ഫലസ്തീന്‍ പ്രദേശങ്ങള്‍ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ ഇസ്രായേല്‍; വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുന്നു
ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ പുനരാരംഭിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 1967-ല്‍ പ്രദേശം അധീനതയില്‍ കൊണ്ടുവന്നതിന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഈ രീതിയില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതോടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത ഭൂമികളെ സ്‌റ്റേറ്റിന്റെ സ്വത്തായി വകയിരുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ നടപടികള്‍ ഏരിയ സി(Area C) എന്നറിയപ്പെടുന്ന മേഖലയിലാണ് നടപ്പാക്കുക. ഏരിയ സി-പശ്ചിമ തീരത്തിന്റെ ഏകദേശം 60 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്നതും ഇപ്പോഴും ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതുമാണ്.
ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എന്നിവരുടെ പിന്തുണയോടെയാണ് വിവാദമായ നിര്‍ദ്ദേശം മുന്നോട്ടുവന്നത്. ഇത് 'നമ്മുടെ ഭൂമികള്‍ മുഴുവനും നിയന്ത്രണത്തിലാക്കുന്ന കുടിയേറ്റ വിപ്ലവത്തിന്റെ തുടര്‍ച്ച'യെന്നാണ് സ്‌മോട്രിച്ച് ഇതിനെ വിശേഷിപ്പിച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഈ നീക്കം പശ്ചിമ തീരത്തിന്റെ പ്രത്യക്ഷമായ അധിനിവേശമെന്നാണ് ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതികരണം. പല പതിറ്റാണ്ടുകളായി അന്താരാഷ്ട്ര നിയമം ലംഘിച്ച് കുടിയേറ്റങ്ങള്‍ സ്ഥാപിക്കുന്ന പ്രക്രിയ ഔപചാരികമാക്കുകയാണ് ഇതിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീന്‍ കുറ്റപ്പെടുത്തി.
1949 മുതല്‍ 1967 വരെ വെസ്റ്റ് ബാങ്ക് ജോര്‍ദാന്‍ നിയന്ത്രണത്തിലായിരുന്ന കാലത്ത്, ബ്രിട്ടീഷ് മാന്‍ഡേറ്റ് കാലത്തെ നിയമങ്ങളനുസരിച്ച് ഭൂമികളെ സര്‍ക്കാര്‍ സ്വത്തോ സ്വകാര്യ സ്വത്തോ ആയി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആ കാലയളവില്‍ ഭൂമിയുടെ ഏകദേശം മൂന്നിലൊന്ന് മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.
1967-ലെ ആറുദിവസത്തെ യുദ്ധത്തിനു പിന്നാലെ ഇസ്രയേല്‍ പ്രദേശം അധീനതയില്‍ കൊണ്ടുവന്നപ്പോള്‍, ഭൂമിരജിസ്‌ട്രേഷന്‍ പ്രക്രിയ നിര്‍ത്തിവച്ചു. അതിനുശേഷം പല പാലസ്തീനികള്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ രേഖകള്‍ ഇല്ലാതെയായി. യുദ്ധകാലത്ത് പല രേഖകളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു.
ഇപ്പോള്‍ പ്രക്രിയ പുനരാരംഭിക്കുമ്പോള്‍, ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത ഭൂമികളെ സ്റ്റേറ്റ് ഭൂമിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ വിശകലനക്കാരും മുന്നറിയിപ്പ് നല്‍കുന്നത്.
ഏത് പ്രദേശത്താണ് നടപ്പാക്കുക?
1993-95 കാലഘട്ടത്തില്‍ ഒപ്പുവെച്ച ഓസ്‌ലോ കരാര്‍ പ്രകാരം പശ്ചിമ തീരം മൂന്ന് മേഖലകളായി വിഭജിക്കപ്പെട്ടു. ഏരിയ-എ, ഏരിയ-ബി, ഏരിയ-സി(Area A, Area B, Area C).
ഏരിയ എ (18%) പൂര്‍ണ ഭരണാധികാരം പാലസ്തീനിയന്‍ അതോറിറ്റിക്ക്, ഏരിയ ബി (22%) സംയുക്ത നിയന്ത്രണം,
ഏരിയ സി (60%) പൂര്‍ണ ഇസ്രയേല്‍ സൈനിക നിയന്ത്രണം.
ഈ ക്രമീകരണം താല്‍ക്കാലികമായിരിരുന്നു. അഞ്ചു വര്‍ഷത്തിനുശേഷം പൂര്‍ണ ഭരണനിയന്ത്രണം ഫലസ്തീനിയന്‍ അതോറിറ്റിക്ക് കൈമാറുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് നടപ്പായിട്ടില്ല.
ഇപ്പോള്‍ പുനരാരംഭിക്കുന്ന ഭൂമി രജിസ്‌ട്രേഷന്‍ ഏരിയ സിലാണ് നടപ്പാക്കുക. ഇവിടെ 3 ലക്ഷംത്തിലധികം പാലസ്തീനികള്‍ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ഭൂമിരജിസ്‌ട്രേഷന്‍ പുനരാരംഭിക്കുന്ന ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം, പശ്ചിമ തീരത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ്. ഫലസ്തീനികളെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ നിന്ന് നിയമപരമായി പുറംതള്ളി സ്വന്തം രാജ്യത്ത് അഭിയാര്‍ത്ഥികളാക്കുന്ന പദ്ധതിക്കാണ് ഇസ്രായേല്‍ തുടക്കം കുറിക്കുന്നതെന്ന് വിമര്‍ശനം ശക്തമാണ്. ഈ നീക്കം വെസ്റ്റ് ബാങ്കിലെ രാഷ്ട്രീയവും നിയമപരവുമായ സംഘര്‍ഷങ്ങളെ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

