ഗസയും ഇസ്രായേലിന്റെ മനശ്ശാസ്ത്ര യുദ്ധവും

Update: 2025-08-24 03:51 GMT

റോബര്‍ട്ട് ഇന്‍ലകേഷ്

ഗസ നഗരം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് ഓപറേഷന്‍ ഗിഡിയന്‍ രഥങ്ങള്‍ രണ്ട് എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ പരാജയപ്പെടുമെന്ന് ഇസ്രായേലിനു തന്നെ നന്നായി അറിയാം. എന്നിരുന്നാലും കോര്‍പറേറ്റ് മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ അവര്‍ ഗസയിലെ ഫലസ്തീനികള്‍ക്കെതിരേ മനശ്ശാസ്ത്ര യുദ്ധം നടത്തുകയാണ്.ഗസ മുനമ്പിന്റെ ചില ഭാഗങ്ങള്‍ ഇസ്രായേലില്‍ ചേര്‍ക്കുമെന്ന മുന്‍ പദ്ധതിക്ക് പകരം ഗസ മൊത്തവും പിടിച്ചെടുക്കാനുള്ള പദ്ധതി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറാക്കിയതായി ആഗസ്റ്റ് നാലു മുതല്‍ ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഇത് വലിയ വാര്‍ത്തയാവുകയും ഇസ്രായേല്‍ ഇനിയെന്താണ് ചെയ്യാന്‍ പോവുന്നതെന്ന ഭയം പരക്കുകയും ചെയ്തു.

തുടക്കത്തില്‍, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഒരു അജ്ഞാത ഉറവിടത്തെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങളായചാനൽ 12 ഉം ചാനൽ 14 ഉമാണ് വാര്‍ത്തകള്‍ ബ്രേക്ക് ചെയ്തത്. ചാനല്‍ 12 ഈ വാര്‍ത്ത ലൈവായി റിപോര്‍ട്ട് ചെയ്തപ്പോള്‍ അവരുടെ വിശകലന വിദഗ്ധന്‍ തന്നെ അമ്പരന്നു. വിദേശത്തുള്ള ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രായേലി സര്‍ക്കാര്‍ നിര്‍ദേശിച്ചതായും അന്ന് തന്നെ ചാനല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതും വിചിത്രമായ വാര്‍ത്താചോര്‍ച്ചയാണ്.

എന്നാല്‍, ദിവസാവസാനത്തോടെ, ഹീബ്രു മാധ്യമങ്ങളുടെ വാര്‍ത്തകള്‍ ഗസ സിറ്റിയുടെ വടക്കന്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതിനെ കുറിച്ചുള്ള റിപോര്‍ട്ടുകളില്‍ കേന്ദ്രീകരിച്ചു. എന്നിരുന്നാലും, അടുത്ത ദിവസം അതായത് ആഗസ്റ്റ് 5 ന്, ഗസയെ പൂര്‍ണമായും കീഴടക്കാന്‍ നെതന്യാഹു തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫിസിലെ ഒരാളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നു. ഗസ സിറ്റിക്കായുള്ള അധിനിവേശ പദ്ധതി ചര്‍ച്ച ചെയ്യാനും അംഗീകരിക്കുന്നതിനും ഒരു മിനി-കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തു. അതിനു ശേഷം എട്ടുമണിക്കൂര്‍ മന്ത്രിസഭാ യോഗം നടന്നു. ആഗസ്റ്റ് 8ന്, മന്ത്രിസഭ പദ്ധതി അംഗീകരിച്ചു. തുടര്‍ന്ന് കര്‍ണി ക്രോസിങ്ങില്‍ ഇസ്രായേലി സൈനികരെ വിന്യസിച്ച ഉപഗ്രഹ ചിത്രങ്ങള്‍ എന്‍ബിസി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 10ന് ഗസയിലെ പ്രശസ്തനായ റിപോര്‍ട്ടര്‍ അനസ് അല്‍ ശരീഫിനെ വധിച്ചു.

ഇസ്രായേലിന്റെ മനശ്ശാസ്ത്ര യുദ്ധം

ഇസ്രായേലിന്റെ സൈനിക വിന്യാസത്തെ പോലെ തന്നെ പ്രചാരണ രീതികളെയും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഭയം സൃഷ്ടിക്കലാണ്. പ്രചാരണങ്ങള്‍ ഫലപ്രദമായി നടത്തിയില്ലെങ്കില്‍ കുടിയിറക്കല്‍ പരാജയപ്പെടും.

മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയ ഇസ്രായേലി ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ തുടക്കം മുതലേ സംശയാസ്പദമായിരുന്നു. ഫലസ്തീനികളില്‍ ഭയവും ആശയക്കുഴപ്പവും ജനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്തകള്‍ പുറത്തുവിട്ടത്. അതുകൊണ്ടു തന്നെ ഇസ്രായേലി പദ്ധതികള്‍ എന്തു ലക്ഷ്യത്തിനുള്ളതാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ അധികമാര്‍ക്കും കഴിഞ്ഞില്ല. ഗസ പൂര്‍ണമായും കീഴടക്കണമെന്നും ഗസ നഗരം മാത്രം കീഴടക്കിയാല്‍ മതിയെന്നുമുള്ള റിപോര്‍ട്ടുകള്‍ നെതന്യാഹുവിന്റെ തന്നെ ഓഫിസില്‍ നിന്നാണ് വന്നതെന്ന് ഓര്‍മിക്കുക.

ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും സൈനിക മേധാവി ഇയാല്‍ സമീറും തമ്മില്‍ ഭിന്നതയുള്ളതായും പിന്നീട് റിപോര്‍ട്ടുകള്‍ വന്നു. ഇതെല്ലാം അജ്ഞാത സ്രോതസ്സുകളില്‍നിന്നോ ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത പൊതു പ്രഖ്യാപനങ്ങളില്‍നിന്നോ ആണ്. എന്തുകൊണ്ടാണ് ഇത് സംശയാസ്പദമാകുന്നത്? എല്ലാ സൈനിക പദ്ധതികള്‍ക്കും കര്‍ശനമായ മിലിറ്ററി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ രാജ്യമാണ് ഇസ്രായേല്‍. എന്നാലും ഗസയിലെ സൈനിക തന്ത്രത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ കുറിച്ച് അജ്ഞാത സ്രോതസ്സുകളില്‍നിന്നുള്ള ഈ റിപോര്‍ട്ടുകളെല്ലാം നമുക്ക് ലഭിക്കുന്നു.

ഈ വിയോജിപ്പുകള്‍ യഥാര്‍ഥമായിരിക്കാം; പക്ഷേ, അവ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതും ലബ്‌നാനെയോ ഇറാനെയോ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതും ആകാം.സൈനിക സന്നാഹങ്ങള്‍ കാണിക്കുന്ന എന്‍ബിസി ന്യൂസിന്റെ ഉപഗ്രഹ ചിത്രങ്ങളെ തീര്‍ച്ചയായും സംശയിക്കണം. ഈ ചിത്രങ്ങള്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ഇസ്രായേലി സൈന്യം നല്‍കിയതാവും. സൈനികകേന്ദ്രങ്ങള്‍ കാണിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന വിലക്ക് മറികടക്കാന്‍ എന്‍ബിസിക്കാവില്ല.

ഇസ്രായേലിന്റെ സൈനിക സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമാണ്. ഇറാന്റെ പ്രഹരത്തിലെ നാശനഷ്ടങ്ങളോ ഹിസ്ബുല്ലയുടെ ആക്രമണങ്ങളുടെ ഫലമോ അവര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോലും സാധിക്കാത്ത വിദേശമാധ്യമങ്ങള്‍ക്ക് ഉപഗ്രഹ ചിത്രങ്ങള്‍ വെറുതെ കിട്ടില്ലെന്ന് മനസ്സിലാക്കണം.

വടക്കന്‍ ഗസയില്‍നിന്ന് പുറത്തുവരുന്ന വിവരങ്ങളുടെ ഒഴുക്ക് തടയുക എന്നതായിരുന്നു അനസ് അല്‍ ശരീഫിന്റെ കൊലപാതകത്തിന് കാരണം. എന്നാല്‍, ഇതല്ല പ്രധാന കാരണം. ഇസ്രായേലി അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്നത് തുടരാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണുകളുള്ള നിരവധി റിപോര്‍ട്ടര്‍മാരും സാധാരണക്കാരും ഇപ്പോഴും ഗസയിലുണ്ട്.

വരാനിരിക്കുന്ന ഓപറേഷനില്‍ ആരെയും കൊല്ലാന്‍ കഴിയുമെന്ന സന്ദേശം നല്‍കലായിരുന്നു അനസ് അല്‍ ശരീഫിന്റെ കൊലപാതകത്തിന്റെ പ്രധാന കാരണം. ഗസക്കാരെ ഭയപ്പെടുത്തുക എന്ന മനശ്ശാസ്ത്ര യുദ്ധം ഇതില്‍ കാണാം.

ഓപറേഷന്‍ ഗിഡിയന്‍ രഥം ഒന്നിനു മുമ്പ് അവര്‍ അല്‍ജസീറ ചാനലിന്റെ ഹൊസാം ഷബാത്തിനെ കൊലപ്പെടുത്തി. ആ കൊലപാതകം കഴിഞ്ഞ് ഒരുമാസത്തിന് ശേഷമാണ് ഓപറേഷന്‍ ഗിഡിയന്‍ രഥം ആരംഭിച്ചത്.

ആദ്യത്തെ ഗിഡിയന്‍ രഥത്തിലും നമ്മള്‍ ഇന്നുകാണുന്ന ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ അവര്‍ പ്രയോഗിച്ചു. ഹമാസിനെ തകര്‍ക്കുമെന്നും തടവുകാരെ തിരികെ കൊണ്ടുവരുമെന്നും അതിനായി പ്രത്യേക ആയുധങ്ങള്‍ ഉപയോഗിക്കുമെന്നുമുള്ള വാര്‍ത്തകള്‍ അവര്‍ പ്രചരിപ്പിച്ചു. ഗസയെ സ്വന്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രായേലും യുഎസും ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള നുണകള്‍ അനന്തമായിരുന്നു. എല്ലാം ഗസയിലെ ജനങ്ങളില്‍ ഭയം ജനിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. വാസ്തവത്തില്‍, ഗസ മുനമ്പില്‍ ഇസ്രായേല്‍ പുതിയൊരു 'ഓപറേഷന്‍' ആരംഭിക്കുമ്പോഴെല്ലാം ഈ തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്.

നമ്മള്‍ എന്ത് പ്രതീക്ഷിക്കണം ?

ഗസ മുനമ്പില്‍ ഇസ്രായേല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ ഒരു മാര്‍ഗവുമില്ലെങ്കിലും പുതിയ പ്രവര്‍ത്തനത്തിന്റെ സ്വഭാവവും ഫലവും എന്തായിരിക്കുമെന്നു മനസ്സിലാക്കാന്‍ നമുക്ക് കഴിയും. സൈന്യത്തെ ക്ഷീണിപ്പിച്ചും നിരവധി സൈനികരെ നഷ്ടപ്പെടുത്തിയും ഗസ നഗരം കൈവശപ്പെടുത്താന്‍ ഇസ്രായേലിന് കഴിയില്ല. മാത്രമല്ല, ഈ സമയത്ത് ലബ്‌നാന്‍ മുന്നണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അവര്‍ക്ക് കഴിയില്ല.

ഗസയില്‍ അധിനിവേശം സ്ഥാപിക്കാന്‍ രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെ എടുക്കുമെന്നാണ് ഇസ്രായേലിന്റെ ആഭ്യന്തര വിലയിരുത്തല്‍. പത്തുവര്‍ഷം എടുത്തേക്കാമെന്നാണ് ചില സൈനിക ഉദ്യോഗസ്ഥരുടെ വാദം. ഗസ നഗരം പിടിക്കാന്‍ മാത്രം ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം സൈനികര്‍ വേണ്ടി വരും. ഇതൊരു യാഥാസ്ഥിതിക കണക്കാണ്.

അതേസമയം, വടക്കന്‍ ഗസയില്‍ താമസിക്കുന്ന ഏകദേശം എട്ടര ലക്ഷം ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകള്‍ ഇസ്രായേല്‍ സൈന്യം പുറപ്പെടുവിക്കുന്നു, എന്തായാലും ഇത് അവരുടെ അധിനിവേശ ലക്ഷ്യത്തിന് വിരുദ്ധമാണ്. കാരണം അത് ഒരു അധിനിവേശ വ്യവസ്ഥ അടിച്ചേല്‍പ്പിക്കലല്ല, വംശീയ ഉന്മൂലനമാണ്.

ഇസ്രായേല്‍ ലോബിയിലെ പ്രമുഖ കട്ടൗട്ട് തിങ്ക്-ടാങ്കായ വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി അധിനിവേശ പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തിലെ പ്രസ്‌ക്തഭാഗം ഇതാണ്.

''ഗസ നഗരത്തിലെ എട്ടുലക്ഷം പേരെ ഗസ മുനമ്പിന്റെ തെക്കന്‍ മേഖലയിലേക്ക് മാറ്റിയ ശേഷം അതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ നെതന്യാഹുവിന്റെ മന്ത്രിസഭ ആഗസ്റ്റ് 8ന് ഒരു പ്രമേയം പാസാക്കി. ലക്ഷ്യം നേടുന്നതിനുള്ള തിയ്യതി ഒക്ടോബര്‍ ഏഴായി കണക്കാക്കി. എന്നാല്‍, വളരെ കുറച്ചുപേര്‍ മാത്രമേ ഈ പ്രമേയത്തെ ഗൗരവത്തോടെ എടുക്കുന്നുള്ളൂ. ഇസ്രായേലി സൈന്യം ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തിയതും അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംശയവും ഇതിനു കാരണമായി. ഏകദേശം രണ്ടുവര്‍ഷമായി നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികയൂണിറ്റുകളുടെ ക്ഷീണവും മനസ്സിലാക്കണം. ദീര്‍ഘകാലത്തേക്ക് സേവനം അനുഷ്ഠിക്കാന്‍ പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെ വിളിച്ച സമയമാണ് ഇതെന്നും ഓര്‍ക്കണം......എന്തായാലും, റഫയിലും ഖാന്‍ യൂനിസിലും ചെയ്തതുപോലെ, ഹമാസ് കേഡര്‍മാര്‍ ഗസയിലെ സാധാരണക്കാരുടെ കൂടെ ചേരും. പിന്നീട് യുദ്ധം ചെയ്യാമെന്ന ധാരണയില്‍ അവര്‍ എത്തിയാല്‍ സാധാരണക്കാരില്‍നിന്നും അവരെ വേര്‍തിരിക്കാന്‍ സാധ്യമാവില്ല....''

പുതിയ സൈനിക പദ്ധതിക്ക് കാലുകളില്ലെന്ന് സാധാരണ ഇസ്രായേലികള്‍ക്ക് പോലും അറിയാം. പക്ഷേ, എന്തുകൊണ്ടാണ് ഇത്? ലേഖനത്തില്‍ പരാമര്‍ശിച്ച ചില പോയിന്റുകളിലേക്ക് ഇത് നമ്മെ കൊണ്ടുപോവുന്നു. പക്ഷേ, കൂടുതല്‍ ആഴത്തിലേക്കാണ് പോവുന്നത്.

ഇസ്രായേലി സൈന്യത്തിന്റെ ചില രഹസ്യക്കണക്കുകള്‍ മേയ് മാസത്തില്‍ യുകെയിലെ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടിരുന്നു. ഗസയില്‍ 8,900 ഫലസ്തീനി പോരാളികളെ കൊന്നുവെന്നാണ് ഈ കണക്ക് പറയുന്നത്. അതായത്, ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ മൊത്തം ആളുകുടെ 17 ശതമാനം മാത്രമാണിത്. അധിനിവേശത്തിന്റെ കാര്യത്തില്‍ ഈ കണക്കിന്റെ പ്രാധാന്യം എന്താണ്? ഉത്തരം വളരെ ലളിതമാണ്. ഗസയിലെ ഫലസ്തീനി സായുധ ഗ്രൂപ്പുകള്‍ക്ക് ഒരു മുറിവുപോലും ഏല്‍പ്പിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്നാണ് ഈ കണക്ക് പറയുന്നത്.

ഇസ്രായേലി-യുഎസ് ഇന്റലിജന്‍സ് കണക്കുകള്‍ പ്രകാരം ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡില്‍ 30,000 മുതല്‍ 50,000 വരെ പോരാളികളുണ്ട്. ഗസയിലെ അനവധിയായ പ്രതിരോധ പ്രസ്ഥാനങ്ങളിലെ അംഗങ്ങളും ആവശ്യസമയങ്ങളില്‍ ആയുധമെടുക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നില്ല. രക്തസാക്ഷികളായതില്‍ കൂടുതല്‍ പേരെ ഹമാസ് പുതുതായി റിക്രൂട്ട് ചെയ്തതായും ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ പറയുന്നു.

യുദ്ധക്കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇസ്രായേലും യുഎസും പലപ്പോഴും അവരുടെ മാധ്യമങ്ങളിലൂടെ ശുഭാപ്തിവിശ്വാസമുള്ള സ്ഥിതിവിവരക്കണക്കുകളും വിലയിരുത്തലുകളും അവതരിപ്പിക്കുന്നു. പക്ഷേ, ഇസ്രായേല്‍ നിലവില്‍ വംശഹത്യ നടത്തുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗസയില്‍ ഇസ്രായേലി സൈന്യം ഹമാസിനെ പിന്തുടരുന്നില്ല, മറിച്ച് വംശഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഗസ വാസയോഗ്യമല്ലാതാക്കാനും ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കാനുമുള്ള ഉദ്ദേശ്യത്തോടെ ഇസ്രായേലികള്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ ജനതയെ പരാജയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. രഹസ്യാന്വേഷണ വിഭാഗങ്ങള്‍, പ്രത്യേക സേനകള്‍, വ്യോമസേന എന്നിവയെ ഉപയോഗിച്ച് അവര്‍ സായുധപോരാളികളെ കൊല്ലും, പക്ഷേ, യഥാര്‍ഥ ലക്ഷ്യം വംശഹത്യയാണ്.

അതുകൊണ്ടാണ് ഗസയില്‍ ഏകദേശം 23 മാസമായി നടക്കുന്ന സമഗ്ര യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യം തീവ്രമായ വെടിവയ്പില്‍ ഏര്‍പ്പെടുന്നതിന്റെയോ ഹമാസിനെതിരേ പോരാട്ടം നടത്തുന്നതിന്റെയോ ദൃശ്യങ്ങള്‍ പുറത്തുവിടാത്തത്. ചില പ്രത്യേക ആക്രമണങ്ങള്‍ക്കപ്പുറം, അവര്‍ ഹമാസിനെതിരേ കരയുദ്ധം നടത്തുന്നില്ല. തുരങ്കങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ബോംബിടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതല്ലാതെ തുരങ്കങ്ങളില്‍ കയറി ധീരമായി ഹമാസ് പോരാളികളെ നേരിടുന്നില്ല. എന്നാല്‍, ഇസ്രായേലി സൈനികര്‍ക്കെതിരേ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആക്രമണം നടത്തുന്നതിന്റെ ആയിരക്കണക്കിന് മണിക്കൂറുകളുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണാം.

ഗസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇത് നമ്മെ കാണിക്കുന്നു. അതായത്, ഇസ്രായേലി സൈന്യം കനത്ത കവചിത വാഹനങ്ങളിലും ടാങ്കുകളിലും പ്രദേശങ്ങള്‍ ആക്രമിക്കുന്നു. ഈ വാഹനങ്ങള്‍ക്ക് സമീപം കാലാള്‍പ്പടയെ വിന്യസിക്കുന്നില്ല. സൈനികതാവളങ്ങള്‍ സ്ഥാപിച്ച ശേഷം അവര്‍ കെട്ടിടങ്ങള്‍ തകര്‍ക്കുകയും സാധാരണക്കാരെ തട്ടിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഏതെങ്കിലും പ്രദേശത്തേക്കുള്ള കടന്നുകയറ്റത്തിലെയും അവരുടെ പ്രധാനലക്ഷ്യങ്ങള്‍ ആശുപത്രികളായിരുന്നു.

തങ്ങളുടെ സൈനികപോരാട്ടങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ മറച്ചുവയ്ക്കുകയാണെന്ന് വേണമെങ്കില്‍ എതിര്‍വാദം ഉന്നയിക്കാം. പക്ഷേ, രണ്ടുകാരണങ്ങളാല്‍ ഈ വാദത്തിന് പ്രസക്തിയില്ല. തങ്ങളുടെ പോരാട്ട ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് യഥാര്‍ഥത്തില്‍ ഇസ്രായേലിന് ഗുണം ചെയ്യുമെന്നതാണ് ഒന്നാമത്തെ കാരണം. അധിനിവേശ സൈനികര്‍ തന്നെ തങ്ങളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതാണ് രണ്ടാമത്തെ കാരണം.

പതിയിരുന്ന് ആക്രമണത്തിന് ഇരയാവുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് ഇസ്രായേലി സൈനികര്‍ പൊതുവില്‍ പ്രസിദ്ധീകരിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ ഇസ്രായേലി സൈനികര്‍ വീഴുന്നതിന്റെയോ ഓടുന്നതിന്റേയോ ദൃശ്യങ്ങളാണ് ഇവ. വീടുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, സ്‌കൂളുകള്‍ എന്നിവ പൊളിക്കുന്നതിന്റെയും ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും മലമൂത്ര വിസര്‍ജനം നടത്തുന്നതിന്റെയും മരിച്ചവരുടെയും സ്ത്രീകളുടെയും അടിവസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെയും വീഡിയോകള്‍ അവര്‍ പ്രചരിപ്പിക്കുന്നു.

എന്നാല്‍, പോരാളികള്‍ കവചിത വാഹനങ്ങളിലേക്ക് ഓടിക്കയറുന്നതും വാഹനങ്ങളുടെ ഹാച്ചുകളിലേക്ക് ബോംബുകള്‍ എറിയുന്നതും സ്നൈപ്പര്‍ ഓപറേഷനുകള്‍ നടത്തുന്നതും തുരങ്കങ്ങളില്‍നിന്ന് പുറത്തുവന്ന് ടാങ്കിലേക്ക് ആര്‍പിജി വിക്ഷേപിക്കുന്നതും കാണിക്കുന്ന നിരവധി ദൃശ്യങ്ങള്‍ ഫലസ്തീനികള്‍ പുറത്തുവിട്ടിട്ടുണ്ട്.

പതിയിരുന്നുള്ള ആക്രമണം ഉള്‍പ്പെട്ട ഗറില്ലായുദ്ധമാണ് ഫലസ്തീനികള്‍ നടത്തുന്നത്, അതേസമയം, ഇസ്രായേലി സൈന്യം അപകടത്തില്‍നിന്ന് കഴിയുന്നത്ര അകന്നുനില്‍ക്കുന്നു. മരണസംഖ്യ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കവചിത വാഹനങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ ഒളിച്ചിരിക്കുകയാണ്. ഹിസ്ബുല്ല, ഇറാന്‍, ഗസ എന്നിവരുമായുള്ള യുദ്ധത്തില്‍, ഇസ്രായേല്‍ തങ്ങളുടെ സൈനിക നാശനഷ്ടങ്ങള്‍ മറച്ചുവയ്ക്കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവരിലെ പരിക്ക്-മരണ അനുപാതം ശ്രദ്ധേയമാണ്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം 80,000 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പക്ഷേ, മരണസംഖ്യ ആയിരത്തില്‍ താഴെ മാത്രമാണെന്ന് അവര്‍ അവകാശപ്പെടുന്നു.

ഫലസ്തീനി പോരാളികളുടെ മരണസംഖ്യ വെളിപ്പെട്ട പോലെ ഇസ്രായേലി സൈനികരുടെ മരണത്തിന്റെ കണക്കുകളും നമുക്ക് പിന്നീട് ലഭിക്കാം. എന്നിരുന്നാലും ഗസയില്‍ എന്തുതരം യുദ്ധമാണ് നടക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാണ്, അത് സാധാരണക്കാര്‍ക്കെതിരായ യുദ്ധമാണ്.

ഗസ പിടിച്ചെടുക്കാന്‍ ഇസ്രായേലിന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ തന്ത്രം മാറ്റുകയും ഹമാസിനെയും മറ്റു പ്രതിരോധ പ്രസ്ഥാനങ്ങളെയും പിന്തുടരണം. ഇത് ഇസ്രായേലി സൈനികരുടെ മരണസംഖ്യയില്‍ വലിയ വര്‍ധനയുണ്ടാക്കും. അത് അറിയുന്ന ഇസ്രായേലികളുടെ മനസ്സ് തകരുകയും സൈനികരുടെ പോരാട്ടവീര്യം ക്ഷയിക്കുകയും ചെയ്യും.

നിലവില്‍ തന്നെ യുദ്ധത്തിന് വേണ്ടത്ര സൈനികരില്ലെന്ന പ്രശ്‌നം ഇസ്രായേല്‍ നേരിടുന്നുണ്ട്, അവര്‍ ക്ഷീണിതരാണ്, ഗസയിലേക്ക് വിളിക്കുമ്പോള്‍ അവര്‍ പോവാന്‍ മടിക്കുന്നു. ഏകദേശം 25,000 പേര്‍ മാനസിക പ്രശ്‌നങ്ങള്‍ പറഞ്ഞ് സൈനികസേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു.

അധിനിവേശ പദ്ധതി പരാജയപ്പെടാനുള്ള ചില കാരണങ്ങള്‍ ഇപ്പോള്‍ നമുക്ക് മനസ്സിലായി. അപ്പോള്‍, യഥാര്‍ഥത്തില്‍ എന്തായിരിക്കും സംഭവിക്കുക?

മുന്‍കാല ഉദാഹരണങ്ങളും ഇസ്രായേലിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും പരിശോധിക്കുകയാണെങ്കില്‍, ഗസ നഗരത്തിന് ചുറ്റും ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളും ബോംബാക്രമണവും നടത്തും. സാധാരണക്കാരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബോംബാക്രമണങ്ങള്‍ വര്‍ധിക്കും. പ്രദേശം വിട്ടുപോവാന്‍ ആളുകളെ നിര്‍ബന്ധിക്കുകയാണ് ലക്ഷ്യം. ചിലര്‍ തെക്കന്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാം. പക്ഷേ, പലരും വടക്കന്‍ ഗസയിലെ മറ്റു ഭാഗങ്ങളിലേക്കോ നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കോ മാറാനുള്ള സാധ്യത കൂടുതലാണ്.

തെക്കോട്ട് പലായനം ചെയ്യപ്പെടുന്നവരുടെ എണ്ണം, ഗസ നഗര പ്രദേശത്തെ കുടിയിറക്കപ്പെട്ട അഭയാര്‍ഥി ജനതയില്‍ ഇസ്രായേലിന് കുത്തിവയ്ക്കാന്‍ കഴിയുന്ന ഭയത്തെ ആശ്രയിച്ചിരിക്കും, അതുകൊണ്ടാണ് ഇത്രയും മനശ്ശാസ്ത്ര യുദ്ധ പ്രചാരണം നടക്കുന്നത്.

അടുത്തതായി, മുമ്പ് ചെയ്തതുപോലെ ചില പ്രദേശങ്ങളിലേക്ക് കടന്നുകയറ്റം നടത്താനും താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിക്കാനും താല്‍ക്കാലിക സൈനിക താവളങ്ങള്‍ സ്ഥാപിക്കാനും സാധ്യതയുണ്ട്. അത് ചെറുത്തുനില്‍പ്പ് എത്രത്തോളം ശക്തമാണെന്നതിനെയും ഇസ്രായേലി സൈന്യത്തോട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ട സൈനികരുണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കും. അവര്‍ മുമ്പ് പലതവണ ഇത്തരം കടന്നുകയറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഓരോ തവണയും ഫലങ്ങള്‍ ഏതാണ്ട് ഒരുപോലെയാണെന്നും ഓര്‍മിക്കുക.

ഗസ മുനമ്പിന്റെ 80 ശതമാനത്തിലധികവും ഇസ്രായേലാണ് നിയന്ത്രിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍, തങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന് ഇസ്രായേല്‍ പറയുന്ന റഫ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ പതിയിരുന്നാക്രമണങ്ങള്‍ നടത്തുന്നു. ഗസ സിറ്റിയില്‍ പ്രവേശിക്കുന്ന ഇസ്രായേലി സൈനികര്‍ അവരുടെ പതാകകള്‍ ഉയര്‍ത്തി ടിക്ടോക്കില്‍ വിജയ വീഡിയോകള്‍ പ്രസിദ്ധീകരിക്കും. പക്ഷേ, യഥാര്‍ഥത്തില്‍ അവരുടെ ലക്ഷ്യങ്ങളൊന്നും നേടിയിട്ടുണ്ടാവില്ല.

ഇസ്രായേലിന്റെ പ്രവൃത്തികള്‍ ഗസയില്‍ വലിയ ദുരന്തങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ലെങ്കിലും അവര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും, തന്ത്രപരമായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമോ എന്നും മനസ്സിലാക്കണം.

ഹമാസിനെതിരേ നേരിട്ട് പോരാടിയാല്‍ സംഭവിക്കുന്ന നാശത്തെ കുറിച്ച് 2014ല്‍ ഇസ്രായേലി സൈന്യം മനസ്സിലാക്കിയിരുന്നു. അതിനാല്‍ ഒരു ആധുനിക സൈന്യം ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീരുത്വപരമായ തന്ത്രങ്ങളാണ് അവർ ഉപയോഗിക്കുന്നത്. തെക്കന്‍ ലബ്‌നാനില്‍, ഖിയാം പോലുള്ള അതിര്‍ത്തി ഗ്രാമങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടു.

ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണ് എന്നതാണ് പ്രധാന കാര്യം. ഹമാസിനെ സൈനികമായി നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രചാരണവും അവര്‍ ഒരിക്കല്‍ പോലും ആരംഭിച്ചിട്ടില്ല. ഫലസ്തീനികളെ കീഴ്‌പ്പെടുത്തി അതിലൂടെ സായുധപ്രതിരോധത്തെ പരാജയപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്.