'അടയാളങ്ങള്‍ ബാക്കിയാക്കാതെ മാഞ്ഞുപോയ കുരുന്നുകള്‍'; ഇസ്രായേല്‍ ഗസയില്‍ ഉപയോഗിച്ച തെര്‍മോബാരിക് ആയുധങ്ങള്‍
2024 ഓഗസ്റ്റ് 10-ന് പുലര്‍ച്ചെ, ഗാസ സിറ്റിയിലെ അല്‍-താബിന്‍ സ്‌കൂളിന്റെ പുകമൂടിയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ യാസ്മിന്‍ മഹാനി തന്റെ മകന്‍ സഅദിനെ തേടി നടന്നു. അവള്‍ കണ്ടെത്തിയത് നിലവിളിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ മാത്രം. സഅദിന്റെ യാതൊരു അടയാളവും അവിടെയില്ലായിരുന്നു.
''ഞാന്‍ പള്ളിക്കുള്ളില്‍ കയറുമ്പോള്‍ മാംസവും രക്തവും ചവിട്ടിക്കൊണ്ടായിരുന്നു നടക്കേണ്ടിവന്നത്,'' അല്‍ ജസീറ അറബിക്കിനോട് മഹാനി പറഞ്ഞു. ദിവസങ്ങളോളം ആശുപത്രികളും മോര്‍ച്ചറികളും അവള്‍ തെരഞ്ഞുനടന്നു. ''സഅദിന്റെ ഒന്നും കിട്ടിയില്ല. ഖബറടക്കാന്‍ ഒരു ശരീരമെങ്കിലും ഇല്ല. അതാണ് ഏറ്റവും വേദനാജനകം.'' ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിച്ച ആയുധങ്ങളുടെ ഭായാനകത വിവരിക്കുകയാണ് ഗസയിലെ ഉമ്മമാര്‍. ഇസ്രായേല്‍ ആയുധങ്ങള്‍ ആയിരക്കണക്കിന് ഫലസ്തീനികളെ അക്ഷരാര്‍ത്ഥത്തില്‍ അപ്രത്യക്ഷരാക്കിയെന്ന് അല്‍ ജസീറ പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേല്‍ ഗാസയ്ക്കെതിരെ നടത്തുന്ന യുദ്ധത്തിനിടെ, ഇത്തരത്തില്‍ പൂര്‍ണമായും അപ്രത്യക്ഷരായ ആയിരക്കണക്കിന് ഫലസ്തീനികളില്‍ ഒരാള്‍ മാത്രമാണ് സഅദ്. 2023 ഒക്ടോബറില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 72,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
2,842 പേര്‍ 'അപ്രത്യക്ഷമരണം' സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അല്‍ ജസീറ അറബിക് സംപ്രേഷണം ചെയ്ത ദി റെസ്റ്റ് ഓഫ് സ്റ്റോറി(The Rest of the Story) എന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസ സിവില്‍ ഡിഫന്‍സ് വിഭാഗം 2,842 ഫലസ്തീനികള്‍ യുദ്ധത്തിനിടെ ''ചാരമായി'' (evaporated) മാഞ്ഞുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. രക്ത പാടുകളോ, ചെറുതായ ശരീരഭാഗങ്ങളോ മാത്രമാണ് പല സ്ഥലങ്ങളിലും അവശേഷിച്ചത്.
''ആക്രമണം നടന്ന വീട്ടില്‍ ഞങ്ങള്‍ കയറി താമസിച്ചിരുന്നവരുടെ എണ്ണം സ്ഥിരീകരിക്കും. അഞ്ചുപേര്‍ ഉണ്ടെന്ന് കുടുംബം പറഞ്ഞാല്‍, മൂന്നു മൃതദേഹങ്ങള്‍ മാത്രം കിട്ടിയാല്‍, ശേഷിക്കുന്നവരെ വ്യാപകമായ തിരച്ചിലിന് ശേഷം 'അപ്രത്യക്ഷരായവര്‍' ആയി രേഖപ്പെടുത്തുന്നു. മതിലുകളിലെ രക്തചിഹ്നങ്ങളും ചെറുഭാഗങ്ങളും മാത്രമേ പലപ്പോഴും കിട്ടൂ.'' സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസല്‍ പറയുന്നു.
മനുഷ്യശരീരം ചാരമാക്കുന്ന തീ ജ്വാല
ഇസ്രയേല്‍ വ്യാപകമായി ഉപയോഗിക്കുന്ന താപ-തെര്‍മോബാരിക് ആയുധങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം എന്നാണ് വിദഗ്ധരും ദൃക്സാക്ഷികളും പറയുന്നത്. വാക്വം ബോംബുകള്‍ എന്നും അറിയപ്പെടുന്ന ഈ ആയുധങ്ങള്‍ 3,500 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനില സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്.
''തെര്‍മോബാരിക് ആയുധങ്ങള്‍ കൊല്ലുക മാത്രമല്ല, വസ്തുവിനെ തന്നെ ഇല്ലാതാക്കും. ഇന്ധനമേഘം സൃഷ്ടിച്ച് അത് കത്തിക്കുന്നതാണ് ഇവയുടെ പ്രവര്‍ത്തനം. അലൂമിനിയം, മഗ്‌നീഷ്യം, ടൈറ്റാനിയം പൊടികള്‍ ചേര്‍ക്കുന്നതിലൂടെ തീപിടുത്ത സമയം നീളുകയും താപനില 3,000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും.'' റഷ്യന്‍ സൈനിക വിദഗ്ധന്‍ വാസിലി ഫാറ്റിഗറോവ് പറയുന്നു.
അമേരിക്കന്‍ നിര്‍മ്മിത MK-84 പോലുള്ള ബോംബുകളില്‍ ഉപയോഗിക്കുന്ന ട്രൈറ്റോണല്‍ (TNT + അലൂമിനിയം പൊടി) ആണ് ഇത്രയും അതിതീവ്ര ചൂടിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
''മനുഷ്യശരീരം ഏകദേശം 80 ശതമാനം വെള്ളമാണ്. വെള്ളത്തിന്റെ തിളച്ചുപൊങ്ങുന്ന താപനില 100 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. 3,000 ഡിഗ്രിയിലധികം ഊര്‍ജ്ജവും അമിത മര്‍ദ്ദവും ലഭിക്കുമ്പോള്‍ ശരീരദ്രവങ്ങള്‍ നിമിഷങ്ങള്‍ക്കകം തിളച്ചു ആവിയായി മാറും. ഇത് രാസപരമായി അനിവാര്യമാണ്.'' ഗാസയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍-ബുര്‍ഷ് വിശദീകരിക്കുന്നു.
ഉപയോഗിച്ച ആയുധങ്ങള്‍
ഗസയില്‍ ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളാണെന്ന് അന്വേഷണം വ്യക്തമാക്കുന്നുണ്ട്.
MK-84 'ഹാമര്‍': 2,000 പൗണ്ട് ഭാരമുള്ള ബോംബ്; 3,500°C വരെ ചൂട്.
BLU109 ബങ്കര്‍ ബസ്റ്റര്‍: 'സേഫ് സോണ്‍' എന്ന് പ്രഖ്യാപിച്ച അല്‍-മവാസിയില്‍ ഉപയോഗിച്ചു; 22 പേര്‍ അപ്രത്യക്ഷരായതായി റിപ്പോര്‍ട്ട്.
GBU-39: അല്‍-താബിന്‍ സ്‌കൂള്‍ ആക്രമണത്തില്‍ ഉപയോഗിച്ചു. കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് ഉള്ളിലെ മനുഷ്യരെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആയുധം.
സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ GBU-39ന്റെ ചിറകുകളുടെ ഭാഗങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
'ഇസ്രായേല്‍ വംശഹത്യക്ക് ആഗോള പങ്കാളിത്തം
നിയമവിദഗ്ധര്‍ പറയുന്നത്, ഇത്തരം വിവേചനമില്ലാത്ത ആയുധങ്ങളുടെ ഉപയോഗത്തില്‍ ഇസ്രയേലിനൊപ്പം പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ്.
ജോര്‍ജ്ടൗണ്‍ സര്‍വകലാശാല (ഖത്തര്‍) അധ്യാപികയും അഭിഭാഷകയുമായ ഡയാന ബുട്ടു പറഞ്ഞു:
''ഇത് ഒരു ആഗോള വംശഹത്യയാണ്, ഇസ്രയേലിന്റേത് മാത്രമല്ല. അമേരിക്കയും യൂറോപ്പും ഈ ആയുധങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവ കുട്ടികളേയും സൈനികരേയും വേര്‍തിരിക്കില്ലെന്ന് അവര്‍ക്കറിയാം.''
അന്താരാഷ്ട്ര നിയമപ്രകാരം, പോരാളികളെയും സാധാരണ പൗരന്മാരെയും വേര്‍തിരിക്കാന്‍ കഴിയാത്ത ആയുധങ്ങളുടെ ഉപയോഗം യുദ്ധക്കുറ്റമാണെന്നും ബുട്ടു ഓര്‍മ്മിപ്പിച്ചു.
''ഇസ്രയേല്‍ ഈ നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ലോകത്തിന് അറിയാം. യൂറോപ്പിലേയും യുഎസ്സിലേയും ഭരണകൂടങ്ങള്‍ക്കും അറിയാം. എന്നാല്‍, അവര്‍ ഈ യുദ്ധകുറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഈ വംശഹത്യയില്‍ ഇസ്രായേലിന്റെ പക്ഷം ചേരുന്നു'. ഡയാന ബുട്ടു പറഞ്ഞു.

