ശ്രീവിദ്യ കാലടി
ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി ജര്‍മനിയെ സോവിയറ്റ് യൂണിയന്‍ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികാഘോഷ പരിപാടി മേയ് 9ന് മോസ്‌കോയില്‍ നടന്നപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും ഒന്നടങ്കം ശ്രദ്ധിച്ചത് ഒരു യുവ നേതാവിനെയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൈകോര്‍ത്തു നില്‍ക്കുന്ന ഇബ്‌റാഹീം തറൗരീയായിരുന്നു ആ യുവാവ്.
ഫോട്ടോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൈകോര്‍ത്തു നില്‍ക്കുന്ന ഇബ്‌റാഹീം തറൗരീ
പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും നവകൊളോണിയലിസത്തിന്റെയും പിടിയില്‍നിന്ന് തന്റെ രാജ്യത്തെ മോചിപ്പിക്കാന്‍ ഇറങ്ങി പുറപ്പെടുന്നതു തൊട്ടാണ് ഒരു പാന്‍ ആഫ്രിക്കന്‍ നേതാവായി ഇബ്‌റാഹീം തറൗരീ ചരിത്രത്തിലേക്ക് നടന്നു കയറുന്നത്. വെറും 37 വയസ്സുള്ള ഭരണാധികാരിയായ തറൗരീയുടെ വീരകഥകള്‍ ബുര്‍ക്കിന ഫാസോയെന്ന ചെറു ആഫ്രിക്കന്‍ രാജ്യത്തിന്റെ അതിരുകള്‍ ഭേദിച്ച് മറ്റു ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ബുര്‍ക്കിന ഫാസോയിലെ പ്രശസ്ത വിപ്ലവകാരിയും പ്രധാനമന്ത്രിയുമായിരുന്ന തോമസ് ശങ്കരയെ പോലുള്ള നേതാക്കളെ അനുസ്മരിപ്പിക്കുന്നു. ഇന്ന് ഇബ്‌റാഹീം തറൗരീ ആഫ്രിക്കയിലെ ചെ ഗുവേരയാണ്.
'' ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ട്രോറെയുടെ സ്വാധീനം വളരെയധികമാണ്. കെനിയ പോലുള്ള കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യങ്ങളിലെ എഴുത്തുകാര്‍ ട്രോറെയെ ചൂണ്ടിക്കാട്ടി ഇതാണ്, അവനാണ് മനുഷ്യന്‍' എന്ന് പറയുന്നു.'' -സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കണ്‍ട്രോള്‍ റിസ്‌കിലെ മുതിര്‍ന്ന ഗവേഷകയായ ബെവര്‍ലി ഒച്ചിയങ് പറയുന്നു.
2022ല്‍ ഒരു അട്ടിമറിയിലൂടെയാണ് ഇബ്‌റാഹീം തറൗരീ അധികാരത്തിലെത്തുന്നത്. ഉടന്‍ തന്നെ കൊളോണിയല്‍ ശക്തിയായ ഫ്രാന്‍സുമായുള്ള ബന്ധം വിച്ഛേദിച്ചു. മൂന്നുമാസത്തിനകം ഫ്രഞ്ച് സൈന്യം രാജ്യം വിടണമെന്ന് 2023 ജനുവരിയില്‍ നിര്‍ദേശിച്ചു. ഫെബ്രുവരിയില്‍ ഫ്രഞ്ച് സൈന്യം രാജ്യം വിട്ടെന്ന് ഉറപ്പിച്ചു.
ഫ്രഞ്ച് സര്‍ക്കാരിന്റെ കളിപ്പാവയായി അറിയപ്പെട്ട ബുര്‍ക്കിന ഫാസോയുടെ ഭരണാധികാരി പുറത്തായത് ആഫ്രിക്കയില്‍ ഫ്രഞ്ച് വിരുദ്ധ പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ കാരണമായി. വടക്കന്‍ അയല്‍രാജ്യമായ മാലിയിലെ സര്‍ക്കാരും ഫ്രഞ്ച് സൈന്യത്തെ പുറത്താക്കി.
പിന്നീട് 2023 ജൂലൈയില്‍, ബുര്‍ക്കിന ഫാസോയുടെ അയല്‍രാജ്യമായ നൈജറും ഇതേ പാത സ്വീകരിച്ചു. ഫ്രാന്‍സില്‍നിന്നും യുദ്ധഭീഷണി നേരിട്ടപ്പോള്‍ മാലിയും ബുര്‍ക്കിന ഫാസോയും നൈജറിനൊപ്പം പ്രതിരോധത്തിനായി ഇറങ്ങിത്തിരിച്ചു. മൂവരും തമ്മിലുള്ള ഉടമ്പടി സഹേല്‍ സംസ്ഥാനങ്ങളുടെ സഖ്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി.
റഷ്യയുമായി അടുത്ത ബന്ധം സ്വീകരിച്ച തറൗരീ ഇടതുപക്ഷ സാമ്പത്തിക നയങ്ങളാണ് നടപ്പാക്കിയത്. താന്‍ ഇടതുപക്ഷക്കാരനാണെന്നാണ് ട്രോറെ പറയുന്നത്. അധികാരത്തിലേറിയ ശേഷം രാജ്യത്ത് നടപ്പാക്കിയ വികസന പദ്ധതികളോരോന്നിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഖനന കമ്പനികള്‍ സ്ഥാപിക്കല്‍, വിദേശസ്ഥാപനങ്ങളുടെ ഓഹരിയില്‍ 15 ശതമാനം സര്‍ക്കാരിലേക്ക് ഏറ്റെടുക്കല്‍, വിദേശ കമ്പനികളിലെ തൊഴിലില്‍ 15 ശതമാനം തദ്ദേശീയര്‍ക്ക് ഉറപ്പാക്കല്‍ തുടങ്ങിയ നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. ബുര്‍ക്കിന ഫാസോയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്വര്‍ണ ശുദ്ധീകരണ ശാലയും സ്ഥാപിക്കപ്പെട്ടു. കൂടാതെ രാജ്യത്ത് സ്വര്‍ണശേഖരം സ്ഥാപിക്കുകയും ചെയ്തു.
സ്വകാര്യ കമ്പനികള്‍ സ്വര്‍ണം കയറ്റുമതി ചെയ്യുന്നത് തടയുന്ന ഒരു ബില്ലില്‍ 2024 ഫെബ്രുവരിയില്‍ തറൗരീ പ്പിട്ടിരുന്നു. അനധികൃത സ്വര്‍ണക്കടത്ത് തടയുക, നികുതി വെട്ടിപ്പ് തടയുക, ആഭരണ മേഖലയെ അഴിമതി വിമുക്തമാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഈ സമൂലമായ പരിഷ്‌കാരങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അദ്ദേഹത്തോടുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചു. ആഫ്രിക്കന്‍ ജനതയുടെ പ്രിയപ്പെട്ട പ്രസിഡന്റായി തറൗരീ മാറിയെന്നാണ് ദക്ഷിണാഫ്രിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകനായ ഇനോക്ക് റാണ്ടി ഐക്കിന്‍സ് പറയുന്നത്.
'സാമ്രാജ്യത്വവാദികള്‍ ചരട് വലിക്കുമ്പോഴെല്ലാം നൃത്തം ചെയ്യുന്ന പാവകളെപ്പോലെ പെരുമാറുന്നത് ആഫ്രിക്കന്‍ നേതാക്കള്‍ നിര്‍ത്തണം' എന്നാണ് 2023ല്‍ നടന്ന റഷ്യ-ആഫ്രിക്ക ഉച്ചകോടിയില്‍ ഇബ്‌റാഹീം തറൗരീ പറഞ്ഞത്. ഈ പ്രസംഗം വൈറലായി. റഷ്യന്‍ മാധ്യമങ്ങള്‍ ഈ പ്രസംഗത്തിന് വലിയ ഹൈപ്പ് നല്‍കി.
രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരേ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ 80ാം വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം തറൗരീ ഇങ്ങനെ എഴുതി. ''ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരായ യുദ്ധം എന്ത് വില കൊടുത്തും വിജയിക്കും''
ഫോട്ടോ: തോമസ് ശങ്കര
വംശീയത, കൊളോണിയലിസം, അടിമത്തം എന്നിവ അനുഭവിച്ചവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ സന്ദേശം മനസ്സിലാവുമെന്നാണ് മിസ്സിസ് ഒച്ചിയങ് നിരീക്ഷിക്കുന്നത്.
സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിമപ്പെടാനാവില്ലെന്ന ആത്മബലം ആഫ്രിക്കന്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കിയ ഇബ്‌റാഹീം തറൗരീയെ പാശ്ചാത്യ മാധ്യമങ്ങള്‍ പോലും അംഗീകരിക്കുന്ന ഘട്ടമെത്തി. എന്നാല്‍, ബുര്‍ക്കിന ഫാസോ സാമ്രാജ്യത്വ തുടല്‍ പൊട്ടിച്ചതില്‍ യുഎസും യൂറോപ്പും ആശങ്കയിലാണ്. അതിനാല്‍ തന്നെ പലവിധത്തിലുള്ള കാംപയിനുകളും അവര്‍ നടത്തുന്നു. നിരവധി വധശ്രമങ്ങള്‍ ട്രോറെക്കു നേരെയുണ്ടായതായി റിപോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയുടെ സഹായത്താലെന്ന് കരുതുന്ന വലിയൊരു അട്ടിമറിശ്രമം തന്നെയുണ്ടായി. ബുര്‍ക്കിന ഫാസോയില്‍ ഭൂപരിഷ്‌കരണം നടപ്പാക്കുകയും കര്‍ഷകര്‍ക്കുള്ള നികുതികള്‍ ഒഴിവാക്കുകയും ചെയ്ത തോമസ് ശങ്കര 1987ല്‍ കൊല്ലപ്പെട്ട കാര്യം പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. ബുര്‍ക്കിന ഫാസോയുടെ സ്വര്‍ണ ശേഖരം തറൗരീ രാജ്യത്തിന്റെ നേട്ടത്തിനുപകരം തന്റെ ഭരണകൂടത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നുവെന്നാണ് യുഎസിന്റെ ആഫ്രിക്ക കമാന്‍ഡ് മേധാവി ജനറല്‍ മൈക്കല്‍ ലാംഗ്ലി ആരോപിച്ചത്.
പക്ഷേ, ഇബ്‌റാഹീം തറൗരീയെ അടിച്ചമര്‍ത്താനുള്ള അധീശത്വ ശ്രമങ്ങളോരോന്നും പരാജയപ്പെട്ടു. കാരണം ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരവധി പേര്‍ അവരുടെ പ്രിയപ്പെട്ട നേതാവിനു വേണ്ടി, പ്രിയ ചെ ഗുവേരയ്ക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണി നിരന്നു.

