അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അന്തരിച്ചു

അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റായ ബുഷ് 1989 മുതല്‍ നാല് വര്‍ഷമാണ് അമേരിക്ക ഭരിച്ചത്. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിന്റെ തീരുമാനമായിരുന്നു.

Update: 2018-12-01 09:25 GMT

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്ഡബ്ല്യു ബുഷ്(സീനിയര്‍ ബുഷ്) അന്തരിച്ചു. 94 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റായ ബുഷ് 1989 മുതല്‍ നാല് വര്‍ഷമാണ് അമേരിക്ക ഭരിച്ചത്. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിന്റെ തീരുമാനമായിരുന്നു.

രണ്ടാം ലോക യുദ്ധത്തില്‍ സൈനികനായിരുന്ന ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിന്റെ മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷ് അമേരിക്കയുടെ 43ാമത് പ്രസിഡന്റായിരുന്നു. മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ് മറ്റൊരു മകനാണ്.

സോവിയറ്റ് യൂനിയന്റെ പതനത്തിനും പനാമ പ്രസിഡന്റ് മാനുവല്‍ നൊറീഗയെ പുറത്താക്കുന്നതിലേക്കും നയിച്ചത് ബുഷിന്റെ ഇടപെടലായിരുന്നു. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസയ്‌ന്റെ ശക്തമായ ഭരണത്തിന് ഇളക്കം തട്ടിയതും സീനിയര്‍ ബുഷിന്റെ കാലത്താണ്.

ഗള്‍ഫ് മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബുഷിന്റെ നീക്കങ്ങളാണ് പശ്ചിമേഷ്യയില്‍ ഇപ്പോഴുള്ള സംഘര്‍ഷങ്ങള്‍ക്കു മുഴുവന്‍ തുടക്കമിട്ടത്.

ഭാര്യ ബാര്‍ബറ ബുഷ് 92ാം വയസില്‍ കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. തൊട്ടുപിന്നാലെ രക്തത്തിലെ അണുബാധ മൂലം ബുഷിനെ ഹൂസ്റ്റണ്‍ മെത്തോഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Tags: