ഇറാനെതിരായ യുദ്ധം: ഇസ്രായേലിനും ട്രംപിനും നഷ്ടം മാത്രം

Update: 2025-06-29 13:44 GMT

ജെറിമി സോള്‍ട്ട്

യാതൊരു സംശയവുമില്ല. ഇസ്രായേലിന് പിന്നാലെ യുഎസും ആക്രമിച്ചെങ്കിലും യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നാശനഷ്ടങ്ങള്‍ ഇസ്രായേല്‍ നേരിട്ടു, മുമ്പ് ഒരിക്കലും നേരിടാത്ത അത്രയും നാശം അവര്‍ നേരിട്ടു.

ഇറാനെതിരായ ആക്രമണം വര്‍ഷങ്ങളായി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യക്തമാണ്. മൊസാദ് ചാരന്മാരും മിസൈല്‍ നിറച്ച ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച ഏജന്റുമാരും ഇറാനില്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്താനെതിരായ യുഎസിന്റെ യുദ്ധത്തില്‍ അഭയാര്‍ത്ഥികളായി ഇറാനില്‍ എത്തിയ ദശലക്ഷക്കണക്കിന് പേരില്‍ നിന്ന് ചിലരെ ഇസ്രായേല്‍ റിക്രൂട്ട് ചെയ്തു.

ഈ ശൃംഖല സ്ഥാപിതമായതോടെ, ഇറാന്റെ സൈനിക നേതൃത്വത്തെ ശിരഛേദം ചെയ്യാന്‍ ശ്രമിച്ചും രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞരില്‍ ചിലരെ കൊലപ്പെടുത്തിയും ഇസ്രായേല്‍ ആക്രമണം ആരംഭിച്ചു. ആയത്തുല്ല അലി ഖാംനഇിയെ അവര്‍ കൊല്ലുമായിരുന്നു, പക്ഷേ, അദ്ദേഹത്തെ കണ്ടെത്താനായില്ല. ഇറാന്റെ ആന്തരിക തകര്‍ച്ചയ്ക്ക് തിരികൊളുത്തുക എന്നതായിരുന്നു ഉദ്ദേശ്യം, പക്ഷേ, ഇറാനികള്‍ സര്‍ക്കാരിനു പിന്നില്‍ അണിനിരന്നു.

അപ്രതീക്ഷിതമായ ആക്രമണമേറ്റ ഇറാന്‍ പെട്ടെന്ന് നില വീണ്ടെടുത്തത് ഇസ്രായേലിനെ നിരാശപ്പെടുത്തി. ഇത്തരം ആക്രമണങ്ങളെ കുറിച്ച് ധാരണയുണ്ടായിരുന്നതിനാല്‍ സൈനിക നേതൃത്വത്തിലെ വിടവുകള്‍ ഇറാന്‍ അതിവേഗം നികത്തി. ആണവ ശാസ്ത്രജ്ഞരുടെ കാര്യത്തിലും അത് തന്നെ നടന്നു.

അതിന് ശേഷമാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പ്രത്യാക്രമണം ആരംഭിച്ചത്. മിസൈലുകളുടെ എണ്ണവും പോര്‍മുനകളുടെ വലുപ്പവും ഓരോ ദിവസവും വര്‍ധിച്ചു. ഇസ്രായേലിന്റെ പാളികളായുള്ള വ്യോമപ്രതിരോധ സംവിധാനം അവയെ നേരിടുന്നതില്‍ പരാജയപ്പെട്ടു. യുദ്ധത്തിന്റെ 12ാം ദിവസത്തില്‍ അവ ഒന്നിനും കൊള്ളില്ലെന്നു തോന്നിപ്പിച്ചു. സയണിസ്റ്റുകള്‍ കൈവശം വച്ചിരിക്കുന്ന നഖാബിലെ ബീര്‍ അല്‍ ഷെബയില്‍ ഇറാന്‍ വന്‍ ആക്രമണമാണ് നടത്തിയത്.

ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ മൂലം ആയിരക്കണക്കിന് കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെ തകര്‍ന്നു.


താന്‍ ആരംഭിച്ച യുദ്ധം ജയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ വെടിനിര്‍ത്തല്‍ ആഗ്രഹിച്ചത് നെതന്യാഹുവാണെന്നതില്‍ സംശയമില്ല. വെടിനിര്‍ത്തലുകളോട് യാതൊരു ബഹുമാനവുമില്ലാത്തവരാണ് ഇസ്രായേലികള്‍. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിനാല്‍ മാത്രമാണ് അവര്‍ വെടിനിര്‍ത്തലിന് ആഗ്രഹിച്ചത്.


വാസ്തവത്തില്‍, ഔദ്യോഗികമായി ഒരു വെടിനിര്‍ത്തലും പ്രഖ്യാപിച്ചിട്ടില്ല. ഇറാന്‍ യുദ്ധം നിര്‍ത്തിയാല്‍ ഇസ്രായേല്‍ യുദ്ധം നിര്‍ത്തുമെന്ന് നെതന്യാഹു പറഞ്ഞു, ഇറാന്‍ സമ്മതിച്ചു. ഇറാന്‍ ഇസ്രായേലിനെ മുട്ടുകുത്തിക്കാന്‍ ശ്രമിച്ചില്ലല്ലോ എന്ന് ചിലര്‍ ഖേദിച്ചേക്കാം. പക്ഷേ, അങ്ങനെ സംഭവിച്ചാല്‍ അമേരിക്കയുമായി പൂര്‍ണ്ണ തോതിലുള്ള യുദ്ധം ഉണ്ടാകുമായിരുന്നു.

ഇറാനെതിരായ ആക്രമണം ഇസ്രായേലിന്റെ പരാജയമായി വിലയിരുത്താം. ഇറാന്‍ സര്‍ക്കാര്‍ തകര്‍ന്നില്ല; അത് മുമ്പത്തേക്കാള്‍ ശക്തമായി ഉയര്‍ന്നുവന്നു. ഗസയിലും തെക്കന്‍ ലബ്‌നാനിലും ചെയ്തത് പോലെ സാധാരണക്കാരെ കൊല്ലുന്നതില്‍ ഇസ്രായേല്‍ ആശങ്കപ്പെട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം 600 സാധാരണക്കാരെ അവര്‍ കൊന്നു. അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഗസയിലേയും ബെയ്റൂത്തിലെയും പോലെ കെട്ടിടങ്ങളും നശിപ്പിച്ചു.

പാശ്ചാത്യ രാജ്യങ്ങളുടെ വഞ്ചനയും സാധാരണക്കാരുടെ കൊലപാതകങ്ങളും ഇറാനിലെ പാശ്ചാത്യ അനുകൂലികള്‍ക്ക് അടുത്തകാലത്തൊന്നും തലപൊക്കാന്‍ കഴിയാത്ത സ്ഥിതിയും രൂപപ്പെടുത്തി. ഇസ്‌ലാമിക വിപ്ലവത്തിന് മുമ്പ് പുറത്താക്കപ്പെട്ട ഷാ പഹ്‌ലവിയുടെ മകന്റെ തിരിച്ചുവരവ് മാധ്യമങ്ങളുടെ ഫാന്റസിയായിരുന്നു.


യുദ്ധത്തിലെ വിജയത്തേക്കാള്‍ വലുതായിരുന്നു ഇറാന്റെ യഥാര്‍ത്ഥ വിജയം. യുഎസ്, യുകെ, കാനഡ, ആസ്േ്രതലിയ തുടങ്ങിയ യുദ്ധക്കൊതിയന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള രാജ്യങ്ങള്‍ ഇസ്രായേലിന്റെ ആക്രമണത്തിലെ വഞ്ചന തിരിച്ചറിഞ്ഞു. മെയ് 31ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാര്‍ ഒരു റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആണവപദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇറാന്‍ സഹകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപോര്‍ട്ട്. പിന്നീട് ഇസ്രായേല്‍ ഇറാനെ ആക്രമിക്കുന്ന ജൂണ്‍ 13ന് മുമ്പ്, ജൂണ്‍ 12നും സമാനമായ റിപോര്‍ട്ട് പുറത്തുവിട്ടു. ആക്രമണം അടുത്തെത്തിയെന്ന് അവര്‍ക്ക് അറിയാമായിരുന്നു എന്നു വേണം അനുമാനിക്കാന്‍. പക്ഷേ, റിപോര്‍ട്ടുകള്‍ യുഎസിനും ഇസ്രായേലിനും വെല്ലുവിളിയായിരുന്നു.

ആക്രമണത്തിനുശേഷം, ഐഎഇഎയുടെ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞത്, തനിക്ക് വ്യക്തമായ അറിവില്ലെങ്കിലും, ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ഇസ്ഫഹാനിനടുത്തുള്ള ഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കാമെന്നും, അടുത്ത ആക്രമണത്തില്‍ അത് ഒരു സാധ്യതയുള്ള ലക്ഷ്യമായി മാറിയിരിക്കാമെന്നുമാണ്.


വളരെ മുമ്പുതന്നെ ഇറാന് ഐഎഇഎയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്നതാണ് വസ്തുത. റഷ്യ, ചൈന, യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവരാണ് ഐഎഇഎയുടെ ജോയിന്റ് കോംപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനിലെ അംഗങ്ങള്‍. ഇതില്‍ ഭൂരിഭാഗം പേരും ആണവോര്‍ജ്ജത്തിനപ്പുറമുള്ള കാരണങ്ങളാല്‍ ഇറാനോട് ശത്രുത പുലര്‍ത്തുന്നു. തെളിവുകള്‍ ഒന്നുമില്ലെങ്കിലും ഇറാനെയാണ് അവര്‍ പശ്ചിമേഷ്യയിലെ സമാധാനത്തിന് വെല്ലുവിളിയായി കാണുന്നത്. 1980ല്‍ ഇറാഖ് തങ്ങളെ ആക്രമിച്ചതിനുശേഷം ഇറാന്‍ ഒരു യുദ്ധവും നടത്തിയിട്ടില്ല.

പക്ഷേ, ഇസ്രായേല്‍ ഒരിക്കലും യുദ്ധം നിര്‍ത്തുന്നില്ല. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിതമായ ശേഷം പതിനായിരക്കണക്കിന് പേര്‍ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഒരിക്കല്‍ പോലും ആരും ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയില്ല.

ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്, എന്നാല്‍ അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നവരെ അത് അസ്വസ്ഥരാക്കുന്നില്ല. അവര്‍ ഒരു വംശഹത്യ രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഇറാന്‍ വിരുദ്ധ സംഘത്തിന്റെ നേതാവായ യുഎസ്, ഇസ്രായേലിനുവേണ്ടി, 1979 മുതല്‍ ഉപരോധങ്ങളിലൂടെ ഇറാനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2018ല്‍, ജോയിന്റ് കോംപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനില്‍ നിന്ന് യുഎസിനെ ട്രംപ് പിന്‍വലിച്ചു. ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി, ഉപരോധിക്കാന്‍ ഒരു മേഖലയും ബാക്കിയുണ്ടായിരുന്നില്ല.

മറ്റേതൊരു രാഷ്ട്രത്തെയും പോലെ ആണവോര്‍ജം വികസിപ്പിക്കാന്‍ ഇറാനും അവകാശമുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നില്ലെന്ന് തുടക്കം മുതല്‍ അവര്‍ പറഞ്ഞിരുന്നു, അവര്‍ അത് വികസിപ്പിക്കുന്നുണ്ടെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടുമില്ല.

90 മുതല്‍ നൂറുകണക്കിന് ആണവായുധങ്ങള്‍ വരെ ഉണ്ടെന്ന് കരുതപ്പെടുന്ന ഇസ്രായേലില്‍ നിന്ന് വ്യത്യസ്തമായി, ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. അതിനാല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കരുതെന്ന നിബന്ധനയും ഉണ്ട്. തങ്ങളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരു സര്‍ക്കാരിനെയും ആത്യന്തികമായി ഭീഷണിപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ ആണവ ഭീഷണി. അറബ് രാജ്യങ്ങളും ഇറാനും ഈ ഭീഷണിയില്‍ എന്നെന്നേക്കുമായി ജീവിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായതിലും താഴെ ശുദ്ധിയില്‍ മാത്രം ഇറാന്‍ യുറേനിയം ശുദ്ധീകരിച്ചാല്‍ മതിയെന്നാണ് അവരുടെ ശത്രുക്കള്‍ പറയുന്നത്. യുഎസ് ഇറാനെ ആക്രമിക്കുന്ന സമയത്ത് ഇറാനുമായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി തുടരുകയായിരുന്നു. ഇറാന് അല്‍പ്പം യുറേനിയം ശുദ്ധീകരിക്കാമെന്ന മുന്‍ നിലപാടില്‍ നിന്നും യുഎസ് മധ്യസ്ഥനായ സ്റ്റീവ് വിറ്റ്‌കോഫ് പിന്നോട്ടടിച്ചിരുന്നു. സ്വന്തം പരമാധികാരത്തിന്മേലുള്ള അത്തരമൊരു കടന്നുകയറ്റം ഒരു രാജ്യത്തിനും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

അതേസമയം, ജോയിന്റ് കോംപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനിലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യാതൊരു ചോദ്യങ്ങളും ചോദിക്കാതെ യുഎസ് നിര്‍ദേശിച്ച ഉപരോധങ്ങള്‍ ഇറാന്‍, സിറിയ, ഹിസ്ബുല്ല, ഹമാസ് എന്നിവര്‍ക്കെതിരേ ഏര്‍പ്പെടുത്തി.

ഹിസ്ബുല്ലയ്ക്കും ഹമാസിനും സ്വന്തമായി ഇഛാശക്തിയില്ലെന്നും ഇറാന്റെ നിഴല്‍ സൈന്യമാണെന്നുമാണ് പറഞ്ഞത്. അവയെ ഭീകരസംഘടനകളായും പ്രഖ്യാപിച്ചിരിക്കുന്നു. പക്ഷേ, ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ലക്ഷ്യം ആക്രമണാത്മക അധിനിവേശ ശക്തിയോടുള്ള ചെറുത്തുനില്‍പ്പാണ്. ഈ രണ്ടു സംഘടനകള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ തടയാന്‍ ഒരു യൂറോപ്യന്‍ രാജ്യവും നടപടിയെടുത്തില്ല. അനന്തമായ കുറ്റകൃത്യങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇസ്രായേല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് വിധേയമായിട്ടില്ല. ഇറാന്റെ രക്തത്തിനായി മുറവിളി കൂട്ടുന്ന രാഷ്ട്രീയ, മാധ്യമ ജനക്കൂട്ടം ഇസ്രായേലിനെ രക്ഷിക്കുന്നു.

ഗസയില്‍ വംശഹത്യ നടക്കുമ്പോഴും യുഎസ്, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് ആയുധം നല്‍കുന്നത് തുടരുകയാണ്. ഇസ്രായേലും യുഎസും ഇറാനെതിരെ നടത്തിയ നിയമവിരുദ്ധ ആക്രമണങ്ങളെ എല്ലാവരും പിന്തുണച്ചു. അതിനാലൊക്കെ തന്നെ ഇസ്രായേലിനെ സേവിക്കാനുള്ള പാശ്ചാത്യരുടെ മറ്റൊരു ആയുധമായാണ് ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ കാണുന്നത്.

യുദ്ധവിരുദ്ധ പ്രസിഡന്റ് എന്ന് സ്വയം അവകാശപ്പെടുന്ന ട്രംപ് ഉടന്‍ തന്നെ ഇസ്രായേലിന്റെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു. യുദ്ധത്തില്‍ യുഎസ് ഉള്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഉടന്‍ തന്നെ അത് സമ്മതിച്ചു. ആയത്തുല്ല അലി ഖാംനഇ എവിടെയാണെന്ന് അറിയാമെന്നും 'കുറഞ്ഞത് ഇപ്പോഴെങ്കിലും' അദ്ദേഹത്തെ കൊല്ലരുതെന്ന് തീരുമാനിച്ചതായും ട്രംപ് പറഞ്ഞു. പക്ഷേ, ഇറാന്‍ 'അമേരിക്കയുടെ മുഖത്ത് ഒരു അടി' നല്‍കിയെന്ന് ഖാംനഇ പറഞ്ഞതിന് ശേഷം ട്രംപ് മറ്റുചിലത് പറഞ്ഞു. ''ഞാന്‍ അയാളെ വളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്ന് രക്ഷിച്ചു, നന്ദി, പ്രസിഡന്റ് ട്രംപ്! എന്ന് ഖാംനഇ പറയേണ്ടതില്ല.''-ട്രംപ് പറഞ്ഞു.

ഖാംനഇ എവിടെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കൊല്ലുമായിരുന്നു എന്ന ഇസ്രായേലി 'പ്രതിരോധ' മന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ വെളിപ്പെടുത്തലിന് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവന. കൂടാതെ, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന ട്രംപിന്റെ വാദം അതിശയോക്തിയാണ്. കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും നശിപ്പിക്കപ്പെട്ടിട്ടില്ല. 'ഗണ്യമായ' നാശനഷ്ടങ്ങളുണ്ടെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, ഇറാന്റെ ഫോര്‍ദോ ആണവനിലയത്തില്‍ ഇപ്പോള്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ്.

ആണവ നിലയങ്ങളുടെ പൂര്‍ണ്ണമായ നാശം ആയിരുന്നു പ്രഖ്യാപിത ലക്ഷ്യം എന്നതിനാല്‍, ഇസ്രായേല്‍ ആക്രമണത്തോടൊപ്പം യുഎസ് ആക്രമണത്തെയും പരാജയമായി കണക്കാക്കേണ്ടതുണ്ട്. യുദ്ധരഹിത പ്രസിഡന്റ് യുദ്ധത്തിലേക്ക് പോയതിനെത്തുടര്‍ന്ന് MAGA( അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ) പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പ് ട്രംപിന്റെ പ്രത്യാഘാതങ്ങളില്‍ ഉള്‍പ്പെടുന്നു.


ഗസയിലെ വംശഹത്യയും ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധവും ഇസ്രായേല്‍ കൊളോണിയല്‍-സെറ്റ്‌ലര്‍ രാഷ്ട്രത്തിന്റെ വംശഹത്യ സ്വഭാവത്തിലേക്ക് ലോകത്തിന്റെ കണ്ണുകള്‍ തുറക്കാന്‍ കാരണമായി. ഇസ്രായേല്‍ ഇപ്പോള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം അധിക്ഷേപിക്കപ്പെടുന്നു, അവര്‍ അത് അര്‍ഹിക്കുന്നുണ്ട്. ആധുനിക ചരിത്രത്തില്‍ ലോകം കണ്ട ഏറ്റവും മോശമായ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും അതിന്റെ ഗവണ്‍മെന്റും അതിന്റെ സൈന്യവും അതിന്റെ പാര്‍ലമെന്റും അതിന്റെ മാധ്യമങ്ങളും അതിന്റെ ജനങ്ങളും ഉത്തരവാദികളാണ്.

ഇസ്രായേല്‍ ഗസയെ ഒരു തുറന്ന മരണ ക്യാമ്പാക്കി മാറ്റി. ടെന്റുകളില്‍ ബോംബാക്രമണം നടത്തുകയും വ്യാജ ഇസ്രായേല്‍-യുഎസ് 'ഭക്ഷ്യ കേന്ദ്ര'ത്തില്‍ ക്യൂ നില്‍ക്കാന്‍ പ്രലോഭിപ്പിക്കപ്പെട്ട ഫലസ്തീനികളെ കൂട്ടക്കൊല നടത്തുകയും ചെയ്യുന്നു. വംശഹത്യയുടെ ചരിത്രത്തിലെ ദുഷ്ടതയുടെ പുതിയ മാനദണ്ഡമാണിത്. സഹകരണ മുഖംമൂടിയെന്നാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇതിനെ വിശേഷിപ്പിച്ചത്.


ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. അപ്പോള്‍ തന്നെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ഉഗാണ്ടയില്‍ ജനിച്ച ഇന്ത്യന്‍ (ഗുജറാത്തി) ശിയാ മുസ്‌ലിം വംശജനായ സൊഹ്റാന്‍ മംദാനിയെ തിരഞ്ഞെടുത്തു. മംദാനി ഇസ്രായേലിനെതിരായ ബഹിഷ്‌കരണ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നു, ഗസയില്‍ ഇസ്രായേല്‍ ചെയ്യുന്നത് വംശഹത്യയാണെന്ന് സമ്മതിക്കുന്നു, വെസ്റ്റ് ബാങ്കിലെ വ്യാപാരം ബഹിഷ്‌കരിക്കാന്‍ ന്യൂയോര്‍ക്ക് സംസ്ഥാന അസംബ്ലി അംഗം എന്ന നിലയില്‍ പ്രമേയങ്ങള്‍ പാസാക്കി.


 തെല്‍ അവീവ് കഴിഞ്ഞാല്‍ ഏറ്റവുമധികം ജൂതന്‍മാരുള്ള നഗരമായ ന്യൂയോര്‍ക്കില്‍ ഒരു മുസ്‌ലിം മേയര്‍ സ്ഥാനത്തേക്ക് വരുന്നത് അതിശയകരമാണ്. ചരിത്രത്തിന്റെ ചക്രം അതിവേഗം ഇസ്രായേലിന് എതിരെ തിരിയുന്നു എന്നതിന്റെ സൂചനയാണത്. വെറും 46 ശതമാനം അമേരിക്കക്കാര്‍ മാത്രമേ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുള്ളൂയെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സര്‍വേ ഫലം പറയുന്നത്. ഇസ്രായേലിനോടുള്ള ശത്രുത യുവാക്കള്‍ക്കിടയില്‍ ശക്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അചിന്തനീയമായിരിക്കും.

ഈ തലങ്ങളിലെല്ലാം നോക്കുകയാണെങ്കില്‍ ഇറാനെതിരായ യുദ്ധം ഇസ്രായേല്‍ 'ജയിച്ചു' എന്ന ഏതൊരു അവകാശവാദവും പൊരുത്തക്കേടാണ്. എല്ലാ തലങ്ങളിലും, ഈ പരാജയം - ഈ തിരിച്ചടി - ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയമാണ്. ഇറാനുമായുള്ള യുദ്ധം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായ ഇസ്രായേല്‍ മുമ്പത്തെ പോലെ തന്നെ വീണ്ടും യുദ്ധം ആരംഭിക്കാന്‍ വേണ്ടമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യും.