ജമാല്‍ കാന്‍ജ്
ഇസ്രായേലിന്റെ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് തന്റെ സ്വതസിദ്ധമായ സയണിസ്റ്റ് അഹങ്കാരത്തോടെ പ്രഖ്യാപിച്ച വാക്കുകളാണ് 'ഗസ ഈസ് ബേണിങ്' (ഗസ കത്തുകയാണ്) എന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ യുദ്ധഭൂമിയില്‍നിന്നുള്ള ഒരു റിപോര്‍ട്ടോ സൈനിക മുന്നേറ്റത്തിന്റെ പുരോഗതിയെ പറ്റിയുള്ള അളന്നുകുറിച്ച വിവരണമോ ആയിരുന്നില്ല.
ഒരു നഗരം ചുട്ടെരിക്കുന്നത്, പത്തുലക്ഷം മനുഷ്യര്‍ക്ക് ഒരു ഗ്യാസ് ചേംബര്‍ എന്ന ഇസ്രായേലിന്റെ സൈനിക നേട്ടത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തെ നിര്‍വചിക്കുന്നത് പോലെയുള്ള ഒരു പൊങ്ങച്ചമായിരുന്നു ആ വാക്കുകള്‍; അതെ ഏതാണ്ട് ഒരു ആഘോഷം പോലെ. 1948 മുതലുള്ള ഇസ്രായേലിന്റെ പദ്ധതിയെ കുറിച്ചുള്ള ആറ്റിക്കുറുക്കിയ സത്യം 'ഗസ ഈസ് ബേണിങ്' എന്ന ഈ മൂന്ന് വാക്കുകളിലുണ്ട്. ഫലസ്തീന്‍ ജീവിതങ്ങള്‍ക്കുമേല്‍ വിതയ്ക്കപ്പെട്ട നാശത്തിന്റെ അസ്തിവാരത്തിനു മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട അസ്തിത്വമാണ് ഇസ്രായേലിനുള്ളത്. ബലപ്രയോഗത്തിലൂടെ ശൂന്യമാക്കപ്പെട്ട ഗ്രാമങ്ങളുടെ അവശിഷ്ടങ്ങളിലും അവയ്ക്ക് കീഴില്‍ കുഴിച്ചിട്ട മൃതദേഹങ്ങളിലും അഭിമാനിക്കുന്ന ഒരു രാഷ്ട്രമാണത്.
റഫയെ ആക്രമിക്കുന്നതിനുമുമ്പ് ഒരിക്കല്‍ പറഞ്ഞതുപോലെ, ഗസ കത്തിക്കുന്നത് 'വിജയം' ഉറപ്പാക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. 2024ല്‍, റഫ നഗരത്തിന്റെ അധിനിവേശം 'സമ്പൂര്‍ണ വിജയം' കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു.
2024 ഫെബ്രുവരി 10ന്, എബിസിയിലെ ദിസ് വീക്കിനോട് അദ്ദേഹം പറഞ്ഞു: 'വിജയം കൈയ്യെത്തും ദൂരത്താണ്.' റഫയെ ചെറുത്തുനില്‍പ്പിന്റെ 'അവസാന കോട്ട' എന്നാണ് നെതന്യാഹു വിളിച്ചത്. രണ്ടാഴ്ച കഴിഞ്ഞ്, സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍, നെതന്യാഹു തന്റെ മുന്‍ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. 'സമ്പൂര്‍ണ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം, പൂര്‍ണ വിജയം കൈവരിക്കാവുന്നതേയുള്ളൂ - മാസങ്ങള്‍ അകലെയല്ല, പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്ചകള്‍ മാത്രം അകലെയാണ്' എന്ന് മാര്‍ഗരറ്റ് ബ്രെന്നനോട് നെതന്യാഹു പറഞ്ഞു.
എന്നാല്‍, ഒന്നര വര്‍ഷത്തിനു ശേഷവും, ഓരോ അന്തിമ പോരാട്ടത്തിലും, 'സമ്പൂര്‍ണ വിജയം' ഒരു മരീചികയല്ലാതെ മറ്റൊന്നുമല്ല. നെതന്യാഹു ഇപ്പോഴും അതേ പ്രേതത്തെ പിന്തുടരുകയാണ്. കൂട്ടക്കൊലകളില്‍നിന്ന് പട്ടിണിയിലേക്ക് ഗോള്‍പോസ്റ്റുകള്‍ മാറ്റുന്നു. ഓരോ തവണയും യാഥാര്‍ഥ്യം അയാളുടെ നുണകളെ തുറന്നുകാട്ടുന്നു. 2025 മെയ് മാസത്തില്‍, ഗസ നഗരത്തിന്റെ നാശം ഉള്‍പ്പെടുത്തുന്നതിനായി 'സമ്പൂര്‍ണ വിജയം' എന്നതിന്റെ നിര്‍വചനം നെതന്യാഹു പരിഷ്‌കരിച്ചു. 'ഗസയില്‍ ഞങ്ങള്‍ പൂര്‍ണ വിജയം കൈവരിക്കും - സമ്പൂര്‍ണ' എന്ന് ഉറപ്പിച്ചു പറഞ്ഞു. 'വിജയത്തിന് ഗസ ഏറ്റെടുക്കല്‍ ആവശ്യമാണ്' എന്നും അയാള്‍ അവകാശപ്പെട്ടു .
നാശനഷ്ടങ്ങളുടെ വ്യാപ്തി കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വായു, കടല്‍, കര മാര്‍ഗങ്ങളിലൂടെ ഗസയെ എത്ര ക്രൂരമായാണ് ആക്രമിച്ചത്. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും ഗസയിലെ താമസക്കാരും ഇതിനെ ' ഭ്രാന്ത് ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ രംഗം 'ഒരു മഹാദുരന്തമല്ലാതെ മറ്റൊന്നുമല്ല' എന്നും അവര്‍ പറയുന്നു. നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം പേരും പലായനം ചെയ്തിട്ടുണ്ട്. പക്ഷേ, ഭൂരിപക്ഷത്തിനും പോകാന്‍ സുരക്ഷിതമായ ഒരു സ്ഥലമില്ല.
ഇസ്രായേലി ബോംബ് വര്‍ഷത്തില്‍ തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് രക്ഷപ്പെടുക എന്നത് ഒരു ദുഷ്‌കരമാണ്. പലായനം ചെയ്തു രക്ഷപ്പെടാന്‍ ഒരു വാഹനത്തിനോ ചുരുണ്ടുകൂടിക്കഴിയാന്‍ ഒരു തമ്പിനോ പോലും പണം നല്‍കാന്‍ കഴിയാത്തത്ര ദരിദ്രരാണ് കുടുംബങ്ങള്‍. ഐക്യരാഷ്ട്രസഭ നിയുക്ത ഷെല്‍ട്ടറുകള്‍ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടതിനാല്‍, യാതൊരു സംരക്ഷണവുമില്ലാതെ അവര്‍ ബോംബാക്രമണം സഹിക്കുകയാണ്. ''ഇത് മരണത്തില്‍നിന്ന് മരണത്തിലേക്ക് രക്ഷപ്പെടുന്നത് പോലെയാണ്. അതിനാല്‍ ഞങ്ങള്‍ അവിടെനിന്ന് പോകുന്നില്ല.''-
സാബ്രയ്ക്കടുത്തുനിന്നുള്ള ഉം മുഹമ്മദ് പറഞ്ഞു. ഗസ നിവാസികള്‍ നേരിടുന്ന ഇരുണ്ട പ്രതീക്ഷകളെ അവരുടെ വാക്കുകള്‍ പകര്‍ത്തുന്നു: അവശിഷ്ടങ്ങള്‍ക്കിടയിലോ ഗസയുടെ മരണത്തിന്റെ വഴികളിലോ കുഴിച്ചിടപ്പെടാനുള്ള സാധ്യത മാത്രമാണ് അവരുടെ മുന്നിലുള്ളത്.
അഴിമതി ആരോപണങ്ങളാല്‍ വലയുകയും ജൂത ദേശീയവാദികളായ മന്ത്രിമാരുടെ പിന്തുണയോടെ നിലകൊള്ളുകയും ചെയ്ത നെതന്യാഹു, സ്വന്തം സൈനിക നേതാക്കളുടെ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞുകൊണ്ട് തന്റെ തീവ്രാശയ തന്ത്രം പതിന്മടങ്ങാക്കി പ്രയോഗിച്ചു. അദ്ദേഹത്തിന്റെ പദ്ധതി വ്യക്തമാണ്: മനുഷ്യച്ചെലവ് എന്തായാലും യുദ്ധം നീട്ടുക, തന്റെ രാഷ്ട്രീയ അന്ത്യം വൈകിപ്പിക്കുക. വംശഹത്യ തുടരുന്നതില്‍ നെതന്യാഹുവിന് ഒന്നും നഷ്ടപ്പെടാനില്ല. കൂടാതെ തന്റെ വംശീയ സര്‍ക്കാരിനെ ഉത്തേജിപ്പിക്കുന്ന സയണിസ്റ്റ് ധാര്‍ഷ്ട്യത്തെ പോഷിപ്പിക്കുന്നതിലൂടെ നേടാവുന്നതെല്ലാം ഉണ്ടുതാനും. ഗസ ഒരു യുദ്ധമേഖലയല്ല; ഇസ്രായേല്‍ രാഷ്ട്രീയത്തില്‍ തനിക്ക് അതിജീവിക്കാനുള്ള നെതന്യാഹുവിന്റെ അവസാന നിലപാടാണിത്.
'ഗസ കത്തുന്നു' എന്ന പ്രയോഗം ഒരു സൈനിക നടപടിയേക്കാള്‍ കൂടുതല്‍ ലക്ഷ്യം വെളിപ്പെടുത്തുന്നു. അത് ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ്. പതിറ്റാണ്ടുകളായി, ഇസ്രായേല്‍ ആയുധമായും രൂപകമായും തീയെ ആശ്രയിച്ചു: 1948ല്‍ ലിദ്ദയിലും ദെയര്‍ യാസിനിലും വീടുകള്‍ കത്തിച്ചു, 2025ല്‍ വെസ്റ്റ് ബാങ്കില്‍ വീടുകള്‍ കത്തിച്ചു, ഇപ്പോള്‍ മുഴുവന്‍ ഗസയും അയല്‍പ്രദേശങ്ങളും തവിടുപൊടിയാക്കി. ഓരോ അഗ്‌നിബാധയും ആവശ്യമായ 'സുരക്ഷ' നടപടിയായി രൂപപ്പെടുത്തിയിരിക്കുന്നു. വാസ്തവത്തില്‍, ഫലസ്തീനികളെ ഭൂപടത്തില്‍നിന്ന് ശാരീരികമായും രാഷ്ട്രീയമായും ഇല്ലാതാക്കാനുള്ള വ്യവസ്ഥാപിത ശ്രമത്തിന്റെ ഭാഗമാണിത്.
ഗസയുടെ ഉന്മൂലനത്തെ തീയുടെ രൂപത്തില്‍ വിവരിക്കുന്നത് യാദൃച്ഛികതയല്ല. തീ ശുദ്ധീകരിക്കുന്നു, തീ തിന്നുതീര്‍ക്കുന്നു, തിരിച്ചുവരാന്‍ ഒന്നും അവശേഷിപ്പിക്കില്ല. യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ വാക്കുകള്‍ ആ അഭിലാഷത്തെ ക്രൂരമായ വ്യക്തതയോടെ തുറന്നുകാട്ടുന്നു: ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്തുക മാത്രമല്ല, ഒരു ജനതയെ ഇല്ലാതാക്കുക. 1948ല്‍ ഫലസ്തീന്‍ ഗ്രാമങ്ങള്‍ കത്തിച്ചുകളഞ്ഞത് അപ്രതീക്ഷിതമായ ഒരു പരിണതഫലമായിരുന്നില്ല; അത് മനപ്പൂര്‍വം മായ്ക്കാനുള്ള സയണിസ്റ്റ് തന്ത്രമായിരുന്നു. ഇന്ന്, ഗസയെ വിഴുങ്ങുന്ന തീജ്വാലകള്‍ അതേ യുക്തി പിന്തുടരുന്നു, അതേ ദുഷ്ടലക്ഷ്യത്തോടെ.
ഗസയിലെ വംശഹത്യ ഇസ്രായേലിന്റെ ധാര്‍മിക നിയമസാധുതയെ ഇല്ലാതാക്കുകയാണ്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്സും ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മിഷനും വെവ്വേറെ, ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തിയതായി നിഗമനത്തിലെത്തി. ഇസ്രായേലി മാപ്പുസാക്ഷികള്‍ വീണ്ടും 'സെമിറ്റിസം വിരുദ്ധത' വിളിച്ചു പറഞ്ഞു, എന്നിരുന്നാലും, തെളിവുകളുടെ ഭാരം മാറിക്കൊണ്ടിരിക്കുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഗസയെ 'ധാര്‍മികമായും രാഷ്ട്രീയമായും നിയമപരമായും അസഹനീയമാണ്' എന്ന് വിശേഷിപ്പിച്ചു. വളരെ വൈകിയാണെങ്കിലും, യൂറോപ്യന്‍ യൂണിയന്‍ പോലും ഇസ്രായേലുമായുള്ള വ്യാപാര ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നു.
പതിറ്റാണ്ടുകളായി, ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇസ്രായേല്‍ പാശ്ചാത്യ സര്‍ക്കാരുകളെ ആശ്രയിച്ചിരുന്നു. ആ കവചം നേര്‍ത്തതായി മാറിയിരിക്കുന്നു. പട്ടിണി കിടക്കുന്ന കുട്ടികളുടെ വാരിയെല്ലുകള്‍ നേര്‍ത്ത ചര്‍മത്തിലൂടെ പുറത്തേക്ക് തള്ളിനില്‍ക്കുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ അഴുകുകയും ചെയ്യുമ്പോള്‍ 'ഗസ കത്തുന്നു' എന്ന് വീമ്പിളക്കുന്ന ഒരു രാഷ്ട്രം അത് മറച്ചുവയ്ക്കാന്‍ കഴിയാത്തത്ര ഭയാനകമാണ്. ഒരുകാലത്ത് 'യുദ്ധത്തിന്റെ മൂടല്‍മഞ്ഞ്' എന്ന് ഒഴിവുകഴിവ് പറഞ്ഞിരുന്നത് ഇപ്പോള്‍ വ്യക്തമായ ഒരു മാതൃകയായി തുറന്നുകാട്ടപ്പെടുന്നു: 'ഇര'യുടെ നിലവിളികള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന സിവിലിയന്മാരെ കൂട്ടമായി ശിക്ഷിക്കുകയാണ്.
ഗസയെ ചാരമാക്കുന്നതിലൂടെ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കാമെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്നത് വ്യാമോഹമാണ് . ചരിത്രം പഠിപ്പിക്കുന്നത് മറ്റൊന്നാണ്: അനീതിയുടെ മൂശയില്‍ ചെറുത്തുനില്‍പ്പ് കെട്ടിച്ചമയ്ക്കപ്പെടുമ്പോള്‍, ഒരു ദുരന്തം പോലും അതിനെ കെടുത്തിക്കളയുന്നില്ല; അത് അതിനെ തീവ്രമാക്കുന്നു. അനാഥര്‍ വളരും, കുടിയിറക്കപ്പെട്ടവര്‍ മറക്കില്ല. സയണിസ്റ്റുകളുടെ അനുഭവത്തില്‍നിന്ന് വ്യത്യസ്തമായി, ഫലസ്തീനികള്‍ വീണ്ടും തങ്ങളുടെ പീഡകരെ നേരിടാന്‍ എഴുന്നേല്‍ക്കും; മറ്റൊരാളുടെ ഭൂമി മോഷ്ടിക്കാന്‍ അവര്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിക്കില്ല.
'ഗസ കത്തുകയാണ്,' തീക്കനല്‍ അണഞ്ഞതിനുശേഷം മനുഷ്യ മനസ്സാക്ഷിയെ വേട്ടയാടുന്ന ഈ മൂന്ന് വാക്കുകളാണ്. തലമുറകളായി ഇസ്രായേല്‍ ആഘോഷിക്കുന്നത് ഫലസ്തീനികള്‍ സഹിച്ചു: 1948ലെ പുകയുന്ന അവശിഷ്ടങ്ങള്‍ മുതല്‍ 1982ലെ ലെബ്‌നാനിലെ സാബ്ര, ശാത്തില കൂട്ടക്കൊലകള്‍ വരെ, 2025ലെ ഗസയുടെയും വെസ്റ്റ് ബാങ്കിന്റെയും അവശിഷ്ടങ്ങള്‍ വരെ, ഓരോരുത്തരും അല്‍-നക്ബയുടെ സ്വന്തം പതിപ്പായി ജീവിക്കുന്നു. യഥാര്‍ഥത്തില്‍ കത്തുന്നത് ഇസ്രായേലിന്റെ വ്യാജ ധാര്‍മിക മുഖച്ഛായയാണ്, അതോടൊപ്പം പാശ്ചാത്യ നാഗരികതയും.
ഗസയിലെ ഓരോ ഫലസ്തീന്‍ ജീവിതത്തെയും പടിപടിയായി 'കത്തിക്കുക' എന്നതാണ് നെതന്യാഹുവിന്റെ 'സമ്പൂര്‍ണ വിജയം'. വെസ്റ്റ് ബാങ്കില്‍, സയണിസ്റ്റ് യുവാക്കളുടെ സായുധ സംഘങ്ങള്‍ ഒലിവ് തോട്ടങ്ങള്‍ കത്തിക്കുകയും ഫലസ്തീന്‍ വീടുകളെ ഭയപ്പെടുത്തുകയും ചെയ്യുന്നു . ഫലസ്തീനികളെ കൊന്നൊടുക്കുന്നതിലൂടെ നെതന്യാഹു തോല്‍ക്കുന്നില്ല; സയണിസ്റ്റ് വിദ്വേഷത്തിന്റെ ജ്വാലകള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിയാല്‍ മാത്രമേ അയാള്‍ തോല്‍ക്കുകയുള്ളൂ.
കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍

