അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ യുഎസിന്റെ സ്വാധീനം ഉറപ്പിക്കാന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ 1823ല്‍ പ്രത്യേക വിദേശനയം അവതരിപ്പിച്ചു. പടിഞ്ഞാറന്‍ അര്‍ധഗോളം നിയന്ത്രിക്കാന്‍ യൂറോപ്യര്‍ ശ്രമിക്കുന്നതിനെ ശത്രുതാപരമായി കാണുമെന്നാണ് മണ്‍റോ ശാസനം എന്ന് പറയുന്ന ഈ വിദേശനയം പറയുന്നത്. അതായത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അധികാരം യുഎസിന് മാത്രമെന്നതായിരുന്നു ഈ ശാസന. എന്നാല്‍, ഈ വര്‍ഷം ഡോണ്‍റോ ശാസന എന്ന പേരില്‍ അമേരിക്ക പുതുവര്‍ഷം ആരംഭിച്ചു. അതായത് ഡോണള്‍ഡ് ട്രംപിന്റെ ശാസന.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയുടെ ഇടതുപക്ഷ പ്രസിഡന്റ് നിക്കോളാസ് മധുറയേയും ഭാര്യയേയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ ജനുവരി മൂന്നിനാണ് ഈ പൈശാചിക ശാസന പ്രചാരത്തിലായത്. എന്നാല്‍, ഇതിനെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിന്ന യുഎസ് സാമ്രാജ്യത്വ നയത്തില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായും കാണാനാവില്ല.
കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം, മൂന്ന് ഭൂഖണ്ഡങ്ങളിലെ എണ്ണ ശേഖരമുള്ള രാജ്യങ്ങള്‍ക്കെതിരേ യുഎസ് ആക്രമണം നടത്തി, അതായത് യുഎസ് ആക്രമണം പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിനപ്പുറത്തേക്ക് വ്യാപിച്ചു. 2025 ഡിസംബര്‍ 19നും 2026 ജനുവരി 10നും സിറിയയില്‍ യുഎസ് വ്യോമാക്രമണം നടത്തി. സിറിയയിലെ പാല്‍മിറയില്‍ വച്ച് ഡിസംബര്‍ 13ന് രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നതാണ് ആക്രമണത്തിന് ന്യായമായി പറഞ്ഞത്. സിറിയയിലെ എണ്ണ സമ്പന്നമായ പ്രദേശങ്ങളില്‍ അധിനിവേശം നടത്തുന്ന 2,000 യുഎസ് സൈനികരില്‍ ഉള്‍പ്പെട്ടവരായിരുന്നു ഈ സൈനികര്‍. 2014 മുതല്‍ യുഎസ് സൈന്യമാണ് ഈ പ്രദേശത്തെ എണ്ണയുല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കുന്നത്.
അതേസമയം, 2025ലെ ക്രിസ്മസ് ദിനത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ യുഎസ് വ്യോമാക്രമണം നടത്തി. ജിഹാദികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നുവെന്നാരോപിച്ചാണ് കനത്ത ആക്രമണം നടത്തിയത്. ലോകത്ത് എണ്ണ ശേഖരം കൂടുതലുള്ള രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനമാണ് നൈജീരിയക്കുള്ളത്.
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനില്‍ ഇടപെടാനാണ് ട്രംപ് പിന്നീട് ശ്രമിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യങ്ങളില്‍ മൂന്നാമതോ നാലാമതോ ആണ് ഇറാന്‍. അവിടത്തെ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ സായുധകലാപം നടത്തുന്നവരെയാണ് ട്രംപ് പിന്തുണച്ചത്. യുഎസിന്റെ സഹായം ഉടന്‍ വരുമെന്ന് ട്രംപ് കലാപകാരികള്‍ക്ക് ഉറപ്പുനല്‍കുകയുമുണ്ടായി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം അധികമായി 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന പ്രഖ്യാപനവും പിന്നീട് ട്രംപ് നടത്തി.
പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ യുഎസിന് സ്വാധീനം വേണമെന്ന് പറയുന്ന യുഎസ് ശാസനകളെല്ലാം യഥാര്‍ത്ഥത്തില്‍ ആഗോള ഏറ്റെടുക്കല്‍ പദ്ധതിയാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. വെനുസ്വേലയിലും കരീബിയനിലും യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പെട്രോളിയം ശേഖരമുള്ള ആ രാജ്യം ഇനി യുഎസ് നടത്തുമെന്നെ ട്രംപിന്റെ പ്രസ്താവന യുഎസ് സാമ്രാജ്യത്വ സിദ്ധാന്തത്തില്‍ പെട്രോളിയത്തിനുള്ള സ്ഥാനം വെളിപ്പെടുത്തുന്നു. വലിയ അളവില്‍ പെട്രോളിയവും പ്രകൃതിവാതകവുമുള്ള ഗ്രീന്‍ലാന്‍ഡിലും ട്രംപ് കണ്ണുവച്ചിട്ടുണ്ട്. ഫലസ്തീനികളുടെ ഭൂമി മോഷ്ടിക്കുന്ന സയണിസ്റ്റുകളെ പിന്തുണക്കുന്ന യുഎസിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം റാണ്ടി ഫൈന്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ലോകത്തെ പെട്രോളിയം ഉല്‍പ്പാദനവും വാണിജ്യവും നിയന്ത്രിക്കണമെന്ന യുഎസിന്റെ ശാഠ്യത്തിന് രണ്ടുമാനങ്ങളുണ്ട്: എണ്ണവില നിയന്ത്രിക്കുക, ആഗോള ഊര്‍ജവ്യാപാരത്തിനുള്ള കറന്‍സിയായി ഡോളര്‍ തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് അവ.
പെട്രോളിയം അട്ടിമറികള്‍
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് ആദ്യമായി അട്ടിമറി നടത്തുന്നത് സിറിയയിലാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ശുക്രി അല്‍ ഖുവാത്‌ലിയെ 1949 മാര്‍ച്ചില്‍ അധികാരത്തില്‍ നിന്നും പുറത്താക്കി. സൂയസ് കനാലിലൂടെയുള്ള ചെലവേറിയ കപ്പല്‍ ഗതാഗതം ഒഴിവാക്കുന്നതിനായി, അന്ന് യുഎസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള സൗദി എണ്ണ സിറിയയിലൂടെ മെഡിറ്ററേനിയനിലേക്ക് കൊണ്ടുപോകുന്നതിനായി ട്രാന്‍സ് അറേബ്യന്‍ പൈപ്പ്ലൈന്‍ അഥവാ 'ടാപ്ലൈന്‍' നിര്‍മ്മിക്കാന്‍ ശുക്രി അല്‍-ഖുവാത്ലി വിസമ്മതിച്ചതാണ് അട്ടിമറിയുടെ അടിസ്ഥാനകാരണം. കേണല്‍ ഹുസ്‌നി അല്‍ സൈമിനെയാണ് പകരമായി അധികാരത്തിലേറ്റിയത്. കേണല്‍ ഹുസ്‌നി അല്‍-സൈം ടാപ്ലൈന്‍ പദ്ധതി അംഗീകരിക്കുകയും ഫലസ്തീന്‍ ജനതയെ ഇറാഖിലേക്ക് തള്ളാനുള്ള പദ്ധതികളെക്കുറിച്ച് ഇസ്രായേലുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. അയാളുടെ കാലത്ത് ഗോലാന്‍ കുന്നുകളിലൂടെ ടാപ്ലൈന്‍ നിര്‍മ്മിക്കപ്പെട്ടു. ലബ്‌നാനിലെ സിദോനിലാണ് ഈ ടാപ്‌ലൈന്‍ അവസാനിച്ചത്. സിറിയയില്‍ നിന്നും ഗോലാന്‍ കുന്നുകള്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ശേഷം പൈപ്പ്‌ലൈനിന്റെ 50 കിലോമീറ്റര്‍ ഭാഗത്തിന്റെ നിയന്ത്രണം സൗദിയും സിറിയയും ലബ്‌നാനും ജോര്‍ദാനും ഇസ്രായേലിന് വിട്ടുകൊടുത്തു.
1969 ജൂണ്‍ 30ന് ഫലസ്തീനിലെ പിഎഫ്എല്‍പി സംഘടന ഈ പൈപ്പ്‌ലൈന്‍ തകര്‍ത്തു. ഏകദേശം 9,000 ടണ്‍ പെട്രോളിയം തിബേരിയാസ് തടാകത്തിലേക്ക് ഒഴുകി. സൗദി-യുഎസ് എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് ഇതുണ്ടാക്കിയത്. എണ്ണക്കപ്പലുകള്‍ വഴിയുള്ള പെട്രോളിയം നീക്കത്തിന് ചിലവ് കുറയുന്നതുവരെ, 1976 വരെ ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങളിലൂടെയാണ് എണ്ണ പമ്പ് ചെയ്തു കൊണ്ടിരുന്നത്.
2014 മുതല്‍ സിറിയയിലെ എണ്ണപ്പാടങ്ങളുള്ള പ്രധാന പ്രദേശങ്ങളെല്ലാം യുഎസാണ് നിയന്ത്രിക്കുന്നത്. സിറിയയിലെ ബശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തിയതും അവരുടെ പദ്ധതികളുടെ ഭാഗമാണ്. അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയന്‍ ഭരണകൂടം പാശ്ചാത്യരോട് ഏറ്റുമുട്ടലിന് തയ്യാറല്ല.
പെട്രോളിയം മേഖലയെ ദേശസാല്‍ക്കരിച്ച ഇറാനി പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗിയെ അട്ടിമറിക്കുന്നത് 1953 ആഗസ്റ്റിലാണ്. ഓപ്പറേഷന്‍ അജാക്‌സ് എന്ന പേരില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം-16ഉം സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. ഇറാനിലെ ക്രിമിനലുകളെ സംഘടിപ്പിച്ച് ഷാ അനൂകൂല കലാപങ്ങള്‍ നടത്തി. കൂടാതെ മുഹമ്മദ് മൊസാദെഗിനെ അനുകൂലിക്കുന്നവരെ ആക്രമിച്ചു. ഇറാനിലെ ജനങ്ങള്‍ ഏറ്റവും വെറുത്ത ഷായെയാണ് ഭരണാധികാരിയാക്കിയത്. ഇറാന്റെ പെട്രോളിയം ശേഖരം കൊള്ളയടിക്കാന്‍ യുഎസ്-ബ്രിട്ടീഷ് കമ്പനികള്‍ക്ക് അയാള്‍ അനുമതി നല്‍കി. ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന കലാപം പഴയ രീതികളുടെ തുടര്‍ച്ചയാണ്.
സാമ്രാജ്യത്വ ന്യായങ്ങള്‍
ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി നേതാവായിരുന്ന കാര്‍ലോസ് ആന്‍ഡ്രസ് പെരെസ് പ്രസിഡന്റായ കാലത്താണ് വെനുസ്വേലയുടെ പെട്രോളിയം വ്യവസായം ദേശസാല്‍ക്കരിക്കപ്പെട്ടത്. അതിന് മുമ്പ് യുഎസ് കമ്പനികളായിരുന്നു പെട്രോളിയം കൈകാര്യം ചെയ്തിരുന്നത്. ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയ ശേഷം 2008ല്‍ ദേശസാല്‍ക്കരണം കൂടുതല്‍ ശക്തമാക്കി. അതോടെ വെനുസ്വേലക്കെതിരായ ഉപരോധം യുഎസ് കൂടുതല്‍ കടുപ്പിച്ചു. 2014ല്‍ ബരാക്ക് ഒബാമ പ്രസിഡന്റായതോടെ ഉപരോധം കൂടുതല്‍ കടുത്തു. സിറിയയിലെ എണ്ണപ്പാടങ്ങള്‍ യുഎസ് ഏറ്റെടുത്തതും ഒബാമയുടെ കാലത്തായിരുന്നു. ട്രംപിന്റെ ഒന്നാം ഭരണകാലത്തും പിന്നീട് ബൈഡന്റെ കാലത്തും വെനുസ്വേലക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ വന്നു. വെനുസ്വേലയിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് നീക്കങ്ങള്‍ ഒരിക്കലും അവസാനിച്ചില്ല. ഇപ്പോള്‍ നിക്കോളാസ് മധുറോയെ തട്ടിക്കൊണ്ടുപോയതോടെ യുഎസ് നിയമപ്രകാരമുള്ള നടപടികള്‍ അവസാനിച്ചു.
ഭീകരവാദം, ലഹരികടത്ത്, ജനാധിപത്യം സ്ഥാപിക്കല്‍ തുടങ്ങിയ പ്രചാരണങ്ങള്‍ അഴിച്ചിവിട്ടാണ് യുഎസ് എല്ലായിടത്തും അട്ടിമറികള്‍ നടത്തിയിട്ടുള്ളത്. കൂട്ട സംഹാരായുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് ഇറാഖില്‍ അധിനിവേശം നടത്തിയത്. ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ട്രംപ് പുതിയ ഒരുവാദം കൂട്ടിചേര്‍ത്തു. യുഎസിന്റെ ദേശീയസുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണ് എന്നതാണ് ആ വാദം.
നിക്കോളാസ് മധുറോയെ തട്ടിക്കൊണ്ടുപോയത് യുഎസ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. യുഎസ് മുമ്പ് നിരവധി പ്രസിഡന്റുമാരെ തട്ടിക്കൊണ്ടുപോയി അധികാരത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്: ഒരുകാലത്തെ തങ്ങളുടെ സഖ്യകക്ഷിയും സഹായിയുമായിരുന്ന പാനമയിലെ മാനുവല്‍ അന്റോണിയോ നൊറിഗയെ 1990ല്‍ യുഎസ് തട്ടിക്കൊണ്ടുപോയി. ഹെയ്ത്തിയിലെ പ്രസിഡന്റും പുരോഹിതനുമായിരുന്ന ജീന്‍ ബെര്‍ട്രാന്‍ഡ് അരിസ്റ്റിഡിയെ 2004ല്‍ ഫ്രഞ്ച് സഹായത്തോടെയാണ് യുഎസ് തട്ടിക്കൊണ്ടുപോയത്. കൊളോണിയല്‍ ഭരണകാലത്തെ കൊള്ളയ്ക്ക് ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ജീന്‍ ആവശ്യപ്പെട്ടതാണ് ഈ കുറ്റകൃത്യത്തിന് കാരണമായത്.
യുഎസ് പിന്തുണയുള്ള അട്ടിമറികള്‍
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് അട്ടിമറിച്ച സര്‍ക്കാരുകളുടെ എണ്ണം പത്തിലധികം വരും. എണ്ണയും ധാതുക്കളുമുള്ള ലാറ്റിന്‍ അമേരിക്കയിലാണ് അത് കൂടുതലായും നടന്നത്. യുഎസിന്റെ അട്ടിമറികളെ കുറിച്ച് യുറുഗ്വേയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായിരുന്ന എഡ്വാര്‍ഡോ ഗലിയാനോ ഇങ്ങനെ എഴുതി.
ബ്രസീലിലെ പരോപെബ താഴ്വരയിലെ ഇരുമ്പ് സമ്പത്ത് രണ്ട് പ്രസിഡന്റുമാരെ അട്ടിമറിച്ചു. പെറുവിലെ പ്രസിഡന്റായിരുന്ന ഫെര്‍ണാണ്ടോ ബെലാണ്ടെ ടെറി ഒരു എണ്ണക്കമ്പനിയുമായി ഒപ്പിട്ട കരാറിലെ 11ാം പേജ് നിഗൂഡസാഹചര്യത്തില്‍ കാണാതായി. ഇതേതുടര്‍ന്ന് ജനറല്‍ ജുവാന്‍ വെലാസ്‌കോ അല്‍വാരാഡോ, ബെലാണ്ടെയെ അട്ടിമറിച്ച് അധികാരം ഏറ്റെടുത്തു. ജനറല്‍ ജുവാന്‍ വെലാസ്‌കോ എല്ലാ പ്രകൃതി വിഭവങ്ങളും ദേശസാല്‍ക്കരിച്ചു. എണ്ണ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നതിന് മുമ്പോ ശേഷമോ ആയിരുന്നു അര്‍ജന്റീനയിലെ സൈനിക അട്ടിമറികളെല്ലാം. ചിലിയിലെ ചെമ്പ് ശേഖരമാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്‍ഡെ അട്ടിമറിക്കപ്പെടാന്‍ കാരണം. ക്യൂബയിലെ നിക്കലും മാംഗനീസുമാണ് യുഎസിന്റെ പ്രധാന താല്‍പര്യം. ഗയാനയിലെ ചെഡ്ഡി ജഗന്റെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാന്‍ കാരണം ധാതുക്കളിലുള്ള യുഎസ് താല്‍പര്യമായിരുന്നു.
യുഎസ് നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും പുതിയ കാര്യമല്ല. ഇറാനെതിരായ ഏതൊരു ആക്രമണവും ഗള്‍ഫിലുടനീളമുള്ള എണ്ണക്കിണറുകളില്‍ ബോംബിടാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാമെന്നും ഇത് എണ്ണ വിപണിയെ തടസ്സപ്പെടുത്തുമെന്നും യുഎസ് ഭയപ്പെടുന്നുണ്ടാകാം. അറബ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലും ജോര്‍ദാനിലും സ്ഥിതി ചെയ്യുന്ന യുഎസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ 2011ല്‍ അട്ടിമറിച്ച ശേഷം അവിടത്തെ എണ്ണനിക്ഷേപം കൈകാര്യം ചെയ്യാന്‍ യുഎസ് തയ്യാറെടുക്കുകയാണ്. സിറിയയിലേയും വെനുസ്വേലയിലെയും ഗ്രീന്‍ലാന്‍ഡിലെയും നൈജീരിയയിലെയും എണ്ണപ്പാടങ്ങള്‍ അവര്‍ നിയന്ത്രിക്കാന്‍ പോവുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണക്കിണറുകളില്‍ ഇറാന്‍ ആക്രമണം നടത്തിയാല്‍ പെട്രോളിയം ബാക്കപ്പ് വേണമെന്ന് യുഎസ് കരുതുന്നുണ്ടാവാം. ബാക്കപ്പില്ലെങ്കില്‍ റഷ്യന്‍ പെട്രോളിയത്തെ ആശ്രയിക്കേണ്ട സ്ഥിതി രൂപപ്പെടാം. എണ്ണ ശേഖരങ്ങളുടെ നിയന്ത്രണം ലഭിക്കുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും സഹായിക്കുമെന്ന് യുഎസ് വിലയിരുത്തുന്നു.
പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തെ മാത്രമല്ല, മുഴുവന്‍ ലോകത്തെയും ലക്ഷ്യം വച്ചുള്ള ഒരു പദ്ധതിയാണ് ഡോണ്‍റോ ശാസനയിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. വരുംദിവസങ്ങളിലെയും ആഴ്ചകളിലെയും മാസങ്ങളിലെയും സംഭവവികാസങ്ങള്‍ ഈ പദ്ധതിയുടെ വ്യാപനം വെളിപ്പെടുത്തും.

