ഡോ. അബ്ദുല്ല മഹ്‌റൂഫ്
ഒരുപക്ഷേ ഇസ്രായേല്‍ ഇന്നും ഏറ്റവും ഭയക്കുന്ന വാക്ക് ഇന്‍തിഫാദ എന്ന വാക്കായിരിക്കും. ഇസ്രായേലി അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടത്തില്‍ ഇന്‍തിഫാദ എല്ലായ്‌പ്പോഴും നിര്‍ണായകമായ ബിന്ദുവായിരുന്നു. അത് ഫീല്‍ഡില്‍ ഇസ്രായേലിന്റെ നിലയെ തകിടം മറിച്ചു. അതിനാല്‍ പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ രണ്ടു തവണയുണ്ടായ ഇന്‍തിഫാദയെ ഇസ്രായേല്‍ എപ്പോഴും ഭയക്കുന്നു. 1987 അവസാന കാലത്തെ ആദ്യ ഇന്‍തിഫാദ ഫലസ്തീനികള്‍ അധിനിവേശത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തി, ഇസ്രായേലികളുടെ പ്രതികരണത്തിലും അത് മാറ്റം കൊണ്ടുവന്നു. പക്ഷേ, ഫലസ്തീനികളുടെ പ്രധാന മാറ്റം ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ രൂപീകരണമായിരുന്നു.
2000ത്തിലെ രണ്ടാം ഇന്‍തിഫാദ, രാഷ്ട്രീയ-നയതന്ത്ര പോരാട്ടത്തിനായി ആയുധം ഉപേക്ഷിച്ച വിഭാഗങ്ങളെയും സായുധ പ്രതിരോധം എന്ന വഴിയില്‍ ഏറ്റുമുട്ടലുകള്‍, ഗറില്ലാ യുദ്ധങ്ങള്‍, തെരുവ് യുദ്ധങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിവുള്ള വിഭാഗങ്ങളെയും വേര്‍തിരിച്ചു. 1967ലെ യുദ്ധത്തിന് ശേഷം പിടിച്ചടക്കിയ പ്രദേശങ്ങളിലെ ഫലസ്തീനികള്‍ അധിനിവേശത്തിന് കീഴടങ്ങിയില്ലെന്ന് ആദ്യ ഇന്‍തിഫാദ ഇസ്രായേലിനെ പഠിപ്പിച്ചു, ഭൂമി പിടിച്ചെടുക്കലും കുടിയേറ്റവും ഫലസ്തീനികള്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ മനസിലാക്കി.
ഫലസ്തീന്‍ രാഷ്ട്രം വേണ്ടെന്ന നിലപാടില്‍ ഫലസ്തീനികള്‍ എത്തിയെന്നാണ് 1999 വരെ ലോകം കരുതിയത്. പക്ഷേ, 2000ത്തിലെ അല്‍ അഖ്‌സ ഇന്‍തിഫാദ ലോകത്തെ അല്‍ഭുദപ്പെടുത്തി. ഫലസ്തീനി തൊഴിലാളികളെ ജൂത കുടിയേറ്റക്കാര്‍ ഒഴിപ്പിച്ചതിന് പിന്നാലെ ഗസയില്‍ നിന്നാണ് രണ്ടാം ഇന്‍തിഫാദയുടെ തീപ്പൊരിയുണ്ടായത്. കല്ലും കവണയും മുതല്‍ കത്തി, തോക്ക്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ഒരു മുന്നേറ്റമായി അതുമാറി. ഫലസ്തീനി അതോറിറ്റിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അതിന്റെ ഭാഗമായി.
അങ്ങനെയാണ് ഇസ്രായേലി യുദ്ധവിമാനങ്ങളും മിസൈലുകളും ഫലസ്തീനി നഗരങ്ങളില്‍ ബോംബിടാന്‍ തുടങ്ങിയത്. നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലിനും വലിയ നഷ്ടങ്ങളുണ്ടായി. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ 2001ല്‍ ഇസ്രായേലി ടൂറിസം മന്ത്രി റെഹോബോം സെയ്‌വിയെ കൊലപ്പെടുത്തി. രണ്ടാം ഇന്‍തിഫാദയെ തുടര്‍ന്ന് 2005ല്‍ ഇസ്രായേല്‍ ഗസ മുനമ്പില്‍ നിന്നും പിന്‍മാറി. ഗസയില്‍ കുടിയിരുത്തിയ ജൂത കൂടിയേറ്റക്കാരെയും അവര്‍ കൂടെ കൊണ്ടുപോയി. അങ്ങനെ ഇസ്രായേല്‍ സമകാലിക ചരിത്രത്തിലെ അതിന്റെ ഏറ്റവും അപകടകരമായ തകര്‍ച്ചയെ നേരിട്ടു.
അതിന് ശേഷം മൂന്നാം ഇന്‍തിഫാദ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇസ്രായേല്‍ ഏര്‍പ്പെട്ടത്. മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 2015 ഒക്ടോബറില്‍ മുഹന്നദ് ഹലബി കത്തിക്കുത്ത് ആക്രമണം നടത്തി. അതേതുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭം പരിഹരിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ കെറി പ്രദേശത്ത് ഓടിയെത്തേണ്ടി വന്നു. 2017ല്‍ ഹലാമിറ്റ് സെറ്റില്‍മെന്റ് ഓപ്പറേഷന്‍ നടന്നപ്പോള്‍ അല്‍-അഖ്സയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ നിന്ന് ഇലക്ട്രോണിക് ഗേറ്റുകള്‍ നീക്കം ചെയ്യാന്‍ നെതന്യാഹു സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
ഇന്ന് ജെറുസലേം, വെസ്റ്റ്ബാങ്ക്, ഗസ മുനമ്പ് എന്നിവിടങ്ങളില്‍ ഇസ്രായേലി സൈന്യവും ജൂതകുടിയേറ്റക്കാരും ആക്രമണങ്ങള്‍ നടത്തുമ്പോള്‍ മൂന്നാം ഇന്‍തിഫാദയുടെ സൂചനകള്‍ വരുന്നുണ്ട്. കൂടുതല്‍ കഠിനവും വിശാലവും ദൈര്‍ഘ്യമേറിയതുമായ ഒരു മൂന്നാം ഇന്‍തിഫാദയിലേക്ക് ഫലസ്തീനികള്‍ അടക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചന നല്‍കുന്നത്. ജെറുസലേമിലെ കത്തിക്കുന്ന് ആക്രമണങ്ങള്‍, വെസ്റ്റ്ബാങ്കിലെ ആക്രമണങ്ങള്‍ എന്നിവ സൂചനകള്‍ തന്നെയാണ്. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അത് മുന്‍കൂട്ടി തീരുമാനിച്ച പദ്ധതിയല്ല, മറിച്ച്, ഇസ്രായേലി അധിനിവേശം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വഴിയാണ്. ഫലസ്തീനി തടവുകാര്‍, ജയിലുകള്‍, വെസ്റ്റ്ബാങ്ക്, ജെറുസലേം, അല്‍ അഖ്‌സ എന്നിവിടങ്ങളില്‍ അത് പ്രതിഫലിക്കുന്നുണ്ട്.
ഫലസ്തീനികളുടെ പ്രത്യക്ഷമായ നിശബ്ദത ഇസ്രായേലി ഭീകരതയുടെ താല്‍ക്കാലിക ആഘാതമായി മാത്രമേ വായിക്കപ്പെടുന്നുള്ളൂ; ദീര്‍ഘകാല സംഘര്‍ഷങ്ങളിലുള്ള ആളുകള്‍ ആഘാതത്തെ കോപത്തിന്റെയും സംഘടിത പ്രവര്‍ത്തനത്തിന്റെയും തരംഗമാക്കി മാറ്റുന്നുവെന്ന് ചരിത്രം പറയുന്നു. മസ്ജിദുല്‍ അഖ്‌സയുടെ നിയന്ത്രണം മൗണ്ടന്‍ ഓഫ് ദി ടെമ്പിള്‍ മൗണ്ട് എന്ന ജൂത കുടിയേറ്റ പദ്ധതിക്ക് കൈമാറാനുള്ള നീക്കം ഇസ്രായേല്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവിടെ സ്ഥിരമായി അതിക്രമങ്ങള്‍ നടക്കുന്നു. ഹീബ്രു പുതുവല്‍സരം, യോം കിപ്പൂര്‍ തുടങ്ങിയവ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള ദിവസങ്ങളില്‍ വരാന്‍ പോവുന്നു. അപകടകരമായ ഒരു കാലമാണ് വരാനിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സയുടെ പരിസരത്ത് ഒരു സിനഗോഗ് സ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സര്‍ക്കാരിന്റെ പൂര്‍ണ്ണ മേല്‍നോട്ടത്തില്‍ കുടിയേറ്റ സംഘങ്ങള്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവര്‍ ആയുധങ്ങളും വ്യവസ്ഥാപിതമായി പരിശീലനവും നേടിയ സമാന്തര സൈന്യമായി മാറിയിരിക്കുന്നു. ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി പോലിസ് മന്ത്രാലയം ഏകദേശം കാല്‍ലക്ഷം ആയുധങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ക്ക് നല്‍കിയിരിക്കുന്നു. ചെക്ക്പോസ്റ്റുകള്‍ കര്‍ശനമാക്കിയും ഗ്രാമങ്ങള്‍ ആക്രമിച്ചും ഭൂമിയിലും ജനസംഖ്യയിലും സമ്പൂര്‍ണ്ണ ജൂത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു കടുത്ത പ്രത്യയശാസ്ത്ര വ്യവഹാരത്തോടൊപ്പമാണ് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത്. ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൂമിയാണ് അവര്‍ പിടിക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം, ഫലസ്തീന്‍ അതോറിറ്റി തകര്‍ച്ചയുടെ വക്കിലാണ്. മതപരമായ സയണിസ്റ്റ് ആശയത്തിന്റെ പിന്‍ബലത്തോടെ വെസ്റ്റ്ബാങ്ക് പിടിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമ്പോള്‍ പ്രതീകാത്കമായി പ്രതിഷേധിക്കാന്‍ പോലും ഫലസ്തീന്‍ അതോറിറ്റിക്ക് സാധിക്കുന്നില്ല. എന്നാല്‍, ഇസ്രായേല്‍ മനസിലാക്കാത്ത ഒരു കാര്യം ഫലസ്തീന്‍ അതോറിറ്റിയെന്നാല്‍ മന്ത്രിമാരോ മന്ത്രാലയമോ മാത്രമല്ലെന്നതാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് പരിശീലിപ്പിച്ച സായുധരായ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ഭാഗമാണ്. അവര്‍ക്കെല്ലാം ഫലസ്തീന്‍ അതോറിറ്റിയുടെ രാഷ്ട്രീയ വീക്ഷണം ഉണ്ടാവണമെന്നില്ല. ഇസ്രായേലി കുടിയേറ്റ പദ്ധതികള്‍ തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതികൂലമായി വരുകയാണെങ്കില്‍ അവര്‍ ഫലസ്തീനികളുടെ പൊതുപക്ഷത്ത് എത്തിയേക്കാം. അങ്ങനെ നോക്കുമ്പോള്‍ ആയുധമണിഞ്ഞ വ്യക്തികള്‍, കുടിയേറ്റ സമ്മര്‍ദ്ദം, അറസ്റ്റുകള്‍, ഉപരോധം തുടങ്ങിയവയായി വെസ്റ്റ്ബാങ്ക് പൊട്ടിത്തെറിയുടെ വക്കിലാണ്.
ആദ്യ രണ്ടു ഇന്‍തിഫാദകളിലും കൃത്യമായ രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. പക്ഷേ, വലിയ ഒരു ജനകീയ പൊട്ടിത്തെറിക്ക് കൃത്യമായ നേതൃത്വം ആവശ്യമില്ല. അത് ഫലസ്തീനികള്‍ സ്വയം സംഘടിപ്പിച്ചുകൊള്ളും. അത് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തവുമായിരിക്കാം. അടുത്ത ഇന്‍തിഫാദ പൊട്ടിപ്പുറപ്പെടുമ്പോള്‍, സങ്കീര്‍ണ്ണമായ രൂപങ്ങള്‍ വരിച്ചേക്കാം: പ്രാദേശിക ഓപ്പറേഷനുകള്‍, കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം, റോഡുകള്‍ തകര്‍ക്കല്‍, ചെക്ക്‌പോസ്റ്റുകള്‍ക്ക് സമീപം രാത്രികാലങ്ങളിലുണ്ടാവുന്ന ആക്രമണങ്ങള്‍ തുടങ്ങിയവ സംഭവിക്കാം.
ലളിതമായ സാങ്കേതികവിദ്യയും ആശയവിനിമയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് ഫലസ്തീനികള്‍ സംഘടിക്കാം. അവര്‍ക്ക് ആഗോള മാധ്യമങ്ങള്‍ പിന്തുണ നല്‍കാം. ഗസയിലെ വംശഹത്യക്ക് ശേഷം പ്രതിഛായ നഷ്ടപ്പെട്ട ഇസ്രായേലിന് ആഗോള പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ പ്രയാസമായിരിക്കും.
എന്തായാലും ഇസ്രായേലി സൈനികരെയും ജൂത കുടിയേറ്റ ഗ്രാമങ്ങളെയും നിരീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വെസ്റ്റ്ബാങ്കില്‍ നടക്കുന്നുണ്ട്. അടുത്ത ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ രൂപവും ഭാവവും വ്യത്യസ്തമാവാമെങ്കിലും അതൊരിക്കലും പിന്നോട്ടു നടത്തമായിരിക്കില്ല. അധികം വൈകാതെ തന്നെ അത് ഫലസ്തീന്‍ പോരാട്ടത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും.

