ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം: മിനിയാപൊലിസില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി ?

Update: 2025-05-26 12:47 GMT

മിനിയാപൊലിസ്(യുഎസ്): അഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ മിനിയാപൊലിസില്‍ വെള്ളക്കാരനായ പോലിസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയിട്ട് മേയ് 25ന് അഞ്ച് വര്‍ഷം തികഞ്ഞു. ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് യുഎസില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രസ്ഥാനം ആരംഭിച്ചത്. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.' എന്ന ഫ്ളോയിഡിന്റെ അവസാന വാക്കുകളുമായാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ ആദ്യം സമാധാനപരമായിരുന്നു, പക്ഷേ ചിലത് അക്രമാസക്തമായി.


ഇതോടെ ആഫ്രിക്കന്‍ വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നിരവധി വാഗ്ദാനങ്ങളാണ് ഭരണകൂടം നല്‍കിയത്. ഇതിന് ശേഷം മിനിയാപൊലിസില്‍ ചില കാര്യങ്ങള്‍ മെച്ചപ്പെട്ടതായും ചിലത് മാറിയിട്ടില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.


വംശീയ അസമത്വങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മിനിയാപൊലിസ് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കോടതി മേല്‍നോട്ടത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ, ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം ഇതുമായി ബന്ധപ്പെട്ട മുന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിച്ചു. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വ്യാപകമായി ദുരുപയോഗിക്കപ്പെട്ട മിനിയാപൊലിസിലെയും ലൂയിസ്‌വില്ലിലെയും പോലിസ് വകുപ്പുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം ബുധനാഴ്ചയാണ് ഉത്തരവിട്ടത്.


ഫ്ളോയിഡ് മരിച്ച സ്ഥലത്ത് കാല്‍നടയാത്രക്കാര്‍ക്ക് മാത്രമുള്ള ഒരു സ്മാരകം നിര്‍മിക്കുന്നതിനെ ഭൂരിഭാഗം സിറ്റി കൗണ്‍സില്‍ അംഗങ്ങളും പിന്തുണയ്ക്കുന്നു. എന്നാല്‍ മേയര്‍ ജേക്കബ് ഫ്രേയും നിരവധി ബിസിനസുകാരും എതിര്‍ക്കുന്നു. കൊലപാതകത്തിന് ശേഷം പോലിസിനുള്ള ഫണ്ട് വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെടുന്ന കാംപയിന്‍ ശക്തമായിരുന്നു. എന്നാല്‍, അത് നടപ്പായില്ല. കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും തുടക്കത്തില്‍ ഈ ആശയത്തെ പിന്തുണച്ചെങ്കിലും വോട്ടര്‍മാര്‍ നിരസിച്ചു.


പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സേനയില്‍ നിന്നും 300ഓളം പേര്‍ രാജിവച്ചു. 2020ന്റെ തുടക്കത്തില്‍ 900 പോലിസുകാരാണ് നഗരത്തിലുണ്ടായിരുന്നത്. ഇത് 600ല്‍ താഴെയായി കുറഞ്ഞു. പക്ഷേ, കഴിഞ്ഞ വര്‍ഷത്തോടെ പഴയനിലയിലേക്ക് തിരികെ എത്തി. ഫ് ളോയിഡ് മരിച്ച സ്ഥലം മുമ്പ് പോലിസ് നിരോധിത മേഖലയായിരുന്നു. ഇപ്പോള്‍ വീണ്ടും പോലിസിന് അവിടേക്ക് പോവാന്‍ സാധിക്കുന്നുണ്ട്. ഫ്ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ആരംഭിച്ച പോലീസ് പരിഷ്‌കരണ പ്രസ്ഥാനം ചില മാറ്റങ്ങളുണ്ടാക്കി. പോലിസുകാര്‍ ബോഡി ക്യാമറകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവുകള്‍ ഭരണാധികാരികള്‍ ഇറക്കി. ചില പ്രദേശങ്ങളില്‍ വീടുകളില്‍ പോലിസ് കയറുന്നതിന് നിരോധനമുണ്ട്. പോലിസ് ക്രൂരതയെക്കുറിച്ചുള്ള ഡാറ്റ ശേഖരണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ, എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനമുണ്ടാക്കുന്ന 'തിരിച്ചടിയും' രൂപപ്പെടുന്നുണ്ട്. അവകാശങ്ങള്‍ക്കായുള്ള ആഫ്രിക്കന്‍ വംശജരുടെ സമരങ്ങള്‍ തങ്ങള്‍ക്കെതിരെയാണെന്ന് വെള്ളക്കാരിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ അവര്‍ക്ക് ഊര്‍ജം നല്‍കുന്നുണ്ട്.