ഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും

Update: 2025-06-30 06:55 GMT
ഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും

ലോകരാജ്യങ്ങളെ തെറ്റിധരിപ്പിക്കുന്നതിനും സംഘര്‍ഷങ്ങള്‍ ആളിക്കത്തിപ്പിക്കുന്നതിനുമായി കഴിഞ്ഞ കാലങ്ങളില്‍ ഇസ്രായേല്‍ നിരവധി ആക്രമണങ്ങള്‍ നടത്തുകയും അവ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ എതിരാളികളെ പൈശാചികവല്‍ക്കരിക്കലായിരുന്നു ഇത്തരം വ്യാജ ആക്രമണങ്ങളുടെ ലക്ഷ്യം.

തങ്ങളുടെ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ വഞ്ചനയില്‍ അധിഷ്ഠിതമായ തന്ത്രപരമായ രീതി അവര്‍ പ്രയോഗിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ അവര്‍ തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ചില സമയങ്ങളില്‍ ഇന്റലിജന്‍സ് ചോര്‍ച്ച, ആഗോള അന്വേഷണം എന്നിവയിലൂടെ വഞ്ചന വെളിപ്പെട്ടു.

സാധാരണക്കാര്‍ക്ക് ഗുണകരമായ അടിസ്ഥാനസൗകര്യങ്ങളും മറ്റും അട്ടിമറിക്കുന്നത് മുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമക്കുന്നത് വരെ അവരുടെ സങ്കീര്‍ണമായ പദ്ധതിയുടെ ഭാഗമാണ്. അതിലൂടെയാണ് അവര്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നത്.

ചരിത്രപരമായി അത് അവര്‍ക്ക് ഗുണ് ചെയ്‌തെങ്കിലും അവരുടെ എതിരാളികള്‍ പ്രതിരോധപരമായ ഇന്റലിജന്‍സ് നടപടികള്‍ സ്വീകരിച്ചതിനാലും ആഗോളതലത്തില്‍ സൂക്ഷ്മ പരിശോധനകള്‍ നടക്കുന്നതിനാലും ഇപ്പോള്‍ പഴയ ഫലപ്രാപ്തിയില്ല.

അട്ടിമറിയും രാഷ്ട്രതന്ത്രവും

ഇസ്രായേല്‍ രൂപീകരണത്തിന്റെ ആദ്യകാലങ്ങളില്‍ ആള്‍ മാറാട്ടം, തെറ്റിധരിപ്പിക്കല്‍, കുഴപ്പങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയുടെ ഒരു മാതൃക സയണിസ്റ്റുകള്‍ സൃഷ്ടിച്ചു. 1954ലെ ഓപ്പറേഷന്‍ സൂസന്ന ശ്രദ്ധേയമായ ഉദാഹരണമാണ്. ഈജിപ്തിലെ ജൂതന്‍മാരെ സംഘടിപ്പിച്ച ഇസ്രായേലി സൈനിക ഇന്റലിജന്‍സ് യുഎസിന്റെയും യുകെയുടെയും കീഴിലുള്ള സിവിലിയന്‍ പദ്ധതികളും ലൈബ്രറികളും സിനിമാ തീയ്യറ്ററുകളും പോസ്റ്റ് ഓഫിസുകളും ബോംബിട്ട് നശിപ്പിച്ചു.

മുസ്‌ലിം ബ്രദര്‍ഹുഡിനും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തലും ഈജിപ്തിനെ അസ്ഥിരപ്പെടുത്തലും സൂയസ് കനാലിലെ ബ്രിട്ടീഷ് അധിനിവേശം നീട്ടലുമായിരുന്നു ലക്ഷ്യം. പക്ഷേ, ബോംബുകള്‍ വിചാരിച്ചതിന് മുമ്പ് പൊട്ടിയതിനാല്‍ 11 പേര്‍ അറസ്റ്റിലായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ ആത്മഹത്യ ചെയ്തു.

ഈ സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രായേല്‍ പറഞ്ഞിരുന്നത്. എന്നാല്‍, 51 വര്‍ഷത്തിന് ശേഷം 2005ല്‍ പ്രതികളെ ആദരിച്ചു. ഇസ്രായേല്‍ രൂപീകരണത്തിന് മുമ്പ് 1946ല്‍ സയണിസ്റ്റ് സംഘടനയായ ഇര്‍ഗമാണ് കിങ് ഡേവിഡ് ഹോട്ടലില്‍ ബോംബാക്രമണം നടത്തിയത്. അറബികളുടെ വേഷം ധരിച്ച് സയണിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 91 ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഫലസ്തീനില്‍ നിന്നും ബ്രിട്ടീഷുകാരെ അതിവേഗം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.

ഹൈഫയിലെ 1,800 ജൂത കുടിയേറ്റക്കാരെ മൗറീഷ്യസിലേക്ക് നാടുകടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന പാട്രീഷ്യ കപ്പലിന് നേരെ സയണിസ്റ്റ് സംഘടനയായ ഹഗാന 1940ല്‍ ബോംബാക്രമണം നടത്തി. 267 ജൂതന്‍മാര്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷുകാരുടെ നാടുകടത്തല്‍ പദ്ധതികള്‍ തടയലായിരുന്നു സയണിസ്റ്റുകളുടെ ലക്ഷ്യം. തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വഞ്ചന ഉപയോഗിക്കുന്നതിന്റെ ഒരു മാതൃകയാണ് ഈ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.

ശീതയുദ്ധ വഞ്ചനകള്‍

തന്ത്രപരമായ നേട്ടങ്ങള്‍ക്കായി ശീതയുദ്ധകാലത്ത് ഇസ്രായേല്‍ വഞ്ചനാതന്ത്രങ്ങള്‍ പരിഷ്‌കരിച്ചു. 1960 കളിലെ ഡിമോണ ആണവ റിയാക്ടര്‍ പദ്ധതി ഈ സമീപനത്തിന് ഉദാഹരണമാണ്. ഫ്രഞ്ച് സഹായത്തോടെ ഇസ്രായേല്‍ ആണവായുധ ശേഷി കൈവരിക്കുകയും യുഎസില്‍ നിന്നുള്ള പരിശോധകരെ തെറ്റിധരിപ്പിക്കുകയും ചെയ്തു. വ്യാജ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് പരിശോധകരെ കൊണ്ടുപോവുകയും റിയാക്ടറിനെ നെയ്ത്ത്ശാലയായി ചിത്രീകരിക്കുകയും ചെയ്തു.

ഇത് അംഗീകരിക്കപ്പെടാത്ത ഒരു ആണവായുധ ശേഖരം നിര്‍മ്മിക്കാന്‍ ഇസ്രായേലിനെ സഹായിച്ചു, പ്രാദേശികമായി ആധിപത്യം സ്ഥാപിക്കാന്‍ അത് അവരെ സഹായിക്കുകയും ചെയ്തു.

1967ലെ ആറ് ദിവസ യുദ്ധകാലത്ത് ഇസ്രായേല്‍ സൈന്യം മനപൂര്‍വ്വം ഒരു യുഎസ് രഹസ്യാന്വേഷണ കപ്പലില്‍ ബോംബിട്ടു. ഈ ആക്രമണത്തില്‍ 34 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. ഇത് മനപൂര്‍വ്വമുള്ള ആക്രമണമായിരുന്നുവെന്നാണ് അന്ന് കപ്പലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. പക്ഷേ, ആളു മാറി ആക്രമിച്ചെന്നാണ് ഇസ്രായേല്‍ ഇപ്പോഴും വാദിക്കുന്നത്.

ആധുനിക തന്ത്രങ്ങള്‍

സൈബര്‍ തന്ത്രങ്ങളും സങ്കീര്‍ണ്ണമായ പ്രചാരണങ്ങളും ഉള്‍പ്പെടുത്തി ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിച്ചിട്ടുണ്ട്. 2007നും 2008നും ഇടയില്‍, മൊസാദ് ഏജന്റുമാര്‍ സിഐഎ ഉദ്യോഗസ്ഥരായി അഭിനയിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ചിലരെ ഇറാനെ ആക്രമിക്കാന്‍ റിക്രൂട്ട് ചെയ്തു. യുഎസ് പാസ്‌പോര്‍ട്ടും പണവുമായിരുന്നു വാഗ്ദാനം.

യുഎസില്‍ ഒരു ആക്രമണം നടത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചതായി 2025ല്‍ ഇറാന്‍ ഇന്റലിജന്‍സ് കണ്ടെത്തി. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥാപിക്കാനുള്ള തെളിവുകളും വ്യാജമായി നിര്‍മിച്ചിരുന്നു. വിവരം അറിഞ്ഞ ഇറാന്‍ ഇക്കാര്യം യുഎസിനെ തല്‍സമയം അറിയിച്ചു. ഇറാനും യുഎസും തമ്മില്‍ യുദ്ധമുണ്ടാക്കലായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം.

സിറിയയിലെ വംശീയ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാനും സിറിയയെ അസ്ഥിരപ്പെടുത്താനും 2025ല്‍ അവര്‍ വ്യാജ വധശിക്ഷകള്‍ പോലുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചു. ഇത് ഹൈബ്രിഡ് യുദ്ധത്തിലേക്കുള്ള ഒരു മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. അതായത്, ഭൗതികമായ അട്ടിമറിയും ഡിജിറ്റല്‍ കൃത്രിമത്വവും ചേര്‍ന്ന യുദ്ധം.

സഖ്യകക്ഷികളെ സൈനികനടപടികള്‍ക്ക് നിര്‍ബന്ധിക്കാനും രാഷ്ട്രീയ പിന്തുണ നേടാനും എതിരാളികളെ ഒറ്റപ്പെടുത്താനും വഞ്ചനാപരമായ നടപടികള്‍ ഇസ്രായേല്‍ കാലങ്ങളായി സ്വീകരിക്കുന്നു. ഇസ്രായേലി താല്‍പ്പര്യങ്ങള്‍ക്ക് എതിരായവര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ സഹായം നല്‍കാനോ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം.

1967ലെ യുഎസ്എസ് ലിബര്‍ട്ടി ആക്രമണവും 2025ല്‍ യുഎസ് മണ്ണില്‍ നടന്ന ഗൂഢാലോചനയും ഇതിന് ഉദാഹരണങ്ങളാണ്. ഉപരോധങ്ങളോ ആക്രമണങ്ങളോ ന്യായീകരിക്കുന്നതിനായി ഇറാന്‍, ഈജിപ്ത്, സിറിയ തുടങ്ങിയ എതിരാളികള്‍ക്കെതിരെയാണ് ഈ ഓപ്പറേഷനുകള്‍ നടത്തുന്നത്. ഇത് ഇസ്രായേലിലെ ആഭ്യന്തര പ്രേക്ഷകര്‍ക്ക് യോജിച്ചതും സ്വീകാര്യവുമായ ആഖ്യാനവുമാണ്.

1954ലെ സൂസന്ന ഓപ്പറേഷന്‍ ഭൗതികമായ അട്ടിമറിയായിരുന്നു. ഇപ്പോള്‍ അത് കൃത്രിമ തെളിവ് സൃഷ്ടിക്കല്‍, ആള്‍മാറാട്ടം തുടങ്ങിവയിലൂടെ ഹൈബ്രിഡ് യുദ്ധമായിരിക്കുന്നു. ഉദാഹരണത്തിന്, സിഐഎ ഉദ്യോഗസ്ഥരെ പങ്കാളികളായി ഉപയോഗിച്ച് അവര്‍ തങ്ങളുടെ പങ്ക് മറച്ചുപിടിക്കുന്നു.

എന്നിരുന്നാലും, വഞ്ചനയുടെ സിദ്ധാന്തത്തിന് വലിയ അപകട സാധ്യതകളുണ്ട്. യുഎസ്എസ് ലിബര്‍ട്ടിക്കെതിരായ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഇസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധത്തെ ഉലച്ചു. ക്രമേണ ഇത് വിശ്വാസം ഇല്ലാതാക്കും. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. 2025 ജൂണില്‍ ഇറാനിലെ ആശുപത്രികളില്‍ അവര്‍ ബോംബിട്ടത് ശ്രദ്ധിക്കുക.

എന്നിരുന്നാലും, ഇസ്രായേലിന് അമേരിക്കയുടെ പൂര്‍ണ്ണ നയതന്ത്ര സംരക്ഷണം ലഭിക്കുന്നുണ്ട്. ഗസയില്‍ യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്തതിന് നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ടുകള്‍ ഉണ്ടെങ്കിലും യുഎസ് അവരെ സംരക്ഷിക്കുന്നു. 2025ല്‍ യുഎസില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിട്ടെന്നത് പോലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് ഈ സംരക്ഷണം എല്ലായ്‌പ്പോഴും ഉണ്ടാവണമെന്നില്ല എന്ന് സൂചന നല്‍കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുന്നതില്‍ ഇറാന്റെ വിജയകരമായ ഇടപെടല്‍ ഈ തന്ത്രങ്ങളുടെ തകര്‍ച്ചയെ അടയാളപ്പെടുത്തുന്നു.

ഓപ്പറേഷന്‍ സൂസന്ന, ഡിമോണ വഞ്ചന എന്നിവയിലൂടെ ഇസ്രായേല്‍ വഞ്ചനാപരമായ ഓപ്പറേഷനുകളെ സ്ഥാപനവല്‍ക്കരിച്ചു. അങ്ങനെയാണെങ്കിലും നിലവിലെ അന്തരീക്ഷം അത്തരം പ്രവര്‍ത്തനങ്ങളെ കര്‍ശനമായ ഫോറന്‍സിക് ലെന്‍സിലൂടെ നിരീക്ഷിക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നു.

യുഎസ് മണ്ണില്‍ ഒരു സ്ഫോടനം നടത്താന്‍ ഇസ്രായേല്‍ ഗൂഢാലോചന നടത്തുകയും തുടര്‍ന്ന് ഇറാനെ കുറ്റപ്പെടുത്തുകയും ചെയ്തു. യുഎസും ഇറാനും തമ്മില്‍ പൂര്‍ണ തോതിലുള്ള യുദ്ധമായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ ഇസ്രായേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വഞ്ചനയ്ക്കെതിരായ ജാഗ്രതയും മുന്‍കരുതല്‍ നടപടിയും ലോകസമാധാനത്തിന് അനിവാര്യമാണ്.

കടപ്പാട്: തെഹ്‌റാന്‍ ടൈംസ്‌

Similar News