ബജ്‌റംഗ്ദള്‍ ഭീഷണിയെ തുടര്‍ന്ന് പ്രതിസന്ധി; ദീപകിന് പിന്തുണയുമായി 15 സുപ്രിംകോടതി അഭിഭാഷകര്‍
ന്യൂഡല്‍ഹി: മുസ് ലിം കച്ചവടക്കാരനെ ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ചതിന്റെ പേരില്‍ പ്രതിസന്ധിയിലായ കോട്ദ്വാറിലെ ജിം ഉടമ ദീപക് കുമാറിന് ഐക്യദാര്‍ഢ്യവുമായി 15 സുപ്രിംകോടതി അഭിഭാഷകര്‍. കോട്ദ്വാറിലെ ഹള്‍ക്ക് ജിം നടത്തിവരുന്ന ദീപക് കുമാര്‍ (38) കഴിഞ്ഞ ജനുവരി 26-ന് ഒരു 70-കാരനായ മുസ്‌ലിം കടയുടമയെ ചിലര്‍ ഉപദ്രവിക്കുന്ന സംഭവത്തില്‍ ഇടപെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചിരുന്ന ആ കടയുടമയുടെ കടയുടെ പേരില്‍ നിന്നുള്ള ''ബാബ'' എന്ന വാക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
ഇതിനിടെ ദീപക്കിനോട് പേര് ചോദിച്ചപ്പോള്‍ അദ്ദേഹം ''മുഹമ്മദ് ദീപക്'' എന്നാണ് മറുപടി പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ അതിന് പിന്നാലെ അദ്ദേഹത്തിന്റെ ജിം അംഗസംഖ്യ 150ല്‍ നിന്ന് 15 ആയി കുറഞ്ഞു.
അംഗസംഖ്യ കുറഞ്ഞതോടെ മാസത്തില്‍ 40,000 രൂപ വാടകയും വീടിന്റെ വായ്പയും അടയ്ക്കാന്‍ ദീപക് ബുദ്ധിമുട്ടിലായി. സംഭവത്തിന് പിന്നാലെ ചില സംഘടനകളുടെ പ്രതിഷേധവും ഉയര്‍ന്നു.
ജനുവരി 31-ന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ജിമ്മിന് സംഘടിച്ചു. ദീപക്കിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു.
ദീപക്കിന്റെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുപ്രീംകോടതിയെ 15 സീനിയര്‍ അഭിഭാഷകര്‍ ഐക്യദാര്‍ഢ്യവുമായി എത്തുകയായിരുന്നു. ഓരോരുത്തരും 10,000 രൂപ വീതം ഒരു വര്‍ഷത്തെ ജിം മെമ്പര്‍ഷിപ്പ് ഫീസായി നല്‍കാന്‍ തീരുമാനിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ സന്ദര്‍ശനവും അംഗത്വം എടുത്ത നടപടിയും പ്രചോദനമായെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
ദീപക് നേരിട്ട് പണം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രാദേശിക യുവാക്കള്‍ക്കായി വാര്‍ഷിക മെമ്പര്‍ഷിപ്പുകള്‍ വാങ്ങി നല്‍കുകയാണ് അഭിഭാഷകര്‍ ചെയ്തത്. മെമ്പര്‍ഷിപ്പ് കാര്‍ഡില്‍ ഫീസ് അടച്ച അഭിഭാഷകന്റെ പേരും ഉള്‍പ്പെടുത്തും.
ഇതോടൊപ്പം, 20-ത്തിലധികം അഭിഭാഷകര്‍ ദീപക്കിന് സൗജന്യ നിയമസഹായം നല്‍കാമെന്ന് ഉറപ്പു നല്‍കി. ''സാമൂഹിക ഐക്യത്തിനായി എടുത്ത നിലപാടിന് വലിയ വില കൊടുക്കേണ്ടി വന്നാലും, അത് ഒരാളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല'' എന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ നല്‍കുന്നതെന്ന് അഭിഭാഷകര്‍ പറഞ്ഞു.
നടിയായ സ്വര ഭാസ്‌കറും എഴുത്തുകാരന്‍ ഹര്‍ഷ് മന്ദറും ജിം മെമ്പര്‍ഷിപ്പ് എടുക്കുന്നവരുടെ കൂട്ടത്തിലുണ്ട്. 'ഞാന്‍ സഹായമായി പണം സ്വീകരിക്കുന്നില്ല. അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വാഗതം.' ദീപക് വീണ്ടും വ്യക്തമാക്കി.
ഇതിനിടെ ഹിന്ദു രക്ഷാ ദള്‍ നേതാവ് പിങ്കി ചൗധരി ദീപക്കിനെതിരെ ഭീഷണിപ്പെടുത്തുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ പൗരി ഗഢ്വാള്‍ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് വിന്യസിക്കുകയും പുറത്തുനിന്ന് പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
സാമൂഹിക ഐക്യത്തിനായി എടുത്ത ഒരു നിലപാട് ഒരു ജിം ഉടമയുടെ ജീവിതം തന്നെ ബാധിച്ച സാഹചര്യത്തില്‍, നിയമലോകം കൈത്താങ്ങ് നല്‍കിയ സംഭവം രാജ്യവ്യാപകമായി ചര്‍ച്ചയാകുകയാണ്.

