ഫലസ്തീന്‍ രാഷ്ട്രം: ഫ്രാന്‍സിന് കൂടുതല്‍ ബാധ്യതകളുണ്ട്
ഫലസ്തീന്‍ രാജ്യത്തെ ഫ്രാന്‍സ് അംഗീകരിച്ചത് പോസിറ്റീവായ ചുവടുവയ്പ്പാണ്. എന്നാല്‍, ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തല്‍, ഉപരോധം ഏര്‍പ്പെടുത്തല്‍, യുദ്ധക്കുറ്റത്തിന് അവരെ ഉത്തരവാദികളാക്കല്‍ തുടങ്ങിയ യഥാര്‍ത്ഥ നടപടികള്‍ ഇല്ലെങ്കില്‍ അത് വെറും പൊള്ളയായ പ്രഖ്യാപനമായി തുടരും.
ഹംസത്ത് റിഫാത്ത്
ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ്. പക്ഷേ, അവര്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്‌പെയ്ന്‍, സ്ലൊവേനിയ, അയര്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പിന്നാലെ ഫ്രാന്‍സും ഈ തീരുമാനമെടുത്തതോടെ ഫലസ്തീനെ അംഗീകരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം പതിനൊന്നാവും.
ജൂണില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഫലസ്തീന്‍ വിഷയം ഫ്രാന്‍സ് ഉന്നയിക്കുമെന്നാണ് സൂചന. ഇത് ഇസ്രായേലില്‍ അസുഖകരമായ പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ഫലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന്, ഫലസ്തീന്‍ രാഷ്ട്രാസ്തിത്വത്തെ അംഗീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഫ്രാന്‍സ് ചെയ്യേണ്ടതുണ്ട്. ഫലസ്തീനികളുടെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുക, വര്‍ണ്ണവിവേചന ഭരണകൂടവുമായുള്ള വ്യാപാര ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, കൈയ്യേറ്റ കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തുക, നെതന്യാഹു സര്‍ക്കാരിനുള്ള ആയുധ വില്‍പ്പന തടയുക, ഒരു പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മുന്‍വ്യവസ്ഥകള്‍ പാലിക്കാന്‍ 'ഇസ്രായേലിനെ' സമ്മര്‍ദ്ദത്തിലാക്കുക എന്നിവയാണ് ഇത്.
തങ്ങളൊരു കൊളോണിയല്‍ ശക്തിയായിരുന്നുവെന്ന ചരിത്രവും ആഫ്രിക്കയിലും മറ്റും തദ്ദേശീയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന കാര്യവും കൂടി കണക്കിലെടുത്ത് ഫ്രാന്‍സ് കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ കാര്യങ്ങളെ സമീപിക്കണം.
ഫ്രഞ്ചുകാരുടെ ചരിത്രപരമായ ധാര്‍മിക ഉത്തരവാദിത്തം
ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളിലെ ഫ്രഞ്ച് ചരിത്രം വിവാദങ്ങള്‍ നിറഞ്ഞതാണ്. കൊടിയ ചൂഷണവും വിമോചന പോരാട്ടങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതും അതില്‍ ഉള്‍പ്പെടുന്നു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ അത് കൂടുതല്‍ പ്രകടമായിരുന്നു. ഫ്രഞ്ച് കൊളോണിയലിസത്തെ നേരിടാന്‍ അള്‍ജീരിയക്കാര്‍ രൂപീകരിച്ച ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിനെ കീഴ്‌പ്പെടുത്താന്‍ അഞ്ചുലക്ഷം ഫ്രഞ്ച് ഉദ്യോഗസ്ഥരാണ് അള്‍ജീരിയയില്‍ പീഡനവും കൊലപാതകങ്ങളും മറ്റും നടത്തിയത്.
1954 മുതല്‍ 1962 വരെ നടന്ന അള്‍ജീരിയന്‍ യുദ്ധത്തില്‍ പതിനഞ്ച് ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും അള്‍ജീരിയക്കാരായിരുന്നു. ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് പതിറ്റാണ്ടുകളായിട്ടും അള്‍ജീരിയക്കാരുടെ ദേശീയ മനസാക്ഷിയില്‍ ഇപ്പോഴും ആ യുദ്ധത്തിന്റെ ബാധ തുടരുകയാണ്.
ഫ്രഞ്ചുകാരുടെ ക്രൂരതക്കും ചൂഷണത്തിനും കാമറൂണും ഇരയായി. കൊളോണിയല്‍ ശക്തിയെ പുറത്താക്കാന്‍ കാമറൂണ്‍ ജനത രൂപീകരിച്ച യൂണിയന്‍ ഓഫ് ദി പീപ്പിള്‍സ് ഓഫ് കാമറൂണ്‍ (UPC) എന്ന സംഘടനയും അള്‍ജീരിയക്കാരെ പോലെ തന്നെ കൂട്ടക്കൊലകള്‍ക്കും കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. പ്രത്യാക്രമണമെന്ന പേരില്‍ ഫ്രഞ്ച് സൈന്യം നടത്തിയ ആക്രമണങ്ങള്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടാന്‍ കാരണമായി. മനുഷ്യരാശിക്കെതിരായ ഈ ഹീനമായ കുറ്റകൃത്യങ്ങള്‍ അള്‍ജീരിയയെപ്പോലെ, കാമറൂണിന്റെ ചരിത്രത്തിലും മായാത്ത സ്വാധീനം ചെലുത്തുന്നു.
കൊളോണിയല്‍ ശക്തിയായിരുന്ന ഫ്രാന്‍സ് അത് കീഴ്‌പ്പെടുത്തിയ കോളനികളില്‍ അടിമ വ്യാപാരം നടത്തിയിരുന്നു. ഈ അടിമവ്യാപാരത്തില്‍ നിന്നുള്ള വരുമാനവും കോളനികളില്‍ തദ്ദേശിയരെ അടിമകളാക്കി സംഘടിപ്പിച്ച കാര്‍ഷികോല്‍പ്പന്നങ്ങളും പ്രകൃതി വിഭവങ്ങളും ഫ്രാന്‍സിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഉദാഹരണത്തിന് സെനഗലില്‍ ഫ്രഞ്ച് വെസ്റ്റ് ഇന്ത്യാ കമ്പനിക്ക് കുത്തകാധികാരം ഉണ്ടായിരുന്നു.
ആഫ്രിക്കയില്‍ നിന്നും കരീബിയനില്‍ നിന്നും തട്ടിക്കൊണ്ടുവന്നവരെ അടിമകളാക്കി ഉപയോഗിച്ചാണ് അവര്‍ സെനഗലിലെ പുകയില തോട്ടങ്ങള്‍ കൈകാര്യം ചെയ്തത്. 1778 മുതല്‍ ഓരോ വര്‍ഷവും അവര്‍ 13,000 ആഫ്രിക്കക്കാരെ അടിമകളാക്കി ഫ്രഞ്ച് വെസ്റ്റ് ഇന്‍ഡീസിലേക്ക് കടത്തിക്കൊണ്ടുപോയി. ഈ നടപടികള്‍ ഇന്നും ഈ രാജ്യങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കുന്നുണ്ട്. ഫ്രാന്‍സ് മുന്‍കാലത്ത് നടത്തിയ ക്രൂരതകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പഴയ അടിമകളുടെ പിന്‍ഗാമികള്‍ ആവശ്യപ്പെടുന്നുണ്ട്.
ചരിത്രത്തിലെ ക്രൂരതകള്‍ക്ക് ഫ്രാന്‍സ് ക്ഷമചോദിക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇക്കാലത്ത് ചെയ്യുന്ന കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ദുരവസ്ഥ പെരുപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം യുറേനിയം നിക്ഷേപമുള്ള നൈജര്‍ ഇതിന് ഉദാഹരണമാണ്. യുറേനിയം ഖനനം ചെയ്‌തെടുക്കുന്ന ഫ്രഞ്ച് കമ്പനിയായ ഒറാനോയുടെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിനും തദ്ദേശീയ ജനതയുടെ നാശത്തിനും കാരണമായിട്ടുണ്ട്. ഒറാനോയുടെ പ്രവര്‍ത്തനം മൂലം നൈജറിലെ ജനങ്ങള്‍ക്കോ ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കോ ഒരു ഗുണവുമില്ല. ഇത് പൂര്‍ണമായ നവകോളനിവല്‍ക്കരണത്തിന് ഒരു ഉദാഹരണമാണ്.
ഫലസ്തീനെ പിന്തുണയ്ക്കാന്‍ നടപടികളുണ്ടാവണം
കൊളോണിയല്‍ വ്യവസ്ഥ മൂലം പ്രതിസന്ധിയിലായ രാജ്യങ്ങള്‍ക്ക് അനുയോജ്യമായ നഷ്ടപരിഹാരം നല്‍കാന്‍ ഫ്രാന്‍സിന് ചരിത്രപരമായ ബാധ്യതയുണ്ട്. പതിറ്റാണ്ടുകളായി ഇസ്രായേല്‍ കൈയ്യടക്കിയതും ബോംബിടുന്നതുമായ ഫലസ്തീന്‍ പ്രദേശങ്ങളിലും ഫ്രാന്‍സിന് ഈ ബാധ്യതയുണ്ട്. ഇസ്രായേലിന്റെ അതിക്രമങ്ങള്‍ അവര്‍ കണ്ടുനിന്നു, നിശബ്ദരായ കാഴ്ച്ചക്കാരനായി നില്‍ക്കുന്നത് ഫലസ്തീന്‍ ലക്ഷ്യത്തെ സഹായിക്കില്ല.
പകരം, ഇസ്രായേലി വംശഹത്യാ ഭരണകൂടത്തിനുള്ള എല്ലാ തരത്തിലുള്ള ആയുധവില്‍പ്പനയും നിര്‍ത്തിവയ്ക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇസ്രായേലി സൈന്യത്തിന്റെ ഡ്രോണുകള്‍ക്കായുള്ള ഇലക്ട്രോണിക് ഘടകങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടണം. ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നതില്‍ സുതാര്യതയും ഉത്തരവാദിത്തവും ഫ്രാന്‍സ് വര്‍ധിപ്പിക്കുകയും വേണം.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം ഫ്രാന്‍സ് അയാള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇസ്രായേല്‍ അധിനിവേശം നടത്തുന്ന വെസ്റ്റ് ബാങ്കില്‍ 3500 വീടുകള്‍ നിര്‍മിക്കുന്നതില്‍ ഫ്രെഞ്ച് കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ട്. ഈ പങ്കാളിത്തത്തെ 2024ല്‍ ഫ്രെഞ്ച് സര്‍ക്കാര്‍ എതിര്‍ത്തിട്ടും കമ്പനികള്‍ പ്രവര്‍ത്തനം തുടരുകയാണ്.
ഈ യാഥാര്‍ത്ഥ്യങ്ങള്‍, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഫ്രാന്‍സിന്റെ നിലപാടുകളില്‍ തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലിനെതിരായ ബഹിഷ്‌കരണം, ഫ്രാന്‍സിലെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങളോടുളള സഹിഷ്ണുത, വെസ്റ്റ്ബാങ്കിലെ കുടിയേറ്റ പരിപാടികള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയങ്ങള്‍ കൊണ്ടുവരല്‍ (ഐക്യരാഷ്ട്ര സുരക്ഷാ സമിതി അംഗമാണ് ഫ്രാന്‍സ്), അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് 'ഇസ്രായേലിന്' മേല്‍ സാമ്പത്തികവും നയതന്ത്രപരവുമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് കേസുകള്‍ റഫര്‍ ചെയ്യല്‍ എന്നിവ ഫലസ്തീന്‍ രാഷ്ട്ര അംഗീകാരത്തെ ഫലപ്രദമാക്കുന്നതില്‍ നിര്‍ണായകമാണ്.
അങ്ങനെയൊക്കെ ചെയ്യുന്നതില്‍ ഫ്രാന്‍സ് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

