍ ആരും കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് എസ് മുരളീധര്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
''ബാബരി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. ആരും ആവശ്യപ്പെടാതെ തന്നെ സുപ്രിംകോടതി ഭരണഘടനയുടെ 142ാം അനുഛേദം പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഇറക്കി. കേന്ദ്ര സര്‍ക്കാരോ ഹിന്ദു ഗ്രൂപ്പ് അഭിഭാഷകനോ അത് ആവശ്യപ്പെട്ടിരുന്നില്ല. അതിന് നിയമപരമായ അടിസ്ഥാനമില്ല. ആരും ക്ഷേത്രനിര്‍മാണം ആവശ്യപ്പെട്ടില്ല, അതിനാല്‍ ആരും അതിനെ വാദത്തിനിടെ എതിര്‍ത്തില്ല. ക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് ഒരു തര്‍ക്കവും കോടതിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. കോടതിയുടെ പരിഗണനയിലില്ലാത്ത വിഷയത്തിലാണ് വിധി വന്നത്.''- ജസ്റ്റിസ് മുരളീധര്‍ വിശദീകരിച്ചു.
ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വിലക്കുന്ന 1991ലെ ആരാധനാലയ നിയമം ഉണ്ടായിരുന്നിട്ടും ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയുടെ സര്‍വേയ്ക്ക് അദ്ദേഹം എന്തിനാണ് അനുമതി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍, സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഒരു അടഞ്ഞ വിഷയമല്ലെന്നാണ് ന്യൂസ് ലോണ്ട്രി അഭിമുഖത്തില്‍ ചന്ദ്രചൂഡ് പറഞ്ഞത്. യുഗങ്ങളായി ഹിന്ദുക്കള്‍ പള്ളിയുടെ നിലവറയില്‍ ആരാധന നടത്തിയിട്ടുണ്ടെന്നും അതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗ്യാന്‍വ്യാപി മസ്ജിദ് കമ്മിറ്റി ഈ വാദത്തെ എതിര്‍ക്കുന്ന കാര്യം അദ്ദേഹം പരാമര്‍ശിച്ചില്ല.
ബാബരി മസ്ജിദ് പൊളിച്ചതിന്റെ അനന്തരഫലങ്ങള്‍ തുടരുന്നുവെന്ന ജസ്റ്റിസ് എസ് മുരളീധറിന്റെ നിരീക്ഷണം ശരിവയ്ക്കുന്നതാണ് ഈ പ്രസ്താവന. '' ആരാധനാലയ സംരക്ഷണ നിയമത്തെ കുറിച്ച് പരാമര്‍ശമുണ്ടായിട്ടും രാജ്യത്തുടനീളം കേസുകള്‍ വന്നു. നിലവില്‍ അത്തരം 17 കേസുകളുണ്ട്.''- എസ് മുരളീധര്‍ പറഞ്ഞു. രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന ആരാധനലായ സംരക്ഷണ നിയമമുണ്ടെങ്കിലും ഗ്യാന്‍വ്യാപി മസ്ജിദിന്റെ മതപരമായ സ്വഭാവം പരിശോധിക്കാമെന്ന് ഉത്തരവിട്ടത് ചന്ദ്രചൂഡാണ്.
ലിബറല്‍ വിധികള്‍ പുറപ്പെടുവിച്ച് രാജ്യത്തെ ലിബറലുകളുടെ കണ്ണും കരളും കീഴടക്കിയ ചന്ദ്രചൂഡ് കാതലായ വിഷയത്തില്‍ ഹിന്ദുപക്ഷത്തേക്ക് ചാഞ്ഞതിന്റെ തെളിവുകളാണ് അവ്യക്തമായ പരാമര്‍ശങ്ങളിലൂടെ വ്യക്തമാവുന്നത്. ഹിന്ദു-മുസ്ലിം തര്‍ക്കം പരിഗണിക്കുന്നതു വരെ രാജ്യത്തെ കോടതികള്‍ മതേതരമായിരിക്കുമെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് ഇത്.

