ഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ അബൂബക്കര്‍; മോചിപ്പിക്കണമെന്ന് കുടുംബം
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കുടുംബം. ഗുരുതര രോഗങ്ങളുള്ള അദ്ദേഹം ആയിരത്തില്‍ അധികം ദിവസമായി ജയിലില്‍ കഴിയുകയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. ഇ അബൂബക്കറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം എഴുതിയ കത്തിന്റെ പൂര്‍ണരൂപം താഴെ.
''
എന്റെ ഭര്‍ത്താവ് ഇ അബൂബക്കര്‍ ഗുരതരരോഗങ്ങളുമായി മല്ലടിച്ച് തിഹാര്‍ ജയിലില്‍ കഴിയുകയാണ്. 2025 ജൂണ്‍ 17ന് അദ്ദേഹത്തിന്റെ തടവ് ജീവിതം ആയിരം ദിവസം പിന്നിട്ടു. തടവറ ജീവിതം മൂന്നുവര്‍ഷത്തോടടുക്കുമ്പോള്‍ നിരവധി രോഗങ്ങളാണ് 73 കാരനായ അദ്ദേഹത്തെ വേട്ടയാടുന്നത്. വിചാരണക്കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തള്ളപ്പെട്ടതിനാല്‍ നീതിനിഷേധിക്കപ്പെട്ട് ജയില്‍വാസം തുടരുകയാണ് ഇ അബൂബക്കര്‍. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായിട്ടാണ് എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അന്നനാള കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയക്കു ശേഷം പൂര്‍ണ വിശ്രമത്തിലായിരുന്ന സമയത്താണ് 2022 സെപ്തബര്‍ 22ന് അര്‍ധരാത്രിക്കു ശേഷം അദ്ദേഹത്തെ സ്വവസതിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലടച്ച അദ്ദേഹത്തെ ജയിലിലായിരിക്കെ 2024 മെയ് 9ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് (ഇഡി) അറസ്റ്റ് ചെയ്തു. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലായിരുന്നു ഇഡിയുടെ അറസ്റ്റെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
രോഗപീഢകളാല്‍ അവശനായ അദ്ദേഹം, രോഗാവസ്ഥയ്ക്ക് അനുഗുണമായ ഭക്ഷണം ലഭിക്കാതെ ആരോഗ്യം തകര്‍ന്നും ഓര്‍മ ക്രമേണ നഷ്ടപ്പെട്ടും കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയാണ്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 10 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പ്രസ്തുത ബോര്‍ഡ് അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ ഇടപെടല്‍കാരണം അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടല്ല നല്‍കിയത്. ഇക്കാരണം ഒന്ന്‌കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ബഹു. സുപ്രീംകോടതി തള്ളിയത്. തുടര്‍ന്ന് എയിംസില്‍ വിശ്വാസമില്ലെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കുകയും സ്വകാര്യാശുപത്രിയിലെ ചികില്‍സ ആവശ്യപ്പെട്ടുകൊണ്ട് കീഴ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പ്രമേഹം മുലമുള്ള കാഴ്ചശക്തി തകരാറ്, രക്തസമ്മര്‍ദ്ദം, പാര്‍ക്കിന്‍സണ്‍ രോഗം, ഹൃദ്രോഗം, അന്നനാള അര്‍ബുദത്തിന് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള രോഗാവസ്ഥ, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം, ഓര്‍മ്മക്കുറവ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്.
ഞാന്‍ നാഡീസംബന്ധമായ രോഗങ്ങളാല്‍ പ്രയാസപ്പെടുകയാണ്. അടുത്ത കാലത്തായി കൈക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഞങ്ങളുടെ മകള്‍ ലീന തബസ്സും അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചികില്‍സയിലാണ്.
എനിക്ക് കേള്‍വിതകരാര്‍ ഉള്ളതിനാല്‍ ജയിലില്‍ നിന്ന് നടത്തുന്ന വീഡിയോ കോളുകളില്‍ അദ്ദേഹം പറയുന്നതൊന്നും പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിയാറില്ല. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും രോഗങ്ങളുടെ ഗുരുതരസ്ഥിതിയെക്കുറിച്ചും ഞാന്‍ അത്യധികം ഉല്‍ക്കണ്ഠാകുലയാണ്. സ്വന്തം രോഗാവസ്ഥയും ഭാര്യയുടെയും മകളുടെയും രോഗങ്ങള്‍ മൂലമുള്ള മാനസികാഘാതങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാക്കിക്കൊണ്ടിരിക്കുകയാണ്. പേശീമുറുക്കം മൂലം കൈകള്‍ യഥേഷ്ടം ചലിപ്പിക്കാനാവുന്നില്ല. പരസഹായം കൂടാതെ സ്വന്തം ശാരീരികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധ്യമാവാത്ത സാഹചര്യത്തില്‍ ജയിലില്‍ അദ്ദേഹം വളരെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. വീല്‍ ചെയറിലാണ് ജയില്‍മുറിയില്‍ അദ്ദേഹം സഞ്ചരിക്കുന്നത്.
ജാമ്യമാണ് നിയമം; ജയില്‍ അപവാദമാണ് എന്ന നിയമ-നീതിതത്ത്വം സുപ്രീം കോടതി അടിവരയിട്ടോര്‍മ്മപ്പെടുത്തിയ സാഹചര്യത്തില്‍കൂടിയാണ് ഇ. അബൂബക്കര്‍ ജാമ്യം ലഭിക്കാതെ ജയില്‍വാസം തുടരുന്നത്. ഈ നീതിനിഷേധത്തിനെതിരെ പൗരാവകാശ-മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുജനങ്ങളും ശബ്ദമുയര്‍ത്തണമെന്നും നീതിപീഠം കണ്ണുതുറക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
രാഷ്ട്രീയമായ കാരണങ്ങളാലും സര്‍ക്കാരിന്റെ തെറ്റായ നടപടികളെ വിമര്‍ശിച്ചതിന്റെ പേരിലും മനുഷ്യാവകാശം നിഷേധിക്കപ്പെട്ട് നിരവധിപേര്‍ ഇന്ത്യന്‍ തടവറകളില്‍ കഴിയുന്നുണ്ട്. അവരിലൊരാളാണ് ഇ. അബൂബക്കറും.
ജയിലില്‍ മരണമടഞ്ഞ ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ ദുരനുഭവം അബൂബക്കറിനും നേരിടേണ്ടിവരുമോ എന്ന് ഞാനും കുടുംബാഗങ്ങളും ന്യായമായും ആശങ്കിക്കുന്നു. അതിനാല്‍ രോഗാവസ്ഥകള്‍ കണക്കിലെടുത്തും മാനുഷിക പരിഗണന നല്‍കിയും ഇ. അബൂബക്കറിന് ജാമ്യം അനുവദിച്ച് ജയില്‍മോചിതനാക്കുകയെന്നത് മനുഷ്യാവകാശത്തിന്റെ അടിസ്ഥാന താല്‍പര്യമാണ്. അതിനായി മനുഷ്യസ്‌നേഹികളും ജനാധിപത്യ വിശ്വാസികളും നീതിബോധമുള്ള മുഴുവന്‍പേരും മുന്നോട്ടുവരണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
ആമിന
കോഴിക്കോട്
18 ജൂണ്‍ 2025

