ഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ് വര്‍ധിക്കുന്നു
മിഡിയ ബെഞ്ചമിന്‍
യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരേ ആക്രമണം നടത്തുന്നത് തടയാന്‍ ജൂണ്‍ 16ന് സെനറ്റര്‍ ടിം കെയ്ന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഇങ്ങനെ പറയുന്നു : പ്രസിഡന്റ് യുദ്ധപ്രഖ്യാപനം നടത്താതെയോ പ്രത്യേക ഉത്തരവില്ലാതെയോ ഇറാന്‍ സര്‍ക്കാരിനോ അതിന്റെ സൈന്യത്തിനോ എതിരെ യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.''
യുഎസിന്റെ യുദ്ധങ്ങള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന് ദീര്‍ഘകാലമായി വാദിക്കുന്ന ടിം കെയ്ന്‍ യുഎസ്-ഇറാന്‍ നയതന്ത്രബന്ധം മോശമാക്കുന്നതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തി. '' അമേരിക്കക്കാര്‍ ശാശ്വതമായ മറ്റൊരു യുദ്ധത്തില്‍ താല്‍പര്യമില്ല.''-അദ്ദേഹം എഴുതി.
കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ഇറാനില്‍ ഒരു അപ്രതീക്ഷിത സൈനികാക്രമണം നടത്തിയപ്പോള്‍, അത് ഒരു വിനാശകരമായ പ്രാദേശിക യുദ്ധത്തിന് തിരികൊളുത്തുന്നതിനേക്കാള്‍ കൂടുതല്‍ അപകടസാധ്യത വരുത്തി. വാഷിങ്ടണില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളും ഇത് തുറന്നുകാട്ടി. യുഎസിലെ യുദ്ധവിരുദ്ധ നിയമനിര്‍മാതാക്കള്‍ ഒരു വശത്തും ഇസ്രായേല്‍ അനുകൂല കഴുകന്‍മാര്‍ മറുവശത്തുമായി.
'ഇത് ഞങ്ങളുടെ യുദ്ധമല്ല'- റിപബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി പ്രഖ്യാപിച്ചു. 'യുദ്ധങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ ഇതിനകം തന്നെ ഇസ്രായേലിന് ഉണ്ടെങ്കില്‍, പ്രതിരോധത്തിനായി യുഎസ് നികുതിദായകരുടെ പണം ആവശ്യമില്ല. ഈ യുദ്ധത്തിന് ധനസഹായം നല്‍കരുതെന്ന് ഞാന്‍ വോട്ട് ചെയ്യുന്നു.'-അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന് യുഎസ് ആയുധങ്ങള്‍ നല്‍കണമോ എന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം അനുയായികളോട് ചോദിച്ചു. 85 ശതമാനം പേര്‍ വേണ്ടെന്ന് പറഞ്ഞു.
പതിറ്റാണ്ടുകളായി ഇസ്രായേലിന് യുഎസ് നല്‍കുന്ന പിന്തുണയെ ചോദ്യം ചെയ്യുന്നത് കോണ്‍ഗ്രസിലെ വഴിത്തിരിവായിരുന്നു. ഇറാന്റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഒമാനില്‍ ആറാം റൗണ്ട് ചര്‍ച്ച നടക്കാനിരിക്കേ ഇസ്രായേല്‍ നടത്തിയ ആക്രമണം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തില്‍ കോപാകുലരായിരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ആക്രമണത്തെ അപലപിച്ചു. എന്നാല്‍, അവര്‍ ഒറ്റയ്ക്കല്ലായിരുന്നു.
ഇസ്രായേലിന്റെ ആക്രമണത്തെ 'അശ്രദ്ധ' എന്നും 'തീവ്രമായത്' എന്നും പ്രതിനിധി പ്രമീള ജയപാല്‍ വിശേഷിപ്പിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു യുഎസിനെ വിശാലമായ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന്റെ നടപടികളെ 'നയതന്ത്ര അട്ടിമറി' എന്ന് വിളിച്ച പ്രതിനിധി ചുയ് ഗാര്‍സിയ പറഞ്ഞത്, 'യുഎസ് ഇസ്രായേലിന് ആക്രമണാത്മക ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണം, അവയും ഗസയ്ക്കെതിരേ ഉപയോഗിക്കുന്നത് തുടരുന്നു, ചര്‍ച്ചകള്‍ക്ക് അടിയന്തരമായി വീണ്ടും പ്രതിജ്ഞാബദ്ധരാകണം'-എന്നാണ്.
പ്രതിനിധി സമ്മര്‍ ലീ കൂടുതല്‍ പരുഷമായി പറഞ്ഞു: 'യുദ്ധക്കുറ്റവാളിയായ നെതന്യാഹു അനന്തമായ ഒരു പ്രാദേശിക യുദ്ധം ജ്വലിപ്പിച്ച് യുഎസിനെ അതിലേക്ക് വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരനും നമ്മളെയെല്ലാം വഞ്ചിക്കുന്നു.'
എന്നിരുന്നാലും, കൂടുതല്‍ ശ്രദ്ധേയമായത് മിതവാദികളായ ഡെമോക്രാറ്റുകളുടെയും ചില റിപബ്ലിക്കന്‍മാരുടെയും വിമര്‍ശനങ്ങളാണ്.
'ഇത് നിരപരാധികളായ സാധാരണക്കാരുടെ ജീവന് മാത്രമല്ല, മുഴുവന്‍ മിഡില്‍ ഈസ്റ്റിന്റെയും സ്ഥിരതയ്ക്കും അമേരിക്കന്‍ പൗരന്മാരുടെയും സേനയുടെയും സുരക്ഷയ്ക്കും ഭീഷണിയാണ്'-എന്ന് സെനറ്റ് സായുധ സേവന സമിതിയുടെ റാങ്കിങ് അംഗം സെനറ്റര്‍ ജാക്ക് റീഡ് മുന്നറിയിപ്പ് നല്‍കി.
തങ്ങളുടെ ട്രംപ് വിരുദ്ധ വിമര്‍ശനത്തിന് അനുയോജ്യമായതിനാല്‍, ഇസ്രായേല്‍ അനുകൂലികളായ ചില ഡെമോക്രാറ്റുകള്‍ ഈ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരു തരം മനസ്സുഖം അനുഭവിച്ചിരുന്നതായി തോന്നുന്നു. സെനറ്റര്‍ മരിയ കാന്റ്വെല്‍ പറഞ്ഞു: ''ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയില്‍ ഭൂരിഭാഗവും പൊളിച്ചുമാറ്റാനും അന്താരാഷ്ട്ര പരിശോധനകള്‍ക്കായി അതിന്റെ സൗകര്യങ്ങള്‍ തുറന്നുകൊടുക്കാനും സമ്മതിച്ച പ്രസിഡന്റ് ഒബാമയുടെ ഇറാന്‍ ആണവ കരാറില്‍ നിന്ന് പ്രസിഡന്റ് ട്രംപ് പിന്മാറിയതിനാലാണ് ഇന്ന് നമ്മള്‍ ഈ പ്രതിസന്ധിയിലായിരിക്കുന്നത്. അത് ട്രംപിന്റെ മണ്ടത്തരമാണ്. വിശാലമായ യുദ്ധം ഒഴിവാക്കാന്‍ അമേരിക്ക ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തെ നയതന്ത്ര പരിഹാരത്തിലേക്ക് നയിക്കണം.''
ഇതിനു പുറമേ, ചില റിപബ്ലിക്കന്‍മാരും ഇസ്രായേലിന്റെ യുദ്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ''ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല. അത് മേഖലയെ അസ്ഥിരപ്പെടുത്തുകയും എണ്ണമറ്റ ജീവന്‍ നഷ്ടപ്പെടുത്തുകയും തലമുറകളോളം നമ്മുടെ വിഭവങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും'' എന്നാണ് സെനറ്റര്‍ റാന്‍ഡ് പോള്‍ പ്രഖ്യാപിച്ചത്.
പ്രതിനിധി വാറന്‍ ഡേവിഡ്സണ്‍, ''ചില കോണ്‍ഗ്രസ് അംഗങ്ങളും യുഎസ് സെനറ്റര്‍മാരും ഒരു വലിയ യുദ്ധത്തിന്റെ സാധ്യതകളെക്കുറിച്ച് അസ്വസ്ഥരാണെന്ന് തോന്നുന്നു'' എന്ന് വിലപിച്ചു.
പ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ ഇരു പാര്‍ട്ടികളിലെയും എതിര്‍പ്പുകളെ ശക്തമായി വിമര്‍ശിച്ചു. ''ഇറാന്‍ ഇപ്പോള്‍ ഒരു ആണവ ബോംബ് വികസിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതേ കഥ. വിദേശ രാജ്യങ്ങളിലെ യുഎസ് ഇടപെടലും ഭരണമാറ്റവും എനിക്കറിയാവുന്ന എല്ലാവര്‍ക്കും മടുത്തു. എനിക്കറിയാവുന്ന എല്ലാവരും ആഗ്രഹിക്കുന്നത് നമ്മുടെ സ്വന്തം പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ പരിഹരിക്കണമെന്നാണ്. മറ്റ് രാജ്യങ്ങളില്‍ ബോംബിടരുതെന്നാണ്.''
തീര്‍ച്ചയായും, കോണ്‍ഗ്രസിലെ പലരും ഇസ്രായേലിനെ പിന്തുണയ്ക്കാന്‍ തിരക്കുകൂട്ടി. സെനറ്റ് റിപബ്ലിക്കന്‍ നേതാവ് ജോണ്‍ തുണ്‍ പറഞ്ഞു: ''ഇസ്രായേല്‍ ജനതയെ പ്രതിരോധിക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് ഇസ്രായേല്‍ തീരുമാനിച്ചു.'' ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ ആക്രമണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഇസ്രായേലിന് സൈനിക, ഇന്റലിജന്‍സ്, ആയുധമേഖലകളില്‍ ആവശ്യമായതെല്ലാം നല്‍കാന്‍ യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും കടുത്ത വിമര്‍ശകന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ആയിരുന്നു. അദ്ദേഹം ഇങ്ങനെ പോസ്റ്റ് ചെയ്തു: ''തുടരുക. ഇസ്രായേലിനായി പ്രാര്‍ഥിക്കുക.''
എന്നാല്‍, ഒരുകാലത്ത് എതിര്‍ക്കപ്പെടാതെ പോകുമെന്ന് ഉറപ്പായിരുന്ന ഈ അപരിഷ്‌കൃത യുദ്ധ അനുകൂല പ്രതികരണങ്ങള്‍ക്ക് ഇപ്പോള്‍ എതിര്‍പ്പ് നേരിടേണ്ടിവരുന്നുവെന്നത് അവഗണിക്കാവുന്നതല്ല. ആക്ടിവിസ്റ്റുകളില്‍ നിന്ന് മാത്രമല്ല, പൊതുജനാഭിപ്രായവും കുത്തനെ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവ വോട്ടര്‍മാര്‍, പുരോഗമനവാദികള്‍, മറ്റെന്തിനേക്കാളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കുന്നവര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലും എതിര്‍പ്പിന് ശക്തി കൂടുകയാണ്. ഇസ്രായേലിനുള്ള നിരുപാധിക പിന്തുണയെക്കുറിച്ചുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ഗസയിലെ ഇസ്രായേലിന്റെ വിനാശകരമായ യുദ്ധത്തിന്റെയും അതിന്റെ വര്‍ധിച്ചുവരുന്ന പ്രാദേശിക പ്രകോപനങ്ങളുടെയും പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (AIPAC)യുടെ പണവും പഴയ പ്ലേബുക്കും പിന്തുടരുകയോ അവരുടെ ഘടകകക്ഷികളെ ശ്രദ്ധിക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
അമേരിക്കന്‍ ജനത ശബ്ദമുയര്‍ത്തുന്നത് തുടര്‍ന്നാല്‍, വാഷിങ്ടണിലെ രാഷ്ട്രീയ നേതൃത്വനം ഇറാനുമായുള്ള യുദ്ധത്തിനുള്ള പിന്തുണയില്‍നിന്ന് പിന്തിരിയും. പതിറ്റാണ്ടുകളായി ഇസ്രായേലിനു നല്‍കുന്ന വിനാശകരമായ നിരുപാധിക പിന്തുണയും വിനാശകരമായ യുദ്ധങ്ങള്‍ക്കുള്ള പിന്തുണയും ഒടുവില്‍ അവസാനിക്കുന്നത് കാണാന്‍ കഴിയും.

