റോബര്‍ട്ട് ഇന്‍ലകേഷ്
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കെത്തിയ ഹമാസ് നേതാക്കളെ കൊലപ്പെടുത്താന്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ഞെട്ടിക്കുന്നതാണെന്ന് നിരവധി നിരൂപകരും വിശകലന വിദഗ്ധരും മുദ്രകുത്തി. പക്ഷേ, ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അതിശയമുളവാക്കുന്ന കാര്യമല്ല. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യമായി ഉത്തരവാദിത്തം ഏറ്റെടുത്ത വ്യോമാക്രമണത്തില്‍ ഖത്തറില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, തങ്ങളുടെ നേതാക്കളില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. കൊലപാതക ആക്രമണം വിജയമായിരുന്നുവെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചെങ്കിലും അവര്‍ നാടകീയമായി പരാജയപ്പെട്ടുവെന്ന് വെളിപ്പെട്ടു.
ഇസ്രായേലി വ്യോമാക്രമണത്തിന്റെ ലക്ഷ്യം ഹമാസിന്റെ മുതിര്‍ന്ന നേതാക്കളും മധ്യസ്ഥ സംഘത്തിലെ നേതാക്കളുമായ ഖലീല്‍ അല്‍ ഹയ്യയും സഹര്‍ ജബരീനും ആയിരുന്നുവെന്ന് തോന്നുന്നു. ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് മുന്നോട്ടുവച്ച ശുപാര്‍ശ ചര്‍ച്ച ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഫലസ്തീനികള്‍. പക്ഷേ, ഇസ്രായേലിന്റെ ആക്രമണം ഈ ശ്രമം താല്‍ക്കാലികമായി തടഞ്ഞെന്നു തോന്നുന്നു. കാരണം ഗസ സിറ്റി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ് നിലവില്‍ ഇസ്രായേല്‍.
ഇസ്രായേലി ആക്രമണം അഭൂതപൂര്‍വവും ഞെട്ടിക്കുന്നതുമാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ 2024 ജൂലൈയില്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വച്ച് കൊലപ്പെടുത്തിയ കാര്യം മറക്കരുത്. ഇറാന്‍ പ്രസിഡന്റായ മസൂദ് പെസഷ്‌കിയാനുമൊത്ത് ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഹനിയയെ കൊലപ്പെടുത്തിയത്.
യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവിയെയും കാബിനറ്റ് മന്ത്രിമാരെയും ആഗസ്റ്റ് 28ന് കൊലപ്പെടുത്തിയ ശേഷം, അത്തരം ആക്രമണങ്ങള്‍ ആസൂത്രിതമായ ആക്രമണ പരമ്പരയുടെ ഭാഗമാണെന്നാണ് ഇസ്രായേലി സൈനിക മേധാവി ഇയാല്‍ സമീര്‍ പറഞ്ഞത്.
ഇയാല്‍ സമീറിന്റെ വാക്കുകള്‍: '' ഇസ്രായേലി സൈന്യം എല്ലാ മേഖലകളിലും എല്ലായ്പ്പോഴും മുന്‍കൈയെടുത്തും പ്രവര്‍ത്തന മികവോടെയും ആക്രമണാത്മകമായി പ്രവര്‍ത്തിക്കുന്നു. യെമന്‍, ലബ്‌നാന്‍, സിറിയ, മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളുടെ ഒരു പരമ്പരയില്‍ ഇത് ചേരുന്നു. ഇത് 'അവസാനമല്ല. ഹമാസിന്റെ ഭരണ നേതൃത്വത്തിന്റെ ഭൂരിഭാഗവും വിദേശത്താണ്, ഞങ്ങള്‍ അവരെയും സമീപിക്കും.''
ദോഹയെ ആക്രമിക്കുന്നതിന്റെ തലേദിവസം രാത്രി, ഗസ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ 'ഫാമിലി' ബോട്ടിനു നേരെ ടുണീഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇസ്രായേലികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. ലോകപ്രശസ്ത ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബെര്‍ഗ് സഞ്ചരിച്ചിരുന്ന ബോട്ടിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. കൂടാതെ, സിറിയയിലും തെക്കന്‍ ലബ്‌നാനിലും ഇസ്രായേല്‍ എണ്ണമറ്റ വ്യോമാക്രമണങ്ങള്‍ നടത്തി. ഗസയില്‍ പതിവ് ആക്രമണങ്ങള്‍ തുടര്‍ന്നു.
ഖത്തര്‍ പോലുള്ള സൗഹൃദ രാഷ്ട്രത്തിനെതിരേയുള്ള ആക്രമണമാണ് ഈ ആക്രമണത്തെ ഇത്ര പ്രവചനാതീതമാക്കുന്നതെന്ന് പറയുന്നവര്‍ 1997 സെപറ്റംബര്‍ 25ന് ജോര്‍ദാനില്‍ നടത്തിയ ആക്രമണത്തെ കാണാത്തതാണോ? വ്യാജ കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അമ്മാനിലെത്തിയ ഇസ്രായേലി ഏജന്റുമാര്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഖാലിദിന്റെ അംഗരക്ഷകരുടെ ഇടപെടല്‍ കൊലപാതകം തടഞ്ഞെങ്കിലും ഖാലിദിന് വിഷം കൊടുക്കുന്നതില്‍ ഇസ്രായേലികള്‍ വിജയിച്ചു. ജോര്‍ദാനുമായുള്ള സാധാരണവല്‍ക്കരണ കരാര്‍ സംരക്ഷിക്കാന്‍ ഖാലിദിന് വിഷത്തിനുള്ള മറുമരുന്ന് നല്‍കാനും ഫലസ്തീനി തടവുകാരെ മോചിപ്പിക്കാനും ഇസ്രായേല്‍ നിര്‍ബന്ധിതരായി.
വ്യാജ യൂറോപ്യന്‍ ആസ്‌ത്രേലിയന്‍ പാസ്‌പോര്‍ട്ടുകളുമായി യുഎഇയില്‍ നുഴഞ്ഞുകയറിയ ഇസ്രായേലി മൊസാദ് ഏജന്റുമാര്‍ ദുബൈയില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ഹമാസ് സൈനിക നേതാവ് മഹ്‌മൂദ് അല്‍ മഹ്ബൂഹിനെ കൊലപ്പെടുത്തിയത് 2010 ജനുവരി 19നായിരുന്നു.
2023 ഒക്ടോബര്‍ 7 മുതല്‍, ഇസ്രായേലികള്‍ ഗസ, വെസ്റ്റ് ബാങ്ക്, ലബ്‌നാന്‍, യെമന്‍, സിറിയ, ഇറാഖ്, ഇറാന്‍, ഇപ്പോള്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ കൊലപാതക ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയയിലെ ഇറാന്റെ മുന്‍ എംബസിയുടെ കോണ്‍സുലാര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ ബോംബാക്രമണം നടത്തി. എന്നാൽ പാശ്ചാത്യ രാജ്യങ്ങള്‍ അതിനെ അപലപിക്കാന്‍ കൂട്ടാക്കിയില്ല.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ പാശ്ചാത്യരുമായി നല്ല ബന്ധം പുലര്‍ത്തുന്നു. പക്ഷേ, യുകെ പോലുള്ള രാജ്യങ്ങള്‍ ഇസ്രായേലി ആക്രമണത്തെ അപലപിക്കുന്നതിന് പകരം ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഖത്തറിലെ തങ്ങളുടെ സൈനിക സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടുത്തിടെ യുഎസ് ഇസ്രായേലിലേക്ക് മാറ്റിയിരുന്നു. ദോഹയിലെ ആക്രമണത്തിന് പച്ചക്കൊടി കാട്ടിയതും യുഎസാണ്. ഖത്തറിനെതിരേ ആക്രമണം നടത്താന്‍ മറ്റൊന്നും തടസ്സമല്ലെന്ന് ഇസ്രായേലിന് മുമ്പേ ബോധ്യപ്പെട്ടിരുന്നുവെന്നു വ്യക്തം. ഒരു പക്ഷേ, അതിന്റെ പരിണതഫലങ്ങള്‍ വലുതായിരിക്കാം എന്നുമാത്രം.
മേഖലയിലെ ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. ഏഴു മുന്നണികളിലെ യുദ്ധത്തില്‍ പൂര്‍ണവിജയം തേടുന്നുവെന്നാണ് നെതന്യാഹു ആവര്‍ത്തിച്ചത്. ലോകം പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്ന് വിളിക്കുന്ന, ഇറാന്റെ നേതൃത്വത്തിലുള്ള തിന്മയുടെ അച്ചുതണ്ടിനെയാണ് ദോഹയില്‍ ലക്ഷ്യമിട്ടതെന്ന് നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ സന്ദേശം വ്യക്തമാണ്: അത് മുഴുവന്‍ ലോകത്തിനുമുള്ള ഒരു പ്രസ്താവനയാണ്. ഇസ്രായേല്‍ അത് ആഗ്രഹിക്കുന്നത് വേണ്ടപ്പോള്‍ ചെയ്യും. ആരും അത് തടയില്ല. ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ഫലസ്തീനെ അംഗീകരിച്ചുകൊണ്ട് ഇസ്രായേലികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അവകാശപ്പെടുന്ന യുകെയെ നോക്കുക. സൗഹൃദ സന്ദര്‍ശനത്തിനായി ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ യുകെ ലണ്ടനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഖത്തറിനെതിരായ ആക്രമണത്തെ ഹെര്‍സോഗ് പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. കൂടാതെ, ഗസയെ കുറിച്ചുള്ള ഹെര്‍സോഗിന്റെ പരാമര്‍ശങ്ങള്‍ വംശഹത്യയുടെ തെളിവായി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഫയലിലുണ്ട്.
സയണിസ്റ്റ് ലോബിയില്‍നിന്ന് പണം വാങ്ങുന്ന യുകെയിലെ ലേബര്‍ ഗവണ്‍മെന്റ്, ഇസ്രായേലിലേക്കുള്ള ആയുധ കൈമാറ്റം തടയാന്‍ ശ്രമിച്ച ഫലസ്തീന്‍ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. ഫലസ്തീന്‍ ആക്ഷന്റെ നിരോധനത്തിനെതിരേ പ്രതിഷേധിക്കുന്ന നൂറുകണക്കിന് സമാധാന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ നികുതിദായകരുടെ പണവും പോലിസ് വിഭവങ്ങളും പാഴാക്കുന്നത് തുടരുന്നു. തീവ്രവാദം തടയല്‍ നിയമം ഉപയോഗിച്ച് യുകെ സര്‍ക്കാര്‍, ഗസയിലെ വംശഹത്യയെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്നു.
ഖത്തര്‍ ആക്രമണവുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അത് വളരെ ലളിതമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ സങ്കല്‍പ്പിക്കാവുന്ന എല്ലാ തത്ത്വങ്ങളും ലംഘിക്കുന്നത് നിര്‍ത്താന്‍ ഇസ്രായേലികളെ നിര്‍ബന്ധിക്കുന്ന ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ല. ഇസ്രായേല്‍ നിയമത്തിന് അതീതമാണ്. ഖത്തറിനെതിരായ ആക്രമണം മിക്കവാറും ഒരു പ്രത്യാഘാതവുമില്ലാതെ കടന്നുപോകും. വാസ്തവത്തില്‍, അത് വീണ്ടും സംഭവിക്കാനുള്ള സാധ്യതയുണ്ട്, അല്ലെങ്കില്‍ അടുത്ത തവണ അവര്‍ ഈജിപ്തിനെ ആക്രമിക്കാം.
ഇസ്രായേലിന് മേല്‍ നടപടി സ്വീകരിച്ച ഒരേയൊരു അറബ് രാജ്യം യെമനാണ്. അല്ലാത്തവരെല്ലാം ഇസ്രായേലി യുദ്ധ യന്ത്രത്തെ സഹായിച്ചോ അവര്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചോ ഗസയിലെ വംശഹത്യയില്‍ പങ്കാളികളാണ്.
സിറിയ, ലബ്‌നാന്‍, യെമന്‍, ഇറാഖ്, തീര്‍ച്ചയായും ഇറാന്‍ എന്നിവയെ ഇസ്രായേല്‍ വീണ്ടും ആക്രമിക്കും. തങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതു മേഖലയിലും അവര്‍ ആക്രമണം നടത്തും; ഒരുപക്ഷേ, തുര്‍ക്കിയെ പോലും. വാസ്തവത്തില്‍ സിറിയയില്‍ നടത്തിയ ആക്രമണങ്ങളില്‍ അവര്‍ തുര്‍ക്കിഷ് സൈനികരെ കൊലപ്പെടുത്തുകയും തുര്‍ക്കി വിതരണം ചെയ്ത ഉപകരണങ്ങളും തുര്‍ക്കി നിര്‍മിച്ച സൈനികതാവളങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ഖത്തറിനെതിരായ ആക്രമണത്തിലൂടെ ഇസ്രായേല്‍ ഇപ്പോള്‍ രണ്ട് ലക്ഷ്യങ്ങള്‍ കൈവരിച്ചു: ഒന്ന്: പൂര്‍ണ ശിക്ഷാനടപടികളില്ലാതെ എവിടെയും ആക്രമണം നടത്താന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. രണ്ട്: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ താല്‍ക്കാലികമായി ഇല്ലാതാക്കി.
ഖത്തര്‍ അര്‍ഥവത്തായ രീതിയില്‍ പ്രതികരിക്കുമെന്ന് ചിലര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ യുഎസ് ക്യാംപില്‍ ഉറച്ചുനില്‍ക്കുന്നു എന്നതിനാല്‍, അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ പോലും കഴിയില്ല. 1973ല്‍ ചെയ്തതുപോലെ ഗ്യാസ് വിതരണം നിര്‍ത്തലാക്കുക എന്ന സ്വാഭാവിക നടപടി സ്വീകരിക്കാന്‍ സാധ്യതയില്ല.
അമേരിക്കയുടെയും ഇസ്രായേലിന്റെയും കാരുണ്യത്തിലാണ് ഖത്തര്‍ കഴിയുന്നത്. ഹമാസ് നേതൃത്വത്തിന് എതിരേയുള്ള ആക്രമണത്തെ കുറിച്ച് യുഎസ് ഖത്തറിനെ അറിയിച്ചുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു, ഖത്തര്‍ അത് നിഷേധിച്ചെങ്കിലും ആക്രമണം തടയാന്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമായിരുന്നോ എന്നു വ്യക്തമല്ല.

