ഒടുവില്‍ ഒരു 'ആത്യന്തിക പരിഹാരം': ഫലസ്തീനിലെ അനീതിയുടെ ഉറവിടത്തെ നേരിടണം
ജെറിമി സാള്‍ട്ട്
ഫലസ്തീന്‍ പ്രശ്നത്തില്‍ പുതിയൊരു ചിന്തയ്ക്ക് സമയമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍, ഫലസ്തീന്‍ പ്രശ്നമെന്ന് തെറ്റായി അറിയപ്പെടുന്നത് 'ഇസ്രായേലി പ്രശ്നമാണ്'. സയണിസ്റ്റുകള്‍ ഈ ഭൂപ്രദേശത്ത് എത്തുന്നതിന് മുമ്പ് ഫലസ്തീന്‍ പ്രശ്നമുണ്ടായിരുന്നില്ല.നിയമം, ധാര്‍മികത, നീതി എന്നിവയുമായി പൊരുത്തപ്പെടുന്ന പരിഹാരങ്ങളെയും ശുപാര്‍ശകളെയും കഴിഞ്ഞ 80 വര്‍ഷമായി ഇസ്രായേല്‍ എതിര്‍ത്തിട്ടുണ്ട്. അതിന്റെ കാരണം മനസിലാക്കാന്‍ പ്രയാസമില്ല. ഈ തത്വങ്ങള്‍ പാലിച്ചാല്‍ ഇസ്രായേല്‍ ബാക്കിയുണ്ടാവില്ല.!
അവരുടെ സ്വന്തപരിഹാരങ്ങള്‍ കുറ്റകൃത്യങ്ങളാണ്, പക്ഷേ, ആരെങ്കിലും വിമര്‍ശിച്ചാല്‍ രോഷാകുലരാവും. ഐക്യരാഷ്ട്രസഭയിലെ അവരുടെ പ്രതിനിധി സ്റ്റേജില്‍ കയറി നിന്ന് യുഎന്‍ ചാര്‍ട്ടര്‍ വലിച്ചു കീറി ഐക്യരാഷ്ട്രസഭയെ നശിപ്പിക്കണം എന്നു പറയുന്നു. അവര്‍ വെറുക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘടനയില്‍ അംഗമായി തുടരാന്‍ അവരെ അനുവദിക്കുന്നത് ആ നിയമവിരുദ്ധ രാഷ്ട്രത്തെ ലാളിക്കുന്നത് കൊണ്ടാണ്.
ഐക്യരാഷ്ട്രസഭയെ മാത്രമല്ല, 'നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമ'ത്തിന്റെ മുഴുവന്‍ അടിത്തറയും ഇസ്രായേല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രമത്തെ ഉയര്‍ത്തിപിടിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ പിന്തുണയോടെയാണ് അത് നടക്കുന്നത്.
അന്താരാഷ്ട്ര നിയമപ്രകാരം നോക്കുകയാണെങ്കില്‍ ഒരു രാജ്യത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കുറ്റകൃത്യമാണ് വംശഹത്യ. പക്ഷേ, അത് തടയാന്‍ യെമന്‍ ഒഴികെ ഒരു 'പരിഷ്‌കൃത' രാജ്യവും ഒരു വിരല്‍ പോലും അനക്കുന്നില്ല. പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വംശഹത്യയെ എതിര്‍ത്തതിന് യെമനില്‍ യുഎസും യുകെയും വ്യോമാക്രമണം നടത്തുന്നു. ഇതുവരെ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തി, സാധാരണക്കാര്‍ മാത്രമാണ് അതിലെ ഇരകള്‍.
ഈജിപ്തിന്റെയും ഗസയുടെയും അതിര്‍ത്തിയില്‍ 3000 ട്രക്കുകള്‍ സഹായങ്ങളുമായി വന്നുകിടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇസ്രായേല്‍ അനുവദിക്കാത്തതിനാല്‍ അവയിലെ സഹായങ്ങള്‍ പട്ടിണി കിടക്കുന്ന ഗസക്കാരില്‍ എത്തുന്നില്ല. ഇസ്രായേല്‍ കണക്കുകൂട്ടിയതു പോലെ ആ ഭക്ഷണങ്ങളുടെ ഉപയോഗ കാലാവധി ഇപ്പോള്‍ കഴിഞ്ഞിരിക്കും.ഫലസ്തീനികള്‍ക്ക് ഭക്ഷണവും വൈദ്യസഹായങ്ങളും എത്തിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയ ഇസ്രായേല്‍ കഴിഞ്ഞ ദിവസം മാള്‍ട്ടയ്ക്ക് സമീപം ഒരു സഹായക്കപ്പലിനെയും ആക്രമിച്ചു. മറ്റാരോ ചെയ്തത് എന്ന പോലെയാണ് അവര്‍ പെരുമാറിയത്.
ഗസയില്‍ കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. പോഷകാഹാര കുറവ് നേരിടുന്ന ആയിരക്കണക്കിന് കുട്ടികള്‍, ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നിട്ടും ഭാഗികമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ പരിചരണത്തിലാണ്. സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതിനൊപ്പം അവരെ പട്ടിണിക്കിടലും ഇസ്രായേലി സര്‍ക്കാരിന്റെ നയമാണ്. അത് കണ്ടു നില്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്ക് ഒരു അനക്കവുമില്ല താനും. കുറ്റവാളിക്ക് പകരം ഇരയെ ശിക്ഷിച്ചാല്‍ മതിയെന്ന ഇസ്രായേലി ചിന്തയാണ് ഫലസ്തീന്‍ പ്രശ്നപരിഹാരത്തില്‍ അവര്‍ക്ക് ഉള്ളതെന്ന് തോന്നുന്നു.
അങ്ങനെ ലോകരാജ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ച ഇസ്രായേല്‍ ഇപ്പോള്‍ 'ഗിഡിയണ്‍ രഥങ്ങള്‍' എന്ന പേരില്‍ ഗസയെ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ്. ഏതാനും നൂറ് എബ്രായ വീരന്‍മാര്‍ മിഡിയാനൈറ്റുകളെ പരാജയപ്പെടുത്തിയെന്ന ബൈബിള്‍ കഥയാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഇസ്രായേല്‍ നേരിടുന്ന ആള്‍ക്ഷാമവും റിസര്‍വ് സൈനികര്‍ ഗസയിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നതും ഈ പദ്ധതി തിരഞ്ഞെടുക്കാന്‍ കാരണമായിരിക്കാം.
ഈ പദ്ധതി നടപ്പാക്കാന്‍ ആദ്യമായി ഗസയിലെ ജനങ്ങളെ പൂര്‍ണമായും ഒഴിവാക്കണം. ഭീകരതയുടെ തോത് ഉയര്‍ത്തി അവര്‍ ജനങ്ങളെ തെക്കോട്ട് ആട്ടിയോടിക്കുമെന്ന് സങ്കല്‍പ്പിക്കാം. എന്നിട്ട് അവര്‍ റഫ അതിര്‍ത്തിയില്‍ ബോംബിടും. അപ്പോള്‍ ജനങ്ങള്‍ സ്വന്തം ജീവനും കുട്ടികളുടെ ജീവനും സംരക്ഷിക്കാന്‍ സീനായിയിലേക്ക് കടക്കും. ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന കുറ്റവാളികളുടെ മനസിലെ പൈശാചിക പരിഹാര മാര്‍ഗമാണിത്.
ഗസയിലെ വംശഹത്യയുടെ ദുര്‍ഗന്ധം അതിന് അനുവദിക്കുന്ന സര്‍ക്കാരുകളുടെ അഴിമതിയുടെ ദുര്‍ഗന്ധവും കൂടിയാണ്. ലോബിയിസ്റ്റുകളുടെയും സമ്പന്നരും ഉയര്‍ന്ന സ്ഥാനങ്ങളിലുമുള്ള പിന്തുണക്കാരുടെയും സഹായത്തോടെ ഇസ്രായേല്‍ വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റുകളിലും സര്‍വകലാശാലകളിലും മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞുകയറി അവയെ ഉള്ളില്‍ നിന്നും അഴുകിച്ചിരിക്കുകയാണ്.
തങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്നത് രാഷ്ട്രീയക്കാര്‍ കാണുന്നില്ല എന്ന് വിശ്വസിക്കാന്‍ അസാധ്യമാണ്. ഓരോ ദിവസവും കൂടുതലായി ആവര്‍ത്തിക്കുകയും കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ക്രൂരത ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ അതിക്രമങ്ങളിലൊന്നാണ്.
ഇസ്രായേല്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഒരു പരിധിവരെ അവിടത്തെ ജനങ്ങളുടെയും മനുഷ്യത്വമില്ലായ്മ, മുഴുവന്‍ ലോകത്തിനും ഒരു മിന്നുന്ന ചുവന്ന വെളിച്ചമായിരിക്കണം. അതൊരു വികലമായ പ്രത്യയശാസ്ത്രത്തില്‍ നിന്ന് ജനിച്ച ഒരു വികലമായ സമൂഹമാണ്.
വംശഹത്യാ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രായേലിന് കഴിയുമെങ്കില്‍ അതിന് എന്തും ചെയ്യാം. പക്ഷേ, തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്നതിനുപകരം രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇസ്രായേലിനെ സംരക്ഷിക്കുന്നു, അവര്‍ക്ക് വേണ്ടി കള്ളം പറയുന്നു, പ്രചരിപ്പിക്കുന്നു, അവരുടെ കുറ്റകൃത്യങ്ങള്‍ മറച്ചുപിടിക്കുന്നു അല്ലെങ്കില്‍ നിഷേധിക്കുന്നു.
ഇസ്രായേല്‍ ഒരിക്കലും സൃഷ്ടിക്കപ്പെടാന്‍ പാടില്ലായിരുന്നു, ഏറ്റവും ചുരുങ്ങിയത് ഫലസ്തീനില്‍. ഫലസ്തീനികള്‍ നടത്താത്ത, ജര്‍മന്‍കാര്‍ നടത്തിയ ജൂതവംശഹത്യക്ക് നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ അത് ജര്‍മനിയില്‍ ആവാമായിരുന്നല്ലോ. ട്രംപിന്റെ ഭാഷയില്‍ പറഞ്ഞാല്‍, കാര്‍ഷിക സമ്പന്നമായ റിയല്‍ എസ്റ്റേറ്റ് പീസായ ബവേറിയ എന്തുകൊണ്ട് നല്‍കിയില്ല?
സയണിസത്തെ ശക്തമായി പിന്തുണച്ചിരുന്ന യുകെയും യുഎസും എന്തുകൊണ്ട് തങ്ങള്‍ക്കിടയില്‍ ജൂതന്‍മാര്‍ക്ക് ഒരു മാതൃരാജ്യം നല്‍കിയില്ല ?
അവരുടെ നാടുകളില്‍ ആവശ്യത്തിന് ജൂതന്‍മാരുണ്ടായിരുന്നു, കൂടുതല്‍ ജൂതന്‍മാരെ അവര്‍ക്ക് വേണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കിഴക്കന്‍ യൂറോപ്പിലെ ആക്രമണങ്ങളെ തുടര്‍ന്ന് പാലായനം ചെയ്യുന്ന ജൂതന്‍മാരെ യുകെയില്‍ കടത്താതിരിക്കാന്‍ 1905ല്‍ ഏലിയന്‍സ് ആക്ട് കൊണ്ടുവരുമ്പോള്‍ യുകെ പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫര്‍ ലോകത്തിന് നല്‍കിയ സന്ദേശമതായിരുന്നു. നാസി ജര്‍മനിയില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാര്‍ക്ക് സ്ഥലം കണ്ടെത്താന്‍ 1938ല്‍ ഫ്രാന്‍സില്‍ നടത്തിയ ഇവിയന്‍ കോണ്‍ഫറന്‍സില്‍ വരുത്തിയ മാറ്റങ്ങളുടെയും ഒത്തുതീര്‍പ്പുകളുടെയും കാരണം അതു തന്നെയായിരുന്നു.
ഇക്കാര്യത്തിന് ഒരു കമ്മിറ്റി രൂപീകരിക്കുക എന്നതില്‍ ഒഴിച്ച് മറ്റെല്ലാം കാര്യങ്ങളും യോജിപ്പുണ്ടാക്കുന്നതില്‍ പ്രതിനിധികള്‍ പരാജയപ്പെട്ടു. വളരെ കുറച്ച് ജൂതന്‍മാരെ സ്വീകരിക്കാന്‍ മാത്രമേ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ തയ്യാറായുള്ളൂ. നിലവില്‍ വംശീയ പ്രശ്നങ്ങളില്ലാത്തതിനാല്‍ ഒരു പ്രശ്നം ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആസ്ത്രേലിയയുടെ പ്രതിനിധി പറഞ്ഞത്.
ആസ്ത്രേലിയയിലെ തദ്ദേശീയ ആദിവാസി ജനവിഭാഗങ്ങളുടെ ജനസംഖ്യ വെള്ളക്കാര്‍ 'കുറച്ചതിനാലും' 1901 മുതല്‍ വെള്ളക്കാരെ മാത്രം പ്രവേശിപ്പിച്ചതിനാലും അവിടെ 'വംശീയ' പ്രശ്നങ്ങളുണ്ടായിരുന്നില്ല.
ജൂത അഭയാര്‍ത്ഥികള്‍ക്ക് വാതിലുകള്‍ തുറന്നിട്ട ഒരേയൊരു രാജ്യം ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കായിരുന്നു. കോസ്റ്ററിക്ക കുറച്ചുപേരെ സ്വീകരിച്ചു. ജനങ്ങളെ 'വെളുപ്പിക്കണമെന്ന' ഉദ്ദേശത്തോടെയാണ് ഏകാധിപതിയായ ഭരണാധികാരിയായ റാഫേല്‍ ട്രൂജില്ലോ അങ്ങനെയൊരു നടപടി സ്വീകരിച്ചത്. പരസ്യമായി സെമിറ്റിക് പ്രേമം കാണിച്ച അവരുടെ ഉള്ളിലുണ്ടായിരുന്ന സെമിറ്റിക് വിരുദ്ധതയാണ് പീഡിപ്പിക്കപ്പെട്ട യൂറോപ്യന്‍ ജൂതന്‍മാരെ സ്വീകരിക്കാതിരിക്കാനുള്ള കാരണം.
''ജൂതന്‍മാരെ വിശ്വസിക്കാന്‍ കഴിയില്ല'' യുഎസിന്റെ 37ാം പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണ്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞു. 'കൈക്ക്', 'സമ്പന്നരായ ജൂതന്‍മാര്‍' തുടങ്ങിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും അദ്ദേഹം നടത്തി. ഇസ്രായേലിന്റെ ആണവായുധ പദ്ധതികളെ കുറിച്ച് അറിയാമായിരുന്നിട്ടും അജ്ഞത നടിച്ച് അവര്‍ക്ക് പണവും ആയുധങ്ങളും നല്‍കിയത് 36ാം പ്രസിഡന്റായിരുന്ന ലിന്‍ഡ്സണ്‍ ജോണ്‍സണായിരുന്നു. അയാള്‍ മാത്രമാണ് ഇസ്രായേലിനെ പ്രശംസിക്കുന്നതില്‍ മുഴുകിയുള്ളൂ.
ആഴത്തിലുള്ള സെമിറ്റിക് വിരുദ്ധത 'പാശ്ചാത്യ നാഗരികതയില്‍' അടങ്ങിയിട്ടുണ്ട്. രാജാക്കന്‍മാര്‍ക്കും രാജകുമാരന്‍മാര്‍ക്കും പണം പലിശയ്ക്ക് കൊടുക്കുന്നവര്‍ എന്ന നിലയില്‍ ജൂതന്‍മാര്‍ ഉപയോഗപ്രദമായിരുന്നു. പുതിയകാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവര്‍ ഒഴിച്ചുകൂടാനാവാത്ത സാമ്പത്തിക സ്രോതസാണ്. അതിനാല്‍, ജീവിക്കുന്ന രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമല്ലാതെ, ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി അവര്‍ രാഷ്ട്രീയക്കാരെ പാര്‍ലമെന്റില്‍ എത്തിക്കാനോ പുറത്താക്കാനോ പണം ഉപയോഗിക്കുന്നു.
'സെമിറ്റിക് വിരുദ്ധതയെ' നേരിടാനെന്ന വ്യാജേന അവര്‍ സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുന്നു. ഇസ്രായേലിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ഥികളെയും പ്രഫസര്‍മാരെയും യൂണിയന്‍ പ്രസിഡന്റുമാരെയും വരെ പണവും ബന്ധങ്ങളും ഉപയോഗിച്ച് പുറത്താക്കുന്നു. ട്രംപിന്റെ തുറന്ന പിന്തുണയുള്ളതിനാല്‍ അവര്‍ ഇപ്പോള്‍ കൂടുതല്‍ പരസ്യമായി അക്രമങ്ങള്‍ നടത്തുന്നു.
ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരെങ്കിലും അവരോട് 'മതി' എന്നു പറയേണ്ടി വരും. 2023 ഒക്ടോബര്‍ എട്ടിന് വളരെ മുമ്പുതന്നെ 'മതി' എന്നു പറയേണ്ടതായിരുന്നു. ഇപ്പോള്‍ അവര്‍ കുട്ടികളെ മനപൂര്‍വ്വം പട്ടിണിക്കിട്ട് കൊല്ലുന്നുണ്ടെങ്കിലും രാഷ്ട്രീയക്കാര്‍ തളര്‍ന്ന എലികളെ പോലെ കിടക്കുകയാണ്.
ഇസ്രായേല്‍ പ്രശ്നം പരിഹരിക്കാനുള്ള പുതിയ ചിന്ത നീതിയിലും നിയമത്തിലുമായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്, ഇവ രണ്ടിനെയും കുറിച്ചുള്ള ഇസ്രായേലിന്റെ വികലമായ കാഴ്ച്ചപാടുകളാവരുത്. തുടക്കത്തില്‍ ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ജൂതന്‍മാരുടെ പൂര്‍വികര്‍ വാങ്ങിയ, മൊത്തം ഭൂമിയുടെ 5-6 ശതമാനം വരുന്ന, ഭൂമി അവര്‍ക്ക് നല്‍കണം. ബാക്കിയുള്ള 95 ശതമാനം ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ ലഭിക്കണം. ഇതിലൂടെ നീതിയും നിയമവും നടപ്പാവും.
ഈ അഞ്ചു മുതല്‍ ആറു ശതമാനം വരെയുള്ള ഭൂമി തെല്‍അവീവ് കേന്ദ്രമാക്കി ഒരു ബ്ലോക്ക് ആക്കണം. ആറു ദശലക്ഷം ജൂതന്‍മാര്‍ ഉള്ളതിനാല്‍ സ്ഥല പരിമിതി മൂലം ഞെരുക്കം അനുഭവപ്പെടാം. അതിനാല്‍, ഉദാരതയുടെ ഭാഗമായി ജൂതന്‍മാര്‍ക്ക് പത്തുശതമാനം ഭൂമി വരെ വിട്ടുനല്‍കാവുന്നതാണ്.
ഫലസ്തീനികളുടെ ഭൂമി തട്ടിയെടുത്ത് കഴിഞ്ഞ 80 വര്‍ഷമായി ഫലസ്തീനികളെ ഭൂരഹിതരാക്കിയ ജൂതന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ അന്യായമായ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല. പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ഉപദേശം തേടാന്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഫലസ്തീനികളെ സമീപിക്കാം.
ഈ സംവിധാനത്തില്‍ തൃപ്തരല്ലാത്ത ആര്‍ക്കും അവരെ സ്വന്തമാക്കാന്‍ ഇഷ്ടപ്പെടുന്ന മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറാം, അല്ലെങ്കില്‍ അവരെ വിലയ്ക്ക് സ്വന്തമാക്കാം. ഇതാണ് ഇസ്രായേല്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീനികളുടെ ഭാവി.
നിയമത്തിന്റെയും നീതിയുടെയും പ്രമാണങ്ങള്‍ക്കനുസൃതമായ അന്തിമ ഒത്തുതീര്‍പ്പ് നടപ്പിലാക്കുമ്പോള്‍, ഗസയിലെ ഫലസ്തീനികള്‍ക്ക് താമസിക്കാന്‍ കുടിയേറ്റ രാജ്യത്തിന്റെ ഒരു വലിയ ഭാഗം മാറ്റിവയ്ക്കേണ്ടിവരും. കാരണം ഇസ്രായേല്‍ അവരുടെ വീടുകളെല്ലാം തകര്‍ത്തിരിക്കുന്നു.
ഇതിന് തെല്‍ അവീവ് വരെയുള്ള തീരം മതിയാകും. അവിടത്തെ ജൂതരെ മാറ്റേണ്ടി വരും. ഒരിക്കല്‍ അവിടേക്ക് കുടിയേറിയവര്‍ക്ക് പുതിയ മറ്റേതെങ്കിലും സ്ഥലത്ത് താമസിക്കാന്‍ അറിയുമായിരിക്കും. യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കായി ഫലസ്തീനികളെ പുറത്താക്കിയതിനാല്‍ മോശം പെരുമാറ്റത്തെ കുറിച്ചുള്ള ആരോപണം അല്‍പ്പം പൊള്ളയായും തോന്നും.
ഒരു അന്തിമ കരാര്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍, ഫലസ്തീനികള്‍ വീണ്ടും അവര്‍ ആഗ്രഹിക്കുന്നിടത്ത് താമസിക്കാന്‍ സ്വതന്ത്രരാകും. ഇസ്രായേലികളുടെ കാര്യത്തിലും ഇത് സത്യമായിരിക്കും. അവര്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ 5-6 ശതമാനം ഭൂമിക്കൊപ്പം അധികമായി നാലുശതമാനം ഭൂമി കൂടി ലഭിക്കുമല്ലോ.
തീര്‍ച്ചയായും നഷ്ടപരിഹാരം കരാറിന്റെ ഭാഗമാകണം. 1948 മുതല്‍ നശിപ്പിച്ച എല്ലാ സ്വത്തുക്കള്‍ക്കും ഇസ്രായേലികള്‍ പണം നല്‍കേണ്ടിവരും. തട്ടിയെടുത്ത കൃഷിഭൂമിയെ അവര്‍ ചൂഷണം ചെയ്തതിന്റെ കണക്കും പരിശോധിക്കണം. അതിനൊപ്പം തന്നെ ഫലസ്തീനികള്‍ നേരിട്ട ജീവഹാനിക്കും കഷ്ടപ്പാടുകള്‍ക്കും വ്യക്തിപരമായും നഷ്ടപരിഹാരം നല്‍കേണ്ടി വരും.
തീര്‍ച്ചയായും മോഷ്ടിച്ച കെട്ടിടങ്ങള്‍ അവര്‍ തിരികെ നല്‍കേണ്ടിവരും. ജെറുസലേമിലെയും മറ്റു നഗരങ്ങളിലെയും ഏറ്റവും മികച്ച നിര്‍മിതികള്‍ അതിലുണ്ടാവും. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള മാളികകളില്‍ കുടുംബങ്ങളോടൊപ്പം കുടിയേറിയ സര്‍ക്കാര്‍ മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും നേരത്തെ അവയുടെ അവകാശികളെ തെരുവിലാക്കിയ പോലെ തെരുവില്‍ ഇറക്കേണ്ടി വരും. '' നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു'' എന്നു പറയാന്‍ അവര്‍ക്ക് കഴിയില്ല. തെല്‍ അവീവിന് ചുറ്റും എവിടെയെങ്കിലും എപ്പോഴും അവര്‍ക്ക് ഇടമുണ്ടാവും.
അത്തരമൊരു ഒത്തുതീര്‍പ്പ് നിയമവിരുദ്ധവും അധാര്‍മികവും അന്യായവുമായ ഇടത്തേക്ക് നിയമവും ധാര്‍മികതയും നീതിയും തിരികെ കൊണ്ടുവരും. ഒഴിവാക്കാനാവാത്ത ചെലവുകള്‍ തീര്‍ച്ചയായും ഉണ്ടാവും. പക്ഷേ, വില കൊടുക്കാതെ യഥാര്‍ത്ഥ സമാധാനമുണ്ടാവില്ല.
മോഷ്ടിച്ചതോ നശിപ്പിക്കപ്പെട്ടതോ ആയ സ്വത്തിന്റെ മൂല്യത്തില്‍ ഏകദേശം 80 വര്‍ഷത്തെ പലിശ ചേര്‍ക്കുമ്പോള്‍, നഷ്ടപരിഹാരം നൂറുകണക്കിന് ബില്യണ്‍ ഡോളറായി വര്‍ധിക്കും. ഇത്രയും വലിയ തുക സ്വയമേവ നല്‍കാന്‍ ജൂതന്‍മാര്‍ക്ക് കഴിയില്ല. പക്ഷേ, ഒരിക്കലും ഒന്നും നല്‍കാത്തവരായതിനാല്‍ അവര്‍ കുഴപ്പത്തിലാവില്ല.
നിയമം, നീതി, മനുഷ്യാവകാശങ്ങള്‍, സമത്വം എന്നീ തത്വങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍, 'പാശ്ചാത്യ നാഗരികതയുടെ' അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമായ ഒരു അന്തിമ ഒത്തുതീര്‍പ്പ് സാധ്യമാകും. വിവേകവും നീതിബോധവുമുള്ള ഏതൊരു വ്യക്തിയാണ് അത് ആഗ്രഹിക്കാത്തത് ?. പശ്ചിമേഷ്യയിലെ 'ഒരേയൊരു ജനാധിപത്യ രാജ്യമായ' ഇസ്രായേലിന് എങ്ങനെയാണ് നീതിയുക്തവും ജനാധിപത്യപരവുമായ പരിഹാരത്തെ എതിര്‍ക്കാന്‍ കഴിയുക ?

