ഗസയിലെ തീയില്‍ മുളച്ച ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ കുറിച്ച് നിരവധി റിപോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും അടക്കമുള്ള പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രപരമായ ദൃഡതയെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ഇസ്രായേലിനും യുഎസിനും ലോകത്തിനും നല്ല ധാരണയുണ്ട്. അതിനാല്‍, അവര്‍ ഗസയുടെ ഭരണം ഇസ്രായേലിനെ അംഗീകരിക്കുന്ന ഗോത്രങ്ങള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്നു. ചില ഗോത്രങ്ങളെ സംഘടിപ്പിക്കാനും അവര്‍ ശ്രമിക്കുന്നു. പക്ഷേ, നിരന്തരമായ വ്യോമാക്രമണങ്ങളെയും ഭീഷണികളെയും പട്ടിണിയേയും മറികടന്ന് ഗോത്രങ്ങളെ ഒരുമയോടെ നയിക്കുന്നത് ഹുസ്‌നി അല്‍ മുഗ്‌നിയാണ്.
അദ്ദേഹം ഏതെങ്കിലും സായുധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ നേതാവല്ല, ഗസ സര്‍ക്കാരിലോ ഫലസ്തീന്‍ അതോറിറ്റിയിലോ ഔദ്യോഗിക പദവികള്‍ വഹിക്കുന്നുമില്ല. അദ്ദേഹത്തെ ഗസക്കാര്‍ മുഖ്താര്‍ എന്ന് വിളിക്കുന്നു, ചിലര്‍ മുഖ്താറുകളുടെ മുഖ്താര്‍ എന്നു വിളിക്കുന്നു. ഫലസ്തീനി ഗോത്രങ്ങളുടെ ഹയര്‍ കമ്മീഷന്‍ മേധാവിയാണ് ഹുസ്‌നി അല്‍ മുഗ്‌നി.
1941ല്‍ ഗസ നഗരത്തിലെ ഷെജയ്യയില്‍ ജനിച്ച അല്‍ മുഗ്‌നി ഹിറ്റിന്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960ല്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ഡിപ്ലോമയും ബെയ്‌റൂത്ത് അറബ് സര്‍വകലാശാലയില്‍ നിന്നും അറബി ഭാഷയില്‍ ബിരുദവും നേടി. 1960 മുതല്‍ 1968 വരെ ഈജിപ്തിലും പിന്നീട് 1969 മുതല്‍ 1992 വരെ കുവൈത്തിലും അധ്യാപകനായി ജോലി ചെയ്തു. നാട്ടിലേക്ക് മടങ്ങിയ ശേഷം ഫലസ്തീന്‍ അതോറിറ്റിയുടെ പൊളിറ്റിക്കല്‍ ഗൈഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നു. 2005ല്‍ ബ്രിഗേഡിയര്‍ ജനറല്‍ പദവിയോടെ വിരമിച്ചു.
1968ല്‍ അദ്ദേഹം ഫതഹ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സുപ്രിം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ സെക്രട്ടറിയായും ഫലസ്തീന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ അംഗമായും 1982ല്‍ കുവൈത്തിലെ ഫതഹ് ഓഫീസിലെ മുഴുവന്‍ സമയ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2005ല്‍ അദ്ദേഹം ഗോത്ര, സാമുദായിക, ദേശീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തുടര്‍ന്ന് ഗസയിലെ ഫലസ്തീനി ഗോത്രങ്ങള്‍ക്കായുള്ള ഹയര്‍ കമ്മീഷന്റെ ജനറല്‍ കോര്‍ഡിനേറ്ററായി നിയമിതനായി. സിവില്‍ സമാധാനവും കുടുംബ ഐക്യവും സംരക്ഷിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടപ്പാക്കി. 2012ലെ ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ് എന്ന ഓപ്പറേഷനില്‍ ഇസ്രായേലി അധിനിവേശ സൈന്യം അദ്ദേഹത്തിന്റെ വീട് തകര്‍ത്തു. 2013ല്‍ വീടിന് നേരെ വീണ്ടും ആക്രമണമുണ്ടായി. 2014ല്‍ അദ്ദേഹത്തിന്റെ കൃഷിഭൂമി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.
2018ല്‍ അല്‍ മുഗ്‌നി ദേശീയ ഐക്യത്തിനുള്ള ഗോത്ര സമ്മേളനം സംഘടിപ്പിച്ചു. ഗസയിലെ ഉപരോധം തകര്‍ക്കാന്‍ 2018ല്‍ നടത്തിയ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ സുപ്രിം ലീഡര്‍ഷിപ്പ് കമ്മിറ്റിയില്‍ അംഗമായി.
1993ലെ ഓസ്‌ലോ ഉടമ്പടി ഫതഹ് പ്രസ്ഥാനത്തെ തകര്‍ത്തെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരാര്‍, ഫലസ്തീന്റെ മോചനം, ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം, അല്‍ ഖുദ്‌സിന്റെ മോചനം എന്നിവയ്ക്ക് തടസമായി. കൂടാതെ ഗസയില്‍ ഉപരോധത്തിനും കാരണമായി. ഫലസ്തീന്‍ ലക്ഷ്യം അവസാനിപ്പിക്കാനുള്ള ഗൂഡാലോചനയായിരുന്നു ഓസ്‌ലോ കരാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിച്ച 1948ന് ശേഷമുണ്ടായ ഏറ്റവും അപകടകരമായ കാര്യമായിരുന്നു ഓസ്‌ലോ കരാറെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഫലസ്തീനിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം പവിത്രമായി കാണുന്ന അല്‍ മുഗ്‌നി വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ഫലസ്തീന്‍ അതോറിറ്റിയോട് പലതവണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സായുധ പ്രതിരോധം ഉള്‍പ്പെടെയുള്ള എല്ലാതരം പ്രതിരോധത്തെയും അദ്ദേഹം പിന്തുണക്കുന്നു. ജൂത അധിനിവേശത്തോടെ നാടുവിട്ടു പോവേണ്ടി വന്ന ഫലസ്തീനികളുടെ തിരിച്ചുവരവും ചരിത്രപരമായ ഫലസ്തീന്റെ മുഴുവന്‍ മോചനവും അംഗീകരിക്കുന്ന ഏതൊരു പരിഹാരത്തിനും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്.
ഇസ്രായേല്‍ വംശഹത്യ നടത്തിയപ്പോഴും അല്‍ മുഗ്‌നി ഗസയില്‍ തന്നെ തുടര്‍ന്നു, തന്റെ ജനങ്ങളോടൊപ്പം ഉപരോധവും പട്ടിണിയും അനുഭവിച്ചു. ആരും ഗസ വിടരുതെന്നും ലഭിക്കുന്ന സഹായവസ്തുക്കള്‍ ന്യായമായി വീതിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. വംശഹത്യാക്കാലത്ത് ഗസയില്‍ ഇസ്രായേലി സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മാപ്പ് നല്‍കണമെന്ന ആവശ്യം അദ്ദേഹം തള്ളി. 'നമ്മള്‍ സ്ഥിരതയില്‍ എത്തുമ്പോള്‍ നാം നിയമത്തെ ആശ്രയിക്കും. പക്ഷേ, നിലവിലെ സ്ഥിതിയിലും നിയമം നടപ്പാക്കണം.''-അദ്ദേഹം പറഞ്ഞു.
ഗസയില്‍ യുദ്ധം നടക്കുമ്പോളുണ്ടായ സുരക്ഷാ ശൂന്യത ചൂഷണം ചെയ്ത ചാരന്‍മാരെയും സായുധ സംഘങ്ങളെയും കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ച ക്ഷാമകാലത്ത് സഹായട്രക്കുകള്‍ കൊള്ളയടിച്ചവരെയും ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചവരെയും നേരിടാതിരിക്കാനാവില്ല. എന്നിരുന്നാലും അസംഘടിതമായ പ്രതികാര നടപടികള്‍ പാടില്ലെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു.
ക്രിമിനല്‍ സംഘങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. '' അവര്‍ക്കുള്ള സംരക്ഷണങ്ങള്‍ ഗോത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പ്രവൃത്തികളില്‍ ഗോത്രങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. അത്തരക്കാരുടെ എണ്ണം എല്ലാവര്‍ക്കും അറിയാം, വളരെ കുറവാണ്. നമ്മുടെ സാഹചര്യങ്ങളെ ചൂഷണം ചെയ്ത് അധിനിവേശത്തിന് കീഴ്‌പ്പെട്ടവരാകുന്നത് ലജ്ജാകരമാണ്.''
ഒറ്റുകാരുടെ പ്രശ്‌നം ഗസയിലെ സുരക്ഷാ അധികാരികളും കോടതികളും വളരെ വേഗം അഭിസംബോധന ചെയ്യണമെന്നും അല്ലെങ്കില്‍ വ്യക്തപരമായ പ്രതികാരങ്ങള്‍ക്ക് കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ ഒറ്റുകാരെ നേരിട്ടത് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടേക്കാവുന്ന പ്രതികാര വൃത്തം തകര്‍ക്കുന്നതിന് വേണ്ടിയാണെന്നും ലഭ്യമായ സംവിധാനങ്ങളിലൂടെ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഗസ സ്ഥിരത കൈവരിക്കുമ്പോള്‍ ന്യായമായ വിചാരണയും നടപടിക്രമങ്ങളും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അധിനിവേശത്തിന് കൈയ്യിലെ കളിപ്പാവകളാവാന്‍ തീരുമാനിച്ചവര്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഗസ മുനമ്പ് ഭരിക്കാന്‍ ഗോത്രങ്ങള്‍ തയ്യാറല്ലെന്നാണ് അല്‍ മുഗ്നി പറയുന്നത്. '' ഇസ്രായേല്‍ അവര്‍ക്ക് വേണ്ടവരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഫലസ്തീനി ഗോത്രങ്ങള്‍ അതിനെ എതിര്‍ത്തു. അങ്ങനെ അവരുടെ പദ്ധതികള്‍ക്ക് തടസം സൃഷ്ടിച്ചു. ഞങ്ങളുടെ നിലപാട് ഉറച്ചതും മാറ്റമില്ലാത്തതുമാണ്. ഗസയിലെ സര്‍ക്കാരിന് ബദല്‍ അല്ല ഗോത്രങ്ങള്‍. ഗസയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ബദല്‍ അല്ല ഗോത്രങ്ങള്‍. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഗോത്രങ്ങള്‍ അധിക ചുമതല വഹിക്കുക മാത്രമാണ് ചെയ്യുക. ഗോത്രങ്ങള്‍ക്ക് ജനങ്ങളെ ഭരിക്കാന്‍ യോഗ്യതയില്ല. മറിച്ച് ജനങ്ങളെ ഐക്യപ്പെടുത്താനും സര്‍ക്കാരിനെ കൊണ്ട് കടമകള്‍ ചെയ്യിപ്പിക്കാനും ഇടപെടാനാവും. അധിനിവേശ സൈന്യം കൂട്ടക്കൊലകള്‍ നടത്തിയിട്ടും നിരവധി പേരെ കൊലപ്പെടുത്തിയിട്ടും ഫലസ്തീനികള്‍ പരാതിപ്പെട്ടില്ല, അധിനിവേശം അവസാനിപ്പിക്കണമെന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്.''-അദ്ദേഹം പറഞ്ഞു.

