ബിഹാറിലെ സര്‍ബാദി ഗ്രാമത്തിലെ ഏക മുസ്‌ലിം ഇപ്പോഴും ബാങ്ക് വിളി തുടരുന്നു
ബിഹാറിലെ നളന്ദ ജില്ലയിലെ ബിഹാര്‍ ശരീഫ് ബ്ലോക്കിലെ സര്‍ബാദി ഗ്രാമത്തിലെ 45 കാരനായ സാഹിദ് അന്‍സാരിക്ക് കഴിഞ്ഞ 15 വര്‍ഷമായി ഒരു ദിനചര്യയുണ്ട്- ദിവസവും അഞ്ചു നേരവും അദ്ദേഹം ഗ്രാമത്തിലെ പള്ളിയില്‍ പോയി ബാങ്ക് വിളിക്കും. എന്നാല്‍, ആ ബാങ്ക് വിളി കേള്‍ക്കാന്‍ ഗ്രാമത്തില്‍ മറ്റു മുസ്‌ലിംകളാരും ഇല്ല എന്നതാണ് സവിശേഷത. ഈ ഗ്രാമത്തിലെ ഏക മുസ്‌ലിമാണ് സാഹിദ് അന്‍സാരി.
ഗ്രാമത്തിലെ ഹിന്ദു അയല്‍ക്കാര്‍ അവരുടെ സ്വന്തക്കാരനായി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് 435 ചതുരശ്ര അടി വലുപ്പമുള്ള പള്ളിയില്‍ ഇരുന്ന് സാഹിദ് അന്‍സാരി പറഞ്ഞു. ''അവസാന ശ്വാസം വരെ ഇവിടെ താമസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മരിച്ചാല്‍, എന്റെ വാപ്പയെ പോലെ എന്നെയും ഈ ഖബര്‍സ്ഥാനില്‍ തന്നെ മറവ് ചെയ്യണം.
1980ല്‍ ജനിച്ച സാഹിദ് അന്‍സാരി, പിതാവ് അബ്ദുല്‍ സമദ് അന്‍സാരിയെ പോലെ തന്നെ പള്ളിയിലെ മുഅദ്ദിന്‍ ആണ്. ഹ്യുമാനിറ്റീസ് ബിരുദധാരിയായ സാഹിദ്, പള്ളിക്ക് അടുത്തുള്ള ഒരു സ്ഥലത്ത് പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുമുണ്ട്.
1981 വരെ സര്‍ബാദി ഗ്രാമത്തില്‍ 90 മുസ്‌ലിം കുടുംബങ്ങളുണ്ടായിരുന്നു. 1981ല്‍ ബിഹാര്‍ ശരീഫിലുണ്ടായ കലാപം എല്ലാം മാറ്റി മറിച്ചു. 45 പേര്‍ കൊല്ലപ്പെട്ട ഈ കലാപം, എട്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരുന്ന ഭഗല്‍പൂര്‍ കലാപമുണ്ടാക്കിയ തകര്‍ച്ചയുടെ അത്ര തന്നെ വരുന്ന തകര്‍ച്ചയാണ് സൃഷ്ടിച്ചത്.
സര്‍ബാദിയെ കലാപം നേരിട്ട് ബാധിച്ചില്ലെങ്കിലും ഭയന്ന മുസ്‌ലിംകള്‍ കൂട്ടത്തോടെ ബിഹാര്‍ ശരീഫ് നഗരത്തിലേക്കും പശ്ചിമബംഗാളിലേക്കുമെല്ലാം പലായനം ചെയ്തു.
''ഗ്രാമത്തിലെ പല മുസ്‌ലിം കുടുംബങ്ങള്‍ക്കും അഞ്ച് മുതല്‍ 20 ബിഗ വരെ(3.095 ഏക്കര്‍ മുതല്‍ 12.49 ഏക്കര്‍ വരെ) ഭൂമിയുണ്ടായിരുന്നു.'' -സാഹിദ് പറയുന്നു. ''പള്ളിയുടെ ചുറ്റും 187 ഏക്കറോളം ഭൂമി മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. വളരെ സജീവമായിരുന്നു അവര്‍. പക്ഷേ, 1980കളുടെ മധ്യത്തോടെ നഷ്ടവില്‍പ്പന ആരംഭിച്ചു. 2005 ആയപ്പോഴും ഞാനും വാപ്പയും ഒഴിച്ചുള്ള എല്ലാവരും പോയി കഴിഞ്ഞിരുന്നു.''
''ആദ്യകാലത്ത് ചില മുസ്‌ലിം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി നോക്കാന്‍ വല്ലപ്പോഴും വരുമായിരുന്നു. പതിയെ പതിയെ അതും നിലച്ചു''- സാഹിദ് പറയുന്നു.
ചില മുസ്‌ലിം കുടുംബങ്ങള്‍ ഭൂമി നിസ്സാര വിലയ്ക്ക് വില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് സാഹിദിന്റെ കൂടെയിരുന്ന പ്രദേശവാസിയായ ദിലീപ് മഹ്‌തോ പറഞ്ഞു. '' അത്തരം സംഭവങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വളരെ ചെറിയ വിലയ്ക്കാണ് അവര്‍ ഭൂമി അയല്‍ക്കാര്‍ക്ക് വിറ്റത്.''
2013ല്‍ വാപ്പ മരിച്ചതോടെ ഗ്രാമത്തിൽ അവശേഷിക്കുന്ന ഒരേയൊരു മുസ്‌ലിം സാഹിദ് മാത്രമായി. പക്ഷേ, ഇപ്പോഴും പള്ളിയിൽ ബാങ്ക് മുഴങ്ങുന്നുണ്ട്.
ഗ്രാമത്തില്‍ തന്നെ തുടരാന്‍ സാഹിദിന് ഒരു കാരണം കൂടിയുണ്ട് 2025ലെ വഖ്ഫ് ഭേദഗതി നിയമം. ഉപയോഗം വഴി വഖ്ഫായ വഖ്ഫ് സ്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി ശരിയല്ലെന്നാണ് സാഹിദ് പറയുന്നത്.
ഉപയോഗിക്കാന്‍ ആളില്ലെങ്കിലും സ്വത്ത് വഖ്ഫായി തന്നെ തുടരുമെന്നാണ് പഴയ നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ ഭേദഗതിയില്‍ ആ ആശയം ഒഴിവാക്കി. രേഖകളില്ലാത്ത വഖ്ഫ് സ്വത്തുക്കളെ അത് എങ്ങനെ ബാധിക്കുമെന്ന ഭയം രൂപപ്പെട്ടിട്ടുണ്ട്.
''ഗ്രാമത്തിലെ, ഉപയോഗം വഴി വഖ്ഫായ പള്ളി അടക്കമുള്ള സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഞാന്‍ ഗ്രാമത്തില്‍ തന്നെ തുടരണം. വഖ്ഫ് ഭേദഗതി നിയമം അതിനൊരു കാരണം കൂടിയായി.
പള്ളിക്ക് പുറമെ 1.2 ഏക്കര്‍ വരുന്ന രണ്ടു ഖബര്‍സ്ഥാനുകളും 0.78 ഏക്കര്‍ വരുന്ന ഒരു ദര്‍ഗയും ഇമാമിന്റെ വീടും ഉപയോഗം വഴി വഖ്ഫായ സ്വത്തായി ഗ്രാമത്തിലുണ്ടെന്ന് പോക്കറ്റില്‍ നിന്ന് കടലാസെടുത്ത് നോക്കി സാഹിദ് പറയുന്നു.
''വഖ്ഫ് ഭേദഗതി ബില്ലിനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. ഗ്രാമത്തിലെ ഉപയോഗം വഴി വഖ്ഫായ സ്വത്തിനെ കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണന്ന് ഞാന്‍ മനസ്സിലാക്കി. രണ്ട് ഖബര്‍സ്ഥാനുകളില്‍ ഒന്ന് ഇപ്പോള്‍ പശുക്കളെ കെട്ടാനാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് വൈക്കോല്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു.''-സാഹിദ് പറഞ്ഞു.
വഖ്ഫ് നിയമം പാസാക്കിയ ശേഷം, ഗ്രാമത്തിലെ ഉപയോഗം വഴി വഖ്ഫായ സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു. '' ഞാന്‍ ഇവിടെയുള്ള ഒരേയൊരു മുസ്‌ലിമാണ്. ഖബര്‍സ്ഥാന്‍ ഒഴിയാനോ കൈയേറ്റം ഒഴിപ്പിക്കാനോ ആളുകളോട് ആവശ്യപ്പെടാന്‍ കഴിയില്ല. അവ തിരിച്ചുപിടിച്ചിട്ടും കാര്യമില്ല. എനിക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണം. നിലവിലെ അവസ്ഥയില്‍ ഞാന്‍ സന്തുഷ്ടനാണ്.''
1896ല്‍ ബീബി സോഗ്ര സ്ഥാപിച്ച സോഗ്ര വഖ്ഫ് എസ്റ്റേറ്റിന്റെ നിലവിലെ നടത്തിപ്പുകാരനായ മുഖ്താറുല്‍ ഹഖും ഈ ആശങ്ക പങ്കുവയ്ക്കുന്നു. '' ഖബര്‍സ്ഥാനുകള്‍ ഉപയോഗം വഴി വഖ്ഫായതാണ്. പക്ഷേ, ഉപയോഗിക്കുന്നവര്‍ എവിടെ ? ഖബര്‍സ്ഥാനുകള്‍ തിരികെ പിടിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാം. പക്ഷേ, ഗ്രാമത്തില്‍ ആരാണ് അവയെ പരിപാലിക്കുക ?''- അദ്ദേഹം ചോദിക്കുന്നു.
സാഹിദ് പള്ളിയില്‍നിന്നു പുറത്തിറങ്ങി ഗ്രാമത്തിന്റെ ഒരു മൂലയിലുള്ള വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു വയോധിക തടയുന്നു '' നീ വേഗം കല്യാണം കഴിക്കണം'' എന്നാണ് വയോധിക പറഞ്ഞത്. അയാള്‍ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. പള്ളിയിലെ കടമകളിലും മറ്റു കാര്യങ്ങളിലും താന്‍ തൃപ്തനാണെന്നാണ് സാഹിദ് പറയുന്നത്.
''എനിക്ക് ഒറ്റയ്ക്കു ജീവിക്കാനാണ് ഇഷ്ടം. പള്ളിക്കു വെള്ള പൂശണം എന്നതാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം. പള്ളിയുടെ ഭൂമിയില്‍ ഒരു ചെറിയ കെട്ടിടമുണ്ടാക്കി കുട്ടികളെ പഠിപ്പിക്കണം.''- സാഹിദ് തൻ്റെ മനസ്സ് തുറന്നു.

