ഇസ്രായേലിനെതിരെ നടപടിയെടുക്കാതെ ഫിഫ
ഗസയിലെ വംശഹത്യ നിരവധി കാര്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്: ധാര്‍മിക മാനദണ്ഡങ്ങള്‍ ഒരിക്കലും നിലനിന്നിരുന്നില്ലായിരിക്കാം, ഇനി ഉണ്ടായിരുന്നെങ്കില്‍ തന്നെ അവയ്ക്ക് മൂല്യമോ അടിയന്തര സ്വഭാവമോ ഉണ്ടായിരിക്കില്ല....
ഇസ്സാം ഖാലിദി
അധിനിവേശത്തിന് ഇരയായ വെസ്റ്റ്ബാങ്ക് ആസ്ഥാനമായ ആറ് ഇസ്രായേലി കുടിയേറ്റ ക്ലബ്ബുകളെ ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഐഎഫ്എ) ലീഗില്‍ പങ്കെടുപ്പിച്ചതിനെ കുറിച്ചോ ഇസ്രായേലിനെ പുറത്താക്കിയതിനെ കുറിച്ചോ ഫിഫ ഇന്നുവരെയും ഒരു റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ഫലസ്തീനി കായിക അവകാശങ്ങള്‍ ലംഘിച്ചതിന് ഇസ്രായേലിനെ ഉത്തരവാദിയാക്കണമെന്നും ഫിഫയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് 2024 മേയില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ 74ാമത് ഫിഫ കോണ്‍ഗ്രസില്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
2025 മേയ് 15ന് ഫിഫയുടെ 75ാമത് കോണ്‍ഗ്രസ് പരാഗ്വേയില്‍ നടന്നു. ഇസ്രായേലിന് എതിരായ നടപടി വൈകിപ്പിക്കരുതെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎഫ്എ) വൈസ് പ്രസിഡന്റും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡേറഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സൂസന്‍ ശലാബി ആവശ്യപ്പെട്ടു.
':ഫലസ്തീനിലെ ഫുട്‌ബോളിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍ വിഷയത്തെ ഒരു കമ്മിറ്റിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റരുത്. നിലവിലെ അന്വേഷണത്തിന്റെ സ്ഥിതിയും അന്വേഷണം എപ്പോള്‍ അവസാനിക്കുമെന്നുമുള്ള കൃത്യമായ തീയതിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.''-അവര്‍ പറഞ്ഞു.
ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ ചെയര്‍മാനായ ഫിഫ കൗണ്‍സിലിന് ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ അന്വേഷണ പാനലിന് നിര്‍ദേശം നല്‍കണമെന്നും സൂസന്‍ അഭ്യര്‍ത്ഥിച്ചു.
''ഞങ്ങളുടെ പ്രശ്‌നം വളരെയധികം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു പ്രക്രിയയില്‍ കുടുങ്ങിക്കിടക്കുകയാണ്... പ്രശ്‌നം ദൃശ്യമാണ്, നിഷേധിക്കാനാവാത്തതാണ്, സങ്കടകരമെന്നു പറയട്ടെ, അത് അവഗണിക്കപ്പെടുന്നു.''-സൂസന്‍ പറഞ്ഞു.അവരുടെ വാക്കുകള്‍ക്ക് പ്രതിനിധികള്‍ കൈയ്യടിച്ചു, ഇന്‍ഫാന്റിനോ പ്രേരിപ്പിക്കാതെ പ്രതിനിധികള്‍ കൈയ്യടിച്ച ഒരേയൊരു നിമിഷമായിരുന്നു അത്.
ഇസ്രായേല്‍ ഉള്‍പ്പെടെ ഒരു ഫെഡറേഷന്‍ അംഗവും സംസാരിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫ പ്രതികരിച്ചത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ട് അന്വേഷണങ്ങള്‍ക്കും കൂടുതല്‍ സമയം ആവശ്യമാണെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളോട് ഈ വിഷയത്തില്‍ സംസാരിക്കേണ്ടതുണ്ടെന്നും ഫിഫ സെക്രട്ടറി ജനറല്‍ മാത്തിയാസ് ഗ്രാഫ്‌സ്‌ട്രോം പറഞ്ഞു.
'' അതി സങ്കീര്‍ണമായ ഒരു വിഷയത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ കമ്മിറ്റികള്‍ ഉല്‍സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.''-മാത്തിയാസ് പറഞ്ഞു.
ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉന്നയിച്ച, 'ആരോപിക്കപ്പെട്ട', വിവേചന കുറ്റകൃത്യത്തെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് അന്വേഷണം തുടങ്ങിയിട്ടും കൂടുതല്‍ സമയം ചോദിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇസ്രായേലി ഫുട്‌ബോള്‍ ടീമുകള്‍ ഫലസ്തീന്‍ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ഇസ്രായേലി ലീഗില്‍ മത്സരിക്കുന്ന സയണിസ്റ്റ് കുടിയേറ്റ ടീമുകളെ കുറിച്ച് അന്വേഷണം നടത്താന്‍ ഫിഫയുടെ ഗവേണന്‍സ്, ഓഡിറ്റ്, കംപ്ലയന്‍സ് കമ്മിറ്റി എന്തുകൊണ്ടാണ് ഒരു വര്‍ഷത്തിലധികം സമയം എടുക്കുന്നത്.
ഫിഫയുടെ കാലതാമസവും ഗസയിലെ വംശഹത്യയെ കുറിച്ചുള്ള മൗനവും അവര്‍ അതിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അത്തരം പ്രവൃത്തികളില്‍ പങ്കാളികളാവുന്നത് പാശ്ചാത്യ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വഭാവമാണ്.
ഗസയിലെ കായികതാരങ്ങളുടെ കൊലപാതകത്തെയോ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനെയോ അപലപിച്ചുകൊണ്ട് ഫിഫ ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. ഗസയില്‍ 'ഇസ്രായേലും ഹമാസും' തമ്മില്‍ 'യുദ്ധം' നടക്കുന്നു എന്ന പൊള്ളയായ പരാമര്‍ശം മാത്രമാണ് അവര്‍ നടത്തിയത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ആറ് സയണിസ്റ്റ് ലീഗ് ടീമുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഫിഫ പരാജയപ്പെട്ടു. യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ് (യുവേഫ) അംഗമാണ് ഇസ്രായേല്‍. 'ഒരു അംഗ അസോസിയേഷനോ അതിന്റെ അനുബന്ധ ലീഗുകളോ ക്ലബ്ബുകളോ ബന്ധപ്പെട്ട അംഗ അസോസിയേഷന്റെ അനുമതിയില്ലാതെ സ്വന്തം പ്രദേശത്തിന് പുറത്ത് മത്സരങ്ങള്‍ കളിക്കാനോ സംഘടിപ്പിക്കാനോ പാടില്ല' എന്നാണ് യുവേഫയുടെ ചട്ടം.
വംശഹത്യ നടക്കുന്നത് കണക്കിലെടുക്കുമ്പോള്‍, ഗിയാനി ഇന്‍ഫാന്റിനോയോ ഡെപ്യൂട്ടികളോ ഉള്‍പ്പെടെ ഫിഫയുടെ 37 അംഗ കൗണ്‍സിലിലെ ഒരു അംഗവും ഗസയ്ക്കുവേണ്ടി സംസാരിക്കാന്‍ സാധ്യതയില്ല. സ്വാര്‍ത്ഥതാല്‍പ്പര്യം, രാഷ്ട്രീയ നേട്ടം, അഴിമതി എന്നീ സ്ഥാപനവല്‍കൃത സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ വിമുഖത.
സംസ്‌കാരത്തിന്റെ ഭാഗമെന്ന നിലയില്‍ കായികരംഗം മാനവികതയെ സേവിക്കേണ്ട ഒന്നാണ്. അത് അങ്ങനെ ചെയ്യാത്തപ്പോള്‍, ലാഭം, വിനോദം, ബന്ധങ്ങളുണ്ടാക്കല്‍ എന്നിവക്കുള്ള ഉപാധിയാവുമ്പോള്‍, അതിന്റെ സത്ത നഷ്ടപ്പെടുന്നു. അതിനാല്‍, കായികരംഗത്തെ ഭരണ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം, അല്ലെങ്കില്‍ അവ അവയുടെ മൂല്യങ്ങള്‍ അര്‍ത്ഥശൂന്യമാവാന്‍ സാധ്യതയുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ ഗിയാനി ഇന്‍ഫാന്റിനോ പങ്കെടുത്തതിനാല്‍ ഫിഫയുടെ പരാഗ്വെ കോണ്‍ഗ്രസിന് മുന്നോടിയായുള്ള ഫിഫ കൗണ്‍സില്‍ യോഗം ഓണ്‍ലൈനായാണ് നടന്നത്. ഇന്‍ഫാന്റിനോയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേരുന്നത് ഇത് മൂന്നാം തവണയാണ്.
സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് സമീന്ദ്ര കുന്റി ഇതിനെ കുറിച്ച് ഇന്‍സൈഡ് വേള്‍ഡ് ഫുട്‌ബോളില്‍ ഇങ്ങനെ എഴുതി. '' കൗണ്‍സില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. ഇന്‍ഫാന്റിനോയുടെ കീഴില്‍ കൗണ്‍സില്‍ ഒരു റബ്ബര്‍ സ്റ്റാമ്പിംഗ് ബോഡിയായി മാറിയിരിക്കുന്നു. പ്രതിവര്‍ഷം 250,000 ഡോളര്‍ ശമ്പളം ലഭിക്കുന്ന കൗണ്‍സില്‍ അംഗങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ശബ്ദമുയര്‍ത്താറുള്ളൂ. കോണ്‍ഫെഡറേഷന്‍ പ്രസിഡന്റുമാരായ വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രതിവര്‍ഷം 300,000 ഡോളര്‍ പ്രതിഫലം ലഭിക്കുന്നുണ്ട്.''
ഫിഫയുടെ ഭാവി തീരുമാനിക്കുന്ന ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ മൂന്നു രാജ്യങ്ങളുമായി ഇന്‍ഫാന്റിനോയ്ക്ക് അടുത്ത ബന്ധമുണ്ട്. 2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറാണ് ഇന്‍ഫാന്റിനോയുടെ നിലവിലെ താവളം. 2034 ലെ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.
ട്രംപിനോട് യുഎഇ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളും കൂടുതല്‍ ഉദാരത കാണിക്കുമെന്ന് ഇന്‍ഫാന്റിനോ പ്രതീക്ഷിച്ചു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം മൂലമാണിത്. ഒടുവില്‍, ഇന്‍ഫാന്റിനോയുടെ പിന്തുണയും കൂടിയുണ്ടായതോടെ ട്രംപിന്റെ പോക്കറ്റില്‍ കോടിക്കണക്കിന് ഡോളര്‍ വീണു.
ഒടുവില്‍ രണ്ടു മണിക്കൂര്‍ വൈകി ഇന്‍ഫാന്റിനോ പരാഗ്വേയില്‍ എത്തി. പക്ഷേ, കായികരംഗത്തെ ഉത്തരവാദിത്തങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം 'വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക്' നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവേഫ അംഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയി.
ഗസയിലെ വംശഹത്യ നിരവധി കാര്യങ്ങള്‍ തെളിയിച്ചിട്ടുണ്ട്: ധാര്‍മിക മാനദണ്ഡങ്ങള്‍ ഒരിക്കലും നിലനിന്നിരുന്നില്ലായിരിക്കാം, ഇനി ഉണ്ടായിരുന്നെങ്കില്‍ തന്നെ അവയ്ക്ക് മൂല്യമോ അടിയന്തര സ്വഭാവമോ ഉണ്ടായിരിക്കില്ല. അല്ലെങ്കില്‍ അവ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പാഠപുസ്തകങ്ങളിലോ ഭരണഘടനകളിലോ ചട്ടങ്ങളിലോ മാത്രം ഒതുങ്ങുന്ന വാക്കുകളായിരിക്കാം.
ഗസയിലെ ദുരിതങ്ങള്‍ ഫിഫ അവഗണിക്കുമ്പോളും, തീമഴക്കിടയിലും ഫലസ്തീനികള്‍ കായികമേഖലയെ കുറിച്ച് ഓര്‍ക്കുന്നുണ്ട്.
'' യുദ്ധം ആരംഭിച്ചു. ജീവിതം നിലച്ചു. ഞങ്ങള്‍ ജീവിക്കുന്ന തുഫയെ അവര്‍ ഉപരോധിച്ചു. അവര്‍ ഞങ്ങളെ തുഫയില്‍ നിന്നും മാറ്റി. പിന്നെ ഗസ സിറ്റിയിലേക്ക് മാറ്റി. ഒടുവില്‍ ദെയ്ര്‍ അല്‍ബലയിലേക്ക്.''-സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്ററായ ഷൈമ അബു അല്‍ജിബീന്‍ (28) സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് നെല്ലി മസ്രിയോട് പറഞ്ഞു.
ഇസ്രായേലി ബോംബാക്രമണത്തില്‍ വീടുവിട്ടോടേണ്ടി വന്നെങ്കിലും തന്റെ റേഡിയോ സ്‌റ്റേഷന്‍ നശിപ്പിക്കപ്പെട്ടിരുന്നില്ലെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു. ശമ്പളം ലഭിച്ചില്ലെങ്കിലും, ആ ജോലി അവള്‍ക്ക് സ്ഥിരത നല്‍കുമായിരുന്നു.
'' കുടിയൊഴിപ്പിക്കല്‍ അന്യവല്‍ക്കരണം, വേര്‍പിരിയല്‍, ഭയം, ഉത്കണ്ഠ എന്നിവയാണ്. റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുമായിരുന്നെങ്കില്‍ എനിക്ക് എന്റെ ചെലവിനുള്ള വരുമാനം കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്റെ പിതാവിന് രോഗം വന്നപ്പോള്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ കഴിയുന്ന ഒരു ഡോക്ടറെ കണ്ടെത്താന്‍ എനിക്ക് വളരെ ദൂരം നടക്കേണ്ടി വന്നു. അല്‍പ്പസമയത്തിന് ശേഷം അദ്ദേഹം മരിച്ചു. അതോടെ എന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായി.''- ഷൈമ പറഞ്ഞു.
മാധ്യമപ്രവര്‍ത്തക നിസ്‌റീന്‍ ഹലാസും തന്റെ അനുഭവം പങ്കുവച്ചു. ഗസയിലെ ആദ്യത്തെ ഇസ്രായേലി ആക്രമണത്തിനുശേഷം, ഹലാസിന് നിരാശയും നഷ്ടബോധവും തോന്നിത്തുടങ്ങി, ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗസയിലേക്ക് മടങ്ങിയതിനുശേഷവും ഈ വികാരം തുടര്‍ന്നു.
'ഒരുതരം നിരാശാബോധം ബോധം എന്നെ പിടികൂടി, സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി. എല്ലാം നശിപ്പിക്കപ്പെട്ടു: സ്‌റ്റേഡിയങ്ങള്‍, ക്ലബ്ബുകള്‍, അവയുടെ ആസ്ഥാനങ്ങള്‍. തൊഴില്‍ അവസരങ്ങള്‍ ഇല്ലായിരുന്നു. വംശഹത്യാ സമയത്ത്, അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.
കായികമേഖലയിലെ ജോലി ജീവിതത്തിന് അനിവാര്യമാണെന്നാണ് നിസ്‌റീന്‍ ഹലാസ് കരുതി. ഇസ്രായേല്‍ ഉന്മൂലന യുദ്ധം തുടര്‍ന്നതോടെ അവളുടെ പ്രതീക്ഷകള്‍ തകര്‍ന്നു, അവ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടപ്പെട്ടു. യുദ്ധത്തിനിടയിലും ജോലി കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷെ, കംപ്യൂട്ടര്‍ പോലുള്ള അവശ്യ ഉപകരണങ്ങളുടെ അഭാവം മൂലം സാധിച്ചില്ല. കൈയ്യില്‍ പണമില്ലാത്തതിനാലും പൊതുഗതാഗതം ചെലവേറിയതായതിനാലും യാത്ര ചെയ്യാനും സാധിച്ചില്ല.
കായിക രംഗം വികലമായി കൊണ്ടിരിക്കുകയാണെന്നാണ് വിവാഹിതയും രണ്ടു കുട്ടികളുടെ ഉമ്മയുമായ ഫോട്ടോഗ്രാഫര്‍ നിമ ബസ്‌ല വിശ്വസിക്കുന്നത്. ഒരു കാലത്ത് ഗസയിലെ കായിക മേഖല മികച്ച ചിത്രങ്ങള്‍ നല്‍കുമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.
ഇസ്രായേല്‍ കായിക മേഖലയെ തകര്‍ത്തതിനാല്‍, ഗസയില്‍ ഇനിയൊരു കായിക വിനോദവും ഉണ്ടാവരുതെന്ന് തീരുമാനിച്ചത് പോലെയുള്ള യുദ്ധം, അവള്‍ക്ക് അവളെ തന്നെ നഷ്ടപ്പെട്ടു. പക്ഷേ, അവള്‍ കുടുംബത്തോടൊപ്പം വടക്കന്‍ ഗസയിലേക്ക് പലായനം ചെയ്തില്ല. മറിച്ച്, എവിടെയായിരുന്നോ അവിടെ തന്നെ തുടരുകയാണ് ചെയ്തത്...
മാധ്യമപ്രവര്‍ത്തകനും അക്കാദമിക്കുമാണ് ഇസ്സാം ഖാലിദി. ഹിസ്റ്ററി ഓഫ് സ്‌പോര്‍ട്‌സ് ഇന്‍ ഫലസ്തീന്‍ 1900-1948, വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് ഫുട്‌ബോള്‍ ഇന്‍ ഫലസ്തീന്‍, സോക്കര്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

